Home Blog Page 2220

വീടാക്രമിച്ച് 30കാരിയെ തട്ടിക്കൊണ്ടുപോയി, ഭാര്യയെന്ന് അവകാശവാദം; ഒപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടി, വിരൽ അറ്റു

ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വേഴപ്ര പുതുപ്പറമ്പിൽ ബൈജു(37)വിനാണു തലയ്ക്കും പുറത്തും തോളിലും കൈയ്ക്കും വെട്ടേറ്റത്. ബൈജുവിന്റെ ഒരു വിരൽ അറ്റുപോയി.

ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയേയും തട്ടിക്കൊണ്ടുപോയ ആളെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ ആര്യാട് സ്വദേശി സുബിനാണ് (35) ആക്രമണം നടത്തിയതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ഭാര്യയാണെന്ന് സുബിന്‍ അവകാശപ്പെടുന്ന 30 വയസ്സുകാരിയായ വേഴപ്ര സ്വദേശിനി, സുബിന്റെ ഉപദ്രവം സഹിക്കാനാകാതെ മാസങ്ങളായി വേഴപ്രയിൽ സഹോദരിക്കൊപ്പം താമസിക്കുകയായിരുന്നു. സുബിൻ പല തവണ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിൽ സമീപവാസിയായ പുതുപ്പറമ്പിൽ ബൈജുവുമായി യുവതി സൗഹൃദത്തിലായി. 12 ദിവസം മുൻപ് ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞു സുബിൻ ഇന്നലെ രാത്രി പാടശേഖരത്തിനു നടുവിലുള്ള ബൈജുവിന്റെ വീട്ടിൽ വെള്ളക്കെട്ടിലൂടെ എത്തി.

വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് അടുക്കളവാതിൽ കുത്തിത്തുറന്ന ശേഷം അവിടെയുണ്ടായിരുന്ന യുവതിയെ വെട്ടി. തടയാൻ ശ്രമിച്ചപ്പോഴാണു ബൈജുവിന്റെ വിരൽ അറ്റത്. തുടർന്നു സുബിൻ ബൈജുവിനെ പല തവണ വെട്ടിയ ശേഷം യുവതിയെ പാടത്തെ വെള്ളക്കെട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് സുബിൻ യുവതിയുടെ സഹോദരിയുടെ വീട്ടിലെത്തി വടിവാൾ കാട്ടി വസ്ത്രം വാങ്ങുകയും യുവതിയെ അതു ധരിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തു. നാട്ടുകാരും പൊലീസും തിരഞ്ഞെങ്കിലും യുവതിയെയും സുബിനെയും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭാ–നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.

ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തെരഞ്ഞെടുപ്പു നടത്തുമ്പോൾ, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണു സമിതിയുടെ നിർദേശം. 2029 മുതൽ ഒറ്റത്തെരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോർട്ടിലെവിടെയും പറഞ്ഞിട്ടില്ല. അതേസമയം, 2029 ൽ ഇതു നടപ്പാക്കുകയാണെങ്കിൽ 2026 ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങും.

ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ. എന്നാൽ, തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിലെ മറ്റു ശുപാർശകൾ:

∙ ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർ‍ഡും വേണം.
∙ നിർദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം.
∙ കണക്കെടുപ്പു നടത്തി വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും ലഭ്യത, സുരക്ഷാസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.

കൊല്ലമോ…? കോഴിക്കോടോ…?….പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കലാശ പോരാട്ടം ഇന്ന്

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ കലാശ പോരാട്ടത്തില്‍ ഇന്ന് കൊല്ലവും കാലിക്കറ്റും ഏറ്റുമുട്ടും. വൈകീട്ട് 6.45 മുതല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഏരീസ് കൊല്ലം സെയ്ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും കാഴ്ചവച്ചത്. ഒന്നാം സെമിയില്‍ കാലിക്കറ്റ് ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. കൊല്ലം രണ്ടാം സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി.
ഒന്നാം സെമിയില്‍ കാലിക്കറ്റ് 18 റണ്‍സിനും രണ്ടാം സെമിയില്‍ കൊല്ലം 16 റണ്‍സിനുമാണ് ജയിച്ചത്.

ശൂരനാട് സ്വദേശിയായ വിദ്യാര്‍ഥി വിനോദയാത്രക്കിടെ മുങ്ങിമരിച്ചു

ശൂരനാട് വടക്ക് . പഞ്ചായത്ത് മുന്‍ അംഗം തെക്കേമുറി പതാരത്ത് കിഴക്കതില്‍ തെക്കേപ്പുര ഹാരീസിന്‍റെ മകൻ ഹാറൂണ്‍ (20)ആണ് മരിച്ചത്. വിനോദ യാത്രക്ക് ഇടെ ഈരാറ്റുപേട്ടയിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങി ഒഴുക്കില്‍ പെടുകയായിരുന്നു. ആറ്റില്‍ നിന്നും വീണ്ടെടുത്ത മൃതദേഹം പാല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.

