Home Blog Page 2114

റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണം,ഹൈക്കോടതി

. കൊച്ചി.സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും അത് റോഡിൽ പൊലിയേണ്ടതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കുന്നംകുളം റോഡിന്‍റെ അവസ്ഥയെന്തെന്ന് കോടതി ചോദിച്ചു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്നും എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്‍റെ പേരിലും ഓവർ സ്പീഡിനും ഫൈൻ പിടിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. റോഡുകളുടെ കാര്യത്തിൽ ജില്ലാ കളക്ടര്‍മാര്‍ ഇടപെടാത്തതെന്തെന്ന് കോടതി ചോദിച്ചു. റോഡിലെ കുഴി മനുഷ്യനിർമ്മിത ദുരന്തമായി ജില്ലാ കളക്ടർമാർ കണക്കാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ആയിക്കുന്നത്ത് വിറക് ശേഖരിക്കുന്നതിനിടെ സെപ്റ്റിക്ക് ടാങ്കിൻ്റെ സ്ലാബ് തകർന്ന് വീട്ടമ്മ വീണു


ശാസ്താംകോട്ട:ശൂരനാട് തെക്ക് ആയിക്കുന്നത്ത് വിറക് ശേഖരിക്കുന്നതിനിടെ സെപ്റ്റിക്ക് ടാങ്കിൻ്റെ സ്ലാബ് തകർന്ന് വീട്ടമ്മ വീണു.ശൂരനാട് തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് സുശീല സോമൻ(55) ആണ് 20 അടി താഴ്ചയുള്ള കക്കൂസ് കുഴിയിൽ അകപ്പെട്ടത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

വിവരമറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റിലെ എഫ്ആർഒ മാരായ രാജേഷ്,അരുൺ എന്നിവർ ലാഡറിൽ ഇറങ്ങി സാഹസികമായി സുശീലയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ലീഡിങ് ഫയർമാൻ നിയാ സുധിൻ,ഷാനവാസ്,സുജാതൻ, വാമദേവൻ,ഉണ്ണികൃഷ്ണപിള്ള രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

നടി ശ്വേത മേനോനെതിരെ അപകീര്‍ത്തി പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

നടി ശ്വേത മേനോനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. രാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് നടി ശ്വേതാമേനോനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ക്രൈം നന്ദകുമാര്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടി പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനും പൊലീസ് നിര്‍ദേശിച്ചു.

.

കാണ്‍പൂര്‍ ടെസ്റ്റ് ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു. പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(8), ശുഭ്മാന്‍ ഗില്‍(6), യശസ്വി ജയ്‌സ്വാള്‍(51) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തും(4), വിരാട് കോലിയും(29) പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. സ്‌കോര്‍ ബംഗ്ലാദേശ് 233, 146, ഇന്ത്യ 285-9, 98-3.

കരുനാഗപ്പള്ളി എന്‍എസ്എസ് യൂണിയന് 7 കോടി 9 ലക്ഷം രൂപയുടെ ബഡ്ജറ്റ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ 84-ാമത് വാര്‍ഷിക ബഡ്ജറ്റ് പൊതുയോഗം സംഘടിപ്പിച്ചു. എന്‍എസ്എസ് ട്രഷറര്‍ അഡ്വ. എന്‍.വി. അയ്യപ്പന്‍ പിള്ള അധ്യക്ഷനായി. 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും സപ്ലിമെന്ററി ബഡ്ജറ്റും മുതല്‍കടം സ്റ്റേറ്റ്മെന്റും 2024-25 വര്‍ഷത്തേക്കുള്ള ബജറ്റും യൂണിയന്‍ സെക്രട്ടറി അരുണ്‍ ജി. നായര്‍ അവതരിപ്പിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. വി. ഉണ്ണിക്കൃഷ്ണ പിള്ള, ഇന്‍സ്പെക്ടര്‍ വി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
7 കോടി 9 ലക്ഷം രൂപയുടെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കരയോഗങ്ങള്‍ക്ക് വിവാഹം, ചികിത്സാ ധനസഹായം എന്നിവ നല്‍കുന്നതിന് 2 ലക്ഷം രൂപ വീതവും ഹ്യൂമന്‍ റീസോഴ്സ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 2 ലക്ഷം രൂപ, എന്‍ഡോവ്മെന്റ് സ്‌കോളര്‍ഷിപ്പ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള ധനസഹായം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയ്ക്ക് 20 ലക്ഷം രൂപ, ദുരിതാശ്വാസ നിധി സംഭാവന ഇനത്തില്‍ 3 ലക്ഷം രൂപ, മന്ദിര നിര്‍മാണത്തിനായി 4 കോടി രൂപ, അധ്യാന്മിക പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 3 ലക്ഷം രൂപ, സര്‍വീസ് ദ്വൈവാരികയ്ക്ക് 5 ലക്ഷം രൂപ എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുളക്കട സബ് ജില്ലാ കായികമേള; പുത്തൂര്‍ ജിഎച്ച്എസ്എസ് ചാമ്പ്യന്മാര്‍

