Home Blog Page 2582

ലഡാക്കിൽ സൈനിക ടാങ്കുകൾ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർ മരിച്ചു

ന്യൂ ഡെൽഹി :
ലഡാക്കിൽ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർ മരിച്ചതായി റിപ്പോർട്ട്. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ച് കടക്കുന്നതിനിടെ ടാങ്കുകൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു

ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും നാല് ജവാൻമാരുമാണ് ടാങ്കിലുണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയതായും മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുകയാണെന്നുമാണ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്.

സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു

തിരുവനന്തപുരം. സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍കട വ്യാപാരികളുടെ സമരം ഒഴിവാക്കാന്‍ ജൂലൈ നാലിന് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

രാവിലെ പത്തു മുതലാണ് ഇ-പോസ് മെഷീന്‍ തകരാറിലായത്. തുടര്‍ന്ന് സംസ്ഥാനത്തെ മിക്കയിടങ്ങളിലും റേഷന്‍ വിതരണം മുടങ്ങി. മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ ഓതന്റിഫിക്കേഷനുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുകയായിരുന്നു. സെര്‍വര്‍ തകരാറാണ് കാരണമായി ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ വൈകുന്നേരവും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഐ.ടി സെല്ലിനോട് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ചു. കൂടുതലാളുകള്‍ ഒരുമിച്ച് റേഷന്‍ വാങ്ങാനായി എത്തുന്നതാണ് പ്രശ്‌നത്തിനിടയാക്കുന്നതെന്നാണ് ഐ.ടി സെല്ലിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതിനിടെ വേതന വര്‍ധന ആവശ്യപ്പെട്ട സമരം പ്രഖ്യാപിച്ച റേഷന്‍ കട വ്യാപാരികളുമായി ജൂലൈ നാലിന് ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍.

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം പ്രതിസന്ധിയിലായതോടെ ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസത്തേക്ക് കൂടി നീട്ടി. ജൂലൈ അഞ്ചുവരെയാണ് നീട്ടിയിട്ടുള്ളത്. ജൂലൈ മാസത്തെ വിതരണം എട്ടു മുതല്‍ ആരംഭിക്കും.

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം, ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും

തിരുവനന്തപുരം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.

സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് പുതിയ പോരിന് ഇടയാക്കുന്നത്. സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിച്ചു. കേരളത്തിലെ പത്തിലധികം സര്‍വകലാശാലകളില്‍ വി.സിമാരില്ല. തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്.

എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. വി.സി നിയമനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പുതിയ സെര്‍ച്ച് കമ്മിറ്റികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍വകലാശാലകള്‍ സിന്‍ഡിക്കേറ്റ് തലത്തില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

സിദ്ധാർത്ഥന്റെ മരണം, പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു

തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു. പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതിൽ സർവകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് കുടുംബം. 75% ഹാജർ ഇല്ലാതിരുന്നിട്ടും പരീക്ഷ എഴുതിയത് സർവ്വകലാശാലയുടെ ഒത്താശയോടെ എന്നാണ് ആരോപണം. പരാതി പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു.

വസന്ത് വിഹാറിൽ കെട്ടിടം തകർന്ന് വീണ് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു

ന്യൂഡെല്‍ഹി.ശക്തമായ മഴക്ക് പിന്നാലെ ഉത്തരേന്ത്യയിൽ മഴക്കെടുതി
രൂക്ഷം. വസന്ത് വിഹാറിൽ കെട്ടിടം തകർന്ന് വീണ് മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. മരിച്ചത് ബിഹാർ, മധ്യപ്രദേശ് സ്വദേശികൾ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. ഡൽഹി വിമാനത്താവളത്തിലെ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

25 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് വസന്ത് വിഹാറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചതിൽ രണ്ടുപേർ ബീഹാർ സ്വദേശിയും ഒരാൾ മധ്യപ്രദേശ് സ്വദേശിയുമാണ്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം കുടിൽകെട്ടിയാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിലാണ് കെട്ടിടം തകർന്നു വീണത്. അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായപ്പോൾ വിമാനത്താവളത്തിൽ ഉണ്ടായ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.
നിർമ്മാണ കമ്പനി അധികൃതരെയും പോലീസ് ചോദ്യം ചെയ്യും. വിമാനത്താവളത്തിൽ വാറൂമിൻ്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് പണം തിരികെ നൽകുന്നതിനും ബദൽ യാത്രാ മാർഗം ഒരുക്കുന്നതിനുമായാണ് പ്രവർത്തനം.
ഷിംലയിൽ മണ്ണിടിച്ചിൽ ഉണ്ടായി
നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമാകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സൈനിക ടാങ്കില്‍ നദികടക്കുന്നതിനിടെ മിന്നല്‍പ്രളയം അഞ്ചു സൈനികര്‍ക്ക് വീരമൃത്യു

ജമ്മു: ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. സൈനികര്‍ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.

കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

കണ്ണൂർ :ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ മകന്റെ ശ്രമം. ഭൂതാനം സ്വദേശി നാരായണിയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു

ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സതീശൻ പറഞ്ഞതായി പോലീസ് അറിയിച്ചു. പരുക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

അവധി ചോദിച്ചതിന് അവഹേളനം,സിപിഒ മഴയത്ത് ഇരുന്നു പ്രതിഷേധിച്ചു

പാലക്കാട് . അവധി ചോദിച്ചതിന് പൊലീസ് ഉദ്യോഗസ്ഥനെ മേലുദ്യോഗസ്ഥന്‍ അവഹേളിച്ചതായി പരാതി. നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സിപിഒയെയാണ് സിഐ അവഹേളിച്ചത്. ബൈക്കിന്റെ താക്കോല്‍ പിടിച്ചുവാങ്ങുകയും മറ്റുളളവരുടെ മുന്നില്‍വെച്ച് അവഹേളിക്കുകയും ചെയ്തു. താക്കോല്‍ കൊണ്ടുപോയതോടെ സിപിഒ ഒരു മണിക്കൂറോളം തന്റെ ബൈക്കില്‍ പെരുമഴയത്ത് ഇരുന്നു. നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് എത്തിയാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്‌.

മേലുദ്യോഗസ്ഥരുടെ പീഡനം മൂലം ലോക്കല്‍പോലീസിലേക്ക് വരുവാന്‍ ക്യാംപ് പൊലീസുകാര്‍ മടിക്കുന്നത് വാര്‍ത്തയായിരുന്നു. നിരവധി പൊലീസുകാര്‍ ആത്മഹത്യചെയ്ത സംഭവവും ഉണ്ടായി.

12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ സ്ത്രീകൾ അറസ്റ്റിൽ

മലപ്പുറം.തിരൂരിൽ 12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ സ്ത്രീകൾ അറസ്റ്റിൽ.ബംഗാൾ സ്വദേശികളായ പാറുൽ ബീബി (38), അർജുന ബീബി (44) എന്നിവരാണ് അറസ്റ്റിലായത്.കഞ്ചാവ് ഓട്ടോയിൽ കടത്തിയ തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖ് (38) പിടിയിലായി.തിരൂർ എക്സൈസാണ് പ്രതികളെ പിടികൂടിയത്

കാരാളിമുക്കിലെ മോഷണം, സിസിടിവി ദൃശ്യം ലഭിച്ചു

കാരാളിമുക്ക്. ടൗണില്‍ കഴിഞ്ഞ പുലര്‍ച്ചെ നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു.

കാരാളി മുക്കിലെ അഞ്ചോളം കടകളിൽ പൂട്ട് തകർത്ത് അകത്തു കടന്ന് പണം ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നു. മുല്ലമംഗലം സ്റ്റോഴ്സ് , .ടെക്സറ്റയിൽസ് വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോസ്റ്റ്, ഭാരത് ബേക്കറി എന്നീ കടകളിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാക്കൾ കയറിയത്. കവർച്ച നടന്ന കടകളിൽ നിന്നും രണ്ടുലക്ഷത്തോളം രൂപയെങ്കിലും നാശനഷ്ടം വന്നു എന്നാണ് പ്രാഥമികമായി അറിയുന്നത്. മോഷണത്തിനിടയിൽ മോഷ്ടാവിന് മുറിവ് പറ്റി രക്തം വാർന്നതായി കാണുന്നുണ്ട്. മുല്ലമംഗലം സ്റ്റോഴ്സിന്റെ ഗ്ലാസ് ഡോർ അടിച്ചു തകർത്തപ്പോഴാണ് പരുക്ക് പറ്റിയത്. മോഷ്ടാവിന്‍റെ സിസി ദൃശ്യം ലഭിച്ചതില്‍ ഉദ്ദേശം 50 വയസുവരുന്ന മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചാണ് കൃത്യത്തിന് ഇറങ്ങിയത് എന്നുകാണാം. പതിവു കള്ളനാണ് എന്ന് ചലനങ്ങളില്‍ വ്യക്തമാണ്. സിസിടിവി മറയ്ക്കാനോ മുഖം നല്‍കാനോ ഇയാള്‍ ശ്രമിക്കുന്നില്ല .

ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു,
വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം കവർച്ച തടയുന്നതിനായി പോലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ പെട്രോളിങ് സംവിധാനം ഉണ്ടാകണമെന്ന് വ്യാപാരികൾ ആവശ്യപെടുന്നു.