24.8 C
Kollam
Wednesday 31st December, 2025 | 01:29:03 AM
Home Blog Page 2196

വ്യാജവാർത്തകൾക്ക് പിന്നിൽ കേരളത്തെ തകർക്കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി,മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭീഷണി, പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൻ്റെ കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ അതി രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. വ്യാജവാർത്തകൾക്ക് പിന്നിൽ കേരളത്തെ തകർക്കാനുള്ള അജണ്ട എന്നും മുഖ്യമന്ത്രിയുടെ ആരോപണം. കണക്കുകൾ ഉൾപ്പെടെ എണ്ണിപ്പറഞ്ഞായിരുന്നു മാധ്യമ വിമർശനം. മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭീഷണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ട വാർത്താ സമ്മേളനത്തിലെ ആദ്യ 55 മിനിറ്റും മാധ്യമ വിമർശനത്തിനായി മുഖ്യമന്ത്രി നീക്കിവച്ചു. വാർത്താ തലക്കെട്ടുകൾ വായിച്ച മുഖ്യമന്ത്രി, പിന്നാലെ കണക്കുകൾ എണ്ണി പറഞ്ഞു. കേന്ദ്രസർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ കണക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി. കേന്ദ്ര സഹായം പോലും കേരളത്തിന് കിട്ടരുതെന്ന ദുഷ്ടലാക്കാണ് പ്രചരണത്തിന് പിന്നിലെന്നും ആക്ഷേപം.

വ്യാജ വാർത്തകൾ കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.

വ്യാജവാർത്തയുടെ പേരിലാണെങ്കിൽ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെ എന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി.

മാധ്യമങ്ങൾ മുൻപും വ്യാജ വാർത്തകൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെവിൻ വധക്കേസും, എ.കെ.ജി സെൻ്റർ ആക്രമണ കേസും, പ്രളയ കാലത്തെ ഓമനക്കുട്ടനും എല്ലാം ഉദാഹരണമായി നിരത്തി. ചാനൽ റേറ്റിംഗിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് തുരങ്കം വയ്ക്കരുതെന്നും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

അന്തരിച്ച സിപിഎം മുതിർന്ന നേതാവ് എം എം ലോറൻസിന് അന്ത്യാഞ്ജലി

കൊച്ചി. അന്തരിച്ച സി.പി.എം മുതിർന്ന നേതാവ് എം.എം. ലോറൻസിന് അന്ത്യാഞ്ജലി. 94 വയസ്സായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.

എറണാകുളം ജില്ലയിൽ സി.പി.എമ്മിനെ വളർത്തിയ നേതാക്കളിൽ പ്രമുഖനാണ് എം.എം. ലോറൻസ്.1998 വരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1980-ൽ ഇടുക്കിയിൽനിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ മുഖ്യസൂത്രധാരൻ എംഎം ലോറൻസ് ആയിരുന്നു
തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് ഗാന്ധി നഗറിലുള്ള വീട്ടിലെത്തിക്കുന്ന ഭൗതികശരീരം
ലെനിൻ സെന്ററിൽ എത്തിക്കും.
ഇതിനുശേഷം എറണാകുളം ടൗൺഹാളിൽ ആണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്.വൈകിട്ട് നാലിന് ഭൗതികശരീരം എറണാകുളം ഗവ. മെഡിക്കൽ കോളജിന് കൈമാറും.

വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി; ഓടുന്ന കാറിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി

മഥുര: ഉത്തർപ്രദേശിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ കയറ്റി മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഓടുന്ന കാറിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഒരു മേൽപ്പാലത്തിന് താഴെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

ബോധം തിരികെ ലഭിച്ചപ്പോൾ പെൺകുട്ടി വീട്ടിലേയ്ക്ക് പോകുകയും സംഭവം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കലശലായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പലചരക്ക് കടയിൽ പോയ പെൺകുട്ടിയ്ക്ക് പ്രതികളിലൊരാൾ കുടിക്കാൻ വെള്ളം നൽകി. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ബോധക്ഷയം ഉണ്ടായെന്നും തുടർന്ന് രണ്ട് പേർ കൂടി എത്തി വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

സംഭവത്തിൽ ഛത പൊലീസ് മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും ഇവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവം, ഇടപെടലുമായി കമ്പനി

കൊച്ചി.ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഇടപെടലുമായി ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരിൽ കാണുമെന്ന് വ്യക്തമാക്കിയ ചെയർമാൻ രാജീവ് മെമാനി അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു. അതേ സമയം വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി പി രാജീവും , പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടിച്ചേർത്തു.

ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി അധികൃതർക്ക് അന്നയുടെ മാതാവ് അയച്ച കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന ശ്രമമെന്ന നിലയിൽ അന്നയുടെ കുടുംബത്തെ നേരിൽ കാണാൻ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി ചെയർമാൻ രാജീവ് മെമാനി നേരിട്ടെത്തുന്നത്. അന്നയുടെ കുടുംബത്തോട് ഫോണിൽ സംസാരിച്ച ചെയർമാൻ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ വേണമെന്നും ഇനിയൊരാൾക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്.

ഇതിനിടെ മന്ത്രി പി രാജീവും , പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി പി രാജീവും , പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ബീഫ് ടാലോ? എന്താണ് ലാഡ്; തിരുപ്പതി ലഡു വിവാദത്തിന് ശേഷം ​ഗൂ​ഗിളിൽ തിരഞ്ഞ് ആളുകൾ!

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിന് ശേഷം ബീഫ് ടാലോ, ലാഡ് എന്നിവ എന്താണെന്ന് ​ഗൂ​ഗിളിൽ തെരച്ചിൽ. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു നിർമിക്കാൻ മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിക്കുന്നുവെന്ന വിവാദം നിലനിൽക്കവെയാണ് ബീഫ് ടാലോ, ലാഡ് എന്നിവ എന്താണെന്ന് ​ഗൂ​ഗിളിൽ തെരച്ചിൽ വർധിച്ചത്.

പശു, കാള തുടങ്ങിയ മൃഗങ്ങളുടെ അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് ഉപയോ​ഗിച്ചാണ് ബീഫ് ടാലോ നിർമ്മിക്കുന്നത്. വിഭവം ഡീപ് ഫ്രൈ ചെയ്യാനാണ് പലപ്പോഴും ബീഫ് ടാലോ ഉപയോഗിക്കുന്നത്. സോപ്പ്, മെഴുകുതിരി നിർമ്മാണത്തിലും ഇത് ഉപയോ​ഗിക്കാറുണ്ട്. മാംസത്തിൽ നിന്ന് നീക്കം ചെയ്ത കൊഴുപ്പ് ഉരുകുന്നതിലൂടെയും ബീഫ് ടാലോ നിർമ്മിക്കാം. തണുത്ത് വെണ്ണയ്ക്ക് സമാനമായ മൃദുവായി ഇത് മാറും.

പന്നികളുടെ ഫാറ്റി ടിഷ്യു റെൻഡർ ചെയ്യുന്നതിലൂടെ ലഭിക്കുന്നതാണ് ലാഡ്. പന്നിയിറച്ചി കഴിക്കുന്ന സമൂഹങ്ങളിൽ പ്രധാന ഘടകമാണ് ലാഡ്. അതേസമയം, ഇപ്പോൾ ലാഡിന് പകരം വെജിറ്റബിൾ ഓയിലാണ് കൂടുതൽ ഉപയോ​ഗിക്കുന്നത്. അർധദ്രാവകാവസ്ഥയിൽ, വെളുത്ത കൊഴുപ്പാണ് ലാഡ്. ഒരു കാലത്ത് ബേക്കിംഗിൽ സാധാരണ ഘടകമായിരുന്നെങ്കിലും ഇപ്പോൾ സസ്യ എണ്ണയാണ് പകരമായി ഉപയോ​ഗിക്കുന്നത്.

തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വൈഎസ്ആർ കോൺ​ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു രം​ഗത്തെത്തിയിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. വൈഎസ്ആർ കോൺ​ഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യിൽ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഗുണ്ടയെ കാലിന് വെടിവച്ചുവീഴ്ത്തി പൊലീസ് പിടികൂടി

കോയമ്പത്തൂര്‍. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വെടിവെച്ചിട്ട് പിടികൂടി പൊലീസ്. കൊലപാതകക്കേസിൽ അടക്കം പ്രതിയായ നാഗർകോവിൽ സ്വദേശി ആൽവിനെയാണ് പിടികൂടിയത്.
പൊലീസിനെ ആക്രമിച്ച് ബൈക്കിൽ കടന്നുകളയാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് വെടിവെയ്ക്കുകയായിരുന്നു. രണ്ട് കാലുകൾക്കും പരിക്കേറ്റ ആൽവിനും കൈക്ക് പരിക്കേറ്റ പൊലീസുകാരനും കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ആൽവിനെ ഉടൻ പിടികൂടണമെന്ന് കേടതി ഉത്തരവിട്ടിരുന്നു. രണ്ട് ദിവസം മുൻപാണ് ഏറ്റുമുട്ടലിൂടെ കുപ്രസിദ്ധ ഗുണ്ടാ നാതാവ് കാക്കത്തേപ്പ് ബാലാജിയെ ചെന്നൈ പൊലീസ് കൊലപ്പെടുത്തിയത്.

