ചക്കുവള്ളി:ചക്കുവള്ളി ടൗണിൽ യുവാക്കൾ തമ്മിൽ സംഘർഷത്തിൽ ഡിവൈഎഫ്ഐ
മേഖല ഭാരവാഹികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.ഡിവൈഎഫ്ഐ മേഖല ഭാരവാഹികളായ അമൽ കൃഷ്ണൻ,അനന്തകൃഷ്ണൻ, പ്രവർത്തകനായ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചക്കുവള്ളി ജംഗ്ഷനിൽ കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.കത്തികൊണ്ടും സോഡാ കുപ്പി കൊണ്ടുമുള്ള ആക്രമണത്തിൽ തലയ്ക്കും പുറത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.സംഭവം അറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ല എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
ചക്കുവള്ളിയിൽ യുവാക്കൾ തമ്മിൽ സംഘർഷം;ഡിവൈഎഫ്ഐമേഖല ഭാരവാഹികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു
പെരുങ്ങാലം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
മൺട്രോതുരുത്ത്:പെരുങ്ങാലം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 11 ന് പകൽ ഒന്നിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അമിത ഭാരവുമായി അമിത വേഗതയിൽ പായുന്ന വാഹനങ്ങൾക്കെതിരെ നടപടിയമായി മോട്ടോർ വകുപ്പ്
ശാസ്താംകോട്ട:സ്കൂളുകൾ തുറന്നതിനെ തുടർന്ന് കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി കുന്നത്തൂർ ജോ.ആർ.ടി.ഒ യുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ അമിത ഭാരവുമായി അപകടകരമായി എത്തിയ വാഹനങ്ങൾ പിടികൂടുകയും 1,60000 രൂപ പിഴ ചുമത്തുകയും ചെയ്തു.വാഹന പരിശോധന കർശനമാക്കുമെന്നും രൂപമാറ്റം വരുത്തിയതും എയർഹോൺ,അധിക
ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കുന്നത്തൂർ ജോ.ആർ.ടി.ഒ എസ്.സൂരജ് അറിയിച്ചു.
ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എഞ്ചിനിയറിംഗിൻ്റെ BTech അഡ്മിഷൻ തുടരുന്നു
കൊല്ലം. ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എഞ്ചിനിയറിംഗിൻ്റെ BTech അഡ്മിഷൻ തുടരുന്നു.AICTE അംഗീകാരമുളളതും APJ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല യിൽ അഫീലിയേറ്റ്
ചെയ്തിരിക്കുന്നതുമായ കോളേജ്, മികച്ച വിജയ ശതമാനവും ഉയർന്ന ക്യാമ്പസ് പ്ലാസ്‌മെന്റും ഉറപ്പ് തരുന്നു.
NAAC , NBA ,ISO തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ ഉറപ്പുനല്കുന്ന എല്ലാ അംഗീകാരവും ഈ കോളേജിനുണ്ട്.
wifi ക്യാമ്പസ്, മികച്ച ലൈബ്രറി എന്നിവ കോളേജിന്റെ പ്രത്യേകതയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളതും ദീർഘകാല പ്രവർത്തന പരിചയമുള്ളവരുമാണ് ഇവിടുത്തെ അധ്യാപകർ. സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകൾക്ക് പുറമെ സ്കിൽ ഡെവലപ്പ്മെന്റ് പ്രവർത്തങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്.
ആയൂർ , ഓച്ചിറ, പത്തനാപുരം, കൊട്ടാരക്കര,അടൂർ കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് കോളേജ് ബസ്സും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. BTech@ BMCE സീറ്റ് ബുക്കിങ് തുടരുന്നു
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും +918281801579
advetorial.
കൊട്ടാരക്കരയില്‍ അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മകള്‍ മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര വാളകത്ത് എംഎല്‍എ ജങ്ഷന് സമീപം അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 16 വയസുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജെയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിസ്‌നി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡില്‍ വാളകം എംഎല്‍എ ജങ്ഷന് സമീപമായിരുന്നു അപകടം. ശോശാമ്മയെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ബിസ്‌നി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
പുനലൂര്‍: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോണം പുഷ്പവിലാസം വീട്ടില്‍ കൃഷ്ണന്‍കുട്ടി-ലീലാമണി ദമ്പതികളുടെ മകള്‍
ഗ്രീഷ്മ (29) യെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് അനില്‍ ജോലി സംബന്ധമായി തമിഴ്‌നാട്ടിലായിരുന്നു.
ജോലിക്ക് പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. പുനലൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ശാസ്താംകോണം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഗ്രീഷ്മ. മക്കള്‍: അദ്വൈത് (9), ആരാധ്യ(6).
ഡോ.വന്ദനദാസ് വധകേസ്: പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് മാറ്റിവച്ചു
കൊല്ലം: ഡോ.വന്ദനദാസ് വധകേസിലെ പ്രതി സന്ദീപിനെ വീണ്ടും കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ ഹാജരാക്കി. എന്നാല്‍ സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഹാജരാക്കുവാന്‍ സാവകാശം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി പ്രതിയായ സന്ദീപിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് മാറ്റിവച്ചു. രാവിലെ 11നാണ് സന്ദീപിനെ കോടതിയിലെത്തിച്ചത്. കേസിന്റെ വിചാരണ നടപടി ഏത് സമയത്തും ആരംഭിക്കുവാന്‍ തയ്യാറാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
നിലവില്‍ സ്റ്റേ ഉത്തരവ് ഇല്ലാത്ത സാഹചരൃത്തില്‍ പ്രതിയായ സന്ദീപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കാലതാമസമുണ്ടാകരുതെന്നൂം പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ മാപ്പ് പറയുന്നുവോ എന്ന കോടതിയുടെ ചോദ്യത്തിന് സന്ദീപ് നിശബ്ദനായി നിന്നു. തുടര്‍ന്ന് പ്രതിയെ 14ന് നേരിട്ട് ഹാജരാക്കുവാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. വികാരാധീനനായാണ് സന്ദീപ് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ ഹാജരായി.
മുഖത്തെ എണ്ണമയം? അടുക്കളയില്‍ തയ്യാറാക്കാം കിടിലന്‍ ഫെയ്‌സ് മാസ്‌കുകള്‍
എണ്ണമയമുള്ള ചര്‍മം പലപ്പോഴും തലവേദനയാണ്. ചര്‍മത്തിന് എന്തെല്ലാം ചെയ്താലും എണ്ണമയമുണ്ടെങ്കില്‍ പിന്നെ മുഖക്കുരുവും മറ്റു പ്രശ്‌നങ്ങളും വരുന്നത് സ്വാഭാവികമാണ്. ഒറ്റരാത്രികൊണ്ട് ഈ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ കഴിയില്ലെങ്കിലും, നിങ്ങളുടെ അടുക്കളയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന കുറച്ച് ചേരുവകളുടെ സഹായത്തോടെ ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ കഴിയും.
കറ്റാര്‍ വാഴയും മഞ്ഞളും
ഏതു തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഏറ്റവും നല്ല പോംവഴിയാണ് കറ്റാര്‍ വാഴ. അതിനൊപ്പം കുറച്ച് മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ ചര്‍മത്തിന്റെ പല പ്രശ്‌നങ്ങളും മാറ്റാം. കറ്റാര്‍വാഴയുടെ പള്‍പ്പ് എടുക്കുക. ശേഷം ഇതൊരു മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പച്ചമഞ്ഞള്‍ അരച്ചെടുത്തത് ഇതിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് 1520 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാം.
മുള്‍ട്ടാനി മിട്ടി പനിനീര്‍
മുള്‍ട്ടാനി മിട്ടിയും പനിനീരും നന്നായി യോജിപ്പിക്കുക. കുഴമ്പ് പരുവത്തിലായ ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യാം.
തേനും നാരങ്ങാനീരും
തേനും നാരങ്ങാനീരും യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഇടങ്ങളില്‍ കൂടുതലായി പുരട്ടുന്നത് നല്ലതാണ്. 15 മിനിറ്റിന് ശേഷം ഇതു കഴുകി കളയാം. ശേഷം മുഖത്ത് സണ്‍സ്‌ക്രീന്‍ പുരട്ടാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാം. നാരങ്ങാനീര് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിന് ശേഷം മാത്രമേ മുഖത്ത് പുരട്ടാവു.
കളിമണ്ണും റോസ്‌വാട്ടറും
എണ്ണമയമുള്ള, മുഖക്കുരു സാധ്യതയുള്ള ചര്‍മങ്ങള്‍ക്ക് കളിമണ്‍ മാസ്‌കുകള്‍ ഒരു ആവരണം പോലെ പ്രവര്‍ത്തിക്കുന്നു. കളിമണ്ണ് അധിക എണ്ണ ആഗിരണം ചെയ്യുകയും ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കളിമണ്ണിലേക്ക് പനിനീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് എല്ലായിടത്തും പുരട്ടാം. ഉണങ്ങിയതിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
കാപ്പിപ്പൊടിയും തേനും
നൂറ്റാണ്ടുകളായി തേന്‍ ചര്‍മസംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ചര്‍മത്തിന്റെ സ്വാഭാവികത വീണ്ടെടുക്കുന്നതിന് കാപ്പിപ്പൊടിയും സഹായിക്കും. കാപ്പിപ്പൊടിയും തേനും നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. മുഖക്കുരുവും പാടുകളും ഉള്ള സ്ഥലങ്ങളില്‍ കൂടുതലായി പുരട്ടാം. 1015 മിനിറ്റിന് ശേഷം കഴുകി കളയാം.
കൊച്ചുകളീക്കല്‍ ക്ഷേത്രത്തില്‍ കളമെഴുത്തുംപാട്ടും
ശാസ്താംകോട്ട. പള്ളിശേരിക്കല്‍ കൊച്ചുകളീക്കല്‍ ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന പാട്ടിന് നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
സ്വദേശാഭിമാനി ഗ്രന്ഥശാലയില്‍ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ
ശാസ്താംകോട്ട. ജൂനിയർ ചെംബർ ഇൻ്റർനാഷണൽ ജെസിഐ ശാസ്താംകോട്ടയും, വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. പ്രമുഖ കരിയർ കോച്ച് വി.കെ. ശിവകുമാറിൻ്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
ജൂൺ 8 ശനിയാഴ്ച പകൽ 9.30 മുതൽ ഗ്രന്ഥശാലയിൽ വച്ച് നടക്കുന്ന സെമിനാർ കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം എത്തി പ്രയോജനപ്പെടുത്തണമെന്ന് JCI പ്രസിഡൻ്റ് നിഖിൽദാസ് പാലവിള,ഗ്രന്ഥശാല സെക്രട്ടറി എസ്. രാജശേഖര വാര്യർ എന്നിവർ അറിയിച്ചു.




































