ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അപകീര്‍ത്തി കേസില്‍ 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്.
13 വര്‍ഷം മുമ്പുള്ള കേസിലാണ് ഡല്‍ഹി കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ സക്‌സേനയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മ പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മേധാ പട്കര്‍ക്ക് ഓഗസ്റ്റ് ഒന്ന് വരെ കോടതി സമയം അനുവദിച്ചു.
പ്രതിയുടെ പ്രായവും അവശതകളുമെല്ലാം പരിഗണിച്ചാണ് കടുത്ത ശിക്ഷ നല്‍കാത്തതെന്ന് ജഡ്ജി പറഞ്ഞു. അതേസമയം സത്യത്തെ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്നും തങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയിട്ടില്ല. തങ്ങളുടെ ജോലി മാത്രമാണ് ചെയ്തതെന്നും മേധ പട്കര്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മേധ പറഞ്ഞു.
മേധാ പട്കര്‍ക്ക് അപകീര്‍ത്തി കേസില്‍ 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ
ലോകമെങ്ങുമുള്ള സർവകലാശാലകൾ പിന്തുടരുന്നത് നാല് വർഷ ബിരുദം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം:
ലോകമെങ്ങുമുള്ള സർവകലാശാലകൾ പിന്തുടരുന്നത് നാല് വർഷ ബിരുദമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങളൊരുക്കുന്ന നിലയിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ ഇല്ലെന്ന പ്രശ്‌നം പൂർണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് തുടക്കമായി. ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് വിജ്ഞാനോത്സവം ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞു
മുഴുവൻ കോളേജുകളിലും മൂന്ന് വർഷം കഴിയുമ്പോൾ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും താത്പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്‌സ്റ്റോൺ പ്രൊജക്ടുള്ള ഓണേഴ്‌സ് ബിരുദം നേടാനും റിസർച്ച് താത്പര്യമുള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന.
വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചവരില്‍ 4 പേരുടെ മൃതദേഹം കണ്ടെത്തി
ലക്‌നൗവിലെ ലോണാവാലയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചവരില്‍ 4 പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ദാരുണസംഭവം നടന്നത്. 5 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇവരില്‍ 3 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഒന്‍പതും നാലും വയസുള്ള രണ്ട് കുട്ടികളും ഒഴുക്കില്‍പെട്ടിരുന്നു. അവരില്‍ 9 വയസുകാരിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. നാലുവയസുള്ള കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണ്.
പൂണെ സ്വദേശികളായ 17 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ലോണാവാലയില്‍ എത്തിയത്. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു. വെള്ളം കുതിച്ചുവരുന്നതും അതിന് നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 10 പേര്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതായിരുന്നു. രക്ഷപ്പെടുത്താന്‍ കരയിലുള്ളവര്‍ ശ്രമം നടത്തവേ, അവരുടെ കണ്‍മുന്നിലൂടെയാണ് ഈ കുടുംബം ഒലിച്ചു പോയത്.
ജൂലൈ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.
അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂലൈ മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ജൂലൈ 03: ബെഹ് ഡീന്‍ഖ്‌ലാം (മേഘാലയ)
ജൂലൈ 06: MHIP ദിനം (മിസോറാം)
ജൂലൈ 07: ഞായറാഴ്ച
ജൂലൈ 08: കാങ് രഥജാത്ര ( മണിപ്പൂര്‍)
ജൂലൈ 09: ദ്രുക്പ ത്ഷെ-സി (സിക്കിം)
ജൂലൈ 13: രണ്ടാം ശനിയാഴ്ച
ജൂലൈ 14: ഞായറാഴ്ച
ജൂലൈ 16: ഹരേല ( ഉത്തരാഖണ്ഡ്)
ജൂലൈ 17: മുഹറം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ക്ക് അവധി
ജൂലൈ 21: ഞായറാഴ്ച
ജൂലൈ 27: നാലാം ശനിയാഴ്ച
ജൂലൈ 28: ഞായറാഴ്ച
ഗൈനക്കോളജിസ്റ്റിന്റെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍… ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഉണ്ണി മുകുന്ദന്‍ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
സാമൂഹിക പ്രസക്തിയുള്ള ചിത്രം ഫാമിലി എന്റര്‍ടെയ്‌നറായാണ് ഒരുങ്ങുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍എല്‍പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്നുവീണു; ഒരാൾ മരിച്ചു
മണിപ്പൂർ: പുതുതായി നിർമിച്ച പാലം തകർന്നുവീണ് ഒരാൾ മരിച്ചു. ഇംഫാൽ നദിക്ക് കുറുകെയുള്ള ബെയ്‌ലി പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടം. ട്രക്ക് ബെയ്‌ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ പാലം തകർന്നുവീഴുകയായിരുന്നു.
അപകടസമയത്ത് ട്രക്കിൽ നാല് പേരാണുണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്ന് പേർ എടുത്ത് ചാടി. എന്നാൽ ട്രക്കിനുള്ളിൽ കുടുങ്ങിപ്പോയ എംഡി ബോർജോവോ(45) എന്നയാൽ മരിക്കുകയായിരുന്നു.
പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സാങ്കേതിക തകരാർ മൂലമാകാം പാലം തകർന്നതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
അമ്പലത്തുംഭാഗം അശ്വതിയിൽ റിട്ട.പഞ്ചായത്ത് സീനിയർ സൂപ്രണ്ട്സി.എൻ മോഹനചന്ദ്രൻപിള്ള നിര്യാതനായി
പോരുവഴി:അമ്പലത്തുംഭാഗം അശ്വതിയിൽ റിട്ട.പഞ്ചായത്ത് സീനിയർ സൂപ്രണ്ട് സി.എൻ മോഹനചന്ദ്രൻപിള്ള (62) നിര്യാതനായി.സംസ്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.ഭാര്യ:ശ്രീജയ (റിട്ട.അധ്യാപിക,ജെ.ജെ.വി.എച്ച്.എസ്.എസ്,അമ്പലത്തുംഭാഗം).മക്കൾ:
വിപിൻ ചന്ദ്രൻ (ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ,ചേർത്തല),വിനയ് ചന്ദ്രൻ (പോസ്റ്റ് മാസ്റ്റർ,ചെറുപൊയ്ക).
ഇടയ്ക്കാട് ആൽത്തറവിളയിൽ രവീന്ദ്രൻ പി നിര്യാതനായി
പോരുവഴി: ഇടയ്ക്കാട് ആൽത്തറവിളയിൽ രവീന്ദ്രൻ.പി (78) നിര്യാതനായി. ഭാര്യ:ഓമന.മക്കൾ:
സുനിൽകുമാർ,അനിൽകുമാർ,
ബിജുകുമാർ.മരുമക്കൾ:ജയശ്രി.പി,ബീന.എസ്,വിനയറാണി.വി.
സഞ്ചയനം:ശനിയാഴ്ച രാവിലെ 7 മണിയ്ക്ക്.
വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതകത്തിൻ്റെ വില കുറച്ചു
ന്യൂഡെല്‍ഹി. രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതകത്തിൻ്റെ വില കുറച്ചു. 19 കിലോഗ്രാം സിലണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ ഒരു സിലണ്ടറിന് 1665 രൂപയാണ് ഇന്നത്തെ വില. വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചത് ഹോട്ടൽ മേഖലയ്ക്കാണ് ഏറെ ആശ്വാസമായത്. വിലകയറ്റം രൂക്ഷമായതോടെ പാചകവാതകത്തിൻ്റെ വില കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അതെ സമയം ഗാർഹിക ഉപയോഗത്തിനുള്ള സിലണ്ടറുകളുടെ വില കുറച്ചിട്ടില്ല
പോലീസുകാരുടേത് നരക ജീവിതമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം.പൊലീസ് സേനയിലെ വർധിച്ചുവരുന്ന ആത്മഹത്യ, അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലമെന്ന് പ്രതിപക്ഷം നിയമസഭയിൽ. എട്ടു മണിക്കൂർ ഡ്യൂട്ടി പൊലീസുകാർക്ക് സ്വപ്നം കാണാൻ പോലും കഴിയുന്നില്ലെന്നും പോലീസുകാരുടേത് നരക ജീവിതമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പോലീസിൽ ജോലിഭാരവും മാനസിക സമ്മർദ്ദവും ഉണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി എന്നാൽ ആത്മഹത്യകൾക്ക് കാരണം അത് മാത്രമല്ലെന്നും വിശദീകരിച്ചു. പോലീസ് സേനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് ഗൗരവമായി പരിശോധിക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി വിഷയം ലഘൂകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
അമിത ജോലിഭാരം , മാനസിക സമ്മർദ്ദം ഒപ്പം
പോലീസിലെ നിയമന നിരോധനവും രാഷ്ട്രീയ ഇടപെടലും ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് പ്രതിപക്ഷം
നിയമസഭയിൽ. ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ജോബീദാസിൻ്റെ അവസാനക്കുറിപ്പ് വായിച്ചാണ് അടിയന്തര പ്രമേയ അവതാരകൻ പി സി വിഷ്ണുനാഥ് വിഷയത്തിൻ്റെ ഗൗരവം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
മാനസിക സമ്മർദവും ജോലിഭാരവും പോലീസുകാർ നേരിടുന്നുവെന്നത് മറച്ച് വെയ്ക്കാതെ മുഖ്യമന്ത്രിയുടെ മറുപടി.പോലീസ് സ്റ്റേഷനുകളിൽ ബാഹ്യ ഇടപെടലുകൾ ഇല്ലെന്നും എട്ട് മണിക്കൂർ ജോലി എന്നത് പോലീസിൽ പലപ്പോഴും സാധ്യമല്ലെന്നും മുഖ്യമന്ത്രി.
പോലീസിലെ രാഷ്ട്രീയ ഇടപെടലാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്രിമിനലുകൾക്ക് രാഷ്ട്രീയ രക്ഷകർതത്വം കൊടുക്കുകയാണെന്നും വിമർശനം.
അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.





































