27.5 C
Kollam
Wednesday 31st December, 2025 | 04:37:25 PM
Home Blog Page 2204

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.

നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്. കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിനിടെയാണ് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞ് അപകടമുണ്ടായത്. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

മൈനാഗപ്പളളിയിൽ പ്രതിയെ എത്തിച്ചു, ജനരോക്ഷം ഇരമ്പി, പൊലീസ് ജീപ്പ് വളഞ്ഞ് നാട്ടുകാർ, അജ്മലിനെ പുറത്തിറക്കിയില്ല

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ നടന്നത് നാടകീയ രംഗങ്ങൾ. അപകടം നടന്ന ആനൂർക്കാവിൽ ജനം പ്രതിക്കെതിരെ പ്രതിഷേധമുയർത്തി. ജീപ്പ് വളഞ്ഞു. നാട്ടുകാർ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പിൽ നിന്ന് ഇറക്കിയില്ല.

അപകട ശേഷം രക്ഷപ്പെട്ട അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാർ തടഞ്ഞുവച്ച നോർത്ത് മൈനാഗപ്പള്ളിയിലെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പ്രതികൾ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു. ഈ സുഹൃത്തിന്റെ കാറാണ് പ്രതി ഓടിച്ചിരുന്നത്.

ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയെയും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി കസ്റ്റഡിൽ നൽകിയത്. പ്രോസിക്യൂഷൻ 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പ്രതികൾ മദ്യവും ലഹരിമരുന്നും ഉപയോഗിച്ചെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അപകടമുണ്ടായതിൻ്റെ തലേ ദിവസം ഇരുവരും കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും ലഹരിമരുന്ന് ഉപയോഗിക്കുന്ന ട്യൂബും കണ്ടെത്തി. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

യുവതിയുടെ ആത്മഹത്യ: കാലതാമസം കൂടാതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: മരുത്തടി കന്നിമേല്‍ ചേരി സ്വദേശിനിയുടെ ആത്മഹത്യയില്‍ അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്. അലക്‌സാണ്ടര്‍ തോമസ്. വര്‍ക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 1073/22 നമ്പര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ശ്രീകലയുടെ പിതാവ് കെ. ശങ്കരന്‍കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വര്‍ക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ഡിസംബര്‍ 28 ന് വൈകിട്ട് ഇടവ കാപ്പില്‍ കണ്ണന്‍ മൂല ചന്ദ്രത്തില്‍ വീട്ടിലാണ് ശ്രീകല ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ശ്രീകല ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. മകളുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

തൃശൂർ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ,ആസൂത്രിത ഗൂഡാലോചന,വിവരാവകാശ അപേക്ഷ നൽകും:വിഎസ് സുനിൽകുമാർ

തൃശ്ശൂർ: പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവർത്തിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ.അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.

മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിൻറെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല.പൊലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കയതിനു പിന്നിൽ ആരൊക്കെയന്നറിയാൻ ചീഫ് സെക്രട്ടരിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു..

യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും. ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്. പൂരപ്പറമ്പിൽ എം ആർ അജിത് കുമാറിൻറെ സാന്നിധ്യം കണ്ടില്ല. മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടു.

പൊലീസ് പറഞ്ഞിട്ടല്ല പൂരം നിർത്തിവക്കാൻ പറഞ്ഞത്.കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറേ അല്ല പൂരം നിർത്തിവെക്കാൻ പറഞ്ഞത്.മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്. എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്. അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണം

ആർഎസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു. സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്. രോഗികളെ കൊണ്ടുവരേണ്ട ആംബുലൻസ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു. തെരഞ്ഞെടുപ്പിനെക്കാൾ ഉപരി തൃശ്ശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു

ഉയിർത്തെഴുന്നേൽപ്പിൻ്റെ മുഖമായി ശ്രുതി; ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം, ശ്രുതി ആശുപത്രി വിട്ടു

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. ആശുപത്രിയിൽ ആരോഗ്യപ്രവ‍ർത്തകർ നന്നായ പരിചരിച്ചുവെന്ന് ശ്രുതി പറഞ്ഞു. മുണ്ടേരിയിലെ വീട്ടിലേക്കാണ് പോവുന്നതെന്നും ശ്രുതി പറഞ്ഞു.

ടി സിദ്ധിഖ് എംഎൽഎ സ്ഥലത്തെത്തി. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം മല്ലു രവി എന്ന വ്യക്തി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും ശ്രുതിക്ക് നാളെ തന്നെ ലാപ്ടോപ് എത്തിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ മുഖമായി ശ്രുതിയെ മാറ്റിയെടുക്കുമെന്നും ടി സിദ്ധിഖ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി, ജാമ്യം കർശന ഉപാധികളോടെ

കൊച്ചി:ന‍ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഏഴരവർഷത്തിനുശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പൾസർ സുനി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൾസർ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

കനത്ത സുരക്ഷയിലാണ് പൾസർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കർശന ഉപാധികളോടെയാണ് പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വിചാരണ കോടതി കേസിൽ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.

സഹകരണ ബാങ്കിലെ വായ്പ പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ല: കുടിശ്ശിക ഉടൻ‌ അടച്ചു തീർക്കണമെന്ന് സിപിഎംFAU

കോട്ടയം: സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പകൾ സിപിഎം പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ രേഖ. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പണം ഉടൻ‌ തിരിച്ചടയ്ക്കണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽനിന്ന് നേതാക്കളും പ്രവർത്തകരും കോടികൾ തട്ടിയെടുക്കുന്നു എന്ന വിമർശനങ്ങൾ ശക്തമാകുമ്പോഴാണ് സിപിഎമ്മിന്റെ സ്വയം വിമർശനം.

പാർട്ടി സഖാക്കൾ വായ്പയെടുത്ത പണം തിരിച്ചടയ്ക്കുന്നില്ലെന്ന പ്രശ്നം സഹകരണ മേഖലയിലുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സ്ഥിതിയാണ്. തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്പകൾ മാത്രമേ സഖാക്കൾ ബാങ്കിൽ നിന്ന് എടുക്കാവൂ. വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള തുക എത്രയും വേഗം അടച്ച് തീർക്കണം. വലിയ സംഖ്യകൾ ബാങ്കിൽ നിന്നു വായ്പയായി എടുക്കുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റികളുടെ സമ്മതം വാങ്ങണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിലുണ്ട്.

ഓരോ ഏരിയയിലും സഹകരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധനാ സംവിധാനങ്ങൾ രൂപപ്പെടുത്തണം. കൃത്യമായ പരിശോധന നടത്തണം. കമ്മിറ്റികൾ പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിലവിൽ 47,172 കോടിരൂപയുടെ വായ്പാ കുടിശികയുണ്ടെന്നാണ് സർക്കാർ കണക്ക്. 277 സഹകരണ സംഘങ്ങളിലാണ് സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും നിക്ഷേപ തട്ടിപ്പ്, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ കണ്ടെത്തിയിരിക്കുന്നത്.

‘ക്ഷേത്രങ്ങളിൽ ആനകൾ വേണ്ട’; സുബ്ബുലക്ഷ്മിയുടെ വിയോഗത്തിൽ സർക്കാരിന് കത്ത്

ചെന്നൈ: ശിവഗംഗ ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ 54 വയസുകാരിയായ സുബ്ബുലക്ഷ്മി എന്ന പിടിയാന ചരിഞ്ഞതിനെ തുടർന്ന് മൃഗസ്നേഹികൾ രംഗത്തെത്തി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ വളർത്തുന്ന ആനകളെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി.

‘സുബ്ബുലക്ഷ്മിയുടെ മരണത്തിന് കാരണം തീയാണ്. എങ്കിലും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു. യഥാർഥ ആനകളെ ക്ഷേത്രങ്ങളിൽ ആവശ്യമില്ല. ആനയെ അവിടെനിന്നും ഒഴിവാക്കിയിരുന്നെങ്കിൽ ഈ ദാരുണസംഭവം ഉണ്ടാകില്ലായിരുന്നു. ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്ക് ആനകൾ കാടുകളിൽ ആവശ്യമാണ്.’–മൃഗസംരക്ഷകർ പറഞ്ഞു.

