24.4 C
Kollam
Wednesday 31st December, 2025 | 06:18:11 AM
Home Blog Page 2580

നിർത്തിയിട്ടിരുന്ന നാഷണൽ പെർമ്മിറ്റ്  ലോറിയുടെ ടയറുകൾ മോഷണം പോയി

ചാത്തന്നൂർ: റോഡ് സൈഡിൽ മെക്കാനിക്കൽ പണിക്കായി നിർത്തിയിട്ടിരുന്ന നാഷണൽ പെർമ്മിറ്റ്  ലോറിയുടെ ടയറുകൾ മോഷണം പോയി. കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ പാരിപ്പള്ളി ജംഗഷന് സമീപം 
തെറ്റികുഴിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ടയർ ആണ് മോഷണം പോയത്. പാരിപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു 

സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു

കൊല്ലം: മാധ്യമ പ്രവർത്തകരുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അതിനെ സർവ ശക്തിയുമുപയോഗിച്ച് ചെറുക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒപ്പിട്ട കരാറിന്റെ നഗ്നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം ഭരണകൂടത്തിന്റെ ഔദാര്യമായി മാറിയിരിക്കുന്നു. മാധ്യമ പ്രവർത്തകർ വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.
പാവപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി പാർലമെന്റിൽ സംസാരിക്കുന്ന അംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ്. കോർപ്പറേറ്റുകൾക്കു വേണ്ടി സംസാരിക്കാനാണ് ഭൂരിപക്ഷ അംഗങ്ങൾക്കും താല്പര്യം. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്ന അംഗങ്ങളെ പുച്ഛത്തോടെയാണ് കാണുന്നതെന്നും എംപി പറഞ്ഞു. അന്തരിച്ച മുതിർന്ന മാധ്യമ പ്രവർ ആകൾ യു വിക്രമന്റെ സഹധർമ്മിണി സീതാ വിക്രമനെ എംപി ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ് ആർ ശക്തിധരൻ അധ്യക്ഷനായിരുന്നു. കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു, കേരള ബാങ്ക് എക്സി. ഡയറക്ടര്‍ അഡ്വ. ജി ലാലു തുടങ്ങിയവര്‍ സംസാരിച്ചു. കെ രാജൻ ബാബു സ്വാഗതം പറഞ്ഞു. പി സി വിഷ്ണുനാഥ് എംഎല്‍എ അഭിവാദ്യപ്രസംഗം നടത്തി. സി വിമല്‍ കുമാര്‍ നന്ദി പറഞ്ഞു.
സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-വ്യവസായ മേഖലകളിൽ അതുല്യ സംഭാവന നൽകിയ ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാരെ മന്ത്രി ആദരിച്ചു.
എസ് ആര്‍ ശക്തിധരന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പി എ അലക്സാണ്ടര്‍ (പേട്രണ്‍), കെ ജനാര്‍ദനന്‍നായര്‍ (വര്‍ക്കിങ് പ്രസിഡന്റ്), കെഎച്ച്എം അഷറഫ്(ജനറല്‍ സെക്രട്ടറി), ജെ ആര്‍ പറത്തറ, ഉഷാ ശശി, രാജന്‍ബാബു (വൈസ് പ്രസിഡന്റുമാര്‍), സി ശിവന്‍, വി ആര്‍ രാജ്മോഹന്‍, സി പി സുരേന്ദ്രന്‍ (സെക്രട്ടറിമാര്‍), എം ടി ഉദയകുമാര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ടി 20 ലോകകപ്പ്: ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം

ബാർബഡോസ് :ടി20 ലോകകപ്പ് ഫൈനൽ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം.
ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി.വിരാട് കോലി 76 റൺസും അക്സർ പട്ടേൽ 47 റൺസും സമ്മാനിച്ചത് മികച്ച സ്കോറിലേക്ക് ഉയരാൻ ഇടയാക്കി.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഗ് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (9) റിഷഭ് പന്തിനെയും(0) സൂര്യ കുമാർ യാദവിനെയും (3) ഇന്ത്യക്ക് നഷ്ടമായി.
ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫിക്കായാണ് നിലകൊള്ളുന്നത്. ഇത്തവണ കിരീടം സ്വന്തമാക്കിയാല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം 2 ടി20 ലോകകപ്പ് സ്വന്തമാക്കിയവരുടെ എലൈറ്റ് പട്ടികയിലേക്ക് കയറും.

ശാസ്താംകോട്ട തടാകപരിധിയില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു: കളക്ടര്‍

നഗരത്തിലേയ്ക്കുള്ള പ്രധാന ശുദ്ധജലസ്രോതസായ ശാസ്താംകോട്ട തടാകം സംരക്ഷിക്കപ്പെടേണ്ട  പ്രാധാന്യം കണക്കിലെടുത്ത് തടാകപ്രദേശത്ത്  ഖനനവും  അനധികൃത-നിയമലംഘനപ്രവര്‍ത്തനങ്ങളും നിരോധിച്ചതായി ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.  നാല് മാസക്കാലത്തേയ്ക്കാണ് നിരോധനം.  പ്രദേശത്തെ ഖനനവും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും  നിരോധനത്തിന്റെ പരിധിയില്‍പ്പെടും.  ശാസ്താംകോട്ട പഞ്ചായതിലെ എട്ട്, ഒമ്പത്, 10, 11, 12,19 വാര്‍ഡുകളും പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലുമാണ് പ്രവര്‍ത്തനങഅങള്‍ക്ക് നിരോധനം.   ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും  വ്യക്തമാക്കി.

