26.2 C
Kollam
Thursday 18th December, 2025 | 09:47:00 PM
Home Blog Page 2710

പരസ്യ ബോർഡ് വീണുണ്ടായ അപകടത്തിൽ മരണം 16 ആയി

മുംബൈ. പരസ്യ ബോർഡ് വീണുണ്ടായ അപകടത്തിൽ മരണം 16 ആയി. ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി പുറത്തെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ തുടരുന്ന തിരച്ചിലിനിടെ എൻഡിആർഎഫ് സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഖാഡ് കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് പതിച്ചത്.50ലേറെ വാഹനങ്ങൾ പകരുകയും 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യുവാവിനെ കടയിൽ കയറി കുത്തിക്കൊന്നു

കൊച്ചി.ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ്‌ സ്റ്റാൻലി എന്ന യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിൽ അത്തിപ്പൊഴി സ്വദേശി അലനു വേണ്ടിയാണ് പോലീസ് അന്വേഷണം. മുൻവൈരാഗ്യത്തെ തുടർന്ന് അലൻ ബിനോയിയെ കുത്തികൊലപ്പെടുത്തി എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൃത്യം നടത്തിയ ശേഷം അലൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച അഞ്ചുവയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കോഴിക്കോട്.അത്യപൂർവ്വ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ വെൻ്റിലേറ്ററിലാണ് കുട്ടിയുള്ളത്. രോഗത്തിന് കൃത്യമായ മരുന്ന് ഇല്ല എന്നതാണ് പ്രതിസന്ധി. ഒരു കൂട്ടം മരുന്നുകളുടെ മിശ്രിതമാണ് ഈ അപൂർവ രോഗത്തിന് നൽകുന്നത്. ഇവ വിദേശത്ത് നിന്നും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രോഗലക്ഷണങ്ങൾ ഉള്ള കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മറ്റ് നാല് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണ്. കടലൂണ്ടി പുഴയുടെ മൂന്നിയൂർ ഭാഗത്ത് ഇറങ്ങുന്നതിന് വിലക്ക് ഉണ്ട്. പ്രദേശത്ത് ബോധവത്കരണവും തുടരുകയാണ്.

മലപ്പുറം മൂന്നിയൂരിൽ അമിബിക് മസ്തിഷ്ക ജ്വര ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ബോധവൽക്കരണം ശക്തമാക്കി
പ്രദേശത്തെ വീടുകളിൽ എത്തി കിണറുകളിലും മറ്റും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ളോറിനേഷൻ നടത്തി.പ്രദേശത്ത് ആർക്കെങ്കിലും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാൻ നിർദേശം നൽകി.കടലുണ്ടി പുഴയുടെ മൂന്നിയൂർ പ്രദേശത്തെ കടവുകളിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി പഞ്ചായത്ത് ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു.പരിസര പ്രദേശങ്ങളിലെ ആളുകളെ ഉൾപ്പെടുത്തി വാഡ്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്.മെഡിക്കൽ ഓഫീസറുടെ ബോധവൽക്കരണ സന്ദേശം ഇത് വഴി നൽകുന്നുമുണ്ട്.

പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി, നീക്കം ഇങ്ങനെ

തിരുവനന്തപുരം.കെപിസിസി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പുനഃസംഘടന നടത്താൻ ആണ് ആലോചന. കെപിസിസി, ഡിസിസി കമ്മറ്റികൾ പുനഃസംഘടിപ്പിക്കും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന. ഡിസിസികൾക്ക് പുതിയ അധ്യക്ഷൻമാർ വരും. പുനഃസംഘടനയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനം വിലയിരുത്തും.

ബ്ലോക്ക് കമ്മിറ്റികളിൽ നിലവിലെ നേതൃത്വം തുടരും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടർന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാന്റിന് വിടും.

