Home Blog Page 2195

മദ്യപിച്ചു നാട്ടുകാരെ അസഭ്യം വിളിച്ചത് വിലക്കിയതിന് മര്‍ദ്ദനമേറ്റ വയോധികന്‍ മരിച്ചു

തിരുവനന്തപുരം. നെയ്യാറ്റിൻകര, പാലിയോടിൽ വയോധികനെ വീട്ടിൽ കയറി മൂന്നു പേർ മർദ്ദിച്ചു അവശനാക്കിയ സംഭവത്തിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

പാലിയോട്, ആഴാംകുളം സ്വദേശിയായ തപസി മുത്ത് (72) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ 16ന് വൈകിട്ട് സഹോദരങ്ങളായ മൂന്നു പേർ മദ്യപിച്ചു നാട്ടുകാരെ അസഭ്യം വിളിച്ചത് സമീപത്ത് വീട്ടുകാരനായ തപസി മുത്ത് വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായ സഹോദരങ്ങൾ തപസി മുത്തിനെ വീട്ടിൽ കയറി മർദിച്ചു അവശനാക്കിയിരുന്നു.

സംഭവുമായി പാലിയോട് ആഴാംകുളം സ്വദേശികളായ അനിൽ ,ബോബൻ എന്നു വിളിക്കുന്ന രഞ്ജിത്ത്, ബിജു എന്നീ സഹോദരങ്ങളെ മാരായമുട്ടം പോലിസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.

കടന്നലുകള്‍ പരസ്പരം കുത്തുമ്പോള്‍

തിരുവനന്തപുരം. കടന്നല്‍കുത്ത് സഹിച്ച് പിണറായി എത്രനാള്‍ തുടരുമെന്നതാണ് സിപിഎമ്മിലെ ആഭ്യന്തരപ്രശ്നം. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്ന് പിണറായി വിജയൻ – പി വി അൻവർ വാർത്താസമ്മേളന പോര്. പി.വി അൻവർ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ വാർത്ത സമ്മേളനം. അൻവറിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതും എതിർപ്പ് പരസ്യമാക്കാൻ ഉറച്ചു തന്നെയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ തൻ്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിന്നാലെ പിവി അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ കണ്ടത്.

മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന ശക്തി കുറഞ്ഞ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെങ്കിലും, വരും ദിവസങ്ങളിൽ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ തിരിയാനുള്ള സാധ്യതയും ഏറെ. മുഖ്യമന്ത്രി കൈവിട്ടെങ്കിലും പി.വി അൻവറിനെ സിപിഐഎം കൈവിടുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്. പി.വി അൻവറിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായില്ലെങ്കിൽ സമ്മേളനകാലത്ത് സിപിഐഎമ്മിൽ ഉണ്ടാകുന്ന പുതിയ സമവാക്യങ്ങൾക്കും അത് വഴി തുറക്കും. എഡിജിപി എം.ആർ അജിത്ത് കുമാറിനെയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ തുടങ്ങിവച്ച പോരാട്ടം മുഖ്യമന്ത്രിക്കെതിരെ തിരിയുമോ എന്നാണ് രാഷ്ട്രീയ ആകാംക്ഷ.

പത്തുവർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഇടുക്കി മെഡിക്കൽ കോളേജ്

ഇടുക്കി. പത്തുവർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ഇടുക്കി മെഡിക്കൽ കോളേജ്. 11 കെവി വൈദ്യുതി സബ് സ്റ്റേഷൻ ഇല്ലാത്തത് പ്രതിസന്ധി. സി ടി സ്കാൻ മിഷൻ പോലും പ്രവർത്തനരഹിതമാണ്. ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതിനാൽ പല വിഭാഗത്തിൻറെയും പ്രവർത്തനം നിലച്ചു. മെഡിക്കൽ കോളേജ് കെട്ടിടത്തിന് ഫയർ എൻ ഒ സി ഇല്ല. ഇടുക്കി മെഡിക്കൽ കോളേജിലെ സേവനത്തിനെത്താതെ നിയമനം കിട്ടുന്നവരിൽ പലരും പിൻവാങ്ങുന്നു.ലാബുകൾ, ലക്ച്ചർ ഹാൾ, പെൺകുട്ടികളുടെ ഹോസ്റ്റൽ എന്നിവ തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.


പ്രവർത്തനം തുടങ്ങി 10 വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ ഇടുക്കി മെഡിക്കൽ കോളേജ്. വൈദ്യുതി സബ് സ്റ്റേഷനും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതിനാൽ പല വിഭാഗത്തിൻറെയും പ്രവർത്തനം നിലച്ചു. ആശുപത്രി കോമ്പൗണ്ടിനുള്ളിലെ റോഡ് പുനരുദ്ധരിക്കാൻ 18 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് വർഷങ്ങളായി.


11 കെവി വൈദ്യുതി സബ് സ്റ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ മെഡിക്കൽ കോളേജിലെ ലിഫ്റ്റ് ഉൾപ്പെടെ പ്രവർത്തിപ്പിക്കാൻ കഴിയു. സി ടി സ്കാൻ മിഷ്യൻ പോലും പണിമുടക്കുകയാണ്. ഇതോടെ പരിശോധനകളും മുടങ്ങുന്നു. മെഡിക്കൽ കോളേജിനായി പണിത പുതിയ ബ്ലോക്കിന് ഇതുവരെ അഗ്നിശമനസേനയുടെ എൻ ഒ സി പോലും കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജും ജില്ലാശുപത്രിയും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ ജീവനക്കാർ തമ്മിൽ ഏകോപനവും ഇല്ല.

എംഡി കഴിഞ്ഞ ആളുകളെ നിർബന്ധിത സേവനത്തിനായി മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം നിയമിക്കുമെങ്കിലും ഇടുക്കിയിലേക്ക് എത്താതെ തന്നെ ഇവർ സ്ഥലംമാറ്റം വാങ്ങി പോവുകയാണ് പതിവ്. എം.ആർ.ഐ. സ്കാൻ, കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങൾ ഉടനെ ആരംഭിക്കണമെന്നാണ് ആവശ്യം. അതേസമയം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ രാപ്പകൽ സമരത്തിലൂടെ ആവശ്യപ്പെട്ട സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്.

യുവതിയെ കൊന്ന് 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ബംഗളൂരുരുവിലെ മല്ലേശ്വരം വ്യാളിക്കാവല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ കൊന്ന് 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇരുപത്തിയൊന്‍പതുകാരി മഹാലക്ഷ്മിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സമീപത്തെ മാളില്‍ ജീവനക്കാരിയായിരുന്ന മഹാലക്ഷ്മി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട്. അടച്ചിട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നപ്പോളാണ് കൊലപാതകം പുറത്തറിഞ്ഞത്.
മല്ലേശ്വരം പൈപ്പ് ലൈന്‍ റോഡിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ ആണ് അതിക്രൂരമായ കൊല നടന്നത്. രണ്ടുദിവസമായി വീട്ടില്‍ ദുര്‍ഗന്ധം വഹിച്ചതിനെ തുടര്‍ന്ന് ഇതേ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കതക് തകര്‍ത്താണ് പൊലീസ് അകത്തുകയറിയത്. വീടിനകത്ത് ഫ്രിഡ്ജില്‍ പല കഷ്ണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് ബാഗില്‍ നിറച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തരേന്ത്യയില്‍ നിന്ന് ബംഗ്ലൂരിലേക്ക് കുടിയേറിയതാണ് മഹാലക്ഷ്മി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. പോലീസ് അന്വേഷണം ആരംഭിച്ചു.