ഇനി മുതൽ വൈദ്യുതി ബില്‍ അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ അടയ്ക്കാൻ കഴിയില്ല

കെഎസ്ഇബി വൈദ്യുതി ബില്‍ അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് കേന്ദ്രങ്ങളിലൂടെ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
വൈദ്യുതി ബില്‍ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. പണമടക്കാനായി നിരവധി നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും പണമടയ്ക്കാവുന്നതാണ്.

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷം ജയിലില്‍; പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്.
സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.

കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയത് ‘പക്കി സുബൈർ’ എന്ന് സൂചന

ശാസ്താംകോട്ട:കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്നത് കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി സുബൈർ’ (49) എന്ന് സൂചന.വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി സ്വദേശിയായ ഇയ്യാൾ ഇപ്പോൾ ശൂരനാട് വടക്ക് തെക്കേമുറിയിലാണ് താമസമെന്ന് പറയപ്പെടുന്നു.സുബൈറിന്റെ ചിത്രവും വിലാസം അടക്കമുള്ള മറ്റ് വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്നാൽ ഇതിന് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് ലോട്ടറി എടുക്കുകയാണ് സുബൈറിന്റെ ഇഷ്ട വിനോദം.

മാരാരിത്തോട്ടത്തെ ദൃശ്യം

കാരാളിമുക്കിൽ മോഷണം നടത്തിയ ശേഷം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയ്യാൾ ട്രെയിൻ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി മാരാരിത്തോട്ടത്തെ പ്രമുഖ ഹോട്ടൽ വ്യവസായിയുടെ വീട്ടിൽ മോഷണം നടത്താനെത്തിയതും പക്കി സുബൈർ തന്നെയാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.ഇവിടെ മോഷണം നടന്നില്ലെങ്കിലും പ്രദേശവാസികൾ ജാഗരൂകരായിരിക്കണമെന്ന വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.കാരാളിമുക്കിൽ മോഷണം നടത്തിയതും മാരാരിതോട്ടത്ത് മോഷണത്തിനായി വീട്ടുപരിസരത്ത് എത്തിയതും ഒരാൾ തന്നെയാണെന്ന്
രണ്ടിടത്തു നിന്നും ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലും വ്യക്തമാണ്.ഏകദേശം 50 വയസുവരുന്ന മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചാണ് കൃത്യത്തിന് ഇറങ്ങിയത് ശനി പുലർച്ചെ 2 ഓടെയാണ് കാരാളിമുക്കിൽ മോഷണം നടന്നത്.മുല്ലമംഗലം സ്റ്റോഴ്സ്,ടെക്സറ്റയിൽസ്,വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോന്റ്,ഭാരത് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇടനേരം എന്ന റസ്റ്റോറന്റിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനുള്ള ശ്രമം വിജയിച്ചില്ല.മുല്ലമംഗലം ടെക്സറ്റയിൽസിൽ നിന്നും ഒരു ജോടി വസ്ത്രമാണ് കവർന്നത്.

ടി20 ലോകകപ്പ് ഫൈനൽ: ഇന്ത്യക്ക് ബാറ്റിങ്… തുടക്കം തകർച്ചയോടെ

ടി20 ലോകകപ്പ് ഫൈനൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യക്ക് ബാറ്റിംഗ്. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (9) റിഷഭ് പന്തിനെയും(0) സൂര്യ കുമാർ യാദവിനെയും (3) ഇന്ത്യക്ക് നഷ്ടമായി.
ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫിക്കായാണ് നിലകൊള്ളുന്നത്. ഇത്തവണ കിരീടം സ്വന്തമാക്കിയാല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം 2 ടി20 ലോകകപ്പ് സ്വന്തമാക്കിയവരുടെ എലൈറ്റ് പട്ടികയിലേക്ക് കയറും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

അക്കാഡമിക് കലണ്ടറിൻ്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ സംസ്ഥാന സർക്കാർ അടിച്ചേല്പിച്ചവ, ദേശീയ അധ്യാപക പരിഷത്ത്

കൊട്ടാരക്കര : അക്കാഡമിക് കലണ്ടറിൻ്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ സംസ്ഥാന സർക്കാർ അടിച്ചേല്പിച്ചവയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് പി. എസ് ഗോപകുമാർ.എൻ ടി യു സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത ക്ലസ്റ്റർ ബഹിഷ്കരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദേഹം.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ചും മുസ്ലീം കലണ്ടർ പ്രകാരമുള്ള വിദ്യാലയങ്ങളെ ഒഴിവാക്കിയും ഏകപക്ഷീയമായി ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയിരിക്കുകയാണ്. ഇത് നീതികരിക്കാൻ കഴിയില്ല. 

