ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു. ഇന്നു രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു ചടങ്ങ്.
ശ്രീവത്സം അതിഥിമന്ദിര വളപ്പില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമര്‍പ്പണം നടത്തി. ശിലാഫലകം അനാച്ഛാദനം ചെയ്തു. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് നിലവിളക്കില്‍ ദീപം പകര്‍ന്നു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ശില്‍പി എളവള്ളി നന്ദന്‍, കേശവന്റെ പ്രതിമാ നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ച മണികണ്ഠന്‍ നായരും കുടുംബവും ,ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ ,ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. കേശവന്‍ പ്രതിമ നവീകരിച്ച ശില്‍പി എളവള്ളി നന്ദനും വഴിപാടുകാരനായ മണികണ്ഠന്‍ നായര്‍ക്കും ദേവസ്വം ചെയര്‍മാന്‍ ഉപഹാരം നല്‍കി.
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നവീകരിച്ച പ്രതിമ സമര്‍പ്പിച്ചു
മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധം
വയനാട് .മാനന്തവാടിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരൻ വടകര സ്വദേശി സൽമാൻ വടക്കൻ കേരളത്തിലെ പോലീസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് സമഗ്രമായാ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു
കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ 3 അംഗ സംഘം പോലീസിന്റെ വലയിലാക്കുന്നത്. വടകര സ്വദേശികളായ ആസിഫ്, റസാഖ്, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. എന്നാൽ പ്രതികൾക്ക് പോലീസുമായി അടുത്ത ബന്ധമെന്ന സൂചനകളാണ് പുറത്തു വരുന്നത്.കുഴൽപ്പണക്കടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയമുണ്ട്
കുഴൽപ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സൽമാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു.
വടക്കൻ കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടതെന്നുമാണ് ഫോൺ വിശദാംശങ്ങളിലെ കണ്ടെത്തൽ.വാട്ട്സാപ് ചാറ്റുകൾ അടക്കം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ കടന്നിരിക്കുന്നത്
മൂന്നു കോടി 15 ലക്ഷത്തി 11,500 രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ച നിലയിലായിരുന്നു
കുറവാ സംഘം നടത്തിയ മോഷണ കേസിലെ മുഖ്യപ്രതി 17 വർഷത്തിനുശേഷം പിടിയിൽ
ഇടുക്കി. കുമളിയിൽ കുറവാ സംഘം നടത്തിയ മോഷണ കേസിലെ മുഖ്യപ്രതി 17 വർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് തേനി ജില്ലയിലെ തിരുട്ടു ഗ്രാമം എന്നറിയപ്പെടുന്ന കാമാക്ഷിപുരത്ത് നിന്നാണ് ചോളയപ്പൻ എന്നയാളെ പിടികൂടിയത്. തിരുട്ടു ഗ്രാമത്തിലെ ആളുകളുടെ ശക്തമായ എതിർപ്പിനിടെ പ്രതിയെ കസ്റ്റഡിയിലെടുത്തത് സാഹസികമായാണ്.
2008 – ൽ കുമളി ചക്കുപള്ളത്ത് വീടിൻറെ പിൻവാതിൽ കുത്തിതുറന്ന് അകത്തുകയറിയ ശേഷം സ്ത്രീയുടെ മാല പൊട്ടിക്കുകയും പണം കവരുകയും ചെയ്ത സംഭവം നടന്നിരുന്നു. തിരുട്ട് ഗ്രാമത്തിലെ ചോളയപ്പൻ ഉൾപ്പെടുന്ന കുറുവ സംഘവുമാണിതിനു പിന്നിലെന്ന് പോലീസ് അന്ന് കണ്ടെത്തിയതാണ്. സംഘാംഗങ്ങളിൽ ചിലരെ മറ്റ് സ്ഥലങ്ങളിലെ മോഷണ കോസുമായി ബന്ധപ്പെട്ട് നേരത്തെ പിടികൂടി. എന്നാൽ ഒളിവിൽ കഴിഞ്ഞിരുന്ന ചോളയപ്പനെ പിടികൂടാൻ ആയിരുന്നില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചോളയപ്പൻ കഴിഞ്ഞ ദിവസം കാമാക്ഷി പുരത്തെത്തിയതായി പോലീസിന് മനസ്സിലായി. തുടർന്ന് കുമളി എസ്എച്ചഒ അഭിലാഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ചോളയപ്പനേ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികൾ ഒത്തു ചേർന്ന് പോലീസിനെ തടഞ്ഞു. തുടർന്ന് തമിഴ്നാട് പോലീസിൻറെ സാഹായവും തേടി. മുട്ടം, തൊടുപുഴ, പാലാ, മണിമല, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിലും ചോളയപ്പനെതിരേ കേസുകൾ ഉണ്ട്.
ലഹരിമരുന്നുമായി 20 പേർ പിടിയിൽ
കൊച്ചി. ലഹരിമരുന്നുമായി 20 പേർ പിടിയിൽ.ഇന്നലെ പൊലീസിന്റെ രാത്രി പരിശോധനയിലാണ് നടപടി. കോഴിക്കോട് രാമനാട്ടുകരയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിലായി.45 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശിയാണ് പിടിയിലായത്.
സംസ്ഥാനത്തെ എക്സൈസിന്‍റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ ലഹരി ഒഴുക്ക് തടയാൻ പരിശോധകൾ തുടരുകയാണ്.ഇന്നലെ കൊച്ചിൽ മാത്രം ലഹരിമരുന്നുമായി പിടിയിലായത് 20 പേരാണ്. കൂടാതെ മദ്യപിച്ച് വാഹനമോടിച്ച 117 പേരും ,പൊതുസ്ഥലത്ത് മദ്യപിച്ചതിന് 21 കേസുകൾ രജിസ്റ്റർ ചെയ്തു.പൊലീസിന്റെ രാത്രി പരിശോധനയിലാണ് നടപടി.അതെ സമയം കോഴിക്കോട് രാമനാട്ടുകര
നിസരി ജംഗ്ഷനിൽ നിന്ന് 45 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം ഒളവട്ടൂർ സ്വദേശി ഷാഫി പിടിയിലായി.KL 11 BF 1947 നമ്പർ കാറിൽ വന്ന ഷാഫിയെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്.ഇയാളുടെ ജ്യേഷ്ഠൻ ഷെഫീഖ് എംഡിഎംഎ കേസ്സിൽ വിയ്യൂർ ജയിലിൽ കഴിഞ്ഞു വരികയുമാണ്
കെട്ടടങ്ങുന്നില്ല കുന്നത്തൂർ സിപിഎമ്മിലെ കലഹം;നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥി ആദർശ് യശോധരൻ
കുന്നത്തൂർ:പഞ്ചായത്ത് പ്രസിഡൻ്റും ബ്രാഞ്ച് സെക്രട്ടറിയുമടക്കം അൻപതോളം പേർ പാർട്ടി വിട്ട കുന്നത്തൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സിപിഎം നേതൃത്വം ഇടപെട്ട് താത്ക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും താഴെക്കിടയിൽ അസ്വാരസ്യങ്ങൾ പുകയുന്നത് തലവേദന സൃഷ്ടിക്കുന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വത്സലകുമാരിയുടെ വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷിനെ മത്സരിപ്പിക്കാൻ നേതൃത്വം രംഗത്ത് എത്തിയതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.വാർഡിലെ യുവനേതാവായ ആദർശ് യശോധരനെ രംഗത്ത് ഇറക്കണമെന്നതായിരുന്നു വാർഡ് കമ്മിറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനം.ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കവേ നേതൃത്വം ബിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വാർഡ് കമ്മിറ്റി ഒന്നാകെ രാജിവച്ചത്.പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും തമ്മിൽ ഭരണത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ നിലനിന്ന അനൈക്യതയും പോരുമാണ് രാജിക്ക് പിന്നിലുള്ള മറ്റൊരു കാരണം.രാജിവച്ചവർ ആദർശ് യശോധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാൽ അതേ ദിവസം രാത്രിയിൽ തന്നെ നേതൃത്വം ഇടപെട്ട് പ്രസിഡൻ്റ് ഉൾപ്പെടെ എടുത്ത തീരുമാനം മരവിപ്പിച്ചു.ഇതിന് പിന്നിൽ യുവനേതാവിനെതിരെ പാർട്ടിക്ക് മുൻപ് ലഭിച്ച പരാതി പരസ്യമാക്കുമെന്നും നടപടികളിലേക്ക് നീങ്ങുമെന്നുമുള്ള നേതൃത്വത്തിൻ്റെ ഭീഷണിയാണെന്നും പറയപ്പെടുന്നു.തുടർന്ന് അടുത്ത ദിവസം യുവ നേതാവിൻ്റെ പിതൃസഹോദരി കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റും മറ്റ് ഭാരവാഹികളും ഒരുമിച്ചെത്തിയാണ് ബിനേഷ് പത്രിക നൽകിയത്.ഇതോടെ പ്രശ്നങ്ങൾ കെട്ടടങ്ങി എന്നായിരുന്നു പാർട്ടിയുടെ ധാരണ.എന്നാൽ തങ്ങൾ പിന്മാറിയിട്ടില്ലെന്നും തുറന്ന പോരിന് തന്നെയാണെന്നുമുള്ള സൂചനകൾ നൽകി കൊണ്ട് ആദർശ് യശോധരൻ നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസം പത്രിക നൽകുകയായിരുന്നു.സിപിഎം വിമത സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രചരണം അവസാനഘട്ടത്തിലാണ്.അതിനിടെ പത്രിക പിൻവലിപ്പിക്കാൻ വലിയ സമ്മർദ്ദമുണ്ടെങ്കിലും തയ്യാറല്ലെന്ന നിലപാടിലാണ് ആദർശ്.
ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കുന്നത്തൂർ പടിഞ്ഞാറ് ഇളമണ്ണ് വീട്ടിൽ മങ്ങാട്ട് എൻ.കരുണാകരൻ പിള്ള നിര്യാതനായി
കുന്നത്തൂർ:ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ
കുന്നത്തൂർ പടിഞ്ഞാറ് ഇളമണ്ണ് വീട്ടിൽ മങ്ങാട്ട് എൻ.കരുണാകരൻ പിള്ള (90) നിര്യാതനായി.ഭാര്യ:സരോജിനി പിള്ള.മക്കൾ:ഹരിസുതൻപിള്ള (റിട്ട.സൂപ്രണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്),ശ്രീകുമാർ.കെ (റീജിയണൽ ഹെഡ്,ഐഎഫ്എഫ് ഫിനാൻസ്,ജയ്പൂർ),ഗോപകുമാർ.കെ (ടീച്ചർ,ജയജ്യോതി വിഎച്ച്എസ്എസ്,അമ്പലത്തുംഭാഗം). മരുമക്കൾ:അഗ്നിജ പി.ആർ.എസ് (ബിആർസി,ചവറ),മായാ ശ്രീകുമാർ (ടീച്ചർ,സെൻ്റ് ആൻഡ്രൂസ് എച്ച്എസ്എസ് ജയ്പൂർ),മഞ്ജു ബി.എസ് (ടീച്ചർ, ഡിവിഎൻഎസ്എസ് എച്ച്എസ്എസ്,പൂവറ്റൂർ).സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
ഫോൺ വാങ്ങി നൽകിയില്ല: പെൺകുട്ടിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി
മാതാപിതാക്കൾ ഫോൺ വാങ്ങി നൽകാത്തതിന്റെ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം . ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
ചങ്കാപൂർ ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള ചേരിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. എട്ടാം ക്ലാസുകാരി ഗെയിം കളിക്കാൻ മാതാപിതാക്കളോട് ഒരു ഫോൺ വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചു. ഇതിൽ മനംനൊന്ത് വീട്ടിൽ തനിച്ചായിരുന്നപ്പോൾ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.
അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.
തൃശൂർ മൃഗശാലയിൽ കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി
തൃശൂർ മൃഗശാലയിൽ കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് കടുവ ചത്തത്. മൃഗശാലയിലെ ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു.
തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായിൽ ഭക്ഷണം വച്ചുകൊടുത്തു ഫീഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന ഷിരാജ് രാത്രിയോട് കൂടി ചത്തു.ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വച്ചു കടുവയെ പിടികൂടുന്നത്. ഈ സമയം, ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസുണ്ട്.
കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു
കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത് . കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.









