കാഫിർ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചയാൾ  വീണ്ടും സി പി എം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂര്‍. വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചയാൾ  വീണ്ടും സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി.  അമ്പാടിമുക്ക്
സഖാക്കളെന്ന പേജിന്റെ അഡ്മിൻ കൂടിയായ കെ കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായി  തെരഞ്ഞെടുത്തത്. കാഫിർ സ്ക്രീൻഷോട്ട് മനീഷ്  ഷെയർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് അമ്പാടിമുക്ക് സഖാക്കളെന്ന ഫേസ്ബുക്ക്  പേജ് പങ്കുവെച്ചിരുന്നു. പേജ് അഡ്മിനായ മയ്യിൽ
സ്വദേശി കെ കെ മനീഷാണ് പോസ്റ്റ് ഷെയർ ചെയ്തതെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുണ്ട്. റെഡ് ബെറ്റാലിയൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച സ്ക്രീൻഷോട്ട് പങ്കുവെച്ചുവെന്നാണ് മനീഷ് പോലീസിന് നൽകിയ മൊഴി. ആധികാരികതയിൽ സംശയം തോന്നിയതിനാൽ പിന്നീട് നീക്കം ചെയ്തുവെന്നും  മനീഷ് മൊഴി നൽകി. വടകരയിൽ യുഡിഎഫിനെതിരെ  സിപിഎം തൊടുത്തുവിട്ട ആരോപണം ബൂമറാങായതോടെ വ്യാജ പോസ്റ്റ് ഷെയർ ചെയ്തത്  തെറ്റെന്ന്‌  സി പി ഐ എം ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു. പിന്നാലെയാണ്  മനീഷിനെ വീണ്ടും സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

രക്തം ഒലിച്ചിറങ്ങുന്ന സ്യൂട്ട്കേസ് വഴിയരികിൽ; 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ 22 കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണികണ്ഠൻ എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്യൂട്ട്കേസുമായി ഇയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരുവരും നേരത്തെ പരിചയക്കാരണെന്ന് പൊലീസ് അറിയിച്ചു. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. ബുധനാഴ്ച ദുരൈപാത്തേക്കു പോയ ദീപ തിരികെ വരാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.

‘ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം’, മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എഡിജിപി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവറിന്‍റെ പരിഹാസം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത്‌ കുമാർ സാറിന് കൊടുക്കണമെന്നാണ് പരിഹാസ രൂപേണ അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. ശ്രീ അജിത്ത്‌ കുമാർ സാർ സിന്ദാബാദെന്നും അൻവർ കുറിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് അൻവറിന്‍റെ പരിഹാസം. പി ശശിക്കെതിരായ വിമർശനങ്ങൾ അൻവർ ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്.

പി വി അൻവറിന്‍റെ കുറിപ്പ്

35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത്‌ മറിച്ച്‌ വിൽക്കുക.!!
ഇത്തരം ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ സ്ട്രാറ്റജി സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത്‌ കുമാർ സാറിന് കൊടുക്കണം.
ശ്രീ.അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌..

നേരത്തെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്. അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഒരു ഇടതുപക്ഷ എം എൽ എ എന്ന നിലയിൽ പി വി അൻവർ ചെയ്യേണ്ടത് അതായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങും വഴി വാഹനാപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

പത്തനംതിട്ട . കൂടൽ ഇഞ്ചപ്പാറ ഗാന്ധി സ്ക്വയറിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ ബിബിൻ ,അമ്മ വാസന്തി എന്നിവരാണ് നിയന്ത്രണം വിട്ട് കാർ കൈവരിയിൽ ഇടിച്ച് മരിച്ചത് . നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് മടങ്ങുകയായിരുന്നു അപകടം .മകൻ സുമിത്തിനെ വിമാനം കയറ്റാനായി എയർപോർട്ടിലേക്ക് പോയതായിരുന്നു വാസന്തിയും കുടുംബവും ,വാഹനം ഓടിച്ചിരുന്ന മകൻ ബിബിൻ ഉറങ്ങിയതാണ് കാർ നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട് .ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി .