22.9 C
Kollam
Wednesday 24th December, 2025 | 05:23:42 AM
Home Blog Page 2657

കനത്ത തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമേയല്ല ,സർക്കാരിന്റെ മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന്

തിരുവനന്തപുരം. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പ്രകാശനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം എന്ന വിമർശനം ഉയരുന്നതിനിടെയാണ് പ്രോഗ്രസ് കാർഡ് പ്രകാശനം.

ക്ഷേമ പെൻഷൻ മുടങ്ങിയതും, അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ഉൾപ്പെടെ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിച്ഛായക്ക് ഏൽപ്പിച്ചു എന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ മഹാമാരികളും കേന്ദ്ര സമീപനങ്ങളും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് പ്രശ്നമായത് എന്നതാണ് സർക്കാർ വാദം.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങിയത് ഉൾപ്പെടെ പ്രോഗ്രസ് റിപ്പോർട്ടിൽ എങ്ങനെ പ്രതിരോധിക്കും എന്നതും രാഷ്ട്രീയ ആകാംക്ഷയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രി മന്ത്രിമാരും നടത്തിയ വിദേശയാത്രയും നവകേരളയാത്രയും ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ നവ കേരളയാത്ര സർക്കാർ നേട്ടമായി തന്നെയാകും അവതരിപ്പിക്കുക.

ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും

റിയാദ്. ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 14-നു തുടങ്ങും. 15-നു ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ബലിപെരുന്നാള്‍. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ സൌദി സുപ്രീം കോടതിയാണ് പ്രഖ്യാപനം നടത്തിയത്. ഒമാനില്‍ ജൂണ്‍ 17-നായിരിക്കും ബലി പെരുന്നാള്‍.

സൌദിയില്‍ ഇന്ന് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ജൂണ്‍ 14 വെള്ളിയാഴ്ച ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും. ജൂണ്‍ 15 ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 16-നു ഞായറാഴ്ച ബലിപെരുന്നാള്‍. തുടര്‍ന്നുള്ള 3 ദിവസം കൂടി ഹജ്ജ് കര്‍മങ്ങള്‍ ഉണ്ടാകും. ജൂണ്‍ 19 ബുധനാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. സൌദിക്ക് പുറമെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും അറബ് ഇസ്ളാമിക രാജ്യങ്ങളും ജൂണ്‍ 16-നു തന്നെ ബലിപെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ ഇന്ന് മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ജൂണ്‍ 17-നു ആയിരിയ്ക്കും ബലിപെരുന്നാള്‍ ആഘോഷിക്കുക. സൌദി സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് രാജ്യത്തിന്റെ പല ഭാഗത്തും മാസപ്പിറവി നിരീക്ഷിക്കാന്‍ സൌകര്യം ചെയ്തിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നും ഇതുവരെ ഒന്നേക്കാല്‍ ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജിനെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള 1,15,000-ത്തോളം തീര്‍ഥാടകര്‍ ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം തീര്‍ഥാകരും മദീനയിലാണ്. ഇവര്‍ ഹജ്ജിനുള്ള ഇഹ്റാം ചെയ്ത് അടുത്തയാഴ്ച മക്കയില്‍ തിരിച്ചെത്തും.

കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയാകാൻ സാധ്യത

തിരുവനന്തപുരം: ചേലക്കരയിലെ ജനപ്രതിനിധിയായിരുന്ന
മന്ത്രി കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിസഭയിലേക്കെത്താൻ സാധ്യത. സച്ചിൻ ദേവ് എം എൽ എ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരിഗണിക്കുന്നുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കേളുവിന് തന്നെയാണ് കൂടുതൽ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ആദിവാസി ക്ഷേമ സമിതി നേതാവെന്നതും കേളുവിന് അനുകൂല ഘടകമാണ്.
സംസ്ഥാന കമ്മിറ്റി അംഗത്വമുള്ള മറ്റ് ദലിത് എംഎൽഎമാർ പാർട്ടിയിൽ ഇല്ല. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. കൂടാതെ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലെന്നതും കേളുവിന്റെ സാധ്യത വർധിപ്പിക്കുകയാണ്.
അതേസമയം പട്ടിക ജാതിയിൽ നിന്ന് തന്നെ മന്ത്രി മതിയെന്ന തീരുമാനമുണ്ടായാൽ മാത്രമേ കേളുവിന് പകരം മറ്റ് പേരുകൾ പരിഗണനയിൽ വരികയുള്ളു.

കോഴിക്കോട് ഉരുൾപൊട്ടൽ

കോഴിക്കോട്: പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി. കടന്തറ പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നു. വനമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൂഴിത്തോട് മേഖലയിൽ രാത്രിയിലും കനത്ത മഴ തുടരുകയാണ്.

നായകൻ സുനില്‍ ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം

കൊല്‍ക്കത്ത: ഉജ്ജ്വലവും ത്യാഗ സമ്പന്നവുമായ ഒരു ഫുട്ബോള്‍ കാലത്തിനു ആനന്ദങ്ങളുടെ നഗരമായ കൊല്‍ക്കത്തയില്‍ തിരശ്ശീല വീണു.
20 വര്‍ഷത്തോളം നീണ്ട ഒരു സമ്മോഹന ഫുട്ബോള്‍ കരിയര്‍ കാലത്തിനു സമര്‍പ്പിച്ചാണ് ഇതിഹാസ താരം ഇന്ത്യൻ നായകൻ സുനിൽ ഛേത്രി പടിയിറങ്ങുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ കുതിപ്പും കിതപ്പും ആവോളം കണ്ട ഒരു അപൂര്‍വ ഫുട്ബോള്‍ കരിയര്‍.

കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ലോങ് വിസില്‍ മുഴങ്ങിയതോടെ, ഇന്ത്യയെ ഏതാണ്ട് ഒറ്റയ്ക്ക് വർഷങ്ങളായി തോളിലെടുത്ത ഒരു മനുഷ്യൻ അടുത്ത തലമുറയിലേക്ക് തന്റെ പ്രതിഭാ പൂർണമായ ഇതിഹാസ കരിയർ സമർപ്പിച്ച്‌ സ്റ്റേഡിയം വിട്ടു.

39ാം വയസിലാണ് ഐതിഹാസിക യാത്രക്ക് ഛേത്രി വിരാമമിടുന്നത്. ഇന്ത്യക്കായി 150 മത്സരങ്ങള്‍ കളിച്ച്‌ 94 ഗോളുകള്‍ നേടിയ ഛേത്രിയാണ് ഇന്ത്യൻ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരൻ. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലി ദേയി, ലയണല്‍ മെസി എന്നിവരാണ് ചേത്രിക്ക് മുന്നില്‍.

ഇതിഹാസ താരത്തിൻറെ അവസാന പോരാട്ടം ജയത്തില്‍ അവസാനിപ്പിക്കാൻ സാധിച്ചില്ല. മത്സരം ഗോള്‍ രഹിത സമനിലയില്‍ തീർന്നതും ഒരുപക്ഷേ അപൂർവമായൊരു കാവ്യ നീതിയാകാം.

ഇന്ത്യക്കൊപ്പം നാല് സാഫ് ചാമ്ബ്യൻഷിപ്പ്, മൂന്ന് നെഹ്‌റു കപ്പ്, രണ്ട് ഇന്റർ കോണ്ടിനന്റല്‍ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളില്‍ ഛേത്രി പങ്കാളിയായി. അണ്ടർ 20ല്‍ കളിക്കുമ്ബോള്‍ ഇന്ത്യക്കായി സൗത്ത് ഏഷ്യൻ ഗെയിംസില്‍ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള എഐഎഫ്‌എഫ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരവും ഛേത്രി നേടിയിട്ടുണ്ട്.

ഛേത്രിയുടെ വിരമിക്കല്‍ കുറിപ്പ്

‘കഴിഞ്ഞ 19 വർഷമായി ഇന്ത്യക്കായി കളിക്കുന്നതിന്റെ സമ്മർദ്ദം ഞാൻ അനുഭവിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച്‌ ആ സമ്മർദ്ദമാണ് ഏറ്റവും വലിയ സന്തോഷം. വ്യക്തിപരമായ ചിന്തകള്‍ എനിക്കുണ്ടായിരുന്നില്ല. രാജ്യത്തിനായി നിരവധി മത്സരങ്ങള്‍ കളിച്ചു. നല്ലതും മോശവുമായ അനുഭവങ്ങളുണ്ട്. അതിനാല്‍ കളി നിർത്താനുള്ള തീരുമാനത്തിലേക്ക് ഞാനെത്തി. അടുത്ത മത്സരത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കുകയാണ്.’

‘സ്വയം പലവട്ടം ആലോചിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഞാൻ എന്റെ പഴയ കാലങ്ങളും ആലോചിച്ചു. കോച്ച്‌, ടീം, സഹ താരങ്ങള്‍, മൈതാനങ്ങള്‍, എവേ മത്സരങ്ങള്‍, നല്ല കളി, മോശം കളി, വ്യക്തിഗത പ്രകടനങ്ങള്‍ എല്ലാ ഫ്‌ളാഷുകളായി മിന്നി മറഞ്ഞു. ഒടുവില്‍ ഞാൻ വിരമിക്കാൻ തീരുമാനിച്ചു.’

‘ഞാൻ ഇക്കാര്യം ആദ്യം പറഞ്ഞത് എന്റെ അച്ഛനോടും അമ്മയോടും ഭാര്യയോടുമാണ്. അച്ഛൻ സന്തോഷത്തോടെയാണ് എന്റെ വാക്കുകള്‍ സ്വീകരിച്ചത്. എന്നാല്‍ അമ്മയും ഭാര്യയും പൊട്ടിക്കരയുകയായിരുന്നു. എന്റെ മത്സര യാത്രകളിലെ ഒരുക്കങ്ങള്‍ക്ക് സാഹയം ചെയ്യാറുള്ളപ്പോള്‍ എന്റെ മുഖത്തെ സമ്മർദ്ദം അവർ കാണാറുണ്ട്. പൊട്ടിക്കരഞ്ഞ അവർക്കു പോലും ഇത് പെട്ടെന്നു ഉള്‍ക്കൊള്ളാൻ സാധിച്ചേക്കില്ല.’

‘എനിക്ക് ക്ഷീണമുണ്ട് എന്നൊന്നും ഇക്കാര്യത്തില്‍ അർഥമില്ല. സഹജാവബോധത്തിന്റെ പുറത്താണ് വിരമിക്കല്‍ തീരുമാനം. ഏറെ, ഏറെ ചിന്തിച്ചെടുത്തതാണ്…’ ഛേത്രി വ്യക്തമാക്കി.

സാമൂഹിക വീക്ഷണം ഉള്ളവരായ വിദ്യാർഥികൾ വളർന്നു വരണം :എം സ്വരാജ്

ശാസ്താംകോട്ട : സാമൂഹിക വീക്ഷണം ഉള്ളവരായി വിദ്യാർത്ഥികൾ വളർന്നുവരണമെന്നും സാമൂഹിക ബോധം വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ നമ്മുടെ ക്ലാസ് മുറികളും ഓരോ വീടും പ്രാപ്തമാകണമെന്നും ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്.ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ആരവം 2024 കലാസാംസ്കാരിക സന്ധ്യയും മെറിറ്റ് അവാർഡ് വിതരണവും ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്താംകോട്ട ജമിനി ഹൈറ്റ്സിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ്‌ എസ് സന്തോഷ് അധ്യക്ഷനായി.സെക്രട്ടറി എസ് സുധീർഷ സ്വാഗതം പറഞ്ഞു .ചടങ്ങിൽ പ്ലസ് ടു വിജയികളെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദും എസ്എസ്എൽസി വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും ആദരിച്ചു.തുടർന്ന് കലാ പ്രതിഭകൾക്കുള്ള ആദരവ് സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ളയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാമോഹനും നിർവഹിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, ജില്ലാ പ്രസിഡന്റ്‌ ടി ആർ ശ്രീനാഥ്, ട്രഷറർ ഷബീർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സുധീഷ്,ശ്യാം കൃഷ്ണൻ യു, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത, എം മഹേഷ്‌, എസ് നിധിൻ തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് അപകടം, രണ്ട് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

മക്ക. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് അപകടത്തിൽ പെട്ട് രണ്ട് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. ബീഹാറിൽ നിന്നുള്ള മുഹമ്മദ്‌സിദ്ധീഖ്‌ (73), അബ്ദുല്ലത്തീഫ് (70) എന്നിവരാണ് മരിച്ചത്. മക്കയിലെ അസീസിയയിൽ ഇന്ത്യൻ തീർത്ഥാടകർ താമസിക്കുന്ന ബിൽഡിങ് നമ്പർ 145 ൽ ആണ് അപകടം ഉണ്ടായത്. കേടായ ലിഫ്റ്റിന്റെ ഡോർ തുറന്ന് അകത്തു കയറിയ തീർത്ഥാടകർ ആണ് അപകടത്തിൽ പെട്ടത്. ലിഫ്റ്റിന് പ്ലാറ്റ്ഫൊം ഉണ്ടായിരുന്നില്ല. ഇക്കാര്യം അറിയാത്ത തീർത്ഥാടകർ ഡോർ തുറന്ന് അകത്തു കയറുകയായിരുന്നു എന്നാണു വിവരം. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസും സാമൂഹിക പ്രവർത്തകരുമെല്ലാം സ്ഥലത്തു ഉണ്ട്.

തൃശ്ശൂരിൽ കഞ്ചാവ് പിടികൂടി

തൃശ്ശൂർ .റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി. തൃശ്ശൂർ കാട്ടൂർ സ്വദേശി അഭിജിത്താണ് 4.700 കിലോ കഞ്ചാവുമായി പിടിയിലായത്. റെയിൽവേ ക്രൈം ഇൻറലിജൻസ്, പ്രൊട്ടക്ഷൻ ഫോഴ്സും, തൃശൂർ റേഞ്ച് എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി

ട്രെയിൻ മാർഗ്ഗം വിശാഖപട്ടണത്തുനിന്ന് കടത്തിക്കൊണ്ടു വന്നതായിരുന്നു കഞ്ചാവ്.ദിവസങ്ങൾക്കു മുൻപ് ബീഹാർ സ്വദേശി രാഹുലിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

56 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് ഏല്പിച്ച് യുവതി ആത്മഹത്യ ചെയ്തു

പടിഞ്ഞാറങ്ങാടി കല്ലടത്തൂർ വരോട്ട് പറമ്പിൽ ഐശ്വര്യയെ (24) ആണ് കൂറ്റനാട്ടെ വാടകവീട്ടിൽ ബുധനാഴ്ച്ച രാത്രി പത്തരയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
56 ദിവസം മാത്രം പ്രായമായ തന്റെ കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് ഏൽപ്പിച്ച് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു.കാണാതായതിനെ തുടർന്നുള്ള പരിശോധനയിലാണ് മുറിയിൽ തൂണിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ മറ്റൊരു മകനായ രണ്ടു വയസ്സുകാരൻ ഭർത്താവിനൊപ്പം പാലക്കാട്ട് പറളിയിലാണ് താമസം.തൃത്താല പോലീസ് നടപടി സ്വീകരിച്ചു.

അപകീർത്തി കേസ്: രാഹുൽ ഗാന്ധി നാളെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാകും

ബംഗളൂരു:
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി നാളെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാകും. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന് കർണാടകയിലെ മുൻ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ അപകീർത്തിക്കേസ് എടുത്തത്.
കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അന്നേ ദിവസം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് ജൂൺ ഏഴിന് ഹാജരാകാൻ സമൻസ് അയച്ചത്.