തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം.അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.പ്രതികള്‍ക്ക് ഇളവ് നല്‍കാന്‍ സർക്കാർ വഴിവിട്ട് ഇടപെടുന്നുവെന്നാകും പ്രതിപക്ഷം ആരോപിക്കുക.അതേസമയം,ശിക്ഷായിളവ് നല്‍കാനുളള നടപടി ഉദ്യോഗസ്ഥ വീഴ്ചയായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാനാകും ഭരണ പക്ഷം ശ്രമിക്കുക.വിഷയത്തില്‍ സർക്കാർ നിലപാട് നോക്കി, ഗവർണറെക്കാണുന്നതും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മോട്ടോർ വാഹനമേഖല നേരിടുന്ന പ്രശ്നങ്ങള്‍
ഇന്ന് ശ്രദ്ധ ക്ഷണിക്കലായി നിയമസഭയിൽ വരും.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് ,നിയമസഭയിൽ ഉന്നയിക്കാന്‍ പ്രതിപക്ഷം
മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സിൽ ആണ് ചർച്ച. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും എസ്എഫ്ഐയും പ്രത്യക്ഷ സമരത്തിൽ ഇറങ്ങുകയും ചെയ്തു. സപ്ലിമെൻററി അലോട്ട്മെൻറ് കഴിഞ്ഞാലും മലപ്പുറം ജില്ലയിൽ 7478 സീറ്റിന്റെ കുറവ് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയിൽ ഇത് എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. അധിക ബാച്ചുകൾ അനുവദിക്കണമെന്നാണ് എസ്എഫ്ഐയും എം എസ് എഫും ആവശ്യപ്പെടുന്നത്.
എന്നാൽ അധിക ബാച്ചുകൾ അനുവദിക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതാണ് സർക്കാരിന്റെ നിലപാട്. അതേസമയം സീറ്റുകൾ വർധിപ്പിക്കുന്നത് ഹൈക്കോടതി നിർദ്ദേശത്തിന്റെ ലംഘനം ആകുമെന്ന ആശങ്കയും സർക്കാരിലനുണ്ട്. ഈ സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്തുകയാണ് ചർച്ചയുടെ ലക്ഷ്യം. ഇന്നത്തെ ചർച്ചയോടെ മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആകും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ. അതിനിടെ വിഷയത്തിൽ പ്രതിപക്ഷ സംഘടനകളുടെ സമരം ഇന്നും തുടരും. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദും, യൂത്ത് ലീഗിന്റെ നിയമസഭാ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി. മൂന്നാറിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനധികൃത നിർമ്മാണം തടയുന്നതിനു വേണ്ടി ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തിന്റെ കാരണമടക്കം സർക്കാർ ഇന്ന് വിശദീകരിക്കേണ്ടി വരും.
ഇടുക്കിയിൽ പട്ടയ വിതരണത്തിനായും മറ്റും സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച സർക്കാരിന് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിരുന്നു. വ്യാജ പട്ടയ കേസുകളിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
മൂന്നാർ മേഖലയിൽ ഉൾപ്പെടെ നടത്തിയിട്ടുള്ള കൈയ്യേറ്റത്തിൽ കൂട്ടുനിന്ന 19 ഉദ്യോഗസ്ഥർ കുറ്റക്കാരെന്നു ചൂണ്ടിക്കാട്ടി മുൻ ഇന്റലിജൻസ് മേധാവി രാജൻ മധേക്കർ നൽകിയ റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കാര്യത്തിലും സർക്കാരിന്റെ നിലപാട് ഇന്ന് കോടതി കേൾക്കും. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാതിരിക്കാൻ കാരണമുണ്ടെങ്കിൽ അക്കാര്യമാണ് സർക്കാർ കോടതിയെ അറിയിക്കേണ്ടത് .
ബ്രിട്ടീഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുഫലം വരുന്ന ജൂലൈ അഞ്ചിന് കേരളം ഞെട്ടുമോ
വര്‍ക്കല . മിക്കവാറും ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഒരു മലയാളി സാന്നിധ്യം ഉറപ്പാണ്. ബ്രിട്ടീഷ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഒരു മലയാളിയുണ്ട്. തിരുവനന്തപുരം വർക്കല സ്വദേശിയായ എറിക് സുകുമാരനാണ് ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക് നേതൃത്വം നൽകുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് എറിക് സുകുമാരൻ.
