Home Blog Page 2239

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ ഇന്ന്

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ ഇന്ന്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര് മട്ടന്നൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും.എറണാകുളത്ത് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും

കേരളത്തില്‍ ഏഴ് ദിവസം മഴ

മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.കേരള – കർണാടക- തീരങ്ങളിൽ തുടരുന്ന മത്സ്യ ബന്ധന വിലക്ക് നിലനിൽക്കുന്നു.കേരള – കർണാടക- തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നുo സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി

കോഴിക്കോട്.പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്സ് വൺ വിദ്യാർഥി മുഹമ്മദ്‌ സിനാന് മർദനമേറ്റെന്നാണ് പരാതി. മുപ്പത്തോളം വരുന്ന പ്ലസ്സ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് ആരോപണം. പ്ലസ്സ് വൺ വിദ്യാർഥികൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത് ചോദ്യം ചെയ്താണ് മർദനം. സിനാൻ ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി

കാര്‍ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത് കൊട്ടാരക്കര സ്വദേശിയും സുഹൃത്തായ യുവതിയും

കോട്ടയം: കൈപ്പുഴമുട്ടില്‍ കാര്‍ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത് മഹാരാഷ്ട്രയില്‍ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിയും വനിതാ സുഹൃത്തും. രാത്രി വെള്ളത്തില്‍ വീണ് മുങ്ങിപ്പോയ കാര്‍ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കൊട്ടാരക്കര സ്വദേശിയും മഹാരാഷ്ട്ര താനേയില്‍ സ്ഥിര താമസക്കാരനുമായ ജെയിംസ് ജോര്‍ജ് (48) , സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സര്‍ജിയു(27)മാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളത്തെ കണക്ടിങ് ക്യാബില്‍ നിന്നാണ് ഇവര്‍ കാര്‍ വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന്, കുമരകത്ത് ഹൗസ് ബോട്ടില്‍ സര്‍വീസ് നടത്തുന്നതിനാണ് ഇവര്‍ എത്തിയിരുന്നത്.

ഇവിടെ എത്തിയ ശേഷം ഹൗസ് ബോട്ടില്‍ പോകുന്നതിനായി കാര്‍ ആറ്റിറമ്ബിലേയ്ക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കാറിനുള്ളില്‍ ഒരു കുട്ടി കൂടി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്താണ് രണ്ടു പേരെയും പുറത്ത് എടുത്തത്. അതുകൊണ്ടു തന്നെ കാറിനുള്ളില്‍ മറ്റാരും ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്.

ദിശയറിയാതെ കാര്‍ ഓടിച്ച് വെള്ളത്തില്‍ വീണാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. മഹാരാഷ്ട്രയിലെ താനയില്‍ നിന്നും അവധി ആഘോഷിക്കാനും കുമരകം കാണാനുമാണ് ഇരുവരും എത്തിയത്. രണ്ടു പേരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴിയാണ് ആറ്റില്‍ വീണതെന്ന് നാട്ടുകാര്‍ പറയുന്നു.
കാറിന്റെ ഉള്ളില്‍ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടെത്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്.

രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെൽഹി :
രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെഡി നഡ്ഡ. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം 2024-25ൽ 766 ആയി ഉയരും. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നതെന്നും നഡ്ഡ അറിയിച്ചു

കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98 ശതമാനം വർധനവുണ്ടായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2013-14ൽ 387 ആയിരുന്നു മെഡിക്കൽ കോളേജുകളുടെ എണ്ണം.

ബിഹാറിൽ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സർക്കാർ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും നഡ്ഡ പറഞ്ഞു. 2024 ഓഗസ്റ്റ് 12ന് ബിഹാർ സർക്കാർ 150.13 ഏക്കർ കൈമാറിയതോടെ എയിംസ് ദർബംഗയുടെ കാര്യത്തിലുള്ള പ്രശ്‌നം പരിഹരിച്ചെന്നാണ് മന്ത്രി അറിയിച്ചത്.

പൂരം റിപ്പോർട്ട് കയ്യിൽ കിട്ടിയാൽ തുടർനടപടി, മുഖ്യമന്ത്രി

തൃശ്ശൂർ. പൂരം കലക്കിയതിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം റിപ്പോർട്ട് കയ്യിൽ കിട്ടിയാൽ തുടർനടപടി എന്ന മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനം നടത്തിയ മുഖ്യമന്ത്രി റിപ്പോർട്ടിന്റെ ഭാഗമായി ഇപ്പോൾ വരുന്ന വാർത്തകൾ തള്ളി.


അഴീക്കോടൻ രാഘവൻ അനുസ്മരണ വേദിയിലായിരുന്നു തൃശൂർ പൂരം വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. പൂരം കലക്കിയെന്ന പരാതി ഉയർന്നപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടു. എഡിജിപി സമർപ്പിച്ച റിപ്പോർട്ട് നാലുദിവസത്തിനകം തൻറെ അടുത്ത് എത്തുമെന്നും തുടർനടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ.

പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയതും അതിരൂക്ഷ വിമർശനം.

മാധ്യമ വാർത്തകൾക്ക് പിന്നാലെ റിപ്പോർട്ട് തള്ളിയ സിപിഐക്കെതിരെയും മുഖ്യമന്ത്രിയുടെ ഒളിയമ്പ്. നാലുദിവസം കൂടി കാത്തിരിക്കണം എന്നായിരുന്നു മറുപടി.

തൃശ്ശൂർ പൂരത്തിന് ശേഷം ആദ്യമായാണ് തൃശ്ശൂരിലെ പൊതുയോഗത്തിൽ പൂരം വിവാദ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി നൽകുന്നത്.

കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ വെള്ളത്തിൽ വീണു

കുമരകം. കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ വെള്ളത്തിൽ വീണു. കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ വെള്ളത്തിൽ വീണു നാട്ടുകാര്‍ വന്‍ പരിശ്രമം നടത്തി കാര്‍ കരക്ക് അടുപ്പിച്ചു രണ്ടുപേരെ ആശുപത്രിയിലേക്കുമാറ്റി, ഒരാളെ കാണാതായെന്ന് സംശയം. രാത്രി എട്ടരയോടെയാണ് സംഭവം.

കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ഓടിയെത്തിയാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. കാറിൻറെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണു .

നാട്ടുകാർ നിരവധിപേർ തോട്ടിൽ പരിശോധന നടത്തുകയാണ്.

തലയില്‍ മരംവീണ് മരംവെട്ട് തൊഴിലാളി മരിച്ചു

ചാത്തന്നൂര്‍: മരം മുറിയ്ക്കുന്നതിനിടയില്‍ അടയ്ക്കാമരം തലയില്‍ വീണ് മരംവെട്ട് തൊഴിലാളി മരിച്ചു. എംസി പുരം ആരാധനയില്‍ വട്ടവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ രാജു (48) ആണ് മരിച്ചത്. കാരംകോട് വാര്‍ഡിലെ കോതേരി ജങ്ഷന് സമീപമുള്ള വീട്ടില്‍ അടയ്ക്കാമരം മുറിയ്ക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്ന ജോലിക്കാര്‍ ഉടന്‍ തന്നെ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. ഭാര്യ: അശ്വതി. മക്കള്‍: അഖില, അഖിലേഷ്.

നഴ്സറി വിദ്യാർഥിനികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

മുംബൈ. ബദലാപ്പൂരിൽ നഴ്സറി വിദ്യാർഥിനികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. അക്ഷയ് ശിൻഡെ എന്നയാളെയാണ് കൊന്നത്. വാനിൽ കൊണ്ടുപോകവെ പ്രതി റിവോൾവർ തട്ടിപ്പറിച്ച് പൊലീസുകാർക്ക് നേരെ വെടിയുതിർത്തെന്ന് പൊലീസ് പറയുന്നു. ഇതിനെ ചെറുക്കുന്നതിനിടെ പ്രതിയെ വെടിവച്ച് കൊന്നെന്നാണ് വിശദീകരണം. ബദലാപ്പൂരിലെ സ്കൂളിൽ കഴിഞ്ഞമാസമാണ് കുട്ടികൾ പീഢനത്തിനിരയായ വിവരം പുറത്ത് വന്നത്. ട്രെയിൻ തടയലടക്കം വൻ പ്രതിഷേധമാണ് പിന്നീടുണ്ടായത്. സ്കൂളിലെ ജീവനക്കാരനായ അക്ഷയ് ശിൻഡെയെ പൊലീസ് പിന്നാലെ പിടികൂടി. തലോജ ജയിലിലായിരുന്ന പ്രതിയെ താനെയിലേക്ക് കൊണ്ടുവരവെയാണ് ഇന്ന് വെടിവയ്പുണ്ടായത്.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എടിഎം സ്ഥാപിക്കും, കൊടിക്കുന്നിൽ സുരേഷ് എംപി

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എടിഎം സ്ഥാപിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി ഉപയോഗിക്കുന്ന ഈ സ്റ്റേഷനിൽ എടിഎം സ്ഥാപിക്കണമെന്ന ആവശ്യത്തിന് ശേഷമായാണ് തീരുമാനം. കൊടിക്കുന്നിൽ സുരേഷ് എംപി ഇതുമായി ബന്ധപ്പെട്ട് തിരുവന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്കു കത്തു നൽകിയിരുന്നു. തുടർന്നുള്ള നടപടികളായി റെയിൽവേ താൽപ്പര്യമുള്ള സേവനദാതാക്കളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

അതിനുപുറമേ, സ്റ്റേഷനിലേക്കുള്ള റോഡിന്റെ അറ്റപ്പണികൾ, ലൈറ്റുകളുടെ സ്ഥാപനം, പ്ലാറ്റ്ഫോമിലെ കാടുകൾ വൃത്തിയാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന് നിർദ്ദേശങ്ങൾ നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.