26.2 C
Kollam
Saturday 20th December, 2025 | 05:42:55 PM
Home Blog Page 2691

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൌദിയിലെത്തി

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൌദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. കരിപ്പൂരില്‍ നിന്നുള്ള 3 വിമാനങ്ങളിലായി 498 തീര്‍ഥാടകരാണ് ആദ്യ ദിവസം സൌദിയില്‍ എത്തിയത്.

166 തീര്‍ഥാടകരുമായി കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം ഇന്ന് രാവിലെ 5 മണിയോടെ ജിദ്ദ വിമാനത്താവളത്തില്‍ എത്തി. പെട്ടെന്നു തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ ബസ് മാര്‍ഗം മക്കയിലേക്ക് പോയി. മക്കയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. ഹജ്ജ് സര്‍വീസ് ഏജന്‍സി പ്രതിനിധികള്‍ പൂക്കളും മധുരവും നല്കി തീര്‍ഥാടകരെ സ്വീകരിച്ചു. മലയാളീ സന്നദ്ധ സംഘടനകള്‍ പാട്ടുപാടിയും വെല്‍ക്കം കിറ്റുകള്‍ വിതരണം ചെയ്തും തീര്‍ഥാടകരെ സ്വീകരിച്ചു. ഏറെനാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.

കെ.എം.സി.സി, ഐ.സി.എഫ്-ആര്‍.എസ്.സി, ഓ.ഐ.സി.സി, വിഖായ, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധസംഘടനകള്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരുമായി മക്കയില്‍ സേവന രംഗത്തുണ്ട്. 3 വിമാനങ്ങളിലായി 498 തീര്‍ഥാടകരാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും മക്കയില്‍ എത്തിയത്.

ലാലേട്ടന് പിറന്നാള്‍ സമ്മാനം…. കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്നു

ലാലേട്ടന് പിറന്നാള്‍ സമ്മാനമായി കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘മലയാളികളുടെ മനസ്സില്‍ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.’- മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കാട്ടാക്കടയിലെ മായ മുരളിയുടെ കൊലപാതകം; പ്രതി രഞ്ജിത്ത് പിടിയിൽ

തിരുവനന്തപുരം:
കാട്ടാക്കടയിൽ മായ മുരളി എന്ന യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മായക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്താണ് അറസ്റ്റിലായത്. മായയുടെ കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു

തമിഴ്‌നാട്ടിൽ നിന്നാണ് രഞ്ജിത്തിനെ ഷാഡോ പോലീസ് പിടികൂടിയത്. മുതിയവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തുള്ള റബർ പുരയിടത്തിൽ മെയ് 9നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

എട്ട് വർഷം മുമ്പ് മായയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ഒരു വർഷം മുമ്പാണ് രഞ്ജിത്തുമൊന്നിച്ച് മായ താമസം ആരംഭിച്ചത്. മായയുടെ കണ്ണിലും നെഞ്ചിലും പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. രഞ്ജിത്ത് സ്ഥിരമായി മായയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും മൊഴി നൽകിയിരുന്നു.

കേരള- സിപിഎം അധ്യാപക സംഘടന നേതാവിനെ പ്രൊഫസ്സറാക്കാൻ വഴിവിട്ട് നീക്കം;സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി

തിരുവനന്തപുരം:
കേരളാ യൂണിവേഴ്സിറ്റി അധ്യാപക സംഘടന നേതാവും, കേരള സർവകലാശാല മുൻസിൻഡിക്കേറ്റ് അംഗവും, നിലവിലെ സെനറ്റ് അംഗവുമായ ഡോ: എസ്. നസീബിനെ   യുജിസി ചട്ടങ്ങൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി പ്രമോഷൻ നൽകാൻ  കേരള വിസി ക്ക് മേൽ സമ്മർദ്ദം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ‘കണ്ണൂരി’ൽ അസോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിന് കരാർ നിയമനം കൂടി പരിഗണിക്കാൻ ശ്രമിച്ചതിന് സമാ നമായി,
1997 ൽ കാലടി സംസ്കൃത സർവകലാശാലയിൽ ഒന്നര വർഷക്കാലത്തെ കരാർ
അടിസ്ഥാനത്തിലുള്ള അധ്യാപന പരിചയം കൂടി
കണക്കിലെടുത്ത് അസോസിയേറ്റ് പ്രൊഫസ്സർ ആയി പ്രൊമോഷൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് യൂണിവേഴ്സിറ്റിക്ക് അപേക്ഷ സമർപ്പിച്ചത്.

അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തിന് തത്തു ല്യമായ ശമ്പളത്തിലുള്ള താൽക്കാലിക നിയമനങ്ങൾ മാത്രമേ അസോസിയേറ്റ് പ്രൊഫസർ പ്രമോഷന് പരിഗണിക്കാൻ പാടുള്ളൂ എന്നാണ് 2018 ലെ യുജിസി ചട്ടം.കണ്ണൂർ സർവ്വകലാശാലയിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച ഹർജ്ജിയിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.എന്നാൽ
ലക്ചററുടെ നിശ്ചിത ശംബളത്തിന്റെ പകുതി 4000 രൂപയാണ് നസീബ് പ്രതിമാസ ശമ്പളമായി ’97-98 ൽ കൈപ്പറ്റിയിരുന്നത്.

യു.ജി.സി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസ്സറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപ് യൂണിവേഴ്സിറ്റിയുടെ IQAC (Internal Quality Assurance Cell)ഡയറക്ടർ അംഗീകരിക്കേണ്ട തായുണ്ട്.
നിലവിലുണ്ടായിരുന്ന ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, അദ്ദേഹം സർവീസിൽ നിന്നും വിരമിച്ച ശേഷം ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുള്ള പ്രൊഫസ്സർ, പ്രൊമോഷൻ അംഗീകരിക്കാൻ
ശുപാർശ ചെയ്ത ഫയൽ ഇപ്പോൾ വിസി യുടെ പരിഗണയിലാണ്.

അദ്ധ്യാപക നേതാവിനോടൊപ്പം സർവീസിൽ പ്രവേശിച്ചവർ പ്രമോഷന് പരിഗണിക്കാനുള്ള അർഹത  നേടാതിരിക്കുമ്പോഴാണ് മുൻ സിൻഡിക്കേറ്റ് അംഗം കുറുക്കുവ ഴിയിലൂടെ അസോസിയറ്റ് പ്രൊഫസറാകാൻ   ശ്രമിക്കുന്നത്.

അസിസ്റ്റന്റ് പ്രൊഫസ്സറായി 12 വർഷത്തെ സർവീസ് പൂർത്തിയായാൽ മാത്രമേ അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അർഹത നേടുകയുള്ളു.

97- 98  വർഷം സംസ്കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് തയ്യാറാക്കിയ 45 പേരുടെ പട്ടികയിൽ 38-മത് റാങ്കിൽ നിയമിതനായ ഒന്നര വർഷം കാലയളവാണ് 26 വർഷം കഴിഞ്ഞ് അസോസിയേറ്റ് പ്രൊഫസ്സർ പ്രൊമോഷന് ഇപ്പോൾ പരിഗണിക്കുന്നത്.എന്നാൽ ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൊഫസ്സർ -ഹയർ ഗ്രേഡ് അനുവദിച്ചപ്പോൾ താൽക്കാലിക കരാർ നിയമന കാലയളവ് പരിഗണിച്ചിരുന്നില്ല.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ കരാർ അടിസ്ഥാനത്തിലെ നിയമന കാലാവധി പരിഗണിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ വ്യക്തമാക്കിയിരിക്കേ, കോടതി വിധി മറികടന്ന് മുൻ സിൻഡിക്കേറ്റ് അംഗത്തിന് കരാർ കാലാവധി കൂടി പരിഗണിക്കാനുള്ള യൂണിവേഴ്സിറ്റി ഐ ക്യു എ സി ഡയറക്ടറുടെ നിർദ്ദേശം തള്ളിക്കളയണമെന്നും,2018 ലെ യു ജി സി റെഗുലേഷനിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസിക്ക് നിവേദനം നൽകിയതായി ചെയർമാൻ ആർ എസ് ശശികുമാർ ,സെക്രട്ടറി എം ഷാജർഖാൻ എന്നിവർ അറിയിച്ചു.

ഗവർണ്ണർക്ക് തിരിച്ചടി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദേശം നടത്തിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരുടെ വാദം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി നിയമനം നടത്താൻ കോടതി നിർദേശം നൽകി

ആറ് ആഴ്ചക്കുള്ളിൽ നാമനിർദേശം നടത്താനും ചാൻസലർ കൂടിയായ ഗവർണറോട് കോടതി നിർദേശിച്ചു. ഗവർണർക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടപെടൽ

സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശമുണ്ടെന്നായിരുന്നു ഗവർണറുടെ വാദം. അതേസമയം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.

അവിഹിതം പിടികൂടി; വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട്: പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.
പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധം സ്വാമിനാഥന്‍ അറിഞ്ഞതോടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തായ സദാനന്ദനെ ഉപയോഗിച്ച് ദമ്പതികളെ വകവരുത്തുകയായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുള്ള ബന്ധം സൈനികനായ മകനെ അറിയിക്കുമെന്ന് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയതാണ് കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചത്.

ചിങ്ങോലി ജയറാം വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന്‍ (ഹരീഷ് -36), കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു.
മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2020 ജൂലായ് 19-ന് രാത്രി 7.30-നാണ് നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമി(31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു വടക്കുവശത്തുള്ള ബേക്കറിക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.
പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ജയറാമിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍ ഇരുവരും. ജയറാമും പ്രതികളും കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്യുന്നവരാണ്. പ്രതികളുടെ സുഹൃത്തായ മറ്റൊരാള്‍ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ;അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തക്ക് വിട

തിരുവല്ല:
ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തയുടെ സംസ്‌കാരം നടത്തി. തിരുവല്ല സെന്റ് തോമസ് ഈസ്‌റ്റേൺ ചർച്ച് കത്തീഡ്രലിലാണ് അത്തനേഷ്യസ് യോഹാന് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.

രാവിലെ 9 മണി വരെ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിനാളുകൾ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തി.

മന്ത്രി സജി ചെറിയാൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാനെത്തി. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിലാണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചത്. മെയ് 19നാണ് മൃതദേഹം കേരളത്തിലെത്തിച്ചത്.

കൂണ്‍ കഴിച്ച് ഭക്ഷ്യവിഷബാധ; നാലുപേര്‍ ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88), സുനില്‍ (48), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതില്‍ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.

ലാലേട്ടന്‍റെ പിറന്നാള്‍ ദിനത്തില്‍ രാത്രി ഉണര്‍ന്നിരുന്ന് മമ്മൂക്ക ചെയ്തത് കണ്ടോ

മലയാള സിനിമയിലെ നടന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇവരെ തമ്മില്‍ പരസ്പരം വിലയിരുത്താനും മല്‍സരിപ്പിക്കാനും ശ്രമിച്ചവരെല്ലാം തോറ്റ ചരിത്രമേ കേട്ടിട്ടുള്ളു. സ്വന്തം സഹോദരനേക്കാള്‍ സ്നേഹത്തോടെയാണ് മമ്മൂക്ക ലാലിനെ പരിഗണിക്കാറ്. ലാലേട്ടന് ആരെക്കാളും മുന്നേ പിറന്നാള്‍ ആശംസ അറിയിച്ച് ആരാധകരെ ഞെട്ടിക്കുകയാണ് മമ്മുക്ക ചെയ്തത്. കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. 55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.