ശാസ്താംകോട്ട:ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികളെ നിരന്തരമായി മർദ്ദിക്കുകയും, കള്ളക്കേസിൽ കുടുക്കുകയും,ഓണാഘോഷം അടക്കമുള്ള പരിപാടികൾ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സബ്ബ് ട്രഷറിക്ക് സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ദിവസങ്ങൾക്ക് മുമ്പ് കോളേജിൽ സംഘടിപ്പിച്ച ഓണാഘോഷം അലങ്കോലപ്പെടുത്താൻ പ്രിൻസിപ്പാളും എസ്.ഐയും ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് യദുകൃഷ്ണൻ ആരോപിച്ചു.നിരപരാധികളായ വിദ്യാർത്ഥികളെ മർദ്ദിച്ച് റീലുകൾ സൃഷ്ടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ ശാസ്താംകോട്ട എസ്.ഐ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം അമൃതപ്രിയ,ജില്ലാ വൈസ് പ്രസിഡന്റ് ഹരി പുത്തനമ്പലം,
ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് ബാബു,തുണ്ടിൽ നൗഷാദ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ,നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ,കെ.എസ്.യു ജില്ലാ ഭാരവാഹികളായ അജ്മൽ ഷാ,ശ്യാം ചവറ,മീനാക്ഷി,അനു.കെ.വൈദ്യൻ, അൻവർ ബിജു,ആസിഫ് ഷാജഹാൻ, അഭിരാം ഗോകുലം,അരവിന്ദ് അനയടി,ജോബിൻ തലച്ചിറ,സൈദു,അജിൻ വാഴൂർ,അരവിന്ദ് ചാത്തന്നൂർ,ആഷിൽ,ജെയ്സൺ തഴവ ,യൂണിറ്റ് പ്രസിഡന്റ് അഭിഷേക് എന്നിവർ പ്രസംഗിച്ചു.
ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കെ എസ് യു പ്രതിഷേധ മാർച്ച്
തട്ടിപ്പ്, മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ടക്കെതിരെ സുപ്രീം കോടതി
ന്യൂഡെല്‍ഹി . മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ടക്കെതിരെ സുപ്രീം കോടതി.എൻആർഐ ക്വാട്ട,വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പ് ആണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത് അവസാനിപ്പിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.
മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട സമ്പ്രദായം,വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ദോഷകരമായ പ്രത്യാഘാതം ആണ് എൻആർഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എൻആർഐ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവരേക്കാൾ മൂന്ന് ഇരട്ടി മാർക്ക് ഉള്ളവർക്ക് പോലും അഡ്മിഷൻ ലഭിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു
ഇത് അവസാനിപ്പിക്കേണ്ടത് ആണെന്നും കോടതി അഭിപ്രായപെട്ടു.മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് എൻആർഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സർക്കാർ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു.
വിദേശത്ത് ഉളള ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും എൻആർഐ ക്വാട്ടയിൽ പ്രവേശനം നൽകാം എന്നാണ് പുതിയ വിജ്ഞാപനത്തിൽ പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിരുന്നത്. ഈ വിജ്ഞാപനം ആണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്.ഹൈക്കോടതിയുടെ നടപടി പൂർണ്ണമായും ശരിയാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ഗതാഗത നിയന്ത്രണം
പഴവറ -കല്ലട റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി സെപ്തംബര്‍ 25 മുതല്‍ 10 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പുത്തൂര്‍ നിന്ന് കല്ലടയ്ക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍ ആലക്കല്‍ നിന്ന് തിരിഞ്ഞ് എസ്. എന്‍. പുരം- ഭജനമഠം- ഓതിരമുകള്‍- മൂന്ന് മുക്ക് വഴി കല്ലടയ്ക്കും, കല്ലടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മൂന്ന് മുക്കില്‍ നിന്ന് ഓതിരമുകള്‍- ഭജ നമഠം- എസ്.എന്‍ പുരം വഴി പുത്തൂരേക്കും പോകണം.
പൂയപ്പള്ളി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന്
ഓയൂര്‍: പൂയപ്പള്ളി പഞ്ചായത്തില്‍ നടന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിക്ക് പ്രസിഡന്റ് സ്ഥനവും എല്‍ഡിഎഫ് പ്രതിനിധിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. നിലവില്‍ എല്‍ഡിഎഫ് മുന്നണിക്കായിരുന്നു പഞ്ചായത്ത് ഭരണ സമിതിയിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍. പഞ്ചായത്ത് ഭരണ സമിതിയില്‍ ആകെയുള്ള 16 അംഗങ്ങളില്‍ യുഡിഎഫിന് 7 അംഗങ്ങളും എല്‍ഡിഎഫിന് 8 അംഗങ്ങളും, ബിജെപിയ്ക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്.
എല്‍ഡിഎഫിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ഭരണസമിതി അംഗത്വം രാജിവെച്ചതിനെത്തുടര്‍ന്ന് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതിനിധി വിജയിക്കുകയും ചെയ്തതോടെ അംഗസംഖ്യ എല്‍ഡിഎഫിന് ഏഴും, യുഡിഎഫിന് എട്ടും സീറ്റും, ബിജെപിയ്ക്ക് ഒരു സീറ്റുമായി.
പിന്നീട് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇന്നലെ രാവിലെ നടന്നതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ രണ്ട് പ്രതിനിധികള്‍ മത്സരരംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്. മായയ്ക്ക് അനുകൂലമായതോടെ കോണ്‍ഗ്രസിലെ മുന്‍ പ്രസിഡന്റും കാറ്റാടി വാര്‍ഡ് അംഗവുമായ ബി. വസന്തകുമാരി കൂറുമാറി എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്തു. ബിജെപിയിലെ ഏക അംഗം കോണ്‍ഗ്രസിന് അനുകൂലമായും വോട്ട് ചെയ്തു. ഇതോടെ ഇരുവിഭാഗങ്ങള്‍ക്കും 8 വീതം സീറ്റുകളായി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ പ്രസിഡന്റായി യുഡിഎഫിലെ എസ്. മായയെയും, വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ ആര്‍. ഉദയകുമാറിനെയും തെരെഞ്ഞെടുത്തു.
മുകേഷിന് ജാമ്യം നൽകി വിട്ടയച്ചു
കൊച്ചി. അതിജീവിതന്മാർ ഉയർത്തിയ പീഡന പരാതിയിൽ കൊല്ലം എംഎല്‍എ മുകേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തശേഷം ജാമ്യം നൽകി വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് മുകേഷിന് ജാമ്യം അനുവദിച്ചത്. നടൻ ജയസൂര്യക്കെതിരെ പരാതി നൽകിയ നടി ഇന്ന് കോലഞ്ചേരി കോടതിയിൽ രഹസ്യ മൊഴി നൽകുകയും ചെയ്തു.
ഇന്ന് രാവിലെ 10. 12 ഓടെ ആണ് നടൻ മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടു മണിക്കൂറിൽ ഏറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുകേഷിനെതിരെ ഉയർന്ന പരാതികളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യങ്ങൾ ഉൾപ്പെടുത്തിയാണ് മുകേഷിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച മുകേഷിന്റെ വൈദ്യ പരിശോധനയും നടത്തി.കേസിനെ കുറിച്ചോ അറസ്റ്റിനെക്കുറിച്ച് ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ആണ് മുകേഷ് പുറത്തേക്കിറങ്ങിയത്. സിനിമാ സെറ്റിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ ഇന്ന് നടി രഹസ്യ മൊഴി നൽകി. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ ഫാക്ടറിയിൽ വച്ച് അപമാനിക്കപ്പെട്ടു എന്നതടക്കമുള്ള കേസിലാണ് നടി രഹസ്യമൊഴി നൽകിയത്.കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി രഹസ്യമൊഴി നൽകാനായി എത്തിയത്.മുൻപ് താൻ പറഞ്ഞ കാര്യങ്ങളെല്ലാം മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയതായി നടി വ്യക്തമാക്കി.
കേസിലെ പരാതിക്കാരെ സ്വാധീനിക്കരുത് എന്നും ഭീഷണിപ്പെടുത്തരുത് എന്നും അന്വേഷണസംഘം എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം എന്നത് അടക്കമുള്ള വ്യവസ്ഥകളും മുകേഷിന്റെ ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയസൂര്യക്കെതിരായി പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ആംബുലന്‍സുകളുടെ മിനിമം ചാര്‍ജ് ഏകീകരിച്ചു; ആര്‍സിസിയിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ്
ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് ഏകീകരിച്ച് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എസി ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10 കിലോ മീറ്റര്‍) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധിക ചാര്‍ജായി 50 രൂപ ഈടാക്കാന്‍ അനുവദിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
വെയിറ്റിങ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 350 രൂപയാണ്. വെന്റിലേറ്ററില്ലാത്ത ഓക്‌സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 1500 രൂപയാണ്. കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും വീതമായിരിക്കും.