മമതയില്ലാതെ മമത, പുറത്തുനിന്നുള്ള പിന്തുണമതി തൃണമൂൽ

കൊല്‍ക്കത്ത.ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പുറത്തുനിന്നുള്ള പിന്തുണയാകും തൃണമൂൽ കോൺഗ്രസ് നൽകുന്നതെന്ന് നിലപാട് വ്യക്തമാക്കി മമതാ ബാനർജി. പശ്ചിമബംഗാളിൽ സിപിഐഎമ്മിനെയും കോൺഗ്രസിനെയും ഒപ്പം കൂട്ടില്ലെന്നും മമത ബാനർജി വ്യക്തമാക്കി. അനിവാര്യമായ സാഹചര്യത്തിൽ ബിജെപിയെ പുറത്താക്കാനാണ് പുറത്തുനിന്നുള്ള പിന്തുണ. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളിലെ പാവയാണെന്നും മമത ബാനർജി ആരോപിച്ചു.

എല്ലാവരും ‘എട്ട്’ എടുത്തു, ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നുമുതൽ പുനരാരംഭിക്കും

തിരുവനന്തപുരം. അതീവ സംഘര്‍ഷഭരിതമായ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പൂർണമായി ഇന്നുമുതൽ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ ഇന്നലെ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഡ്രൈവിംഗ് പരിഷ്കരണ സർക്കുലറിൽ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ടെസ്റ്റിൽ സഹകരിക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചത്.

ഈ മാസം രണ്ടിന് തുടങ്ങിയ ബഹിഷ്കരണ സമരമാണ് ഗതാഗത മന്ത്രിയുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഒത്തുതീർപ്പായത്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ മന്ത്രി ഇന്നലെ വിശദമായി കേട്ടിരുന്നു. ടെസ്റ്റ് പരിഷ്കരിച്ചുകൊണ്ടുള്ള സർക്കുലർ പിൻവലിക്കില്ല. എന്നാൽ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നിരവധി മാറ്റങ്ങൾ വരുത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ആദ്യം പിന്നീട് റോഡ് ടെസ്റ്റ് എന്ന നിലയിൽ തന്നെ ഇന്ന് മുതൽ ടെസ്റ്റ് നടക്കും. അതെ സമയം എം 80 വാഹനം ഉപയോഗിക്കാൻ കഴിയില്ല എന്ന തീരുമാനത്തിൽ മന്ത്രി ഉറച്ചുനിന്നു. കാറുകളിൽ ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഇല്ല. ചർച്ചയിലിലെ തീരുമാനങ്ങളിൽ പൂർണ സംതൃപ്തരാണെന്ന് സിഐടിയു ഒഴികെയുള്ള സംഘടനകൾ പ്രതികരിച്ചിരുന്നു. ബഹിഷ്കരണം കാരണം നടക്കാതെ പോയ ടെസ്റ്റുകൾ നടത്തുന്നതിൽ ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ടെസ്റ്റുകൾ വേഗത്തിലാക്കുന്നതിന് കെഎസ്ആർടിസിയുടെ ടെസ്റ്റ് ഗ്രൗണ്ടുകളും ഉടൻ സജീവമാക്കാൻ ആണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.

വയോധികയുടെ മരണം ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയുടെ അനാസ്ഥയെന്നാരോപണം

ആലപ്പുഴ. വയോധികയുടെ മരണം ആശുപത്രിയുടെ അനാസ്ഥയെന്നാരോപണം. 70 വയസ്സുകാരിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാ രോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം.
രാത്രി 12 മണിയോടെ അത്യാഹിത വിഭാഗത്തിന്   മുന്നിൽ മൃതദേഹം എടുത്തു വെച്ചാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചത്.
പുന്നപ്ര സ്വദേശി 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ആരോപണം. 25 ദിവസങ്ങൾക്കു മുൻപാണ് ഉമൈബയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പനി ബാധിച്ചു ആശുപത്രിയിലെത്തിച്ച ഉമൈബയുടെ അസുഖം മൂർച്ഛിച്ചു. ഗുരുതരാവസ്ഥയിലായ ഉമൈബയെ ചൊവ്വാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകിട്ടോടെ മരിച്ചു. 
ന്യൂമോണിയ മൂർച്ഛിച്ചതാണ്  മരണം കാരണം. ആശുപത്രിയിൽ വേണ്ട പരിചരണം ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥലായിട്ടും  ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ. 
പ്രതിഷേധം ഒന്നരമണിക്കൂറോളം നീണ്ടതോടെ ആശുപത്രി സൂപ്രണ്ട് അബ്ദുൽസലാം സ്ഥലത്തെത്തി. ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്മേലാണ് ബന്ധുക്കൾ പിരിഞ്ഞു പോയത്.

കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസ്‌ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കാസർകോട്. കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസ്‌ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ദിവസമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവ് ഇറങ്ങിയത്. ബാങ്കിൽ നിന്ന് 4.76 കോടി രൂപ തട്ടിയ സെക്രട്ടറി കെ രതീശനെ പിടികൂടാൻ ഇത് വരെയും പോലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ തട്ടിപ്പ് സംബന്ധിച്ചു ഇപ്പോഴും ദുരൂഹത തുടരുകയാണ്.

കരുനാഗപ്പള്ളി ടൗണിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

കരുനാഗപ്പള്ളി. ടൗണിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ദേശിയപാതയിൽ  ലാലാജി ജംഗ്ഷനിൽ  ഉണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചത്..
ചവറ ചോരൂക്കര അഭിജിത്ത് ഭവനത്തിൽ രമ്യാ വിനോദ് (34 )ആണ് മരിച്ചത്.  ബുധനാഴ്ചനാഴ്ച   രമ്യ സ്കൂട്ടറിൽ  വരവെ ലോറിയും   കെ.എസ്.ആർ.ടി.സി. ബസും തട്ടിയാണ് അപകടം ഉണ്ടായത്.

നിങ്ങൾ 40 ന് മേൽ പ്രായമുള്ള വ്യക്തിയാണോ?എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: ഹോസ്പിറ്റലില്‍ പോകുവാൻ മടിയുളളവരാണ് പല പുരുഷന്മാരും. സുഖമില്ലാത്തപ്പോള്‍ മാത്രം ഡോക്ടറെ കാണാൻ പോകുന്നത് പുരുഷന്മാരുടെ പതിവാണ്.

സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാർ സാധാരണ ആരോഗ്യ പരിശോധന ഒഴിവാക്കാൻ കൂടുതല്‍ സാധ്യതയുള്ളത്. എന്നാല്‍ 40 വയസ് എത്തുമ്പോള്‍ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി ചില ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

ഒന്ന്

ജീവിതശൈലിയിലെ മാറ്റം ഫാറ്റി ലിവർ, കൊളസ്‌ട്രോള്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ വർധിപ്പിക്കുന്നു. ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന വഴി കൊളസ്ട്രോള്‍ അളവ് കൃത്യമായി അറിയാൻ കഴിയും. 40 കഴിഞ്ഞ പുരുഷന്മാർ വർഷത്തില്‍ ഒരിക്കലെങ്കിലും ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കരളിന്റെ പ്രവർത്തനവൈകല്യങ്ങള്‍ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

രണ്ട്

ഹൈപ്പർടെൻഷൻ ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. ഇക്കാലത്ത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കാരണം, ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള ചെറുപ്പക്കാർ പോലും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചിലപ്പോള്‍ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ആറു മാസത്തിലൊരിക്കലെങ്കിലും ബിപി പരിശോധിച്ച്‌ നോർമല്‍ ആണോയെന്ന് ഉറപ്പുവരുത്തുക.

മൂന്ന്

നേരത്തെ പ്രായമായവർക്ക് പോലും വായിക്കാൻ കണ്ണട ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാലത്ത് ടെലിവിഷൻ, മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വർധിച്ച ഉപയോഗം മൂലം കണ്ണുകള്‍ വളരെയധികം സമ്മർദ്ദത്തിലാണ്. അതിനാല്‍, എന്തെങ്കിലും അസാധാരണത്വങ്ങളോ ബലഹീനതകളോ ഉണ്ടോയെന്ന് വർഷത്തില്‍ ഒരിക്കലെങ്കിലും കണ്ണുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

നാല്

പ്രായമേറുന്തോറും പ്രമേഹം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു. 40 വയസ്സിനു മുകളില്‍ പ്രായമുണ്ടെങ്കില്‍, ഓരോ 3 വർഷത്തിലൊരിക്കലും പ്രമേഹത്തിനായി പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിലോ അമിതവണ്ണമുള്ളവരോ ആണെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

അഞ്ച്

65 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ(പിഎസ്‌എ) എന്ന രക്തപരിശോധനയും അനുബന്ധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയും വഴി പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം.