23.2 C
Kollam
Saturday 20th December, 2025 | 10:38:31 AM
Home Blog Page 2699

കൈരളി വായനശാലയിൽ ശിൽപശാല ,നാലു വർഷ ബിരുദ പഠനം അറിയേണ്ടതെല്ലാം

പോരുവഴി :- ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ നാലു വർഷ ബിരുദ പഠനത്തെ (FYUGP) കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി ശിൽപശാല സംഘടിപ്പിക്കുന്നു.
20/05/2024 തിങ്കളാഴ്ച
വൈകിട്ട് 3 മണിക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്സ്. ശശികുമാർ ശിൽപശാല ഉദ്ഘാടനം ചെയ്യും.
കൈതപ്പറമ്പ് KVVS കോളേജിലെ ട്രാവൽ & ടൂറിസം ഡിപ്പാർട്ട്‌മെന്റ് ഹെഡും FYUGP അക്കാഡമിക് കോർഡിനേറ്ററുമായ ശ്രീ. പി അഖിൽ ദേവ് പുതിയ പാഠ്യപദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ സെക്രട്ടറി കെ.ജയചന്ദ്രൻ എന്നിവർ അറിയിച്ചു.

പങ്കെടുക്കുന്നതിനും അന്വേഷണത്തിനും 9745838619, 9447704084 എന്നി നമ്പറിൽ വിളിക്കാവുന്നതാണ്..

കെപി യോഹനാൻ്റെ മൃതദേഹം നിരണം സെന്റ് തോമസ് ബിലീവേഴ്സ്‌ ഈസ്റ്റേൺ ചർച്ചിൽ എത്തിച്ചു

തിരുവല്ല.അന്തരിച്ച ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ കെപി യോഹനാൻ്റെ മൃതദേഹം നിരണം സെന്റ് തോമസ് ബിലീവേഴ്സ്‌ ഈസ്റ്റേൺ ചർച്ചിൽ എത്തിച്ചു ……
അമേരിക്കയില്‍ നിന്നും ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപ യാത്രയായിട്ടാണ് എത്തിച്ചത് ….ഇന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ രണ്ടാം ഘട്ട സംസ്ക്കാര ശുശ്രൂഷ ചടങ്ങുകൾ നടക്കും. നാളെ ബിലീവേഴ്സ് കൺവെൻഷൻ സെൻ്ററിൽ പൊതു ദർശനം.. മറ്റെന്നാളാണ് കബറടക്കം. ….അമേരിക്കയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ പി യോഹന്നാൻ ഈ മാസം 8 നാണ് അന്തരിച്ചത്.

ആരോ​ഗ്യരം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല

തിരുവനന്തപുരം.അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും മികച്ചതും ബൃഹത്തുമായിരുന്ന കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ രോ​ഗികൾക്കും അവരുടെ ഉറ്റവർക്കും വിശ്വാസം നഷ്ടമായി. ഇവിടെ ഏതെങ്കിലും തരത്തിലുള്ള രോ​ഗത്തിനു ചികിത്സ തേടിയെത്തുന്നവർ ഏതു വിധത്തിലാണ് മടങ്ങിപ്പോവുക എന്ന് ഒരു ഉറപ്പുമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാ‌ട്ടി.


വയറ്റിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക വച്ച് തുന്നിക്കെട്ടിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേക്കുറിച്ചുള്ള കേസും പരാതിയും ഇപ്പോഴും തുടരുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ മറ്റൊരു യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡനത്തിന് ഇരയാക്കിയെന്ന പരാതി ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം അയാൾക്കു രാഷ്ട്രീയ സംരക്ഷണം നല്കുകയാണ് ആരോ​ഗ്യ വകുപ്പ് ചെയ്തത്. ഇയാൾക്കെതിരേ മൊഴി നൽകിയ ഒരു സീനിയർ നഴ്സിം​ഗ് ഉദ്യോ​ഗസ്ഥയെ അന്യായമായി സ്ഥലം മാറ്റി. അതിനെതിരേ അവർ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിട്ടും തിരികെ നിയമനം നല്കിയില്ല. വീണ്ടും കോടതിയലക്ഷ്യത്തിനു കേസ് നൽകിയപ്പോഴാണ് പുനർ നിയമനം നൽകിയത്. ധിക്കാരപരമായി പ്രവർത്തിക്കുന്ന സിപിഎം അനുകൂല സർവീസ് സംഘടനാ പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നത്.


സർക്കാർ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറ്റിൽ അതേ യുവതിയുടെ പാവാട കൊണ്ട് മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ച സംഭവവും കൂടുതൽ പഴയതല്ല. ശ്വാസം കിട്ടാതെ ​ഗർഭസ്ഥ ശിശു മരിച്ചു.
കഴിഞ്ഞ ദിവസം കൈക്കു പരുക്കുമായി വന്ന പിഞ്ചു കുട്ടിയുടെ നാവിനു ശസ്ത്രക്രിയ നടത്തിയ കെടുകാര്യസ്ഥതക്കുമുണ്ട് നൂറു ന്യായീകരണം. കുട്ടിയുടെ നാവിനും പ്രശ്നങ്ങളുണ്ടായിരുന്നത്രേ. എന്നാൽ കുട്ടിയോ അതിന്റെ രക്ഷാകർത്താക്കളോ നാവിനു ചികിത്സ തേടിയില്ല. പിന്നെ ഡോക്റ്റർമാർ എന്തിനു അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കി‌ട്ടിയിട്ടില്ല.


ഏറ്റവുമൊടുവിൽ കാലിലിടേണ്ട കമ്പി കൈയിൽ മാറിയിട്ടെന്ന പരാതിയുമായി ഇന്ന് വേറൊരു രോ​ഗിയും ബന്ധുക്കളും രം​ഗത്തെത്തി. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാതെ തന്നെ രോ​ഗിയെയും ബന്ധുക്കളെയും തള്ളിപ്പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളെജ് അധികൃതർ ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഡസണോളം ​ഗുരുതര ആരോപണങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്നു മാത്രം ലഭിച്ചത്. മറ്റു മെഡിക്കൽ കോളെജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതിയായ ചികിത്സ ലഭിക്കാതെയും അവ​ഗണക്കപ്പെട്ടും പീഡനങ്ങൾ വരെ സഹിച്ചുമാണ് രോ​ഗികൾ സർക്കാർ മെഡിക്കൽ കോളെജുകളിൽ കഴിയുന്നത്. ഇതിനെതിരേ ചെറുവിരലനക്കാൻ പോലും സർക്കാരിനു കഴിയുന്നില്ലെന്നു മാത്രമല്ല, ഇരകളെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിക്കുന്ന കിരാതമായ നടപടികളാണ് ആരോ​ഗ്യ വകുപ്പ് സ്വീകരിക്കുന്നത്.


മഴക്കാലത്തിനു മുന്നോടിയായ വേനൽ മഴ കനത്തതോടെ സംസ്ഥാന വ്യാപകമായി പകർച്ചപ്പനിയും മറ്റ് രോ​ഗങ്ങളും പെരുകുകയാണ്. ഇതിനെതിരേ ഒരു നടപടിയും ആരോ​ഗ്യ വകുപ്പ് സ്വീകരിച്ചിട്ടില്ല. മഴക്കാല പൂർവ ശുചീകരണ പരിപാടികൾ പോലും മുടങ്ങി. പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ മുതൽ അവശ്യ മരുന്നുകളടക്കം കടുത്ത ക്ഷാമം നേരിടുന്നു.
കേരളത്തിലെ മെഡിക്കൽ കോളെജുകളിലടക്കം നേരിടുന്ന ​ഗുരുതരമായ ചികിത്സാ പിഴവുകൾ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണം. കോവിഡ് കാലത്ത് ദിവസേന പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, ആ​രോ​ഗ്യ മേഖലയിലെ കൊടുംകൊള്ളയ്ക്കാണ് അന്നു മറ പിടിച്ചത്. കേരളത്തിലെ സർക്കാർ ആശുപത്രികൾ കെടുകാര്യസ്ഥതയുടെ പര്യായമായിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഈ കെടുകാര്യസ്ഥതയ്ക്കു തന്റെ കൂടി മൗനസമ്മതമുണ്ടെന്നു സമ്മതിക്കുന്നതിനു തുല്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

ഗുണ്ടാ നേതാവിന്റെ ഫോൺ പോലീസിൽ ഏൽപ്പിച്ചു, കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു

കായംകുളം. ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു. വധശ്രമം കഴിഞ്ഞ ദിവസം പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ച. സംഘർഷത്തിനിടെ നഷ്ടപ്പെട്ട ഗുണ്ടാ നേതാവിന്റെ ഫോൺ പോലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് യുവാവിനെ ആക്രമിച്ചതിന് പിന്നിൽ. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.

കായംകുളം കൊറ്റംകുളങ്ങരയിൽ വാറണ്ട് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം രാത്രി കായംകുളം പോലീസും യുവാക്കളുമായി സംഘർഷം ഉണ്ടായി. കടത്തിണ്ണയിൽ ഇരുന്ന് ഗുണ്ടാ നേതാവ് പുകവലിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം.

ഇതിനിടയിൽ ഗുണ്ടാ നേതാവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
ഗുണ്ടാ നേതാവ് അനൂപ് ശങ്കരന്റെ നഷ്ടപ്പെട്ട ഫോൺ
കായംകുളം കൃഷ്ണപുരം സ്വദേശിയായ അരുൺ പ്രസാദ് പിന്നീട് കായംകുളം പോലീസിന് കൈമാറി. ഈ വിരോധമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണം.

കായംകുളം ആക്കനാട് റെയിൽവേ ട്രാക്കിന് സമീപത്ത് എത്തിച്ച യുവാവിനെ ഗുണ്ടാ നേതാവും മറ്റു സംഘങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
വടിവാൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും കരിങ്കല്ലിന് ചെവിക്ക് അടിക്കുകയും കമ്പിവടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. പ്രതികളുടെ ഫോണിൽ നിന്ന് തന്നെയാണ് പോലീസിനെ ദൃശ്യങ്ങൾ ലഭിച്ചത്.

ക്രൂരമർദ്ദനത്തിൽ വലതു ചെവിയുടെ ഡയഫ്രം പൊട്ടി അരുൺ പ്രസാദിന്റെ ഭാഗികമായി കേൾവി നഷ്ടപ്പെട്ടു. പ്രതികൾ അരുൺ പ്രസാദിന്റെ ഐഫോണും വാച്ചും കവർന്നു. കേസിൽ ഗുണ്ടാ നേതാവ് അനൂപ് ശങ്കർ, അഭിമന്യു സാഗർ,
അമൽ ചിന്തു എന്നിവർ അറസ്റ്റിലായി. 17 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ് ശങ്കർ. മറ്റു രണ്ടുപേരും നിരവധി കേസുകളിൽ പ്രതികളും നാടുകടത്തപ്പെട്ട ആളുകളുമാണ്. കേസിലെ മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അക്രമത്തിനെയായ അരുൺ പ്രസാദും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പോലീസ് പിടികൂടിയ പത്തനംതിട്ട പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ചെന്നെ.ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പോലീസ് പിടികൂടിയ പ്രതിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു .ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരും വഴി തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ചു ആണ് രക്ഷപെട്ടത് .പത്തനംതിട്ട സൈബർ പോലീസ് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പീഡന കേസിലെ പ്രതിയാണ് ചാടിപോയത്.പെരുനാട് സ്വദേശി സച്ചിനാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു .ഇയാളെ തെരഞ്ഞ് പോലീസ് സംഘം കാവേരിപട്ടണം തന്നെ തുടരുകയാണ്