കരുനാഗപ്പള്ളിയിൽ പാർട്ടി അംഗങ്ങളെ കൂട്ടത്തോടെ വെട്ടി നിരത്തി, ബഹളം മൂലം ബ്രാഞ്ച് സമ്മേളനം പിരിച്ചുവിട്ടു

കരുനാഗപ്പള്ളി. കഴിഞ്ഞ സമ്മേളനകാലത്ത് പാർട്ടിയെ പിടിച്ചുലച്ച വിഭാഗീയത വീണ്ടും കരുനാഗപ്പള്ളിയിൽ തലപൊക്കുന്നു.ബ്രാഞ്ച് സമ്മേളനങ്ങൾ പിടിച്ചെടുക്കുന്നതിനായി സമ്മേളനത്തിന് തൊട്ട് മുൻപ് വിവിധ ബ്രാഞ്ചുകളിലെ അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം നയിക്കുന്ന ഔദ്യോഗികവിഭാഗം കൂട്ടത്തോടെ വെട്ടിനിരത്തി എന്നാണ് ആരോപണം. കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയിലെ കേശവപുരം കെ.എൻ.ബി ബ്രാഞ്ച് സമ്മേളനം ബഹളം മൂലം കഴിഞ്ഞ ദിവസം നേതൃത്വത്തിന് പിരിച്ചുവിടേണ്ടി വന്നു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് സമ്മേളന നടപടികൾ ആരംഭിച്ചപ്പോൾ മെമ്പർഷിപ്പിൽ നിന്നും വെട്ടിമാറ്റിയ കേശവപുരം കർഷക സമര രക്തസാക്ഷിയായ കൃഷ്ണൻെറ മകനും മറ്റൊരാളും സമ്മേളനത്തിൽ ഇരിക്കാൻ പാടില്ലെന്നും ഇറങ്ങി പോകണമെന്നും ഒരു ലോക്കൽ കമ്മിറ്റി അംഗം ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ സമ്മേളനത്തിൽ രൂക്ഷമായ വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായി.തുടർന്ന് സമ്മേളനം നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യത്തിൽ സമ്മേളനം പിരിച്ചുവിടുകയായിരുന്നു.

കരുനാഗപ്പള്ളി ടൗൺ, വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വങ്ങൾ സമ്മേളനങ്ങൾ ലക്ഷ്യമിട്ട് അമ്പതോളം പേരെ കൂട്ടത്തോടെ മെമ്പർഷിപ്പിൽ നിന്നും അടുത്തിടെയാണ് ഒഴിവാക്കിയത്.
പാർട്ടി അംഗങ്ങളെ ഒഴിവാക്കുമ്പോൾ പാലിക്കേണ്ട സംഘടനാ മര്യാദകൾ പാലിക്കാതെയാണ് തങ്ങളെ ഒഴിവാക്കിയത് എന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെട്ടവർ ഉപരി കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പലരും തങ്ങൾ ഒഴിവാക്കപ്പെട്ട വിവരം അറിയുന്നത്.

കഴിഞ്ഞ സമ്മേളനകാലത്ത് വിഭാഗീയത രൂക്ഷമായിരുന്ന കരുനാഗപ്പള്ളിയിൽ ഇത്തവണ തികഞ്ഞ അച്ചടക്കത്തോടെ താഴെ തട്ടിലുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ നടത്താൻ നേതൃത്വം നിർദേശങ്ങൾ നൽകിയിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് ചില ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള ബ്രാഞ്ചുകളിൽ പാർട്ടി അംഗങ്ങളെ കൂട്ടത്തോടെ ബ്രാഞ്ചുകളിൽ നിന്നും സ്ഥലം മാറ്റുകയും മെമ്പർഷിപ്പിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു എന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഉപരി കമ്മിറ്റികൾക്ക് നൽകിയ പരാതി പരിഗണിക്കപ്പെടാതെ പോയതോടെയാണ് ഒഴിവാക്കപ്പെട്ടവർ പ്രതിഷേധം പരസ്യമാക്കിയത്.വരും ദിവസങ്ങളിലെ ബ്രാഞ്ച് സമ്മേളനങ്ങളിലും അംഗത്വം നഷ്ടമായവരിൽ നിന്ന് സമാനമായ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന.

