Home Blog Page 2588

വയനാടും കൊല്ലത്തും കാട്ടാന ആക്രമണം, പരുക്ക്

കൊല്ലം.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍ രക്ഷപ്പെട്ടത്. കൊല്ലം തെന്മലയില്‍ കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് പരിക്കേറ്റു

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമണം. നടവയലില്‍ ഹോട്ടല്‍ നടത്തുന്ന സഹദേവനാണ് പരിക്കേറ്റത്. സഹദേവന്‍ വന്നിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ ആന പാഞ്ഞടുത്തു. തോട്ടിലേക്ക് ചാടിയ സഹദേവന് പരിക്കേറ്റു. ഓട്ടോറിക്ഷ ആന തകര്‍ത്തു.

കൊല്ലം തെന്‍മലയില്‍ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിനു എന്ന യുവാവിന് പരിക്കേറ്റു. കാല്‍വഴുതി മറിഞ്ഞ് വീഴുകയായിരുന്നു.ബിനുവിനെ പുനലൂർ താലൂക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് മാറ്റി. പുലർച്ചെ രണ്ടുമണിക്ക് ആയിരുന്നു കാട്ടാന ആക്രമണം

സർക്കാർ വാദം പൊളിയുന്നു,ട്രൗസര്‍ മനോജന് ശിക്ഷ ഇളവിന് ഇന്നലെ രാത്രിയും ശ്രമം,

തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നടത്തിയിട്ടില്ലെന്ന സർക്കാർ വാദം പൊളിയുന്നു.മൂന്നുപേർക്ക് പുറമേ ട്രൗസർ മനോജ് എന്ന പ്രതിക്കും ശിക്ഷ ഇളവ് നൽകാൻ പോലീസ് ഇന്നലെ രാത്രിയിലും ചില നടപടികൾ സ്വീകരിച്ചു എന്ന് പ്രതിപക്ഷനേതാവ് നിയമസഭയിൽ.
ടി പി കേസ് പ്രതികളെ ശിക്ഷ ഇളവിനുള്ള
പട്ടികയിൽ ഉൾപ്പെടുത്തിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു തലയൂരാനാണ് സർക്കാർ ശ്രമം.

ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള
നീക്കം അടിയന്തര പ്രമേയമായി കൊണ്ടു വരാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഇല്ലെന്ന് പറഞ്ഞ് സ്പീക്കർ
തള്ളിക്കളയുകയാണ് ചെയ്തത്.ഇന്ന് ആദ്യ സബ്മിഷനായി പ്രതിപക്ഷ നേതാവ് വിഷയം വീണ്ടും ഉയർത്തി.അത് പരിഗണിക്കുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചു എന്ന് വാർത്താകുറിപ്പ് പുറത്തുവിട്ടു.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.പ്രതികൾക്ക് ശിക്ഷ
ഇളവ് നൽകാനുള്ള നീക്കമില്ലെങ്കിൽ പിന്നെയെന്തിനാണ് കെ കെ രമയുടെ മൊഴി ഇന്നലെയും രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ്.ഏഴാം പ്രതി ട്രൗസർ മനോജിന് കൂടി ഇളവ് നൽകാൻ നീക്കമെന്നും ആരോപണം.

മാനദണ്ഡങ്ങൾ ലംഘിച്ച് ഒരാൾക്കും ഇളവു നൽകില്ലെന്നു മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ എം ബി രാജേഷ്. ഇളവ് നൽകാനുള്ള നീക്കം സജീവമാണെന്ന് കെ. കെ രമ. സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ ഇറങ്ങിപ്പോയി

തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്; പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂ ഡെൽഹി :
പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്ന് രാഷ്ട്രപതിയെ പാർലമെന്റിലേക്ക് സ്വീകരിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകിയെന്നും രാഷ്ട്രപതി പറഞ്ഞു

ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകും. ബജറ്റ് ചരിത്രപരമാകുമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ച് പ്രവർത്തിക്കാമെന്നും ദ്രൗപദി മുർമു പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ പരമാർശത്തിനെതിരെ പ്രതിപക്ഷം ശബ്ദമുയർത്തുകയും ചെയ്തു.