പുത്തൂര്‍: കുളക്കട സബ് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പുത്തൂര്‍ ജിഎച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 26, 27, 28 തീയതികളില്‍ മഞ്ഞക്കാല ജിഎംവിഎച്ച്എസ് സ്‌കൂളില്‍ നടന്ന കായികമേളയില്‍ 352 പോയിന്റുമായി മേളയില്‍ പങ്കെടുത്ത സബ് ജില്ലയിലെ മറ്റ് സ്‌കൂളുകളെ പിന്തള്ളിയാണ് പുത്തൂര്‍ സ്‌കൂള്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്.
കിഡ്ഡീസ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. സ്‌കൂള്‍ കായിക അധ്യാപികയായ എസ്. ഷംല ബീവിയുടെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിച്ചത്.

മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പരവൂര്‍: മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പരവൂര്‍ സ്വദേശി തരുണ്‍ (45)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഒല്ലാല്‍ വളവില്‍ വച്ച് പൂതക്കുളം ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷ മിനിലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പോലീസ് കേസെടുത്തു.

കിണറില്‍ നിന്നും കക്കൂസ് കുഴിക്ക് അകലം കുറവെന്ന് ആരോപണം: അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: കിണറില്‍ നിന്നും കക്കൂസ് കുഴിക്കുള്ള അകലം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന്റെ സാന്നിധ്യത്തില്‍ അളക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ വെളിയം പഞ്ചായത്ത് സെക്രട്ടറി സമവായ ചര്‍ച്ച നടത്തി പരാതി പരിഹരിക്കണമെന്നും കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.
കൊട്ടറ മീയണ്ണൂര്‍ സ്വദേശി കെ.എസ്. കോശിയുടെ പരാതി തീര്‍പ്പാക്കികൊണ്ടാണ് ഉത്തരവ്. കക്കൂസ് കുഴിയുടെ നിര്‍മ്മാണം വെളിയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടഞ്ഞെന്നാണ് പരാതി. കമ്മീഷന്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ആന്‍സി.ഡി.ബാബു എന്നയാളുടെ കുടിവെള്ള കിണറില്‍ നിന്നും 7.5 മീറ്റര്‍ അകലം പാലിക്കാത്തതുകൊണ്ടാണ് കക്കൂസ് കുഴിയുടെ നിര്‍മ്മാണം തടഞ്ഞതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാല്‍ ചട്ടപ്രകാരം അകലമില്ലെന്ന വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് പരാതിക്കാരനെ ബോധ്യപ്പെടുത്തി സ്ഥലം ഒരിക്കല്‍ കൂടി അളക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

അറുപതുകാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആള്‍ പിടിയില്‍

കൊല്ലം: കടം വാങ്ങിയ പണം തിരികെ നല്‍കാത്ത വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അറുപതുകാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആള്‍ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര ആലുവിള മീനത്ത് ചേരിയില്‍ ആന്റണി (45) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. അറുപത്കാരിയായ സ്ത്രീ ഇയാളുടെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ കടം
വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാന്‍ കാല താമസം നേരിട്ടതിനെ തുടര്‍ന്ന് ഇയാള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം; പ്രതി പിടിയില്‍

കൊല്ലം: ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനില്‍ അരുണ്‍ എന്ന സുനില്‍കുമാര്‍ (24) ആണ് ചവറ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ മടപ്പള്ളിയിലുള്ള കാവനാല്‍ ദേവിക്ഷേത്രത്തില്‍ ഇയാള്‍ അതിക്രമിച്ച് കയറി ഏകദേശം 7000 രൂപയോളം വില വരുന്ന വിളക്കുകളും മറ്റും മോഷ്ടിച്ചെടുക്കുകയായിരുന്നു. മോഷണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞ് വച്ച ശേഷം ചവറ പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും തൊണ്ടി മുതലുകള്‍ കണ്ടെടുക്കുകയും ചെയ്തു. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, ചവറ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള സമാനമായ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇയാള്‍.