24.5 C
Kollam
Saturday 27th December, 2025 | 11:01:34 AM
Home Blog Page 2619

മത്സരിക്കാനില്ല; പ്രചാരണത്തിന് യുഡിഎഫിനൊപ്പം ശക്തമായി ഉണ്ടാകുമെന്ന് പിഷാരടി

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് നടൻ രമേശ് പിഷാരടി. മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും പിഷാരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.

പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിയമസഭ ഉപതിരഞ്ഞെടുപ്പ്
മത്സര രംഗത്തേക്ക് ഉടനെയില്ല.
എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല.
പാലക്കാട്, വയനാട്, ചേലക്കര
പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും.

വിഷം കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

വിഷം കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി വടക്കേരിത്തറ സ്വദേശി രാധാകൃഷ്ണന്‍ (56) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് ബാങ്കുകളിലായി ആറു ലക്ഷം കടബാധ്യത രാധാകൃഷ്ണനുണ്ടായിരുന്നു.
സ്വന്തം മണ്ണിലും പാട്ടത്തിനെടുത്ത ഭൂമിയിലും മുടങ്ങാതെ രാധാകൃഷ്ണന്‍ കൃഷിയിറക്കിയിരുന്നു. ഏക ഉപജീവന മാര്‍ഗവും കൃഷിയായിരുന്നു. സംഭരിച്ച നെല്ലിന്റെ പണം ഉള്‍പ്പെടെ വൈകിയ സാഹചര്യത്തില്‍ സ്വര്‍ണ വായ്പയുടെ പിന്‍ബലത്തിലായിരുന്നു കൃഷി. ബാധ്യത ഉയര്‍ന്ന് രണ്ട് ബാങ്കുകളിലായി ആറ് ലക്ഷം കടന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണ ഒന്നാം വിളയിറക്കാന്‍ കഴിയാത്തതും രാധാകൃഷ്ണനെ തളര്‍ത്തിയെന്ന് മകന്‍ പറയുന്നു. ഗോള്‍ഡ് ലോണ്‍ ഉള്‍പ്പെടെ ആറര ലക്ഷത്തിലേറെ കടമുണ്ടായിരുന്നു. സംഭരിച്ച നെല്ലിന്റെ പൈസ കിട്ടാത്തതിലും വിഷമത്തിലായിരുന്നു. ഈമാസം അഞ്ചിനാണ് രാധാകൃഷ്ണനെ വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന കളനാശിനി കുടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ രാധാകൃഷ്ണന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.

വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് പാലയ്ക്കത്തൊടിയില്‍ പാറുക്കുട്ടിയാണ് മരിച്ചത്. അയല്‍വാസിയുടെ കോഴിഫാമിന് സമീപം ഒരുക്കിയ വൈദ്യുതി കെണിയില്‍ തട്ടിയാണ് ദുരന്തം.
നായ്ക്കളെയും കുറുക്കന്‍മാരെയും കാട്ടുപന്നികളെയും പ്രതിരോധിക്കാന്‍ ഒരുക്കിയ കെണിയില്‍ തട്ടിയുള്ള അപകടമെന്നാണ് പോലീസ് പറയുന്നത്. രാവിലെ പാലുമായി പോയ പാറുക്കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ പശുക്കള്‍ക്ക് ആവശ്യമായ പുല്ലും അരിഞ്ഞാണ് ഇവര്‍ തിരിച്ചെത്താറുള്ളതെന്നു ബന്ധുക്കള്‍ അറിയിച്ചു. ഇത്തരത്തില്‍ പുല്ലുമായി മടങ്ങുമ്പോഴായിരുന്നു അപകടം.
കോഴിഫാം ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഇനി കോളനി എന്ന പദം പാടില്ല; ഉത്തരവിട്ട ശേഷം മന്ത്രി സ്ഥാനം രാജിവച്ച് കെ. രാധാകൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് കോളനി എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. മന്ത്രി പദവി ഒഴിഞ്ഞ് മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കുന്നതിന് മുമ്പാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്.
അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടും. ഉത്തരവ് ഇന്ന് പുറത്തിറങ്ങും. 3 മണിക്ക് ക്ലിഫ് ഹൗസിലെത്തി അദ്ദേഹം രാജി സമര്‍പ്പിച്ചു. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷത ബോധം തോന്നുന്നു, ആ പേര് ഇല്ലാതാക്കുകയാണ്. ഉത്തരവ് ഉടനെ ഇറങ്ങും.
പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം, നിലവില്‍ വ്യക്തികളുടെ പേരിലുള്ള പ്രദേശം അങ്ങനെ തുടരും എന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ പേര് ഇടുന്നതിനു പകരം മറ്റ് പേരുകള്‍ ഇടണം. പ്രദേശത്തെ ആളുകളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആകണം പേര്. ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുഷ്പ 2 വിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 വിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കാമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഡിസംബര്‍ 6-നാണ് പുഷ്പ തിയറ്ററുകളിലെത്തുക. മുന്‍പ് ഓഗസ്റ്റ് 15ന് ചിത്രമെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. നടന്‍ ഫഹദ് ഫാസിലും പുഷ്പയില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രമെന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂര്‍ സ്വദേശി ദേവിക പിള്ള (21) ആണ് മരിച്ചത്. മൂന്നാം വര്‍ഷ ബയോസയന്‍സ് വിദ്യാര്‍ഥിയായിരുന്നു ദേവിക.
ഇന്നലെ രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ദേവികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാലുമണിയോടെ മൃതദേഹം ഏവൂരിലെ വീട്ടില്‍ എത്തിക്കും. ദേവികയുടെ മരണ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐഐടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദേവികയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മയും സഹോദരനും ഒഡീഷയിലാണ്. ദേവികയുടെ അച്ഛന്‍ ജോലി ചെയ്തിരുന്ന ജിന്‍ഡാല്‍ സ്‌കൂളില്‍ തന്നെയാണ് അമ്മയും ജോലി ചെയ്യുന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