ആദ്യം കണ്ടത് വടിവാള്‍ ,പിന്നെ വന്നത് എംഡിഎംഎയും കഞ്ചാവും

കൊച്ചി.എംഡിഎം എയും , കഞ്ചാവും അടക്കം കാറിൽ കടത്തുകയായിരുന്ന യുവാവിനെ എറണാകുളം റൂറൽ ഡാൻസാഫ് ടീം ഇന്ന് രാവിലെ പിടികൂടി.വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയതോടെ നടത്തിയ വിശദമായ തിരച്ചിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

ഇന്ന് രാവിലെ ആലുവ കരിയാട് ജംഗ്ഷനിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമശ്ശേരി സ്വദേശിയായ യുവാവ് സഞ്ചരിച്ച ഇന്നോവ കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്.ഇതോടെ പോലീസ് സംഘം കാർ വിശദമായി പരിശോധിച്ചു.ഈ പരിശോധനയിലാണ് കാറിൽ നിന്ന് 400ഗ്രാം എംഡിഎംഎയും,കഞ്ചാവും,എൽ എസ് ഡി സ്റ്റാമ്പും പിടികൂടിയത്. ആലുവയിലും പരിസരപ്രദേശങ്ങളിലും വില്പന നടത്തുന്നതിന് കേരളത്തിന് പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടികൂടിയ ലഹരി വസ്തുക്കളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര വിമർശനവുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം. ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ബിജെപിക്ക് വോട്ടു ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവർ പ്രവർത്തിച്ചു.
ഗുരുദർശനം തന്നെയാണോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന്
വ്യക്തമാക്കണമെന്നും ദേശാഭിമാനിയിലെ
ലേഖനത്തിൽ എം.വി ഗോവിന്ദൻ ആവശ്യപ്പെടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ വിഭജിച്ചു പോയെന്നായിരുന്നു
സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങളിലെ
വിലയിരുത്തൽ.പിന്നാലെ തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിനെതിരെയടക്കം സിപിഐഎം വിമർശനം ഉന്നയിച്ചു.
ഒരു പടി കൂടി കടന്നു വെള്ളാപ്പള്ളി
നടേശനെതിരെ തന്നെ നിലപാട്
കടുപ്പിക്കുകയാണ് സി.പി.ഐ.എം.
ദേശാഭിമാനിയിലെ എം.വി ഗോവിന്ദന്റെ
ലേഖനത്തിൽ അതിരൂക്ഷ വിമർശനങ്ങളാണ്
ഉള്ളത്.ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവർ പ്രവർത്തിച്ചു.രാജ്യസഭാഗങ്ങളെ നിശ്ചയിച്ചതിൽ ഇടതുപക്ഷം ന്യൂനപക്ഷത്തിനു
കീഴ്പ്പെട്ടു തുടങ്ങിയ പ്രസ്താവനകൾ ഈ ദിശയിൽ ഉള്ളതാണ്.പലമതസാരവുമേകം
എന്ന കാഴ്ചപ്പാട് ഉയർത്തിയ ഗുരുദർശനം
തന്നെയാണോ വെള്ളാപ്പള്ളി നടേശന്റേതെന്നു
ശ്രീനാരായണ ഗുരുദർശനം പിന്തുടരുന്നവർ ആലോചിക്കണം.മണിപ്പൂരിനെ കുരുതിക്കളം ആക്കിയത് ബിജെപിയാണെന്ന് ക്രൈസ്തവ സമൂഹം മറന്നു പോകരുതെന്നും ലേഖനത്തിൽ എം.വി ഗോവിന്ദൻ വിമർശിക്കുന്നു.

ആശ്വാസമായി ഡൽഹിയിൽ കനത്തമഴ

ന്യൂഡെല്‍ഹി . ഉഷ്ണതരംഗത്തിനിടെ ആശ്വാസമായി ഡൽഹിയിൽ കനത്തമഴ.മൂന്ന് ദിവസം കൂടി മഴതുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യത. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായമഴ.

രാവിലെ മുതൽ ശക്തമായ മഴയാണ് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. മണിക്കൂറുകളോളം മഴ തുടർന്നതോടെ പിടിമുറുക്കിയ ഉഷ്ണ തരംഗത്തിൽ നിന്നും മോചനം ലഭിച്ചു.

നോയിഡയിലും ഗാസ്യാബാദിലും അതിശക്തമായ മഴയാണ് പെയ്തത്. മേഘാവൃതമായ അന്തരീക്ഷവും ഇടിമിന്നലും അതിശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരുന്ന മൂന്ന് ദിവസം 35 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത പ്രവചിച്ചു. ഈ മാസം 30ന് അതിശക്തമായ മഴ ഡൽഹിയിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. കുറച്ചുദിവസം കഴിയുമ്പോൾ മൺസൂൺ എത്തും.അതോടെ ഉഷ്ണ തരംഗത്തിൽ നിന്ന് പൂർണ്ണ മോചനം ലഭിക്കും. മുൻകാല വർഷങ്ങളേക്കാൾ ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയത്.ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിൽ നിരവധി ആളുകൾക്കും ജീവൻ നഷ്ടമായിരുന്നു.നിലവിൽ ലഭിക്കുന്ന മഴ ഇതിൽ നിന്നെല്ലാം ആശ്വാസം പകരുന്നതാണ്.

പൂവാർ സ്വദേശിയായ ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം . പൂവാർ സ്വദേശിയായ ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രാജസ്ഥാനിൽ സേവനം നടത്തി വന്ന സാമുവേൽ ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് മരിച്ചെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നൽ മൃതദേഹത്തിന് കൂടുതൽ ദിവസങ്ങളുടെ പഴക്കമുണ്ട്. പൂവാർ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകി സമുവേലിൻ്റെ കുടുംബം.

രാജസ്ഥാനിൽ വെച്ച് ഉച്ചഭക്ഷണം കഴിഞ്ഞ് ഉറങ്ങുന്നതിനിടെ മൂന്ന് ദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായി സാമുവേൽ മരണപ്പെട്ടു എന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നൽ തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തിന് കൂടുതൽ ദിവസങ്ങളുടെ കാലപ്പഴക്കം ഉണ്ട്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആണ്. ബന്ധുക്കൾ പരാതി ഉയർത്തിയത്തിനെ തുടർന്ന് ജവാൻ്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സാമുവേലിൻ്റെ കുടുംബം പൊഴിയൂർ പോലീസിനും, മുഖ്യമന്ത്രിക്കും പരാതി നൽകി. പൊഴിയൂർ പൊലീസ് ബന്ധുക്കളുടെ മൊഴി എടുത്തു.

ചില്ലറ തർക്കത്തിൽ കെഎസ്ആര്‍ടിസി കണ്ടക്ടർക്ക് മർദ്ദനം

ആലപ്പുഴ. കെഎസ്ആര്‍ടിസി ബസ്സിലെ ചില്ലറ തർക്കത്തിൽ കണ്ടക്ടർക്ക് മർദ്ദനം. ആലപ്പുഴ കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ കണ്ടക്ടർ സജികുമാറിനാണ് മർദ്ദനമേറ്റത്. മുഖത്തിടക്കുകയും കൈയിൽ കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. 20 രൂപ ടിക്കറ്റിനു 500 രൂപ കൊടുത്തതിനെ തുടർന്നായിരുന്നു തർക്കം. പ്രതി ആലപ്പുഴ ചുങ്കം സ്വദേശി മുബീനിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 9 മണിയോടെ ആലപ്പുഴ- കോട്ടയം KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കളർകോട് വെച്ചാണ് സംഭവം. ടിക്കറ്റ് എടുക്കാതെയിരുന്ന യാത്രക്കാരനോട് കണ്ടക്ടർ സജികുമാർ ആദ്യം ചോദിച്ചപ്പോൾ ഇനിയും ആളുകൾ ബസ്സിൽ കയറാൻ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് എവിടെ ഇറങ്ങണം എന്ന് പറയാതെ 20 രൂപ ടിക്കറ്റ് ആണ് വേണ്ടതെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടു. ഇതിനായി 500 രൂപ കണ്ടക്ടർക്ക് നൽകി. ചില്ലറ ഇല്ല ഇറങ്ങാൻ നേരം പണം തിരികെ തരാം എന്ന് കണ്ടക്ടർ പറഞ്ഞതോടെ കണ്ടക്ടറിൽ നിന്ന് 500 രൂപ തിരികെ വാങ്ങി. പിന്നീട് ടിക്കറ്റും 480 രൂപയും കൂടി കൈയിലേക്ക് നൽകിയാൽ 500 നൽകാമെന്നായി.
ഇതോടെ ബെൽ അടിച്ചു ഇയാളെ ഇറക്കാൻ നോക്കിയപ്പോൾ പൊടുന്നനെ ആക്രമിക്കുകയായിരുന്നു

