Home Blog Page 2608

എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് തുടക്കം

കോഴിക്കോട്. കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് തുടക്കമാവും. വൈകീട്ട് ബീച്ചിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌തയാണ് ഉദ്ഘാടനം ചെയ്യുക.
302 വനിതകൾ ഉൾപ്പടെ 931 പേർ 23, 24 തിയതികളിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ഫെഡറലിസം തകർത്ത് കേന്ദ്ര സർക്കാർ, പ്രതിരോധം തീർത്ത് കേരളം എന്ന വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. നവകേരളവും സിവിൽ സർവീസിൻ്റെ നവീകരണവും സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

വിജയ്ക്ക് ഇന്ന് 50-ാം പിറന്നാൾ

ചെന്നൈ: നടന്‍ വിജയ്‌ ദളപതിയുടെ 50-ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി തമിഴകം. ഇന്ന് ദളപതിയുടെ ഗോള്‍ഡന്‍ എറയ്‌ക്ക്‌ തുടക്കമിടുമ്പോള്‍ ബഹുമാനാർഥം ആരാധകർ അതിഗംഭീര ആഘോഷങ്ങൾക്കാണ്‌ ഒരുങ്ങുന്നത്‌. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷങ്ങളില്ലെന്നാണ് താരം പറഞ്ഞത്. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്‌ക്കാന്‍ കാരണം.
എസ് എ ചശേഖറിൻ്റെയും, ശോഭാ ചന്ദ്രശേഖറിൻ്റെയും മകനായി 1974 ജൂലൈ 22 നാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് ജനിച്ചത്. ആരാധകർ ഇദ്ദേഹത്തെ “ദളപതി” എന്ന് വിളിക്കാറുണ്ട് . തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് .1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാൻ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012),തെരി (2016), മെർസൽ (2017), ബിഗിൽ (2019),മാസ്റ്റർ (2021) ,beast (2022),varisu (2023), leo (2023) എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
എന്നാല്‍ ജന്മദിനത്തിന് മുന്നോടിയായി വരാനിരിക്കുന്ന ചിത്രമായ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT)’ന്‍റെ അപ്‌ഡേറ്റിനെക്കുറിച്ചുള്ള സൂചനകളും പുറത്തുവന്നു.
ഗോട്ടിൻ്റെ നിർമ്മാതാക്കളിലൊരാളായ അർച്ചന കൽപാത്തിയാണ്‌ ചിത്രത്തിന്‍റെ വരാനിരിക്കുന്ന അപ്‌ഡേറ്റിനെക്കുറിച്ച്‌ സൂചന നല്‍കിയത്‌. ‘കാത്തിരിപ്പിന്‌ തുടക്കം, ആദ്യ അപ്‌ഡേറ്റ് ഉച്ചയ്ക്ക്’ എന്നായിരുന്നു എക്‌സിലൂടെ പങ്കുവച്ചത്‌. പോസ്റ്റിന്‌ പിന്‍തുണയേകി നിരവധി ആരാധകരാണ്‌ രംഗത്തെത്തിയത്‌.

കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്ത് നിറഞ്ഞ് നിൽക്കുന്ന വിജയ് തമിഴ്നാട് രാഷ്ട്രീയത്തിലേക്കും ചുവട് ഉറപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

സിപിഐ കയ്യേറ്റം നടത്തിയിട്ടില്ലെന്നു മന്ത്രി,കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സി പി ഐ ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി

ഇടുക്കി. കൂട്ടാറിൽ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സി പി ഐ ലോക്കൽ കമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. പുറമ്പോക്ക് കയ്യേറി നിർമിച്ചെന്ന് റവന്യു വകുപ്പ് കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിലാണ് ഓഫീസിൻറെ പ്രവർത്തനം. വാടകയ്ക്ക് എടുത്ത മുറിയിലാണ് ഓഫീസ് തുടങ്ങിയതെന്നും കയ്യേറ്റം ഉണ്ടെന്ന് അറിയില്ലെന്നുമാണ് സിപിഐ ജില്ല നേതൃത്വത്തിന്റെ നിലപാട്