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നു

ന്യൂഡെല്‍ഹി. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നു.ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.46° C ന് മുകളിലാണ് ഡൽഹിയിലെ താപനില. ഉത്തരേന്ത്യയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

ഉഷ്ണ തരംഗത്തിൽ വെന്തുരുകുക്കയാണ് ഉത്തരേന്ത്യ. ജനജീവിതത്തെ ദുസ്സഹമാക്കുന്നതാണ് ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ചൂട് ഡൽഹിയിലെ മുൻഗേഷ്പൂർ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ. താപനില 46.8 ഡിഗ്രി സെൽഷ്യസിൽ എത്തി.നജഫ് ഗഡിൽ 46.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്.
ഉത്തർപ്രദേശിലെ ആഗ്രയിൽ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറിൽ -44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബർമറിലും കാൺപൂരിലും രേഖപ്പെടുത്തിയ ഉയർന്ന താപനില 46.9 ഡിഗ്രി സെൽഷ്യസ് ആണ്. ഡൽഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാൻ സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് ആണ്.
അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അമേഠിയും, റായ്ബറേലിയുമടക്കം, 49 സീറ്റുകളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡെല്‍ഹി. അമേഠിയും, റായ്ബറേലിയുമടക്കം, 49 സീറ്റുകളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ.ആറു സംസ്ഥാന ങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 695 സ്ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. പ്രതിപക്ഷം നുണ പ്രചരണം നടത്തുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അനിയന്ത്രിത മായ ആൾത്തിരക്കിനെ തുടർന്ന് ഉത്തർ പ്രദേശിലെ ഫുൽപൂരിലെ സംയുക്ത വേദിയിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാനാകാതെ മടങ്ങി.
ആർ എസ് എസ് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളർന്നെന്ന് അധ്യക്ഷൻ ജെ പി നദ്ധ.

ആറു സംസ്ഥാന ങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നാളെ. നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ജമ്മു കശ്മീർ, ലഡാക്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കർശന സുരക്ഷ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്‌.കഴിഞ്ഞ നാലു ഘട്ടങ്ങളിലും ബംഗാളിൽ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.ജാർഖണ്ടി ലും ബംഗാളിലുമായി നടത്തിയ പ്രചാരണ റാലികളിൽ പ്രധാന മന്ത്രി മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.

ജനത്തിരക്കിൽ സുരക്ഷാ ബാരിക്കേഡുകളും മൈക്കും ഉച്ചഭാഷിണികളും തകർന്നതോടെ ഫുൽപൂരിലെ സംയുക്ത റാലിയിൽ
രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാനാതെ മടങ്ങി.

ആർ എസ് എസ് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളർന്നെന്ന് അധ്യക്ഷൻ ജെ പി നദ്ധ.ഇന്ന് ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഇന്ന് പാർട്ടിക്ക് ഉണ്ടെന്നും നദ്ധ.

ആർ എസ് എസ് സാമൂഹ്യ സാംസ്കാരിക സംഘടന ആണെന്നും
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജെപി അധ്യക്ഷൻ പറഞ്ഞു.

ആർ എസ് എസും ബിജെപിയുമായി ഭിന്നത ഉണ്ടെന്നും, തെരഞ്ഞെടുപ്പിൽ ആർ എസ് എസ് ന്റെ പിന്തുണ ഇല്ലെന്നും, ശിവസേന നേതാവ് ഉദ്ധ വ് താക്കറെ യുടെ ആരോപണം നിലനിൽക്കെയാണ് നദ്ധ യുടെ പരാമർശം.