പിന്നീട് യാത്രക്കാർ ചേർന്ന് പ്രതി മുബീനെ കെഎസ്ആർടിസി ബസ്സിൽ തന്നെ പുന്നപ്ര സ്റ്റേഷൻ എത്തിച്ചു. സംഭവം നടന്നത് ആലപ്പുഴ സൗത്ത് പോലീസിന്റെ പരിധിയിൽ ആയതുകൊണ്ട് പ്രതിയെ ഇവിടെയെത്തി സൗത്ത് സിഐ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു

വള്ളം തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് കോസ്റ്റല്‍പൊലീസോ ആലപ്പാട്ടെ മല്‍സ്യത്തൊഴിലാളികളോ

കൊല്ലം. മത്സ്യബന്ധനത്തിനിടെ വള്ളം തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത് കോസ്റ്റല്‍ പൊലീസോ ആലപ്പാട്ടെ മല്‍സ്യത്തൊഴിലാളികളോ. വാര്‍ത്തകളില്‍ വന്നത് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയെന്ന് പക്ഷേ സത്യമെന്താണ്, ഒരു ഫേസ് ബുക്ക് പോസ്റ്റ് സത്യം പറയും.

തമിഴ്നാട് തേങ്ങാപട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിൽനിന്നുള്ള 7 മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോയത്

95% മുങ്ങിയ ബോട്ടിൽ നിന്നും 7 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് ആലപ്പാട് സ്വാദേശി സുനിൽരാജും സഹ പ്രവർത്തകരും

സുനിൽരാജ് ഫേസ് ബുക്കില്‍ എഴുതിയ എഴുതിയ കുറിപ്പ്:

ഇന്നലെ സന്ധ്യക്ക്‌ ഒരു 6 മണിക്ക് മറൈൻ പോലീസിലെ അജീഷ് സാറിന്റെ ഒരു വിളി… സുനിലേ…എയർപോർട്പോലെ 20ഫാതം വെള്ളത്തിൽ ഒരു വള്ളം മുങ്ങിക്കൊണ്ടിരിക്കുന്നു അതിൽ  തമിഴ്നാട് കാരായ 7 തൊഴിലാളികൾ ഉണ്ട് രക്ഷപ്പെടുത്തണം മാറ്റൊന്നും ചിന്തിച്ചില്ല (കാറ്റ്… മഴ.. ഇതൊക്കെ നമ്മൾ എത്ര കണ്ടതാ ).. ചങ്ക് സഹോ… ഉപരജിനോട് ചോദിച്ചു എന്താ മോനെ….. ഓക്കേ അണ്ണാ നടത്തിക്കോ….അത് എഞ്ചിൻ നടത്താൻ ഉള്ള ഒരു സിഗ്നൽ ആണ്… പിന്നെ ഒരു പറപ്പിക്കൽ ആയിരുന്നു… ഏകദേശം 45മിന്നിറ്റ് കൊണ്ട് 10നോട്ടിക്കൽ ഓടി വള്ളത്തിന് അരികിൽ എത്തി 95%വെള്ളം കയറിയ നിലയിൽ വള്ളം.. ദൈവമേ എന്ത് ചെയ്യും…പുറകിൽ നിന്നും ഒരു വിളി… അണ്ണാ വള്ളത്തിലെ പണിക്കാരെ എല്ലാം ബോട്ടിൽ കേറ്റാം… ഓ ശരി മോനെ… എന്ന് ഞാൻ പറഞ്ഞു തിരുന്നതിന് മുന്നേ റോപ്പുമായി വെള്ളത്തിൽ ചാടി നീന്തി വള്ളത്തിൽ കയറി രാജപ്പൻ…. വള്ളം വലിച്ചു ബോട്ടിൽ അടുപ്പിക്കുന്നു… സെക്കന്റുകൾ… 7പണിക്കാരെയും ബോട്ടിൽ കയറ്റുന്നു… ബോട്ട് തിരിക്കുന്നു…. തമ്പി…. എന്നുള്ള ഒരു നീട്ടി വിളി… പ്രായം ആയ ഒരു ആൾ… തൊഴു കയ്യോടെ നിൽക്കുന്നു… വള്ളം കൂടെ ഒന്ന് കരക്ക്‌ എത്തിക്കണം… ആ ദയനീയ ഭാവം… ഓ… രാജേ….. വിളികേൾക്കേണ്ട താമസം.. റോപ്പും ആയി വീണ്ടും വെള്ളത്തിലേക്കു… സഹായത്തിനു… പനിഅടിമ… യൂജിൻ… ജമാൽ… വള്ളവും കെട്ടി കരയിലേക്ക്.. വിഴിഞ്ഞം ഹാർബറിലേക്ക്…

