26.9 C
Kollam
Wednesday 31st December, 2025 | 06:29:43 PM
Home Blog Page 2205

‘ക്ഷേത്രങ്ങളിൽ ആനകൾ വേണ്ട’; സുബ്ബുലക്ഷ്മിയുടെ വിയോഗത്തിൽ സർക്കാരിന് കത്ത്

ചെന്നൈ: ശിവഗംഗ ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ 54 വയസുകാരിയായ സുബ്ബുലക്ഷ്മി എന്ന പിടിയാന ചരിഞ്ഞതിനെ തുടർന്ന് മൃഗസ്നേഹികൾ രംഗത്തെത്തി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ വളർത്തുന്ന ആനകളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി.

‘സുബ്ബുലക്ഷ്മിയുടെ മരണത്തിന് കാരണം തീയാണ്. എങ്കിലും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു. യഥാർഥ ആനകളെ ക്ഷേത്രങ്ങളിൽ ആവശ്യമില്ല. ആനയെ അവിടെനിന്നും ഒഴിവാക്കിയിരുന്നെങ്കിൽ ഈ ദാരുണസംഭവം ഉണ്ടാകില്ലായിരുന്നു. ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്ക് ആനകൾ കാടുകളിൽ ആവശ്യമാണ്.’–മൃഗസംരക്ഷകർ പറഞ്ഞു.

1971ലാണ് സുബ്ബുലക്ഷ്മി കാരൈക്കുടിക്ക് സമീപത്തുള്ള കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മേൽക്കൂരയ്ക്ക് തീപിടിക്കുകയും ചങ്ങലയ്ക്കിട്ട ആനയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. മുഖം, തുമ്പിക്കൈ, വാൽ, തല, പുറം, വയർ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും സുബ്ബുലക്ഷ്മിയെ രക്ഷിക്കാനായില്ല. ആനയുടെ അന്ത്യനിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം

തിരുവനന്തപുരം : ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്. നിലവിൽ നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിനെ കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ അന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്കും കൈമാറി.

സ്ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു.

തായ്വാൻ കമ്പനിയുടെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്.

ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിൻറെ സ്ഥാപനങ്ങൾ വഴിയാണ്. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൻ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്. പേജറുകൾ നിർമ്മിച്ചതിലോ സ്ഫോടക വസതുക്കൾ ഇതിൽ നിറച്ച ഇസ്രയേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായി തല്ക്കാലം തെളിവില്ല. രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. യുകെയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിൻസൺ നോർവേയിലേക്ക് കുടിയേറിയത്. നോർവേയും ബൾഗേറിയയും റിൻസൻറെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പേജര്‍, വാക്കി-ടോക്കി ഉറവിടം നിഗൂഢം; ലെബനന്‍ സ്ഫോടന ഉപകരണങ്ങള്‍ വ്യാജമോ? ശരിക്കും നിര്‍മാതാക്കളാര്…

ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് റിൻസൺ ജോണിന്റേത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബൾഗേറിയൻ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോപണത്തെ കുറിച്ച് റിൻസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്‌ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദിന്റെ ചാരകണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത്. എന്നാല്‍ അവയുടെ എല്ലാ സുരക്ഷാ പൂട്ടും പൊളിച്ച് എതിരാളികള്‍ സ്ഫോടന പരമ്പര അഴിച്ചുവിടുകയായിരുന്നു. 3000 പേജറുകൾക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വർഷം ആദ്യം ഓർഡർ നൽകിയിരുന്നു. കമ്പനി അയച്ച പേജറുകൾ ഹിസ്ബുല്ലയുടെ പക്കൽ എത്തും മുന്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് വിവരം. ഓരോ പേജറിലുംസ്ഫോടകവസ്തു ഒളിപ്പിച്ച ശേഷം ഹിസ്ബുള്ളയ്ക്ക് അയച്ചു. ഈ പേജറുകളിലാണ് ഇന്നലെ വിദൂര നിയന്ത്രിത സംവിധാനത്തിലൂടെ പൊട്ടിത്തെറി ഉണ്ടാക്കിയത്.

ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍; പിതാവിന്റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് സി.ബി. രാജേഷ് തിങ്കളാഴ്ച രേഖപ്പെടുത്തും. ക്രിമിനല്‍ ചട്ടം 164-ാം വകുപ്പ് അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്.
കേസ് അന്വേഷിക്കുന്ന റൂറല്‍ ക്രൈംബ്രാഞ്ച് സംഘം പിതാവിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മുന്‍പ് നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ ഒന്നും പുതിയ മൊഴിയില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തില്‍ സ്വകാര്യ ചാനല്‍ നല്കിയ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും താന്‍ അത്തരത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പിതാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് വിവരം.
റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ചാനല്‍ വാര്‍ത്തയെ തുടര്‍ന്നാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി വാങ്ങിയത്.
2023 നവംബര്‍ 27ന് വൈകുന്നേരം 4.30നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (53), ഭാര്യ എം.ആര്‍. അനിതാകുമാരി (46), മകളുമായ അനുപമ (22) എന്നിവരാണു പ്രതികള്‍. അനിതാകുമാരിക്കും അനുപമയ്ക്കും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. 10 ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

കാലൊടിഞ്ഞ മയിലിന് ചികിത്സയൊരുക്കി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: ആശ്രാമം ശ്രീനാരായണപുരം ക്ഷേത്രത്തിലെ മൂന്നുമാസം പ്രായമായ ആണ്‍ മയിലിന് മൃഗസംരക്ഷണ വകുപ്പ് ചികിത്സയൊരുക്കി. കൂട്ടില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച മയിലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
വൃണബാധയുണ്ടായ വലതുകാല്‍ മുട്ടിന് താഴെ മുറിച്ചു നീക്കി ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നല്‍കി. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡി. ഷൈന്‍കുമാര്‍, വെറ്ററിനറി സര്‍ജന്‍മാരായ കിരണ്‍ ബാബു, ജിന്‍സി, അഭിരാമി എന്നിവര്‍ നേതൃത്വം നല്‍കി. മയില്‍ വലുതാകുമ്പോള്‍ നടത്തം സുഗമമാക്കാന്‍ കൃത്രിമക്കാല്‍ ഘടിപ്പിക്കുന്ന ലിംബ് പ്രോസ്തസസിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

സമുദ്രതീരങ്ങളില്‍ ശുചീകരണം നാളെ

കൊല്ലം: രാജ്യാന്തര സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴു മുതല്‍ 10വരെ പരിസ്ഥിതി സംരക്ഷണസമിതി സമുദ്രതീരങ്ങളില്‍ ശുചീകരണം നടത്തും. കൊല്ലം ബീച്ചില്‍ ജില്ലാ കളക്ടര്‍ എന്‍., ദേവിദാസ് ഉദ്ഘാടനം ചെയ്യും. സണ്‍ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കേണല്‍ എസ്. ഡിന്നി, പ്രശസ്ത ശാസ്ത്രജ്ഞന്‍ സൈനുദ്ദീന്‍ പട്ടാഴി തുടങ്ങിയവര്‍ പങ്കെടുക്കും. പരവൂര്‍ മുതല്‍ ആലപ്പാട് വരെ വിവിധ കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തുക.

എംപോക്‌സിനെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്

കൊല്ലം: എംപോക്സ് ബാധയ്ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണം.
വായുവിലൂടെ പകരുന്ന രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗികബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗവ്യാപന സാധ്യതയുണ്ട്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്‌സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

കൂത്തമ്പലത്തിന് പുറത്ത് ചാക്യാര്‍കൂത്ത്; 75-ാം വാര്‍ഷികം നാളെ

കൊല്ലം: കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാര്‍കൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാര്‍ഷികം നാളെ ചെറുപൊയ്ക തെക്കേക്കര മുടപ്പിലാപ്പിള്ളി മഠത്തിലും സമീപത്തെ ശ്രീനാരായണപുരം ക്ഷേത്ര ആഡിറ്റോറിയത്തിലുമായി നടക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാംസ്‌കാരിക വകുപ്പ്, കേരള കലാമണ്ഡലം, ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠം, പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം നേതൃത്വത്തിലാണ് ചടങ്ങുകള്‍. മുടപ്പിലാപ്പിള്ളി മഠത്തില്‍ രാവിലെ 9ന് ഫോട്ടോ അനാഛാദനം. തുടര്‍ന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം പ്രകാശിപ്പിക്കും.
9.30ന് ചാക്യാര്‍കൂത്ത്, 10ന് ക്ഷേത്രഓഡിറ്റോറിയത്തില്‍ പൈങ്കുളം രാമചാക്യാര്‍ അനുസ്മരണ സെമിനാര്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം പ്രസിഡന്റ് ഡോ.സി.എം. നീലകണ്ഠന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍ മുഖ്യാതിഥിയാകും.
കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.വി. നാരായണന്‍, കലാമണ്ഡലം മുന്‍ റജിസ്ട്രാര്‍ ഡോ.കെ.കെ. സുന്ദരേശന്‍, ആലപ്പുഴ എസ്ഡി കോളജ് അസി. പ്രഫ. ഡോ.ദേവി കെ.വര്‍മ, തന്ത്രി ഡോ.മുടപ്പിലാപ്പിള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സെമിനാറുകള്‍ നയിക്കും.
വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാലും വാര്‍ഷികാഘോഷം കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചീഫ്‌വിപ് ഡോ.എന്‍. ജയരാജ് ചരിത്ര സ്മാരകം അനാഛാദനം ചെയ്യും. പി.സി. വിഷ്ണുനാഥ് എംഎല്‍എ, കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ബി.അനന്തകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഡോ.ബി. അനന്തകൃഷ്ണന്‍, വി.എന്‍. ഭട്ടതിരി, എന്‍.എം. വാസുദേവ ഭട്ടതിരി, കേശവരു ഭട്ടതിരി എന്നിവരെ മന്ത്രി ആദരിക്കും. 6.30ന് കലാമണ്ഡലം അവതരിപ്പിക്കുന്ന ഭഗവദജ്ജുകം കൂടിയാട്ടം.
സംഘാടക സമിതി ഭാരവാഹികളായ വി.എന്‍. ഭട്ടതിരി, എന്‍.എം. വാസുദേവരു ഭട്ടതിരി, പി.ഗോപിനാഥന്‍പിള്ള, ജെ.രാമാനുജന്‍, പൈങ്കുളം നാരായണ ചാക്യാര്‍, കെ പ്രദീപ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കുന്നത്തൂര്‍ താലൂക്ക് വിപുലീകരണം; സബ്മിഷന്‍ ഉന്നയിക്കുമെന്ന് എംഎല്‍എ

കൊല്ലം: കുന്നത്തൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തി കുന്നത്തൂര്‍ താലൂക്ക് പരിധി നിര്‍ണയിക്കുന്നതു സംബന്ധിച്ച് അടുത്ത നിയമസഭ സമ്മേളനത്തില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്ന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
ഇതിനു മുന്‍പ് മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും മുന്നില്‍ വിഷയം അവതരിപ്പിക്കും. റവന്യു മന്ത്രിക്കു മുന്‍പാകെ നേരത്തെ ഈ വിഷയം ഉന്നയിച്ചതാണെന്നും ചില സാങ്കേതിക തടസ്സങ്ങളാണ് താലൂക്ക് വിപുലീകരണത്തിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പവിത്രേശ്വരം, പുത്തൂര്‍ വില്ലേജുകള്‍ നിലവില്‍ കൊട്ടാരക്കര താലൂക്കിന്റെയും മണ്‍റോതുരുത്ത്, കിഴക്കേകല്ലട വില്ലേജുകള്‍ കൊല്ലം താലൂക്കിലുമാണ് ഉള്‍പ്പെടുന്നത്. ഒറ്റതാലൂക്ക് ആയാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ 28-ാം ഓണ മഹോത്സവം ഒക്‌ടോബര്‍ 12ന്

ഓച്ചിറ: ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ 28-ാം ഓണ മഹോത്സവം ഒക്‌ടോബര്‍ 12ന് നടക്കും. ക്ഷേത്രത്തിന്റെ വിവിധ കരകളില്‍ നിന്ന് കാളകെട്ട് സംഘങ്ങള്‍ നന്ദികേശന്മാരെ ക്ഷേത്രത്തില്‍ എത്തിക്കുന്നതിനും ക്രമനമ്പര്‍ ലഭിക്കുന്നതിനും ക്ഷേത്ര ഭരണ സമിതിയില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഫോം 23 മുതല്‍ 30 വരെ ലഭിക്കും. അവസാന തീയതി 30. റജിസ്ട്രേഷന്‍ ഫീസ് 100 രൂപ.

മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍; വാട്‌സാപ്പില്‍ പരാതി അറിയിക്കാം

കൊല്ലം: മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതും സംബന്ധിച്ച പരാതികള്‍ 9466700800 എന്ന വാട്‌സാപ്പ് നമ്പരില്‍ നല്കാം. പദ്ധതി പ്രഖ്യാപനം സ്വച്ഛത ഹി സേവാ സംസ്ഥാനതല ഉദ്ഘടനത്തോട് അനുബന്ധിച്ച് കൊല്ലം കോര്‍പറേഷനില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് എവിടെ നിന്നും വാട്‌സാപ്പില്‍ ലഭിക്കുന്ന പരാതികള്‍ അവയുടെ ലൊക്കേഷന്‍ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയത്.
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടര്‍ന്ന് ലൊക്കേഷന്‍ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാര്‍റൂം പോര്‍ട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ലഭ്യമാക്കും മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പിഴതുകയുടെ 25 ശതമാനം (പരമാവധി 2500രൂപ) പാരിതോഷികം ലഭിക്കും.
ഇത്തരം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം വാട്‌സാപ്പ് നമ്പറുകള്‍ ആണ് നിലവില്‍ ഉണ്ടായിരുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നമ്പറുകള്‍ മനസ്സിലാക്കി പരാതികള്‍ അറിയിക്കുക എന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സാപ്പ് നമ്പര്‍ സേവനം ലഭ്യമാക്കുന്നത്.