സിപിഐ കയ്യേറ്റം ഒന്നും നടത്തിയിട്ടില്ലെന്നും കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും റവന്യു മന്ത്രി ആവർത്തിക്കുമ്പോഴാണ് കയ്യേറ്റഭൂമിയിൽ നിർമിച്ച കെട്ടിടത്തിൽ സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിന്റെ പ്രവർത്തനം. എസ് എൻ ഡി പി കൂട്ടർ ശാഖ യോഗമാണ്‌ കെട്ടിടം പണിതത്. പണി പുരോഗമിക്കുന്നതിനിടെ റവന്യു ഭൂമിയാണെന്ന് കണ്ടെത്തിയതോടെ അധികൃതർ സ്റ്റോപ്പ്‌ മെമ്മോ നൽകി. വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുകയായിരുന്നു. ഈ മാസമാണ്‌ സിപിഐ കൂട്ടർ ലോക്കൽ കമ്മറ്റി ഓഫീസ് തുറന്നത്. ഇഷ്ടിക കെട്ടി പുതിയതായി ഒരു മുറിയും പണിതു. കെട്ടിടം പ്രവർത്തിക്കുന്നതറിഞ്ഞു ഈ മാസം കരുണപുരം വില്ലേജ് ഓഫീസർ വീണ്ടും സ്റ്റോപ്പ്‌ മെമ്മോ നൽകി. എന്നാൽ ഇത് അവഗണിച്ചു പാർട്ടി ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമലംഘനത്തെക്കുറിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യു തഹാൽസിദാർ ജില്ല കളക്ടർക്ക് റിപ്പോർട്ട്‌ നൽകി. കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ ഒഴുപ്പിക്കാനാണ് റവന്യു വകുപ്പിന്റെ തീരുമാനം.

എന്നാൽ പാർട്ടി നിർമാണം നടത്തിയിട്ടില്ലെന്നും വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ ഓഫീസ് തുടങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഐ ജില്ല നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയതിന് തൊട്ട് പിന്നാലെയാണ് പുതിയ സംഭവം. കയ്യേറ്റങ്ങൾതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് റവന്യു മന്ത്രി ആവർത്തിക്കുമ്പോഴാണ് സിപിഐ കയ്യേറ്റ ഭൂമിയിൽ ഓഫീസ് തുടങ്ങിയത്.

പോത്തുപുഴ,ഭാരതപുഴയിലേക്ക് കന്നുകാലികളെ അഴിച്ചു വിടുന്നവര്‍ക്കെതിരെ നടപടിയുമായി പട്ടാമ്പി നഗരസഭ

പട്ടാമ്പി.ഭാരതപുഴയിലേക്ക് കന്നുകാലികളെ അഴിച്ചു വിടുന്നവര്‍ക്കെതിരെ നടപടിയുമായി പട്ടാമ്പി നഗരസഭ. പുഴയില്‍ നിന്നും രണ്ട് കന്നുകാലികളെ പിടിച്ചെടുത്തു.
ഇവയെ ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനം.നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി,ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കന്നുകാലികളെ കൊണ്ടുവന്ന് തളളുന്നതായി ട്വന്റി ഫോര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഭാരതപുഴയിലേക്ക് കന്നുകാലികളെ മേയാന്‍ അഴിച്ച് വിടുന്നതിനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.പുഴയിലെ വെളളം പ്രധാന കുടിവെളള സ്രോതസ്സുകൂടിയാണ്.
അറിയിപ്പുകള്‍ വകവെക്കാത്ത സാഹചര്യത്തിലാണ് നഗരസഭാ ആരോഗ്യവിഭാഗം നടപടികളുമായി രംഗത്തെത്തിയത്.

കിഴായൂര്‍ നമ്പ്രം പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്നും രണ്ട് പോത്തുകളെ പിടികൂടി.ഉടമയെ കണ്ടെത്തി
പിഴ ഈടാക്കുന്ന നടപടിയാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. തുടര്‍ന്ന് ഇത്തരത്തില്‍ പിടികൂടുന്ന കന്നുകാലികളെ ലേലത്തില്‍ വില്‍ക്കുന്നതുള്‍പ്പെടെയുളള നടപടികളാണ് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുജിസി – നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി

സിഎസ്ഐആർ – യുജിസി – നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി.ഈ മാസം 25, 27 തീയതികളിൽ നടത്താൻ ഇരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും കൊണ്ടാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എൻടിഎയുടെ വിശദീകരണം.പുതുക്കിയ പരീക്ഷാ തീയതി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.ജെആർഎഫിനും ഇന്ത്യൻ സർവകലാശാലകളിലെയും കോളേജുകളിലെയും ലക്ചർഷിപ്പ്/ അസിസ്റ്റൻ്റ് പ്രൊഫസർ എന്നിവയ്ക്കുമുള്ള യോഗ്യത നിർണയിക്കാൻ നടത്തുന്നതാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ.

കള്ളക്കുറിച്ചി :മരണസംഖ്യ 55 ആയി, 27 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 55 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം 115 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 27 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ഇതുവരെ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ 5 ലക്ഷം രൂപയും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവർക്ക് 3 ലക്ഷം രൂപയും നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു.കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് 50,000 രൂപയും സർക്കാർ ധന സഹായം പ്രഖ്യാപിച്ചിരുന്നു.

വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റിലായി

കൊല്ലം: മുത്തശ്ശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റിലായി. ഉളിയകോവില്‍, ജനകീയ നഗര്‍-40 ല്‍ പാര്‍വതി മന്ദിരത്തില്‍ യശോധ(85)യാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കൊച്ചുമകള്‍ പാര്‍വതി, ഭര്‍ത്താവ് ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- യശോദ ധരിച്ചിരിക്കുന്ന വളയും കമ്മലും ശരതും പാര്‍വ്വതിയും ആവശ്യപ്പെട്ടെങ്കിലും യശോദ ഇത് നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശരത് യശോദയുടെ വായില്‍ തോര്‍ത്ത് തിരുകി കയറ്റി. പിന്നീട് പ്ലാസ്റ്റിക് ടേപ് ഒട്ടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ശേഷം ഇടതു കൈയ്യില്‍ കിടന്ന സ്വര്‍ണ വളയും കാതില്‍ കിടന്ന കമ്മലും ഊരിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയെ തള്ളിയിട്ട ശേഷം അലമാര കുത്തിത്തുറന്ന് 25,000 രൂപയും കവര്‍ന്നു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശരത്തിന്റെ അടിയേറ്റ് വയോധികയുടെ മൂന്ന് പല്ലുകളും കൊഴിഞ്ഞിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം മുങ്ങിയ പ്രതികളെ കഴക്കൂട്ടത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം ഈസ്റ്റ് പോലീസ് എസ്‌ഐമാരായ ദില്‍ജിത്ത്, ആശ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം. തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് 4.30യോടെയാണ് സംഭവം. ബാലരാമപുരം പഞ്ചായത്തിലെ മണലിയില്‍ വാര്‍ഡിലെ പുല്ലൈകോണം തോട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ആക്രമണം.തോട്ടിനുള്ളിലെ കുറ്റിക്കാടു വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍കൂട് ഇളകി തൊഴിലാളികളെ ആക്രമിച്ചത്.
വാസന്തി,ഗീത എന്നിവരെയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ആറ് ലക്ഷം രൂപയ്ക്ക് വിൽപന നടത്തി, സിബിഐ

ന്യൂഡെല്‍ഹി. യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ആറ് ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയതായി സിബിഐ.വിൽപന നടന്നത് ഡാർക്ക് വെബിലും ടെലഗ്രാമിലും.ചില കോച്ചിംഗ് സെന്ററുകൾ സിബിഐ നിരീക്ഷണത്തിൽ.ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ളത് വൻ റാക്കറ്റെന്നും സിബിഐ.നെറ്റ് പുനപരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും

നാഷണൽ സൈബർ ക്രൈം ത്രെഡ് അനലിറ്റിക്സ് യൂണിറ്റ് യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷാ റദ്ദാക്കിയത്. ക്രമക്കേട് അന്വേഷിക്കാൻ വിഷയം സിബിഐ കൈമാറി. ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സിബിഐയുടെ പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.നെറ്റ് പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നു.ചോദ്യപേപ്പർ ആവശ്യക്കാർക്ക് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നുമാണ് സിബിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.ഡാർക്ക് വെബ്ലൂടെയും എൻക്രിപ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങൾ വഴിയുമാണ് ചോദ്യപേപ്പർ ചേർത്തി നൽകിയത്.

ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ള ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല. പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെതിരെയുള്ള സിബിഐ അന്വേഷണം പല സംസ്ഥാനങ്ങളും ചില കോച്ചിംഗ് സെന്ററുകളും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. ചോദ്യപേപ്പറിനായി വൻ തുക കൈമാറിയത് ഏതു മാർഗം വഴിയാണെന്നതും സിബിഐ പരിശോധിച്ചുവരുന്നു.നീറ്റ്പരീക്ഷയിൽ ചോദ്യപേപ്പർ ചോർത്തയുള്ള പരാതിയിൽ ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലും ചില മാഫിയകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രക്ഷിതാക്കൾ വൻ തുക ഇവർക്ക് നൽകിയതായും വിദ്യാർത്ഥികൾ മൊഴി നൽകിയ പശ്ചാത്തലം ഉണ്ട്

ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍

കൊട്ടാരക്കര: കൊല്ലം ജില്ലാ റൂറല്‍ പോലീസ് കേന്ദ്രത്തിന് അന്താരാഷ്ട്ര സേവന നിലവാരമായ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍. പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഫലപ്രദമായ രീതിയില്‍ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കുറ്റാന്വേഷണം നടത്തി ക്രമസമാധാന പാലനത്തിലൂടെ സമാധാനം ഉറപ്പു വരുത്തലാണ് ഇതില്‍ ഏറ്റവും പ്രധാനം. നാളെ രാവിലെ 10.30ന് കൊട്ടാരക്കരയില്‍ റൂറല്‍ പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഐഎസ്ഒ ഡയറക്ടര്‍ എന്‍. ശ്രീകുമാറില്‍ നിന്നും റൂറല്‍ പോലീസ് മേധാവി സാബു മാത്യു.കെ.എം. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ സ്വീകരിക്കും. ചടങ്ങില്‍ റൂറല്‍ ജില്ലാ അഡീഷല്‍ എസ്പി, വിവിധ ഡിവൈഎസ്പിമാര്‍, എസ്എച്ച്ഒ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.