Home Blog Page 2312

നാട് നടുങ്ങി, ആഹ്ളാദം തുളുമ്പിയ വിവാഹാഘോഷം കണ്ണീരിനുവഴിമാറി

കാസര്‍കോട്. കാഞ്ഞങ്ങാട് റയില്‍വെസ്റ്റേഷനില്‍ ഇന്നലെ രാത്രി നടന്ന ദുരന്തം നാടിനെ നടുക്കി. ആഹ്ളാദം തുളുമ്പിയ വിവാഹാഘോഷം കണ്ണീരിനുവഴിമാറിയത് ബന്ധുക്കളെ മാത്രമല്ല നാടിനെയും പിടിച്ചുലച്ചു.

ചിങ്ങവനം പാലക്കുടി വീട്ടില്‍ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂര്‍ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണ് ഇന്നലെ രാത്രി 7.10ന് കണ്ണൂര്‍ ഭാഗത്തു നിന്നെത്തിയ കോയമ്ബത്തൂര്‍-ഹിസാര്‍ എക്‌സ്പ്രസ് ട്രെയിനിടിച്ച് മരിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഇവരുള്‍പ്പെടെയുള്ള 52 അംഗ സംഘം കാഞ്ഞങ്ങാട് എത്തിയത്. വിവാഹത്തില്‍ പങ്കെടുത്ത ശേഷം മലബാര്‍ എക്‌സ്പ്രസില്‍ തിരിച്ച് കോട്ടയത്തേക്ക് മടങ്ങാനായി റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വധുവിന്റെ മുത്തശ്ശി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

ശനിയാഴ്ച രാവിലെ മലബാര്‍ എക്‌സ്പ്രസിലാണ് 52 പേര്‍ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് എത്തിയത്. ഇവിടെനിന്നു ബസില്‍ കള്ളാറിലേക്ക് പോകുകയായിരുന്നു. കള്ളാര്‍ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി. ബസിന് സ്റ്റേഷനില്‍ തിരിയാനുള്ള ഇടമില്ലാത്തതിനാല്‍ ട്രോളി പാത്തിന് സമീപത്താണ് ബസ് നിര്‍ത്തി ആളുകളെ ഇറക്കിയത്.

ബസ് ഇറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് പോയി. പിന്നാലെ എത്തിയവര്‍ ട്രെയിന്‍ വരുന്നത് ഒന്നാം പ്ലാറ്റ്‌ഫോമിലാണെന്ന് ഇവരെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് തിരികെ വരാന്‍ പാളം മറി കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തു നിന്നെത്തിയ കോയമ്ബത്തൂര്‍-ഹിസാര്‍ എക്‌സ്പ്രസ് ട്രെയിന്‍ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിലവിളിയും ഒച്ചയും കേട്ടു കൂടെയുണ്ടായിരുന്നവര്‍ ഭയന്നു. ആരൊക്കെയാണ് അപകടത്തില്‍ പെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കള്‍ പകച്ചുനിന്നു.

പിന്നീടാണ് സംഭവസ്ഥലത്തു നിന്നു 150 മീറ്റര്‍ അപ്പുറത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നു പേരുടെയും ശരീരം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരുന്നു. ശരീരഭാഗങ്ങള്‍ ചിലത് മംഗളൂരു ജംക്ഷനില്‍ നിന്നും കണ്ടെത്തി. ഹിസാര്‍ എക്‌സ്പ്രസിന് കണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നെ സ്റ്റോപ് ഉള്ളത് മംഗളൂരു ജംക്ഷനില്‍ മാത്രമാണ്. കള്ളാര്‍ അഞ്ചാലയിലെ ജോര്‍ജ് തെങ്ങുംപള്ളിയുടെ മകന്‍ ജസ്റ്റിന്‍ ജോര്‍ജിന്റെയും കോട്ടയം ചിങ്ങവനം പേരൂരിലെ മാര്‍ഷയുടെയും വിവാഹ ചടങ്ങുകള്‍ക്കാണ് സംഘം എത്തിയത്. വിവാഹ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ മലബാര്‍ എക്‌സ്പ്രസില്‍ തന്നെ കോട്ടയത്തേക്ക് മടങ്ങി.

സംഭവത്തെ തുടര്‍ന്നു മലബാര്‍ എക്‌സ്പ്രസ് കോട്ടക്കുളം സ്റ്റേഷനില്‍ പിടിച്ചിട്ടു. പിന്നീട് 8.15ന് ആണ് ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. 3 ആംബുലന്‍സുകളിലായാണു ശരീരഭാഗങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കലക്ടര്‍ ഇടപെട്ട് രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള നടപടി സ്വീകരിച്ചു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡി.ശില്‍പ കാഞ്ഞങ്ങാടെത്തി.