കിസാന്‍ സമ്മാന്‍ നിധി പതിനേഴാം ഗഡു, കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക്

കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ പതിനേഴാം ഗഡു, പ്രധാനമന്ത്രി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഉടന്‍ കൈമാറും. മൂന്നാം തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാരണാസി സന്ദര്‍ശനത്തിലാണ് ഗഡു കൈമാറല്‍ ചടങ്ങിന്റെ ഉദ്ഘാടനം നടക്കുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയല്‍ ഈ പദ്ധതിയുടേതായിരുന്നു. 9.26 കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടി രൂപയിലധികം ആനുകൂല്യങ്ങള്‍ ലഭിക്കും.
പാരാ എക്സ്റ്റന്‍ഷന്‍ വര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്ന കൃഷി സഖികളായി പരിശീലനം നേടിയ 30,000-ലധികം സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, നിരവധി സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനം ഏകദേശം 4.5 മണിക്കൂര്‍ നീണ്ടുനില്‍ക്കാനാണ് സാധ്യത. വൈകിട്ട് നാലോടെ ബാബത്പൂരിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോദി ഇറങ്ങും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. 21 കര്‍ഷകരെയും അദ്ദേഹം കാണുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്യും.വാരാണസിയിലെ ദശാശ്വമേധ് ഘട്ടില്‍ വൈകിട്ട് ഏഴിന് ഗംഗാ ആരതി വീക്ഷിച്ച ശേഷം രാത്രി എട്ടിന് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കും.

വഴിയില്‍ നിന്ന് കിട്ടിയ പൊതി അഴിച്ചു, ബോംബു പൊട്ടി 80 കാരന് ദാരുണാന്ത്യം

കണ്ണൂര്‍: തലശ്ശേരിയില്‍ ആള്‍പാര്‍പ്പില്ലാത്ത വീടിന് സമീപം വഴിയില്‍ നിന്ന് കിട്ടിയ പൊതി അഴിച്ചപ്പോള്‍ ബോംബു പൊട്ടി 80 കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം. എരഞ്ഞോളി കുടക്കളത്തെ നാരായണനാണ് മരിച്ചത്. വീടിനടുത്തുള്ള ആള്‍ പാര്‍പ്പില്ലാത്ത പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. സ്റ്റീല്‍ ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് തലശേരി എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ആള്‍ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പില്‍ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. നാരായണന്റെ മൃതദ്ദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മാറ്റി.

സാൽവേഷൻ ആർമി കുവൈറ്റ് അനുസ്മരണം നടത്തി

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസികൾക്ക് ആനുശോചനം അർപ്പിച്ച് സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗം ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പോളിമെറ്റ്ല ഉദ്ഘാടനം ചെയ്യ്തു . പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ ഡി ജോഷ്വാ അധ്യക്ഷനായി.മുഖ്യ കാര്യദർശി ലെഫ്.കേണൽ ജെ.ഡാനിയേൽ ജെ.രാജ്, പേഴ്സനൽ സെക്രട്ടറി ലെഫ് .കേണൽ സജുഡാനിയേൽ, എസ് ബി എ. ലെഫ്.കേണൽ സി ജെ ബെന്നിമോൻ, പബ്ളിക്ക് റിലേഷൻസ് സെക്രട്ടി മേജർ റ്റി.ഇ.സ്റ്റീഫൻസൺ, എസ് എൽ ഡി സെകട്ടി മേജർ റോയി ശാമുവേൽ, ഫിനാൻസ് സെക്രട്ടറി ക്യാപ്റ്റൻ ഗിരീഷ് എസ് ദാസ് എന്നിവർ സംസാരിച്ചു.

ഉഷ്ണതരംഗം : നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം കാരണം
ഡൽഹി, യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഉത്തരേന്ത്യയിൽ ഉയർന്നശരാശരി താപനില 46 ഡിഗ്രി എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡൽഹിയിൽ അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി ആണ്.
അത്യുഷ്ണത്തെ തുടർന്ന് 24 മണിക്കൂറിനിടെ ബിഹാറിൽ 22 പേർ മരിച്ചു.
അമിതമായ ചൂടിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറിൽ ഡൽഹി – കൊൽക്കത്ത വിമാനം വൈകി.