അധ്യാപകരുടെ ജോലി സമയം എന്നത് കേവലം ക്ലാസ് റും അധ്യയന സമയമല്ല. അതിന് പുറമേ എത്രയോ ഇരട്ടി സമയം പാഠാസൂത്രണം, സമഗ്രാസൂത്രണം, അക്കാഡമിക് മാസ്റ്റർ പ്ലാൻ, ചോദ്യപേപ്പർ തയാറാക്കൽ, മൂല്യനിർണ്ണയം, നോട്ട് ബുക്ക് പരിശോധന, വിവിധ മത്സര പരീക്ഷകൾക്കും മേളകൾക്കും വിദ്യാർത്ഥികളെ തയാറാക്കൽ, വിവിധ പോർട്ടലുകളിലേക്കുള്ള ഡേറ്റാ എൻട്രി തുടങ്ങിയവയ്ക്കായി അധ്യാപകർ നിലവിൽ ജോലി ചെയ്യുന്നുണ്ട്. ഇതൊക്കെ വിശദമായി പഠിച്ച ശേഷമാണ് അധ്യാപകരുടെ ക്ലാസ് റൂം ജോലി സമയം അഞ്ച് ദിവസം മതിയെന്ന നിഗമനത്തിലെത്തിയത്. ഈ കാര്യങ്ങളൊക്കെ അവഗണിച്ചാണ് സർക്കാർ ആറാം ദിവസം ക്ലസ്റ്റർ പരിശീലനം അടിച്ചേൽപ്പിച്ചത്. അധ്യാപകരുടെ നിരവധി ആനുകൂല്യങ്ങൾ കവർന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പി എസ് ഗോപകുമാർ വ്യക്തമാക്കി.
ക്ലസ്റ്റർ ബഹിഷ്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ കലണ്ടറിന്റെ കോപ്പി കത്തിച്ചായിരുന്നു പ്രതിേഷേധം.

എൻ ടി യു ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പി ആർ ഗോപകുമാർ ,ജില്ലാ സെക്രട്ടറി പി. എസ് ശ്രീജിത്ത്,ശരത് ശശി,ദീപ കുമാർ, വിശാൽ എം.ജി ,സനൂപ് ആർ നായർ, റെജികുമാർ ,ആർ. പ്രദീപ് ,ആർ ഹരികൃഷ്ണൻ ,ആതിര.പി അനിൽ,അമൃത രാജ്,അഞ്ചു കെ, സുചിത്ര ,അശ്വതി മോഹൻ, അഞ്ജലി രാജ്,അരുൺകുമാർ,ദിനേശ് എ.എസ്, എന്നിവർ സംസാരിച്ചു.

നിക്ഷേപകന്‍റെ ആത്മഹത്യ,ചെമ്പഴന്തി അഗ്രികൾച്ചറൽ സഹകരണസംഘം ബാങ്ക് പ്രസിഡന്റിനെതിരെ പ്രതിഷേധം

തിരുവനന്തപുരം. ചെമ്പഴന്തി അഗ്രികൾച്ചറൽ സഹകരണസംഘം ബാങ്ക് പ്രസിഡന്റിനെതിരെ പ്രതിഷേധം. ചിട്ടിപ്പണം കിട്ടാത്തതിനെ തുടർന്ന്
അണിയൂർ സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡന്റ് അണിയൂർ എം ജയകുമാർ പണം തിരിമറി നടത്തിയെന്നാണ് ആരോപണം. ജയകുമാറിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

രണ്ടരലക്ഷം രൂപയാണ് മരിച്ച ബിജുകുമാറിന് ബാങ്ക് നൽകാനുള്ളത്. മാസങ്ങളോളം ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇന്ന് പുലർച്ചെയാണ് ബാങ്ക് പ്രസിഡന്റ് അണിയൂർ എം ജയകുമാറിന്റെ പേരെഴുതിവച്ച് ബിജുകുമാർ ജീവനൊടുക്കിയത്. ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. വിവരം അറിഞ്ഞ് കൂടുതൽ നിക്ഷേപകർ ബാങ്കിലെത്തി.

പ്രതിഷേധം കടുത്തതോടെ ജോയിന്റ് രജിസ്ട്രാർ ഉൾപ്പെടെ സ്ഥലത്ത് എത്തി. അന്വേഷിച്ച് നടപടി എടുക്കും എന്ന് ഉറപ്പ് നൽകിയതോടെ ബന്ധുക്കൾ ബിജുകുമാറിന്റെ മൃതദേഹവുമായി മടങ്ങി.
അതേസമയം ബാങ്ക് പ്രസിഡണ്ട് അണിയൂർ എം ജയകുമാറിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു.കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തതത്. ബിജു കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിസിസിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.