Home Blog Page 2665

ബംഗാളിൽ മേധാവിത്വം നിലനിർത്തി തൃണമൂൽ

കൊല്‍ക്കൊത്ത. ബംഗാളിൽ മേധാവിത്വം നിലനിർത്തി തൃണമൂൽ കോൺഗ്രസ്.നഷ്ടപ്പെട്ട 6 സീറ്റുകൾ തൃണമൂൽ തിരിച്ചുപിടിച്ച് . ബിജെപിയുടെ മുന്നേറ്റം 12 സീറ്റുകളിൽ ഒതുങ്ങി.ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകളെയും തൃണമൂൽ കോൺഗ്രസ് തകർത്തു

എക്സിറ്റ് പോൾ പ്രവചനം അപ്രസക്തമാക്കിയാണ് വംഗനാട്ടിൽ തൃണമൂൽ കോൺഗ്രസിൻറെ തേരോട്ടം.23 സീറ്റ് പ്രവചിച്ച ബിജെപിയുടെ മുന്നേറ്റം 10 സീറ്റിൽ ഒതുങ്ങി. CAAയും സന്ദേശ്ഖാലിയും ബിജെപിയെ കൈവിട്ടു. അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ 3 ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. സന്ദേശ് ഖാലി ഉൾപ്പെട്ട ബാസിർ ഹട്ട് മണ്ഡലത്തിൽ തൃണമൂലിൻ്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിന് മുകളിലാണ്.കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ ബഹരംപൂർ അധിർ രഞ്ജൻ ചൗധരിയിൽ നിന്ന് യൂസഫ് പഠാൻ മണ്ഡലം തിരിച്ചു പിടിച്ചു. അസൻസോളിൽ ശത്രുഘ്നൻ സിൻഹ വിജയിച്ചു.കൃഷ്ണ നഗർ മഹുവ മൊയ്ത്ര നിലനിർത്തി. കൂച്ച് ബെഹറിൽ കേന്ദ്ര മന്ത്രി നിതീഷ് പ്രമാണിക് പരാജയപ്പെട്ടു.

സിപിഐഎം പ്രതീക്ഷ വച്ചിരുന്ന സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിച്ച മുർഷിദാബാദും തൃണമൂലിൻ്റെ കൈകളിലായി. ബരക്പോര, ജാഗ്രാം, മേദനിപൂർ, ബർദമാൻപ്പൂർ – ദുർഗപൂർ , ഹൂഗ്ലി, അസൻസോൾ എന്നിവയാണ് തൃണമൂൽ തിരിച്ചുപിടിച്ച മണ്ഡലങ്ങൾ. ബരക്പൂരിൽ സുക്ന്ത മജുംദാർ ,തംലുക്കിൽ അഭിജിത്ത് ഗംഗോപാധ്യായ എന്നിവരാണ് ബിജെപിയിൽ മുന്നേറ്റം സൃഷ്ടിച്ച പ്രമുഖർ. തൃണമൂലിനെതിരെ കോൺഗ്രസും സിപിഐഎമ്മും ഒരുമിച്ചതോടെ സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാര വോട്ടുകൾ ഏകീകരിക്കാതെ വിഘടിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

താമരപിഴുത് ദ്രാവിഡമണ്ണ്,നാൽപതിൽ നാൽപതും ഇന്ത്യയ്ക്ക്

ചെന്നൈ. ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യം അതാണ് തമിഴ് നാട്ടിൽ കണ്ടത്. ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പടെ നാൽപത് സീറ്റുകളിലും ഗംഭീരവിജയം നേടി. രണ്ട് സീറ്റുകളിൽ മാത്രമാണ് അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണികൾ കാര്യമായ ചെറുത്തുനിൽപ് നടത്തിയത്.

എക്സിറ്റ് പോൾ ഫലങ്ങളെയൊക്കെ അട്ടിമറിച്ച് വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിയിലെ ഓരോ കക്ഷികൾക്കും സാധിച്ചു. വിരുദുനഗർ, ധർമപുരി സീറ്റുകൾ ഒഴികെ ഒരിടത്തും എൻഡിഎയ്ക്കോ അണ്ണാ ഡിഎംകെയ്ക്കോ ആശ്വസിയ്ക്കാൻ ഒരവസരം പോലുമുണ്ടാക്കിയില്ല ഡിഎംകെ സഖ്യം.


അണ്ണാ ഡിഎംകെ സഖ്യത്തിൽ ഡിഎംഡികെയിലെ വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ മത്സരിച്ച വിരുദുനഗർ, എൻഡിഎയിൽ പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ അൻപുമണി രാംദാസിന്റെ ഭാര്യ സൗമ്യ രാംദാസ് മത്സരിച്ച ധർമപുരിയിലും മാത്രമാണ് ഡിഎംകെ സഖ്യത്തിന് മത്സരം നേരിടേണ്ടി വന്നത്. ഏഴ് റൗണ്ടുകൾ ഇരുവരും മുന്നിട്ടു നിന്നിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇവിടെയും ഇന്ത്യ മുന്നണി സ്ഥാനാർത്ഥികൾ കത്തി കയറി.  

2019ലും 2021ലും ഡിഎംകെയുടെ നേതൃത്വത്തിൽ രൂപീകരിച്ച മഴവിൽ സഖ്യം. അതാണ് പിന്നീട് ഇന്ത്യ മുന്നണിയായത്. രാജ്യത്തെ സംരക്ഷിയ്ക്കാൻ ഇന്ത്യ മുന്നണിയ്ക്ക് വോട്ട് ചെയ്യാനായാരുന്നു തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജനങ്ങളോട് ആവശ്യപ്പെട്ടത്. ദേശീയ തലത്തിലേയ്ക്കായിരുന്നു ഡിഎംകെയുടെ പ്രകടന പത്രിക പോലും. ഇന്ത്യ മുന്നണിയുടെ നേതൃ നിരയിലെ എം കെ സ്റ്റാലിന്റെ സ്ഥാനം ഒരു വട്ടം കൂടി ഉറപ്പിയ്ക്കുകയാണ് തമിഴ് നാട്ടിലെ ഈ സമ്പൂർണ വിജയം. 

കൊല്ലം ലോക്സഭയിലേക്ക് മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുവിവരം

കൊല്ലം ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുവിവരം ചുവടെ: (ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍)
ജി.കൃഷ്ണകുമാര്‍ (ബി.ജെ.പി)-163210, എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.)443628, എം.മുകേഷ് (സി.പി.ഐ(എം))293326, വിപിന്‍ലാല്‍ വിദ്യാധരന്‍ (ബി.എസ്.പി.)2194 , പി.കൃഷ്ണമ്മാള്‍ (എം.സി.പി.ഐ(യു)) 549 , ജോസ് സാരാനാഥ് (അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)-559 , ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്))708 , പ്രദീപ് കൊട്ടാരക്കര (ഭാരതീയ ജവാന്‍ കിസ്സാന്‍ പാര്‍ട്ടി) -835 , എന്‍.ജയരാജന്‍ (സ്വതന്ത്രന്‍)-449 , ജെ.നൗഷാദ് ഷെരീഫ് (സ്വതന്ത്രന്‍)-579 , പ്രേമചന്ദ്രന്‍ നായര്‍ (സ്വതന്ത്രന്‍) -1734 , ഗോകുലം സുരേഷ്‌കുമാര്‍ (സ്വതന്ത്രന്‍) -1374, നോട്ട-6546. .
ആര്‍.എസ്.പി സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍ 150302ഭൂരിപക്ഷം നേടി വിജയിച്ചു.
വിജയിച്ച സ്ഥാനാര്‍ഥി ഓരോ നിയോജകമണ്ഡലത്തിലും നേടിയ ഭൂരിപക്ഷം :
ചവറ-25846 , പുനലൂര്‍-18044 , ചടയമംഗലം-14619 , കുണ്ടറ-27105 , കൊല്ലം-23792 , ഇരവിപുരം-23678 , ചാത്തന്നൂര്‍-15571.

ആറ്റിങ്ങലിൽ പോസ്റ്റൽ വോട്ടിൽ റീ കൗണ്ടിംഗ്; നടപടി ഇടത് മുന്നണി ആവശ്യപ്രകാരം

തിരുവനന്തപുരം: 1708 വോട്ടിൻ്റെ നേരിയ ഭൂരിപക്ഷത്തിൽ കൈവിട്ട ആറ്റിങ്ങലിൽ പോസ്റ്റൽ വോട്ടുകൾ വീണ്ടും എണ്ണും. ഇടത് മുന്നണി ആവശ്യപ്രകാരമാണ് നടപടി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിൽ കോൺഗ്രസിലെ അടൂർ പ്രകാശിൻ്റെ വിജയത്തെ ചോദ്യം ചെയ്താണ് ഇടത് മുന്നണി രംഗത്ത് എത്തിയത്.
അവസാനം വരെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അനിശ്ചിതത്വം തുടരുന്ന കാഴ്ചയാണ് ഇത്തവണ ഉണ്ടായത്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണുണ്ടായത്. ഒന്നും രണ്ടും സ്ഥാനക്കാരേക്കാള്‍ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഇങ്ങനെ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാതെ, അല്ലെങ്കില്‍ മൂന്നുപേര്‍ക്കും ഒരുപോലെ സാധ്യത കല്‍പിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിച്ചത്.
ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് അടൂര്‍ പ്രകാശ് 1708 വോട്ടിന് ജയിക്കുകയായിരുന്നു.

ഫോട്ടോഫിനിഷില്‍ ആറ്റിങ്ങലില്‍ അടൂര്‍പ്രകാശ് വിജയത്തിലേക്ക്…..

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അനിശ്ചിതത്വം തുടരുന്ന കാഴ്ചയാണ് ഇത്തവണ ഉണ്ടായത്. തുടക്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍ഡിഎഫിന്റെ വി. ജോയ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണുണ്ടായത്. ഒന്നും രണ്ടും സ്ഥാനക്കാരേക്കാള്‍ അധികം പിന്നിലല്ലാതെ കേന്ദ്രമന്ത്രി കൂടിയായ ബിജെപിയുടെ വി. മുരളീധരന്‍ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഇങ്ങനെ ആര്‍ക്കും വ്യക്തമായ സാധ്യത നല്‍കാതെ, അല്ലെങ്കില്‍ മൂന്നുപേര്‍ക്കും ഒരുപോലെ സാധ്യത കല്‍പിക്കുന്ന തരത്തിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുതിച്ചത്.
ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അടൂര്‍ പ്രകാശ് 1708 വോട്ടിന് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ അവസാനത്തോടടുക്കുമ്പോള്‍ ആറ്റിങ്ങല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണുണ്ടായിട്ടുള്ളത്.

തുഴയെറിഞ്ഞ് തീരമണഞ്ഞ് തരൂർ

തിരുവനന്തപുരം: ഒരു ഘട്ടത്തിൽ പരാജയത്തിൻ്റെ നടുക്കടലിൽ മുങ്ങാൻ തുടങ്ങിയ തരൂർ ഒടുവിൽ തുഴയെറിഞ്ഞ് തീരം അണഞ്ഞു. കേരളത്തെ ആകാംഷയുടെ കൊടുമുടിയിൽ നിർത്തിയ വോട്ടെണ്ണലാണ് തലസ്ഥാനത്ത് കണ്ടത്. ഒരു സന്ദർഭത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂ‍ർ
പതിനയ്യായിരത്തിലേറെ വോട്ടിന് മുന്നിലായി.
ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് അനന്തപുരിയിൽ കണ്ടത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ രാജീവ് ചന്ദ്രശേഖറായിരുന്നു മുന്നിൽ. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ മുന്നിലേക്ക് പോയി. പക്ഷേ, ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് രാജീവ് ചന്ദ്രശേഖറിന്‍റെ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡ് ഉയര്‍ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. എന്നാൽ അവസാന ലാപ്പിൽ തരുർ തുഴയെറിഞ്ഞ് നില മെച്ചപ്പെടുത്തി നാലാമൂഴത്തിന് വിജയ കൊടിനാട്ടി.തലസ്ഥാനത്തിൻ്റെ തലപ്പൊക്കത്തിൽ തരൂർ എത്തുമ്പോൾ പ്രതീക്ഷകൾ തകിടം മറിഞ്ഞ് എൻ ഡി എ ക്യാമ്പ് നിരാശയുടെ കയത്തിലാണ്.

ആൽഫാ ജെയിംസ് നിര്യാതനായി

ശാസ്താംകോട്ട .വ്യാപാരി വ്യവസായി ഏകോപന സമിതി.. ശാസ്താംകോട്ട യൂണിറ്റിൻ്റെ മുൻ ജനറൽ സെക്രട്ടറിയും ആൽഫാസ്റ്റുഡിയോ ഉടമയുമായ ആൽഫാ ജെയിംസ് (71)നിര്യാതനായി. റെഡ്ക്രോസ് ഭാരവാഹിയായിരുന്നു. സിനിമകളിൽ അഭിനയിക്കുകയും ക്യാമറാമാൻ ആയി പ്രവർത്തിക്കുകയും ചെയ്തു മാക്ട അംഗമാണ്. സംസ്കാരം നാളെ (5-6) നാലിന് സെൻ്റ് തോമസ് ദേവാലയത്തിൽ

ഭാര്യ. വൽസല മക്കൾ. ജിനു, ജിഷ

മരുമക്കൾ. ജോസഫ്, സാജൻ

തോൽവിയുടെ റിക്കാഡിൽ കെ.മുരളീധരന് ഹാട്രിക്ക്

തൃശ്ശൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തോല്‍വിയുടെ റിക്കോര്‍ഡിൽ കെ മുരളീധരൻ ഒന്നാമൻ. ആറ് തവണയാണ് മുന്‍ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തില്‍ തോറ്റത്. രണ്ടു തവണ മൂന്നാം സ്ഥാനക്കാരുമായി. കെട്ടിവെച്ച കാശും പോയി. ഇത്തവണ തൃശ്ശൂരില്‍ തോറ്റ് മൂന്നാം സ്ഥാനത്തായതോടെ അക്കാര്യത്തില്‍ ഹാട്രിക്കും തികച്ചു.
ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്.
13 തവണയാണ് മത്സരത്തിനിറങ്ങിയത്.
12 തെരഞ്ഞെടുപ്പുകളിൽ പോരിനിറങ്ങിയ കെ കരുണാകരനും ഉമ്മന്‍ചാണ്ടിയുമാണ് തൊട്ടു പിന്നില്‍. ഉമ്മന്‍ ചാണ്ടി എല്ലാ മത്സരത്തിലും ജയിച്ചു. കരുണാകരന്‍ രണ്ടു തവണ തോറ്റു. മുരളീധരന്‍ പകുതി തെരഞ്ഞെടുപ്പിലും തോറ്റു.
1996 ല്‍ കോഴിക്കോട് ലോകസഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനോട് തോറ്റായിരുന്നു മുരളീധരന്റെ പരാജയ തുടക്കം. കെ കരുണാകരനും ആ തെരഞ്ഞെടുപ്പില്‍ വി വി രാഘവനോട് തൃശ്ശൂരില്‍ തോറ്റു. അച്ഛനും മകനും തോറ്റ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത. 1998 ല്‍ മണ്ഡലം മാറി മുരളീധരന്‍ തൃശ്ശൂരിലെത്തി. വി വി രാഘവന്‍ ജയം ആവര്‍ത്തിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആളെന്ന പേരും വിവി രാഘവൻ സ്വന്തമാക്കി.
കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആന്റണി മന്ത്രി സഭയില്‍ അംഗമായ മുരളി, നിയമസസഭാംഗമാകാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു. വടക്കേഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ നിലവിലെ എംഎല്‍എ യെ രാജിവെപ്പിച്ചു. മത്സരത്തില്‍ എ സി മൊയ്തീനോട് തോറ്റു. മന്ത്രിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്ന ആദ്യ ആളെന്ന പേരും സ്വന്തമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം കൊടുവള്ളിയില്‍ പി ടി റഹീമിനോടും തോറ്റു.
2009 ല്‍ വയനാട് ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം എ ഷാനവാസ് 4.10 ലക്ഷം വോട്ടു നേടി ജയിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടു പോലും കിട്ടാതെ മുരളി മൂന്നാം സ്ഥാനത്തായി. കെട്ടിവെച്ച കാശും പോയി. അവസാന തോല്‍വി നേമത്തായിരുന്നു. ബിജെപി തോല്‍പ്പിക്കുമെന്ന് പറഞ്ഞ് എത്തിയെങ്കിലും മൂന്നാമനായി കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി.
മൂന്നുതവണ കോഴിക്കോട് ലോകസഭയിലും രണ്ടു തവണ വട്ടിയൂര്‍ക്കാവ് നിയമസഭയിലും കഴിഞ്ഞതവണ വടകര ലോകസഭയിലുമാണ് മുരളീധരന്റെ വിജയം

ഇന്‍ഡോറില്‍ നോട്ടക്ക് ലഭിച്ചത് 1,81,000 വോട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് മത്സരിക്കാന്‍ ആളില്ലാതായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താരമായി ‘നോട്ട’. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 10.10 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സ്ഥാനാര്‍ഥികളല്ല, നോട്ടയാണ്. 1.81 ലക്ഷമാണ് നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍. 8.29 ലക്ഷത്തിന്റെ ലീഡ് ഈ മണ്ഡലത്തില്‍ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്‍ഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അക്ഷയ് കാന്തി ബാം പാര്‍ട്ടി വിട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നോട്ടക്ക് വോട്ട് ചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നോട്ട കുതിച്ചുയര്‍ന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ല. ഇതാദ്യമായി സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താനാവാത്ത സ്ഥിതി വന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞതോടെ നോട്ടയെ ആശ്രയിക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുര്‍ബലരാണെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് നോട്ടക്ക് വോട്ട് നല്‍കാനുള്ള ആഹ്വാനം ചെയ്യാന്‍ കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു. മറ്റ് 13 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്.

സുരേഷ് ഗോപിയുടെ വിജയം….ആശംസകളുമായി മലയാള സിനിമാ ലോകവും

തൃശൂരില്‍ അട്ടിമറി വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ആശംസകളുമായി മലയാള സിനിമാ ലോകവും. സിനിമ മേഖലയിലുള്ള നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. ജ്യോതികൃഷ്ണ, മുക്ത, ഭാമ, സുധീര്‍ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് ആശംസകള്‍ അറിയിച്ചത്. കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറും എത്തിയിരുന്നു. കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.