650 സീറ്റുകൾ ഉള്ള ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് ഇത് തെരഞ്ഞെടുപ്പ് കാലം. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ആവേശം ശക്തം. വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ ജനവിധി തേടുന്നത് ഈ മണ്ഡലത്തിലാണ്. അതും ബ്രിട്ടനിലെ ഏറ്റവും പ്രധാന പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി.
ലോക ബാങ്കിൻറെ കൺസൾട്ടന്റ് കൂടിയാണ് എറിക് സുകുമാരൻ. ജനിച്ചതും വളർന്നതും ബ്രിട്ടനിലെങ്കിലും അവധിക്കാലങ്ങളിലെ നാട്ടിലേക്കുള്ള വരവ് മുടക്കാറില്ല. വേരുകള്‍ അറുത്ത മലയാളിയല്ല. മലയാളവും നന്നായി സംസാരിക്കും. അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിൻഡ്സെയാണ് ഭാര്യ. ജൂലൈ നാലിന് രാവിലെ 10 മുതൽ 4 വരെയാണ് യുകെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം
ജൂലൈ നാലിനാണ് തെരഞ്ഞെടുപ്പ്. ബ്രിട്ടീഷ് പാർലമെൻറിൽ ഒരു മലയാളി സാന്നിധ്യം ഉണ്ടാകുമോ എന്ന് ജൂലൈ അഞ്ചിന് ഫലപ്രഖ്യാപന ശേഷം അറിയാം
പ്ലസ് വൺ പ്രതിസന്ധി: ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് ;എം എസ് എഫ് നിയമസഭാ മാർച്ച്, വിദ്യാർത്ഥി പ്രതിനിധികളുമായി സർക്കാർ ചർച്ച
തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സിൽ ആണ്ചർച്ച. പ്ലസ് വൺ ‘പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് മന്ത്രി വി. ശിവൻകുട്ടി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്.
വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്‍റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലന്ന് കാട്ടി കെ എസ് യു വും എം എസ് എഫും പറഞ്ഞു. ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.എം എസ് എഫിൻ്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തും. ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ബഹുജന മാർച്ച് നടത്തും.
കൊച്ചുവേളിയിൽ വൻ തീപിടുത്തം… നിലവിൽ തീയണക്കാനാകാത്ത സാഹചര്യം…12 യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത്
തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.
ഇന്ന് പുലർച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 12 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹിറ്റ്മാന്‍ ഷോ; ഇന്ത്യ സെമിയില്‍
മുൻ ചാംപ്യന്മാരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യ ട്വന്‍റി ട്വന്‍റി ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. സെന്‍റ് ലൂസിയയിൽ നടന്ന സൂപ്പർ 8 പോരാട്ടത്തിൽ 24 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ഓസ്ട്രേലിയയുടെ സെമി സാധ്യതകൾ ഇതോട അനിശ്ചിതത്വത്തിലായി.
ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പവർപ്ലേയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ ഇന്നിങ്സ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇന്ത്യൻ സ്കോർ ആറിൽ നിൽക്കുമ്പോൾ വിരാട് കോലിയെ നഷ്ടമായെങ്കിലും രോഹിത് തകർത്തടിച്ചു. 41 പന്തിൽ 8 സിക്സറും 7 ഫോറുമടക്കം 92 റൺസ്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചറി. വെറും 19 പന്തിലാണ് രോഹിത് 50 റൺസ് തികച്ചത്. രോഹിത് പുറത്തായ ശേഷം സ്കോറിങ്ങിനെ വേഗം കുറഞ്ഞെങ്കിലും സൂര്യകുമാർ യാദവിന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ 20 ഓവറിൽ 205 റൺസെടുത്തു. സൂര്യ 16 പന്തിൽ 31 റൺസെടുത്തു. ഹാർദിക് പുറത്താകാതെ 27ഉം ശിവം ദുബെ 29ഉം റൺസ് നേടി. 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡ് ആണ് ഓസ്ട്രേലിയൻ ബോളർമാരിൽ മികച്ചുനിന്നത്.
206 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആറ് റൺസെടുക്കുന്നതിനിടെ ഡേവിഡ് വാർണറെ നഷ്ടമായി. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. എന്നാൽ ട്രാവിസ് ഹെഡും ക്യാപ്റ്റൻ മിച്ചൽ മാർഷും അനായാസം ഇന്ത്യൻ ബോളർമാരെ നേരിട്ടു. 28 പന്തിൽ 37 റൺസ് നേടിയ മാർഷിനെ കുൽദീപ് യാദവ് മടക്കി. എന്നാൽ ഹെഡിന്‍റെ കടന്നാക്രമണത്തിൽ ഇന്ത്യ വിറച്ചു. മൽസരം കൈവിട്ടുപോയെന്ന ഘട്ടത്തിൽ അപകടകാരിയായ ഗ്ലെൻ മാക്സ് വെലിനെ പുറത്താക്കി കുൽദീപ് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് നൽകി. 12 പന്തിൽ 20 റൺസായിരുന്നു മാക്സ് വെലിന്‍റെ സംഭാവന. 43 പന്തിൽ 76 റൺസെടുത്ത ട്രാവിസ് ഹെഡിനെ ബുംറ പുറത്താക്കിയതോടെ മൽസരം ഇന്ത്യയുടെ വരുതിയിലായി. മാർക്കസ് സ്റ്റോയിനിസിനും ടിം ഡേവിഡിനും മാത്യു വെയ്ഡിനും കാര്യമായി ഒന്നും ചെയ്യാനായില്ല. 20 ഓവർ പൂർത്തിയായപ്പോൾ ഓസ്ട്രേലിയ ഏഴുവിക്കറ്റിന് 181 റൺസ്.
4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബോളിങ്ങിന്‍റെ നെടുംതൂണായത്. അർഷ്ദീപ് സിങ് 37 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. അക്സർ പട്ടേൽ, ബുംറ, എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ രോഹിത്ത് ശർമയാണ് പ്ലേയർ ഓഫ് ദ് മാച്ച്.
ഒരു ആശ്ളേഷത്തിനിത്ര പറയാനുണ്ടോ, ബെന്യാമിന്‍പ്രതികരിക്കുന്നു
മുന്‍ ദേവസ്വം-പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ എംപിയെ കെട്ടിപിടിച്ച് ആശ്ലേഷിച്ച ദിവ്യ എസ്.
അയ്യരുടെ ചിത്രം ഒരു കാര്യവുമില്ലാതെ വിവാദമായി. ആദ്യം ഒന്നും പറയാനില്ല നല്ല ചിത്രം എന്ന് പറഞ്ഞവര്‍ പിന്നെ അതില്‍ പലതും കണ്ടതോടെയാണ് സംഭവം ജാതിയും ഉദ്യോഗപ്രഭുത്വവും ഈഗോയും സഹോദര ബന്ധവും ബ്രാഹ്മണിക്കല്‍ നീക്കവും ഒക്കെ ആയിമാറിയത്. ചട്ടപ്രകാരം കെട്ടിപ്പിടിക്കാമോ എന്നുവരെ ചോദിച്ചവരുണ്ട്.പെണ്ണ് കെട്ടിപ്പിടിച്ചാല്‍ കുഴപ്പമില്ല ആണാണെങ്കിലോ എന്ന് കുത്തിത്തിരിപ്പിനു വന്നവരും ുണ്ട്. എന്തായാലും ഒരു ആശ്ളേഷം ചരിത്രമായി.

നടപടിയെ സമൂഹമാധ്യമത്തിലടക്കം നിരവധി പേര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഏതിനും നെഗറ്റീവ് മാത്രം പറയുന്നവര്‍ ആ പോസ്റ്റിലെ ജാതീയത മാത്രം കണ്ടു. അവര്‍ ആ വിഷയത്തില്‍ നെഗറ്റീവ് കമന്റുകളും മോശം പ്രയോഗങ്ങളും ഉപയോഗിച്ചു. അങ്ങനയുണ്ടായ മോശം കമന്റുകള്‍ക്കെതിരായ വളരെ സമചിത്തതയോടെ കെ. രാധാകൃഷ്ണനും ദിവ്യ എസ്. അയ്യരും പ്രതികരിച്ചത്. ദിവ്യ എസ് അയ്യര്‍ തന്നെ ആലിംഗനം ചെയ്തത് സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണന്‍ എം.പി. ഒരു സ്നേഹ പ്രകടനം ഇത്ര ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോ?, ആര്‍ക്കും സ്നേഹിക്കാനും പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്‌നേഹത്തിന് പ്രോട്ടോകോള്‍ ഇല്ലെന്നാണ് ദിവ്യ എസ്. അയ്യര്‍ പ്രതികരിച്ചത്.
അതിനിടെ, ഈ പോസ്റ്റിന് നെഗറ്റീവ് കമന്റിടുന്നവരെ വിമര്‍ശിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരന്‍ ബെന്ന്യാമിന്‍റെ ഫേസ് ബുക്ക് കുറിപ്പും ചര്‍ച്ചയാകുന്നു.. ദിവ്യ എസ്. അയ്യര്‍ ആദ്യമായിട്ടല്ല, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ, ദളിതരെ, തന്റെ ജാതിയില്‍ പെടാത്തവരെ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ, കറുത്തവരെ കെട്ടിപ്പിടിക്കുന്നത്. അതവരുടെ ജീവിത ശൈലിയാണ്. അത്തരത്തില്‍ എത്രയോ ചിത്രങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്. അന്നൊന്നും സല്യൂട്ട് അടിക്കാതെ സഖാവ് കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ചപ്പോള്‍ സല്യൂട്ട് കൊടുത്തത് അതിന് നിറയെ രാഷ്ട്രീയ മാനങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയാണ്. അതറിയാതെ അതിനെ ജാതീയമായി മാത്രം വായിക്കുന്ന വാട്‌സ് ആപ്പ് മാമന്മാര്‍, സ്വന്തം കണ്ണിലെ കോല്‍ എടുത്തിട്ട് ‘പുരോഗമനം’ പറയുന്നതാവും ഉചിതം. ഞാന്‍ സല്യൂട്ട് അടിക്കുന്നത് ദിവ്യ എസ് അയ്യര്‍ക്കല്ല, ദിവ്യ എന്ന എന്റെ കൂട്ടുകാരിക്കാണ്. പുറത്ത് പുരോഗമനവും അകത്ത് ജീര്‍ണ്ണിച്ച ജാതിയും കൊണ്ടു നടക്കുന്നവര്‍ക്ക് അവരെ മനസിലാവില്ല. ആ സല്യൂട്ടിന്റെ അര്‍ത്ഥവും മനസിലാവില്ല.
ഒരിക്കല്‍ കൂടി സല്യൂട്ട് ദിവ്യ…
മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി… തിരച്ചിൽ ആരംഭിച്ചു
പാലക്കാട്: പത്തിരിപ്പാലയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി. അതുൽ കൃഷ്ണ, ആദിത്യൻ, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രണ്ട് പേർ പത്താം ക്ലാസിലും ഒരു കുട്ടി ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.
സ്കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ലെന്നു വൈകീട്ടാണ് രക്ഷിതാക്കൾക്ക് വിവരം ലഭിച്ചത്. മങ്കര, ഒറ്റപ്പാലം പൊലീസും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു.
ശക്തമായ കാറ്റിൽ 14 വീടുകൾക്ക് നാശനഷ്ടം
ആലുവ. ചെങ്ങമനാട് ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ 14 വീടുകൾക്ക് നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞുവീണു വീടുകളുടെ മേൽക്കൂര പറന്നു പോയും ആണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായത്. പഞ്ചായത്തിലെ 9 ,10 വാർഡുകളിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. എടവനക്കാട് പഞ്ചായത്തിൽ ശക്തമായ കടൽക്ഷോഭത്തിൽ നാലു വീടുകളിൽ കടൽ വെള്ളം കയറി. ബീച്ചിന് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്.





