കാരാളിമുക്കിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ശാസ്താംകോട്ട:കാരാളിമുക്കിൽ വീടിനുള്ളിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പടിഞ്ഞാെറെ കല്ലട കാരാളിമുക്ക് കണത്താർകുന്നം സിജു ഭവനിൽ സിജുവിന്റെയും സിന്ധുവിന്റെയും മകൻ വൈഷ്ണവ് (17 ) ആണ് മരിച്ചത്.ഇന്ന് (ഞായർ ) പകൽ 12 ഓടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇൻക്വിസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്.വീടിനടുത്തുള്ള വിവാഹത്തിൽ പങ്കെടുക്കാൻ ഒരുങ്ങിയ ശേഷം കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിസരത്തെല്ലാം അന്വേഷണം നടത്തുന്നതിനിടയിലായിരുന്നു ആത്മഹത്യ.

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് നേതൃയോഗം സമാപിച്ചു

കുന്നത്തൂർ:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 123 കരയോഗങ്ങളെയും 503 സ്വയം സഹായ സംഘങ്ങളെയും 4 മേഖലകളായി തിരിച്ച് നടത്തിവന്ന കരയോഗം,വനിതാ സംഘം പ്രസിഡന്റ് സെക്രട്ടറിമാരുടെ നേതൃയോഗം സമാപിച്ചു.

കരയോഗ തലത്തിൽ കരയോഗത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓരോ വനിതാ സ്വയം സഹായ  സംഘങ്ങളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടി നേട്ടം ഉണ്ടാകത്തക്കതരത്തിൽ സംഘാംഗങ്ങളെ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വരുന്നതിനുള്ള കൂട്ടായ പ്രവർത്തനം  നടത്താൻ തീരുമാനിച്ചു.വനിതാ സമ്മേളനം മാതൃകാപരമായി സംഘടിപ്പിക്കുന്നതിനും ജൂൺ 9ന് ഉച്ചയ്ക്ക് 2 ന് ശൂരനാട് വടക്ക് കാഞ്ഞിരംകടവ് ശ്രീവില്ലാടസ്വാമി ക്ഷേത്രസന്നിധിയിൽ ചേരുന്ന നേതൃയോഗത്തിൽ എല്ലാ കരയോഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനിച്ചു.രാവിലെ 10.30 ന് പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക് മേഖലകളുടെയും ഉച്ചയ്ക്ക് ശേഷം ശാസ്താംകോട്ട മേഖലയിലെയും ഭാരവാഹികളുടെ യോഗമാണ് ചേർന്നത്.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള വിശദീകരണം നടത്തി.യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ റ്റി.രവീന്ദ്രകുറുപ്പ്,എൻഎസ്എസ്
പ്രതിനിധിസഭാഗം,വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ,എം.എസ്.എസ്.എസ്‌ മേഖല കോർഡിനേറ്റേഴ്സ്, കരയോഗം പ്രസിഡന്റ്‌,സെക്രട്ടറി,സ്വയം സഹായസംഘത്തിന്റെ പ്രസിഡന്റ്‌ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.യൂണിയൻ ഭരണ സമിതി അംഗം സി. സുരേന്ദ്രൻപിള്ള സ്വാഗതവും എൻഎസ്എസ് ഇൻസ്‌പെക്ടർ എ.എൻ.വിവേക് നന്ദിയും പറഞ്ഞു.

പന്മന പൊക്കണ്ണേഴ്ത്ത് സരോജിനി (ജഗദമ്മ) നിര്യാതയായി

പന്മന:പന്മന പൊക്കണ്ണേഴ്ത്ത് പരേതനായ രാഘവന്റെ ഭാര്യ സരോജിനി (96,ജഗദമ്മ) നിര്യാതയായി.മക്കൾ:
ഗോപാലകൃഷ്ണൻ,
ചന്ദ്രിക,തിലകരാജൻ,സതീഷ്ബാബു (രവി),അമ്പിളി.മരുമക്കൾ:സുധാദേവി,
ശ്രീനിവാസൻ,പരേതയായ ശാന്തകുമാരി,ജലജ,സിദ്ധാർത്ഥൻ.
സഞ്ചയനം:23ന് രാവിലെ 8ന്.