..ഇനി 3നോട്ടിക്കൽ.. ദൂരം ഉള്ളു കരയിലേക്ക്.. രാത്രി 11മണി.. അവിചാരിതമായി വീശി അടിച്ച കാറ്റിലും പേമാരിയിലും പെട്ട് ബോട്ടും വള്ളവും ആയി കെട്ടിയിരുന്ന 2റോപ്പും പൊട്ടി.. ബോട്ട് കയ്യിൽ നിന്നും വഴുതി അദാനി അളിയന്റെ പുലിമുട്ടിനു നേരെ… (കപ്പൽ ഇടിച്ചു തകർന്ന അമേരിക്കയിലെ പാലം മനസിലേക്ക് ഓടി എത്തി )എന്റെ ദേവിയെ… എന്ന് ഉറക്കെ വിളിച്ചുകൊണ്ടു ഫുൾ സ്പീഡിൽ ചിക്കാർ പിടിച്ചു കറക്കി ബോട്ട് വരുതിയിൽ ആക്കി… കനത്ത മഴയിൽ വള്ളം കാണാൻ ഇല്ല… .. എന്താ ചെയ്യും… മറൈൻ എൻഫോസ്‌മെന്റ് വിംഗ്… അനിൽ സാറിനെ വിളിച്ചു കാര്യം പറഞ്ഞു… ഓക്കേ സുനിൽ. ആളുകൾ സേഫ് ആണോ… എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ… വള്ളം നോക്കണ്ട ആളെ കരക്ക്‌ എത്തിക്ക്… വള്ളം കളഞ്ഞിട്ട് വരാൻ മനസ് അനുവദിക്കുന്നില്ല… ഒരു പയ്യന്റെ അവസ്ഥ വളരെ മോശം… സാറിന്റെ പറച്ചിലും… മനസില്ലമനസോടെ കരയിലേക്ക്… 12മണിയോടെ കരക്ക്‌ എത്തി അവരെ ഹോസ്പിറ്റലിൽ ആക്കി… കിടന്നിട്ടു ഉറക്കം വരുന്നില്ല…. ബോട്ടും വള്ളവും ആയി കെട്ടിയ റോപ്പ് പൊട്ടുന്നത് തന്നെ മനസ്സിൽ… എപ്പോഴും ഒന്ന് മയങ്ങിയ… എന്നെ ഉണർത്തിയത് SI. ദിപു സാറിന്റെ കാൾ ആണ്… സുനിലേ… വള്ളം പൂവർ പോലെ 5.F.വെള്ളത്തിൽ കിടപ്പുണ്ട്… പിന്നെ ഒന്നും ചിന്തിച്ചില്ല… 5. മറൈൻ ഗാർഡ്.മാരെയും കൂട്ടി.. തള്ളി ഒരു വെപ്പ്..ഒരു പറപ്പിക്കൽ…9മണിയോടെ വള്ളം കണ്ടെത്തുന്നു.. നല്ല ചെല്ലം പോലെ വള്ളവും ബോട്ടും തമ്മിൽ കെട്ടുന്നു തിരിച്ചു വിഴിഞ്ഞത്തേക്ക്.. കടലമ്മയും കാറ്റും എനിക്കു എതിര് നിന്നതോടെ… 7മണിക്കൂർ എടുത്ത് കരക്ക്‌ എത്താൻ വാർഫിൽ കൊണ്ട് വന്ന് വള്ളം നീരോടി കരായ ഉടമകൾക്ക് കൈ മാറി ??

പുറത്തുവന്ന വാര്‍ത്തയിലൊന്നും ആലപ്പാട്ടെ മല്‍സ്യത്തൊഴിലാളികളുടെ കാര്യം ആരും പറഞ്ഞില്ല, അപ്പോള്‍ പറ ആരാ തൊഴിലാളികളെയും വള്ളത്തെയും രക്ഷപ്പെടുത്തിയത് PICTURE COURTESY .

. KARUNAGAPPALLY LIVE, FB

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ്;കണ്ണൂരിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന 3 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശ്രമം നടത്തിയെന്ന പരാതിയിൽ 3 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.വിഷയം സബ്മിഷനായി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇവരെ സസ്പെൻറ് ചെയ്ത് ഉത്തരവിറക്കിയത്.കെ.എ എസ് ശ്രീജിത്ത്, ബി.ജി അരുൺ, ഒ വി രഘുനാഥ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്.