കൽപ്പറ്റയിൽ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊന്നെന്ന് കുറ്റസമ്മതത്തിൻ്റെ അടിസ്ഥാനത്തിൽ നേപ്പാളി സ്വദേശികൾ അറസ്റ്റിൽ

വയനാട്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നെന്ന് കുറ്റസമ്മതത്തിൻ്റെ അടിസ്ഥാനത്തിൽ നേപ്പാളി സ്വദേശികൾ അറസ്റ്റിൽ. നേപ്പാളി യുവതിയുടെ പരാതിയിൽ ഭർത്താവിനെയും മാതാപിതാക്കളെയും ആണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി…

നേപ്പാൾ സെമിൻപൂൾ ജില്ലയിലെ പാർവതി നൽകിയ പരാതിയിലാണ് ഭർത്താവ് റോഷൻ, അമ്മ മഞ്ജു, അച്ഛൻ അമർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രസവിച്ച പിറ്റേ ദിവസം മൂന്ന് പേരും ചേർന്ന് ആൺ കുഞ്ഞിനെ കൊലപെടുത്തി എന്നായിരുന്നു പരാതി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
ഏഴാം മാസത്തിലാണ് പാർവതി ഇവർ ജോലി ചെയ്തിരുന്ന ഹോട്ടൽ മുറിയിൽ പ്രസവിച്ചത്. പ്രസവിക്കാനായി മഞ്ജു മരുന്ന് നൽകിയതായും പരാതി ഉണ്ട്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രതികൾ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം ബാഗിൽ ആക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ മൃതദേഹം എവിടെയെന്ന് വ്യക്തമാക്കാൻ പ്രതികൾ തയ്യാറായിട്ടില്ല. മാസങ്ങളായി കുടുംബം പള്ളിത്താഴയിലുള്ള ഹോട്ടലിൽ ശുചീകരണ തൊഴിലാളികൾ ആണ്

പാർവതി ശുചിമുറിയിലേക്ക് പോയ സമയം പ്രതികൾ കുഞ്ഞിനെ കടത്തുകയായിരുന്നു എന്നാണ് മൊഴി. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രതികളെ മാനന്തവാടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്

തൃശൂർപൂരംകലക്കൽ;ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി അജിത് കുമാർ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദം അന്വേഷിച്ച എഡിജിപി അജിത്ത് കുമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു .റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും.വിവാദമായപൂരം കലക്കൽ അന്വേഷിച്ച സമിതിയോട് ഈ മാസം 24 ന് റിപ്പോട്ട് നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇന്ന് ഉച്ചയ്ക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ച് മണിക്കുറുകൾക്കുള്ളിൽ തന്നെ എഡിജിപി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സി പി ഐ ഉയർത്തിയ പരാതി നിലനില്ക്കേയാണ് റിപ്പോർട്ട് സമർപ്പിച്ചത് എന്നുള്ളതും കൗതുകകരമാണ്.

കെട്ടടങ്ങാതെ കോഴ വിവാദം; ബ്രാഞ്ച് സമ്മേളനങ്ങൾ കൂടാൻ കഴിയാതെ സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി

ശാസ്താംകോട്ട:സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ നേതൃത്വത്തിൽ മണ്ണെടുത്ത് മാറ്റുന്നതിന് പ്രവാസിയായ ഉടമയിൽ നിന്നും എട്ട് ലക്ഷം കോഴ വാങ്ങിയ വിവാദത്തെ തുടർന്നുണ്ടായ പൊട്ടിത്തെറി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് വ്യാപിക്കുന്നു.ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി അംഗങ്ങൾ വിഷയം ചർച്ച ചെയ്യണമെന്നാവശ്യം ഉന്നയിക്കുന്നത് മൂലം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ ഭാഗമായ 8 ബ്രാഞ്ച്കളിലെ സമ്മേളനങ്ങൾ ഇനി ഒരു അറിയ്പ്പ് ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.മണ്ണ് കോഴ വിഷയം സിപിഎം കമ്പലടി ബ്രാഞ്ച് സമ്മേളനത്തിൽ പാർട്ടി അംഗങ്ങൾ ഉന്നയിച്ചിരുന്നു.19ന് നടന്ന ചക്കുവള്ളി ബ്രാഞ്ച് സമ്മേളനത്തിൽ മണ്ണ് വിഷയം ചർച്ച ചെയ്യുന്നത് നേതൃത്വം ഇടപെട്ട് തടയുകയുണ്ടായി. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ലോക്കൽ കമ്മിറ്റി കൂടുവാൻ തീരുമാനിച്ചുവെങ്കിലും ഉന്നതരുടെ ഇടപെടലുകളെ തുടർന്ന് ലോക്കൽ കമ്മിറ്റി മാറ്റിവയ്ക്കുകയാണുണ്ടായത്.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയവരുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നാണ് അംഗങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.സിപിഎം ഏരിയാ കമ്മറ്റിയംഗവും ലോക്കൽ കമ്മിറ്റിയംഗവും ഒരു പാർട്ടി മെമ്പറും കൂടി എട്ട് ലക്ഷം രൂപ മണ്ണെടുക്കുന്നതിന് നോക്കുകൂലിയായി വാങ്ങിയതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.മുൻപും ഭീഷണിപ്പെടുത്തി പലരിൽ നിന്നും ഇക്കൂട്ടർ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രധാന ആക്ഷേപമായി ഉയരുന്നത്.അതിനിടെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയവരുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് പരാതി നൽകിയതായും അറിയുന്നു.

