പത്തനംതിട്ട.ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിൻറെ പേരിലുള്ള കൊടുമണിലെ കെട്ടിടത്തിനായി പുതിയ സംസ്ഥാനപാത നിർമ്മാണത്തിന്റെ അലൈൻമെന്റ് മാറ്റിയതായി ആരോപണം . വീണ ജോർജിനായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരിട്ട് എത്തി അലൈൻമെന്റ് മാറ്റി ഓട നിർമ്മാണം നടത്തിയെന്ന് കോൺഗ്രസ് .സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ തടഞ്ഞ ഓട നിർമാണമാണ് ജില്ലാ സെക്രട്ടറി നേരിട്ട് നടത്തിയതെന്ന് ആരോപണം .ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രിവീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പറഞ്ഞു. ‘കോൺഗ്രസിന്റെ കയ്യേറ്റ ഭൂമിയിലെ കെട്ടിടം സംരക്ഷിക്കാനുള്ള നീക്കം എന്ന ആരോപണം -കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടിന് മന്ത്രിയാകാൻ കഴിയാത്തതിനുള്ള വിഷമമെന്ന് വിമർശനം .പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നടപടിയിൽ ഇന്ന് കൊടുമൺ പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം,ഒരാൾ മരിച്ചു
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം. ഹിരാ നഗറിലാണ് ഭീകരാക്രമണം ഉണ്ടായത്. ഏഴ് പേർ അടങ്ങുന്ന ഭീകരസംഘം, നാട്ടുകാർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. വീട് ആക്രമിച്ച് ഒരാളെ തട്ടിക്കൊണ്ടു പോകാൻ ഭീകരവാദികൾ ശ്രമിച്ചതായും വിവരമുണ്ട്. സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ ജമ്മുകശ്മീരിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമം ആണ് ഇത്. റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പത്ത് പേർ മരിക്കുകയും, 33 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യ – ഉക്രൈൻ സംഘർഷത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു
ന്യൂഡെല്‍ഹി. റഷ്യ – ഉക്രൈൻ സംഘർഷത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.റഷ്യ റിക്രൂട്ട് ചെയ്ത ഇന്ത്യൻ പൗരൻ മാരാണ് കൊല്ലപ്പെട്ടത്. റഷ്യൻ സൈന്യത്തോടൊപ്പം ഉള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ടതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. സൈനിക സഹായികൾ എന്ന പേരിൽ, റഷ്യ റിക്രൂട്ട് ചെയ്തു, മതിയായ പരിശീലനം പോലും നൽകാതെ ആയുധങ്ങളുമായി സംഘർഷ മേഖലയിലേക്ക് അയച്ചതിനെ തുടർന്ന്, കുടുങ്ങി പോയ വരുടെ ബന്ധുക്കൾ , ഇവരുടെ മോചനത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.
ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി
ന്യൂഡെല്‍ഹി. ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു.നിലവിൽ കരസേനാ ഉപമേധാവിയാണ് ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി.2024 ജൂൺ 30 ന് നിലവിലെ ചീഫ് ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ആണ് നിയമനം.മേയ് 31നു സര്‍വീസില്‍ നിന്ന് വിരമിക്കാനിരുന്ന ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30 വരെ. നീട്ടി നൽകിയിരുന്നു.ജൂലൈ 1 ന് ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവിയായി ചുമതലയേൽക്കും.നാലു പതിറ്റാണ്ടോളമായി ഇന്ത്യൻ കരസേനയുടെ ഭാഗമായ ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി,അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ചൈനയുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു.ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ സൈന്യത്തിന്റെ ജനസമ്പർക്ക പരിപാടുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
പ്രമുഖ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ടി കെ ചാത്തുണ്ണി അന്തരിച്ചു
എറണാകുളം:
പ്രമുഖ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ടി കെ ചാത്തുണ്ണി അന്തരിച്ചു.
ക്യാൻസർ ബാധിതനായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 7.45 ഓടെയാണ് ഐതീഹാസികമായ ആ ഫുട്ബോൾ ജീവിതത്തിന് തിരശീല വീണത്.സന്തോഷ് ട്രോഫിയിൽ കേരളത്തിനായും ഗോവയ്ക്കായും കളിച്ചു. ചാലക്കുടി സ്വദേശിയാണ്.
പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് യുവാവ് മരിച്ചു
കൊച്ചി: പറമ്പു വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ പരേതനായ അബ്ദു റഹ്മാന്റെ മകൻ ഷിയാസാണ് (45) മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
ഈ മാസം ആറിനാണ് സംഭവമുണ്ടായത്. രാവിലെ പതിനൊന്നോടെ വീടിനടുത്തുള്ള പറമ്പ് ശുചിയാക്കുന്നതിനിടെയാണ് ഷിയാസിന് കൂൺ ലഭിക്കുന്നത്. വിഷക്കൂൺ എന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ള ആരും കൂൺ കഴിച്ചില്ല. ഉച്ചയോടെ അസ്വസ്ഥത തുടങ്ങി.
രക്തം ഛർദിച്ച് കുഴഞ്ഞുവീണ ഷിയാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി. വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു. കൂണിൽ നിന്നുള്ള വിഷബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രകാരനായിരുന്നു ഷിയാസ്. മാതാവ്: സീനത്ത്. ഭാര്യ: റസീന. മക്കൾ: ഐമാൻ, ദിയ.
ആളുകളെ ജാതിയും മതവും നോക്കാതെ വോട്ട് ചെയ്യാൻ പഠിപ്പിച്ചത് സിപിഎം , ഇന്ന് നടക്കുന്ന സ്ഥാനാർത്ഥി നിർണയത്തിൽ പോലും ജാതി, ഞെട്ടിച്ച് ജി സുധാകരന്‍
മോദി ശക്തനായ ഭരണാധികാരി, കോണ്‍ഗ്രസിന്‍റെ അഴിമതിയില്ല, ആഞ്ഞടിച്ച് ജി സുധാകരന്‍
ആലപ്പുഴ. ആലപ്പുഴയിലെ തോൽവിയെപ്പറ്റിയും പാര്‍ട്ടി നിലപാടുകളെപ്പറ്റിയും ആഞ്ഞടിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 24 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് സുധാകരന്‍റെ തുറന്നുപറച്ചില്‍
പാർട്ടി കോട്ടകളിൽ വലിയ വിള്ളൽ ഉണ്ടാെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാം സ്ഥാനത്തേക്ക് പിന്തുണപ്പെട്ടു വെന്നും സുധാകരന്‍ആരോപിച്ചു.
കായംകുളത്തും പുന്നപ്രയിലും വോട്ട് ചോർന്നത് ചരിത്രത്തിൽ ആദ്യം. തന്റെ ബൂത്തിൽ പോലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തി. ന്യൂനപക്ഷവും അടിസ്ഥാന വിഭാഗങ്ങളും പാർട്ടിക്ക് വോട്ട് ചെയ്തില്ല, മാറി വോട്ട് ചെയ്തു. അവിടുത്തെ രാഷ്ട്രീയം ജനങ്ങൾക്കു മടുത്തു കാണും. നേതൃത്വം കൊടുത്തവർ മറുപടി പറയണം : ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല സുധാകരന്‍ പറഞ്ഞു.
ആളുകളെ ജാതിയും മതവും നോക്കാതെ വോട്ട് ചെയ്യാൻ പഠിപ്പിച്ചത് സിപിഐഎം ആണ്. ഇന്ന് നടക്കുന്ന സ്ഥാനാർത്ഥി നിർണയത്തിൽ പോലും ജാതിയാണ്. ഇത് പാർട്ടി പരിശോധിക്കണം; തിരുത്തണം
കെ കെ ശൈലജയ്ക്കെതിരെയും ജി സുധാകരൻ നിലപാട് വ്യക്തമാക്കി. കെ കെ ശൈലജ കേരളത്തിൽ എവിടെ നിന്നാലും ജയിക്കും എന്ന് ആരാണ് പറഞ്ഞത്. അങ്ങനെ മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെയാണെന്ന് താൻ വിശ്വസിക്കുന്നില്ല. കെ കെ ശൈലജ ഇതിനു മുൻപും തോറ്റിട്ടുണ്ട്.
പിണറായി വിജയനെതിരെ പരോക്ഷ വിമർശവും സുധാകരന്‍ നടത്തി. ഭരണവിരുദ്ധ വികാരമുണ്ടോ എന്നറിയില്ല. ഭരണത്തെപ്പറ്റി ആളുകൾക്ക് വിമർശനമുണ്ട്. സിപിഐഎമ്മിനെയും സർക്കാരിനെയും അനുകൂലിക്കുന്നവർ പോലും വിമർശിക്കുന്നുണ്ട്. പിണറായി വിജയനെ മാത്രം എന്തിനാണ് പറയുന്നത്. ഒരാൾ വിചാരിച്ചാൽ എല്ലാവരെയും അടക്കി നിർത്താൻ കഴിയില്ല.
എന്തിന് പേടിച്ചു മിണ്ടാതിരിക്കണം. ജനാധിപത്യത്തിൽ എന്ത് പേടിയെന്നും ജി സുധാകരൻ. കാര്യം സാധിക്കാൻ ഉള്ളവരാണ് പേടിച്ചു പറയാത്തത്. പേടിച്ചു പറയാത്തവരാണ് കള്ളന്മാർ. കള്ളം പറയുന്ന രാഷ്ട്രീയക്കാരുടെ എണ്ണം കൂടി. തുറന്നുപറയുന്ന പ്രവർത്തകർ പാർട്ടിയിൽ ഉണ്ടാകണം. അത്തരം നേതാക്കൾ ഇല്ലാതായി. പുന്നപ്ര വയലാർ സ്മാരകം നിലനിൽക്കുന്ന എൽസി പോലും ഇല്ലാതായി. നല്ല പാർട്ടി പ്രവർത്തകരെ വാർത്ത് ഉണ്ടാക്കണം. ജനങ്ങളുടെ ഹൃദയത്തിലേക്ക് കടക്കാനാകണം.
താൻ സംഘടനാപരമായി പാർട്ടി മെമ്പർ മാത്രം. 64 വർഷമായി താൻ പാർട്ടി അംഗമാണ്.അമ്പലപ്പുഴയിലും കായംകുളത്തിലും താൻ പ്രസംഗിക്കാൻ പോയില്ല. അവിടെ തന്നെ ക്ഷണിച്ചിരുന്നില്ല. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ ഉണ്ടായത് വലിയ വികസനം. ആ റോഡും പാലവും കണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്തത്. ജനങ്ങൾ കാണുന്നത് അടിസ്ഥാന വികസനം. അന്ന് എല്ലാ വകുപ്പും മികച്ചത് ആയിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ പിണറായി സർക്കാർ വന്നത്.എന്നാൽ ഇന്ന് കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങൾ ഒരാളും പറയുന്നില്ല. ഒരു എംഎൽഎ പോലും പറയുന്നില്ല. കഴിഞ്ഞതവണ എഎം ആരിഫ് ജയിച്ചത് ആ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണെന്നും സുധാകരന്‍ ആരോപിച്ചു.
കേരളത്തിൽ ബിജെപിക്ക് മുമ്പേ വേരുള്ളതാണ്. ഒരു കുറ്റിച്ചെടിയായി ബിജെപി ഇത്രയും നാൾ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തിലും ബിജെപിക്ക് വേരുണ്ട്. എന്നാൽ തഴച്ചു വളർന്ന വടവൃക്ഷമാകാനുള്ള കരുത്ത് ഇവിടെയില്ല
തൃശ്ശൂരിൽ നടന്നത് ത്രികോണ മത്സമാണ്. സുരേഷ് ഗോപിയുടെ വോട്ട് മാത്രമല്ല ബിജെപിയും വോട്ട് പിടിച്ചു. സുരേഷ് ഗോപിയെ ക്യാബിനറ്റ് മന്ത്രി ആക്കുമെന്ന് ആണ് എല്ലാരും വിചാരിച്ചതെന്നും സുധാകരന്‍പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ നേട്ടം ഉദ്ദേശിച്ച പ്രാധാന്യം കേന്ദ്രം കൊടുക്കുന്നില്ല. പ്രത്യേക പദവിയുള്ള മന്ത്രിസ്ഥാനം പോലും കൊടുത്തില്ല. ഒരു സാധാരണ സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് കൊടുത്തത്. ഇലക്ഷൻ ജയിക്കാതെ വന്ന ജോർജ് കുര്യന് പോലും അത് കൊടുത്തു.സുരേഷ് ഗോപിയുടെ സ്റ്റൈൽ കോപ്രായമല്ല. അതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് .ഇവിടെ കൽപ്പിച്ച പ്രാധാന്യം അവിടെ കൽപ്പിച്ചില്ല
രാഷ്ട്രീയത്തിൽ ഉദ്ദേശശുദ്ധി കുറഞ്ഞുവരുന്നു
നയിക്കാൻ പറ്റിയ നേതാക്കന്മാർ ഒരു പാർട്ടിയിലും ഇല്ലാതാകുന്നു. നേതാവ് ഉണ്ടെങ്കില്‍ ജനങ്ങൾ പിന്നാലെ വരും. ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ്, ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാൾ നല്ലത്. ഏതു പാർട്ടിയിലും ലീഡർഷിപ്പ് ഒരു പ്രശ്നമാണ്
നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന് ഒപ്പം മികച്ച ക്യാബിനറ്റ് ടീം ഉണ്ടായിരുന്നു. വ്യക്തിപരമായി ഒരു കേന്ദ്രമന്ത്രിക്കെതിരെയും അഴിമതി ആരോപണം ഉയർന്നിരുന്നില്ല. കോൺഗ്രസിന്റെ കാലത്ത് ഉയർന്നത് വൻ അഴിമതി ആരോപണങ്ങൾ. 7 ലക്ഷം കോടിയുടെ അഴിമതി കോൺഗ്രസ് കാണിച്ചു. എന്തൊക്കെ തരം കുംഭകോണവും വൃത്തികേടും കോൺഗ്രസ് കാണിച്ചു.ഇവരുടെ ആശയം എന്താണെങ്കിലും അഴിമതി ആരോപണമില്ല. നിർമ്മല സീതാരാമൻ, നിതിൻ ഗട്കരി എന്നിവർ ഉദാഹരണം. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ലെന്നത് ശ്രദ്ധിക്കണം. ഇന്ത്യ മുന്നണി വിജയം കണ്ടില്ല, കോൺഗ്രസ് ഇനിയും തിരുത്തണംമെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.
സുധാകരന്‍റെ തുറന്നുപറച്ചില്‍ അണികളില്‍ വലിയ ചര്‍ച്ചയായതോടെ സിപിഎം നേതൃത്വത്തിന് അസ്വസ്ഥതയായിട്ടുണ്ട്. ബിജെപിയെ പുകഴ്ത്തിയത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. അഴിമതി ആരോപണമില്ലാത്ത പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ നിലപാടുകള്‍ വരുംദിനങ്ങളില്‍ ഏറെ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി
കോഴിക്കോട്: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം സുരേഷ് ഗോപി കേരളത്തിൽ ആദ്യമെത്തിയത് കോഴിക്കോട് .ഇന്നലെ രാത്രി കോഴിക്കോട്ടെത്തിയ അദ്ദേഹം ഇന്ന് രാവിലെ 6.30തോടെ തളിക്ഷേത്രത്തിൽ ദർശനം നടത്തി.തുടർന്ന് കോഴിക്കോട് മാരാർജി ഭവനിൽ നേതാക്കളെ കണ്ടു. മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം കടുത്ത രാഷ്ട്രീയം ഒഴിവാക്കി. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് വേണ്ടി ഒപ്പം നിൽക്കും.ഉചിതമായ ഒരു സ്ഥലത്ത് അത് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീട്ടിലെത്തും. മറ്റ് ചില സ്വകാര്യ സന്ദർശനങ്ങളും ഉണ്ടാകും.
അയല്‍വാസികളായ വീട്ടമ്മമാര്‍ സംസാരിക്കുന്നതിനിടെ വീടിനുള്ളില്‍ കടന്ന മോഷ്ടാവ് 5 പവന്റെ സ്വർണ്ണ മാല കവർന്നു
കാസറഗോഡ്. പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ കയറിയ മോഷ്ടാവ് 5 പവന്റെ സ്വർണ്ണ മാല കവർന്നു. പള്ളിക്കര എ യു പി സ്കൂളിന് സമീപം സുകുമാരന്റെ വീട്ടിലാണ് ഉച്ചയ്ക്ക് 1.45 ന് മോഷ്ടാവ് കയറിയത്.
സുകുമാരൻ്റെ ഭാര്യ ഉച്ചയ്ക്ക് കടയിലേക്ക് ഭർത്താവിനുള്ള ഭക്ഷണം കൊണ്ടുപോയി തിരിച്ചെത്തിയ ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചിരിക്കേ അടുക്കള ഭാഗത്തെ ഗ്രിൽസിൻ്റെ വാതിൽ തുറന്ന് തൊട്ടടുത്ത പറമ്പിൻ്റെ മതിൽ ചാടി കള്ളൻ ഓടിപ്പോകയായിരുന്നു. ഉച്ച സമയമായതിനാൽ അയൽക്കാരെല്ലാവരും ഭക്ഷണം കഴിക്കുന്ന സമയമായിരുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
