ട്രാവലര്‍ എസി ആബുലന്‍സിന് 1000 രൂപയും കിലോ മീറ്ററിന് 30 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയും ആയിരിക്കും. ചെറിയ ഒമ്‌നി പോലുള്ള എസി ആംബുലന്‍സിന് 800 രൂപയും കിലോ മീറ്ററിന് 25 രൂപയും വെയിറ്റിങ് ചാര്‍ജ് 200 രൂപയുമാണ്. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്‍ക്ക് 600 രൂപയാണ് മിനിമം ചാര്‍ജ്. വെയിറ്റിങ് ചാര്‍ജ് 150 രൂപയും കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്‍സിസിയിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 1,23,456 രൂപയും സരസ്വതി ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈദിക ദാര്‍ശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയിലൂടെയും സൗന്ദര്യവത്താക്കുന്ന രചനാ പാടവത്തിനാണ് പുരസ്‌കാരമെന്ന് മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. മാതാ അമൃതാനന്ദമയി ദേവിയുടെ 71-ാം പിറന്നാള്‍ ദിനമായ 27ന് കൊല്ലം അമൃതപുരി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ മലയാള വിഭാഗം പ്രൊഫസറും അധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം, ഭരണസമിതിയംഗം, കേന്ദ്ര നവോദയ വിദ്യാലയ ഭരണസമിതിയംഗം, കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് 2001 മുതല്‍ അമൃതകീര്‍ത്തി പുരസ്‌ക്കാരം നല്‍കിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണന്‍, ഡോ. ലക്ഷ്മീകുമാരി, ശ്രീ പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്‌ക്കാരനിര്‍ണ്ണയം നടത്തിയത്.
ചികിത്സാപ്പിഴവ് എന്ന പരാതി,യുവാവിന്റെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു
കൊച്ചി. യുവാവിന്റെ മരണം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വിൽസന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളേജിൽ ആകും പോസ്റ്റ്മോർട്ടം ചെയ്യുക.
വിൽസൻ്റെ മാതാവ് മറീന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം ഒരു വർഷത്തിനു ശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ രാവിലെ കളമശ്ശേരി പോലീസ് എത്തിയാണ് നടപടികൾ സ്വീകരിച്ചത്. യുവാവിന്റെ മരണം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതി പോലീസ് പരിശോധിക്കും.
പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ആകും പോസ്റ്റ്മോർട്ടം ചെയ്യുക.
ഒരു വർഷം മുൻപാണ് ചികിത്സ തേടിയെത്തിയ വിൽസൻ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. സംഭവത്തിൽ നേരത്തെ പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. അതേസമയം ചികിത്സാപ്പിഴവ് ആരോപണം കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു
പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ
ചെന്നൈ.പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ .
തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസ് ആണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത് . ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും . ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹൻ പറഞ്ഞിരുന്നു.
അറസ്റ്റിനെതിരെ ബിജെപി നേതാക്കൾ രംഘത്തത്തി.
ദ്രൗപദി, രുദ്രതാണ്ഡം, ബകാസുരൻ സിനിമകളുടെ സംവിധായകനാണ് മോഹൻ
ആഭരണങ്ങൾ വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവതി സ്വർണ്ണം കവർന്നു
കാസർഗോഡ്. കുമ്പളയിൽ ആഭരണങ്ങൾ വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവതി സ്വർണ്ണം കവർന്നു. കുമ്പളയിലെ രാജധാനി ജ്വല്ലറിയിൽ പർദ്ദ ധരിച്ചെത്തിയ. യുവതിയാണ് സ്വർണവുമായി കടന്നുകളഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ്യുവതി ജ്വല്ലറിയിൽ എത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം ആഭരണങ്ങളുടെ വിവിധ മോഡലുകൾ പരിശോധിക്കുകയും തുടർന്ന് രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു മടങ്ങുകയും ആയിരുന്നു. രാത്രിയിൽ ജ്വല്ലറി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ആഭരണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പർദ്ദ ധരിച്ചെത്തിയ യുവതിയാണ്സ്വർണ്ണം മോഷ്ടിച്ചതെന്ന് മനസ്സിലായി. സംഭവം ചൂണ്ടിക്കാട്ടി ജ്വല്ലറി ഉടമ ഹമീദ്കുമ്പള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.





