കുട്ടികളുടെ കവിയരങ്ങ്

ചാത്തന്നൂര്‍. കുട്ടികൾക്ക് സ്വന്തം കവിത അവതരിപ്പിച്ച് സർഗവാസന പരിപോഷിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിന് അറിവ് -ത്രൂ ദി സോൾ ഓഫ് ഗുരു കുട്ടികളുടെ കവിയരങ്ങ് നടത്തുന്നു. 2024 ഒക്ടോബർ 6 ന് രാവിലെ 10 ന് ചാത്തന്നൂർ അറിവ് കേന്ദ്രയിലാണ് കവിയരങ്ങ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ഒക്ടോബർ 3 ന് മുൻപ് അറിയിക്കണം. ഫോൺ: 94477 15406, 854747735, 9895238 750, 94472 19815

മരിക്കാൻ പേടിയില്ല; മുഖ്യമന്ത്രിയും പാർട്ടിയേയും തള്ളി പറഞ്ഞ് ആളാകാനില്ലന്നും പി വി അൻവർ

മലപ്പുറം: ഫോൺ രേഖ പുറത്ത് വിട്ടത് തെറ്റായി പോയെന്നും എന്നാൽ അത് സമൂഹത്തെ ബോധ്യപ്പെടുത്താൻ മാത്രമായിരുന്നുവെന്നും പി വി അൻവർ എം എൽ എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്ത് പിടിച്ച 172 സ്വർണ്ണ കേസുകളും പുന:പരിശോധിക്കണം.
പി ശശിക്കെതിരെ എല്ലാം പറഞ്ഞിരുന്നു .തന്നെ
വേണ്ടെങ്കിൽ പാർട്ടി പറയട്ടെ. അപ്പോൾ വേറെ വഴി നോക്കും.എസ് പി സുജിത്ത് ദാസ് കാല് പിടിച്ച് കരഞ്ഞു.പാർട്ടിക്ക് താൻ പറഞ്ഞ കാര്യങ്ങൾ മനസിലായി.എന്നാൽ മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നില്ല.
ചിലർ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ നോക്കുന്നു. ഉപദേശകന്മാർ തെറ്റിധരിപ്പിക്കുന്നു.
ഒന്നും ബോധ്യമാകുന്നില്ലെന്ന് പാർട്ടി പറയട്ടെ. പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും.
തന്നെ സദാ നിരീക്ഷിക്കുന്നു. സമാന്തര അന്വേഷണം നടക്കുന്നു.സ്വന്തം വിട്ടിലെ കാര്യത്തിനല്ല പോരാട്ടം.തൻ്റെ പ്രസ്താവനകൾ പോലീസുകാരുടെ മനോവീര്യം കൂട്ടാനെ ഇടയാക്കിയിട്ടുള്ളു. സത്യങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് ഒരു പക്ഷേ മരിക്കേണ്ടി വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും ഭയമില്ലെന്നും അൻവർ പറഞ്ഞു.