1971ലാണ് സുബ്ബുലക്ഷ്മി കാരൈക്കുടിക്ക് സമീപത്തുള്ള കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മേൽക്കൂരയ്ക്ക് തീപിടിക്കുകയും ചങ്ങലയ്ക്കിട്ട ആനയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. മുഖം, തുമ്പിക്കൈ, വാൽ, തല, പുറം, വയർ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും സുബ്ബുലക്ഷ്മിയെ രക്ഷിക്കാനായില്ല. ആനയുടെ അന്ത്യനിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം

തിരുവനന്തപുരം : ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്. നിലവിൽ നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിനെ കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ അന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്കും കൈമാറി.

സ്ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു.

തായ്വാൻ കമ്പനിയുടെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്.

ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിൻറെ സ്ഥാപനങ്ങൾ വഴിയാണ്. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൻ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്. പേജറുകൾ നിർമ്മിച്ചതിലോ സ്ഫോടക വസതുക്കൾ ഇതിൽ നിറച്ച ഇസ്രയേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായി തല്ക്കാലം തെളിവില്ല. രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. യുകെയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിൻസൺ നോർവേയിലേക്ക് കുടിയേറിയത്. നോർവേയും ബൾഗേറിയയും റിൻസൻറെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പേജര്‍, വാക്കി-ടോക്കി ഉറവിടം നിഗൂഢം; ലെബനന്‍ സ്ഫോടന ഉപകരണങ്ങള്‍ വ്യാജമോ? ശരിക്കും നിര്‍മാതാക്കളാര്…

ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് റിൻസൺ ജോണിന്റേത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബൾഗേറിയൻ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോപണത്തെ കുറിച്ച് റിൻസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്‌ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദിന്റെ ചാരകണ്ണുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനായി മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത്. എന്നാല്‍ അവയുടെ എല്ലാ സുരക്ഷാ പൂട്ടും പൊളിച്ച് എതിരാളികള്‍ സ്ഫോടന പരമ്പര അഴിച്ചുവിടുകയായിരുന്നു. 3000 പേജറുകൾക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വർഷം ആദ്യം ഓർഡർ നൽകിയിരുന്നു. കമ്പനി അയച്ച പേജറുകൾ ഹിസ്ബുല്ലയുടെ പക്കൽ എത്തും മുന്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് വിവരം. ഓരോ പേജറിലുംസ്ഫോടകവസ്തു ഒളിപ്പിച്ച ശേഷം ഹിസ്ബുള്ളയ്ക്ക് അയച്ചു. ഈ പേജറുകളിലാണ് ഇന്നലെ വിദൂര നിയന്ത്രിത സംവിധാനത്തിലൂടെ പൊട്ടിത്തെറി ഉണ്ടാക്കിയത്.

ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍; പിതാവിന്റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് സി.ബി. രാജേഷ് തിങ്കളാഴ്ച രേഖപ്പെടുത്തും. ക്രിമിനല്‍ ചട്ടം 164-ാം വകുപ്പ് അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്.
കേസ് അന്വേഷിക്കുന്ന റൂറല്‍ ക്രൈംബ്രാഞ്ച് സംഘം പിതാവിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മുന്‍പ് നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ ഒന്നും പുതിയ മൊഴിയില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തില്‍ സ്വകാര്യ ചാനല്‍ നല്കിയ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും താന്‍ അത്തരത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പിതാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായാണ് വിവരം.
റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ചാനല്‍ വാര്‍ത്തയെ തുടര്‍ന്നാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി വാങ്ങിയത്.
2023 നവംബര്‍ 27ന് വൈകുന്നേരം 4.30നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (53), ഭാര്യ എം.ആര്‍. അനിതാകുമാരി (46), മകളുമായ അനുപമ (22) എന്നിവരാണു പ്രതികള്‍. അനിതാകുമാരിക്കും അനുപമയ്ക്കും കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. 10 ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.