കോട്ടയം സ്വദേശി ബിജു എബ്രഹാമിന്റെ മകളുടെ വിവാഹമാണ് ശനിയാഴ്ച കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ നടന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മകളെ വരന്റെ വീട്ടിലാക്കി സന്തോഷത്തോടെ മടങ്ങുമ്‌ബോഴാണ് കൂടെ വന്നവരുടെ ദാരുണാന്ത്യം. വിവാഹ സംഘത്തിലെ മറ്റുള്ളവരെ മലബാര്‍ എക്‌സ്പ്രസില്‍ കയറ്റി വിട്ടശേഷം ഇദ്ദേഹം തുടര്‍ നടപടികള്‍ക്കായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. അതിഥികളായെത്തിയവര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ പരിചയമില്ലാത്തതും അപകടത്തിന് കാരണമായി. സ്റ്റേഷന്റെ വടക്കുഭാഗത്ത് മേല്‍നടപ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മേല്‍നടപ്പാലം ഉണ്ടായിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കില്ലായിരുന്നു.

നിപ, നടപടിക്ക് കാത്ത് അധികൃതര്‍

മലപ്പുറം. നടുവത്തെ നിപ സംശയം മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ
ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. നിപ സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും

പത്തനംതിട്ടയിൽ നിന്ന് കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി

പാലാ.ഇന്നലെ പത്തനംതിട്ടയിൽ നിന്ന് കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി. നോയൽ ആൻറണിയെ കണ്ടെത്തിയത് കാഞ്ഞിരപ്പള്ളിയിൽ നിന്ന്. അമ്മയുടെ കുടുംബവീട്ടിൽ കുട്ടി എത്തുകയായിരുന്നു. കഴിഞ്ഞദിവസം സഹോദരിയുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് 15 കാരനെ കണ്ടെത്തിയത്

ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി

പത്തനംതിട്ട: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്ര കടവിലെത്തി. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും വഞ്ചിപ്പാട്ടിന്റെ താളം പാടിയാണ് തോണികൾ ആളന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലേക്ക് എത്തിയത്.
കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പരമ്പരാഗത രീതിയില്‍ കുത്തിയെടുത്ത നെല്ലുമായാണ് മാങ്ങാട്ട് ഭട്ടതിരിയും കാട്ടൂരിലെ അവകാശികളായ 18 കുടുംബങ്ങളിലെ അംഗങ്ങളും എത്തിയത്. പള്ളിയോടങ്ങളുടെ അകമ്പടിയിൽ പമ്പാനദിയിലൂടെ തിരുവോണത്തോണി പുലർച്ചെ അഞ്ചരയോടെ ആറന്മുള ക്ഷേത്രക്കടവിലെത്തി. തോണിയിൽ എത്തുന്ന വിഭവങ്ങളുമായാണ് ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കുക.
മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ , റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവർ തിരുവോണത്തോണിയെ യാത്രയക്കാനായി കാട്ടൂരിലെത്തിയിരുന്നു. പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ ഓണസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

ട്രെയിൻ തട്ടി മരിച്ച മൂന്ന് സ്ത്രീകളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാസർഗോഡ് .കാഞ്ഞങ്ങാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മൂന്ന് സ്ത്രീകളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (26) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടക്കുന്നതിനിടെ കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തട്ടുകയായിരുന്നു. മൂവരും ട്രാക്കിൽ കുടുങ്ങിയതാണ് അപകട കാരണം.

വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. കാസറഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കളെത്തി ഏറ്റു വാങ്ങി .

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഡയമണ്ട് ലീഗ്: ജാവലിനിൽ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം നഷ്ടമായത് ഒരു സെൻ്റിമീറ്ററിൻ്റെ വ്യത്യാസത്തിൽ

ബ്രസൽസ് : ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം കൈവിട്ടത് ഒരു സെൻ്റിമീറ്ററിൻ്റെ വ്യത്യാസത്തിൽ. 87.86 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡൽ നേടിയത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്ററുമായി മൂന്നാമതെത്തി. 2022-ൽ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടർച്ചയായി രണ്ടാം വർഷമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.
മൂന്നാം ശ്രമത്തിലാണ് നീരജ് 87.86 മീറ്റർ ദൂരം പിന്നിട്ടത്. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ 6 ത്രോകൾ. അതേസമയം, ആദ്യ ശ്രമത്തിൽ തന്നെ ആൻഡേഴ്സൻ പീറ്റേഴ്സ് 87.87 മീറ്റർ ദൂരം ഏറിഞ്ഞു. 87.87, 86.96, 85.40, 85.85, 84.11, 87.86 എന്നിങ്ങനെയായിരുന്നു പീറ്റേഴ്സിന്റെ ത്രോകൾ.
30,000 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷം രൂപ) ഡയമണ്ട് ലീഗ് ചാംപ്യൻമാ‍ർക്കുള്ള സമ്മാനത്തുക.

ഇന്ന് തിരുവോണം: ഏവർക്കും ‘ന്യൂസ് അറ്റ് നെറ്റി’ൻ്റെ ഓണാശംസകൾ

തിരുവനന്തപുരം:
മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഗതകാലസ്‌മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കും. ഉത്രാടപ്പാച്ചിലിന്റെ തിരക്കും അവസാനവട്ട ഒരുക്കങ്ങളും കഴിഞ്ഞ്‌ പൂക്കളമിട്ടും, ഓണക്കോടിയുടുത്തും സദ്യയുണ്ടും ഓണം ആഘോഷിക്കും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരവകുപ്പിന്റെ ഓണം വാരാഘോഷം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്‌. എങ്കിലും ന​ഗര–-ഗ്രാമ വ്യത്യാസമില്ലാതെ  ജനം ഓണത്തിരക്കിലമർന്നു.എല്ലാ മാന്യ വായനക്കാർക്കും ‘ന്യൂസ് അറ്റ് നെറ്റ് ‘ കുടുംബത്തിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

വനിതാ ഡോക്ടറുടെ കൊലപാതകം: അറസ്റ്റിലായ ആർ ജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിലിനെ ഇന്ന് റിമാൻറ് ചെയ്തേക്കും

കൊൽക്കൊത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിൽ ആർ ജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ,കേസ് ആദ്യം അന്വേഷിച്ച സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്ച്ചഒ) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സി ബി ഐ കസ്റ്റഡി അപേക്ഷ നൽകാനും സാധ്യതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇരുവരെയും സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കൊളേജിലെ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. മെഡിക്കൽ കോളേജിലെ ഉന്നതർ മുതൽ താഴെ തട്ടിലുള്ളവർവരെ കണ്ണികളാണെന്നും ആക്ഷേപമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ്‌ ഘോഷിനെതിരെ പല കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ഉന്നതസ്വാധീനംമൂലം എല്ലാം മുക്കിയിരുന്നതായും ആരോപണമുയർന്നിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന്‌ ഒരു തവണ ഇയാളെ സ്ഥലം മാറ്റിയെങ്കിലും വൈകാതെ തിരിച്ചെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്‌ജയ് റോയ് ഈ ചങ്ങലയിലെ പ്രധാന കണ്ണികളിൽ ഒരാളാണ്‌. പൊലീസിലെ സിവിൽ വളന്റിയർ ആയ സഞ്‌ജയ്‌ റോയ്‌ തൃണമൂൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ഉന്നത രാഷ്‌ട്രീയ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്‌. മുമ്പ് നാല്‌ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾക്ക് കോളേജ് അധികൃതരുമായും അടുത്ത ബന്ധമുണ്ട്. നാലു വർഷമായി ഇവിടെയുള്ള ഇയാൾക്ക്‌ സെക്യൂരിറ്റി വിഭാഗത്തിലാണ് ജോലിയെങ്കിലും മറ്റ്‌ വിഭാഗങ്ങളിലെ പ്രവർത്തനങ്ങളിലും ഇടപെടാറുണ്ടായിരുന്നു.

അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ദമ്പതികൾ മരണമടഞ്ഞു


ഡാളസ് : സ്പ്രിംഗ് ക്രീക്ക് – പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ  ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരണമടഞ്ഞത്.

എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ  ഏബ്രഹാം വർഗ്ഗീസിൻ്റെയും  അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് വിക്ടർ വർഗീസ്. വിക്ടർ വർഗ്ഗീസിനും  ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്.

ദമ്പതികളുടെ ഭൗതിക ശരീരം സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074) പൊതു ദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടി വരവും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 രാവിലെ 10 മണിക്ക് അതേ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഭൗതിക സംസ്കാരവും നടക്കും.