ആറ്റിങ്ങല്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംങിലെ വിദ്യാര്‍ഥിയാണ്. ഹസീനയാണ് മാതാവ്. സഹോദരി. ഹനാന്‍

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി.അപകട സമയത്ത് വാഹനത്തിൻ്റെ ഇൻഷുറൻസ് ഇല്ലായിരുന്നു. പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ ചാനലിനോട് പ്രതികരിച്ചു

കെഎൽ 23 ക്യു 9347 നമ്പറിലുള്ള കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോൾ ദാരുണമായി കൊല്ലപ്പെട്ടത്.അപകടത്തിൽ പെടുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. അതായത് അപകടം നടക്കുന്ന സമയം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം രാത്രിയോടെയാണ് ഓൺലൈൻ വഴി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു ഇൻഷുറൻസ് എടുക്കുന്നത്. പ്രതിയായ മുഹമ്മദ് അജ്‌മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. കേസിൽ റിമാൻഡിൽ കഴിയു ന്ന അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങുo. പഴുതടച്ച അന്വേഷണമാകും പോലീസ് നടത്തുകയെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ ചാനലിനോട് പറഞ്ഞു.

അതേസമയം, അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. അജ്‌മലിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗ പ്പള്ളി പൊലീസ് കേസെടുത്തത്.

സര്‍വീസിന് എത്തിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കോഴിക്കോട്. മുക്കത്ത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. സര്‍വീസിന് എത്തിച്ച ഫോൺ തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഒരാഴ്ച്ചയായി ഫോണിന്‍റെ ബാറ്ററി തകരായിരുന്നെങ്കിലും ഫോണ്‍ വീട്ടുകാര്‍ ഉപയോഗിച്ച് വരികയായിരുന്നു. ഫോൺ ശരിയാക്കാനായി തുറന്നതോടെയാണ് തീപിടിച്ചത്. കേടുവന്ന ബാറ്ററിയുമായി മൊബെെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകട സാധ്യത ജനങ്ങള്‍ മനസ്സിലാക്കണമെന്ന് മൊബെെല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു.

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശുപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം.എ ഡി ജി പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപി യുടെ ശിപാർശയിൽ 6 ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. മൂന്ന് ഐപിഎസുകാർക്കെതിരെ അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയ്ക്കും അനുമതിയില്ല. വിജിലൻസ് അന്വേഷണം വഹിക്കുന്നതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്
എന്നാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആറു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. മന്ത്രിസഭയുടെ കൂടെ അഭിപ്രായം പരിഗണിച്ചു അന്വേഷണത്തിൽ തീരുമാനമെടുക്കാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എഡിജിപി അമ്മ അജിത് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാൻ ആകില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അതേ സമയം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഡിജിപിയുടെ ശുപാർശയിലും സർക്കാർ ഇത് വരെ നടപടി എടുത്തിട്ടില്ല.ഡിജിപിയോട് ആലോചിക്കാതെ ഓയൂർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയ കൊല്ലം റൂറൽ എസ് പി കെ എം സാബു മാമി കേസിൽ എഡിജിപി എംആർ അജിത് കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മലപ്പുറം എസ്പി ആയിരുന്ന എസ് ശശിധരനും കോഴിക്കോട് കമ്മീഷണർ ടി നാരായണനും എതിരെ നടപടിക്കായിരുന്നു ഡിജിപിയുടെ ശുപാർശ.

കുന്നത്തൂരിൽ ജനവാസമേഖലയിൽ എത്തിയ പെരുമ്പാമ്പിനെ പിടികൂടി;വീഡിയോ

കുന്നത്തൂർ:കുന്നത്തൂർ പതിനൊന്നാം വാർഡിലെ ജനവാസമേഖലയിൽ എത്തിയ പെരുമ്പാമ്പിനെ പിടികൂടി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.പ്രദേശവാസിയായ യുവാവ് വീട്ടിലേക്ക് പോകവേയാണ് നടവഴിയോട് ചേർന്നുള്ള കൈത്തോട്ടിൽ പാമ്പിനെ കണ്ടത്.ഉടൻ തന്നെ പരിസരവാസികളെ വിവരം അറിയിച്ചു.പരിഭ്രാന്തിയിലായ നാട്ടുകാർ പാമ്പിനെ കണ്ട ഭാഗത്ത് തടിച്ചുകൂടി.

തുടർന്ന് സൈനികനായ ഗോകുൽ കൃഷ്ണൻ വനം വകുപ്പിൻ്റെ കോന്നി ഡിവിഷനിൽ വിവരമറിയിച്ചു.ഇവരുടെ നിർദ്ദേശപ്രകാരം കൊല്ലം അഞ്ചാലുംമൂട്ടിൽ നിന്നെത്തിയ പാമ്പ് പിടുത്തക്കാർ രാത്രി 12 ഓടെ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചു… ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്‌ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്

കൊച്ചി:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച 22 കാരറ്റ് സ്വർണം പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,800 രൂപയായി.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞു. പവന് 45,440 രൂപയിലാണ് വ്യാപാരം

വെള്ളിയുടെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായി.