ഡിസംബർ മൂന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടത്താനിരുന്ന 63ാം സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി ആദ്യവാരം നടത്താനായി മാറ്റിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഡിസംബർ നാലിന് നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് ഇതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതനുസരിച്ച് സ്‌കൂൾ, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കും.
കോട്ടാത്തലയിൽ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊട്ടാരക്കര – പുത്തൂർ റോഡിൽ കോട്ടാത്തലയിൽ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പടിഞ്ഞാറേ കല്ലട കടപുഴ മൂലശ്ശേരിയിൽ അനിൽകുമാർ പി ( 57) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4ന് കോട്ടാത്തലയിലെ ഭാര്യ വീട്ടിൽ നിന്നും വെസ്റ്റ് കല്ലടയിലെ വീട്ടിലേക്കു പോകും വഴി എതിരെ വന്ന സ്വകാര്യ ബസ് സ്കൂൾ ബസിനെ മറി കടന്നു അനിൽകുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. ഭാര്യ: ഹരിജ, മകൾ: അനുഗ്രഹ.
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന എട്ടുവയസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന എട്ടുവയസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയില്‍ അരുണ്‍-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍ പമ്പിന് സമീപത്തുവവച്ച് വൈകീട്ടായിരുന്നു അപകടം.
അമ്മ അശ്വതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും ഇവര്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്‌കൂളിലെ ഡാന്‍സ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാന്‍ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ. മൂന്ന് പേരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ബസ് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ തെറിച്ചുവീണ ആരാധ്യയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.
ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന അരുണ്‍ നാട്ടില്‍ എത്തിയ ശേഷമാകും ആരാധ്യയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുക.
മാങ്കുളം പെരുമ്പൻകുത്തിൽ യുവാവ് മുങ്ങി മരിച്ചു
ഇടുക്കി. മാങ്കുളം പെരുമ്പൻകുത്തിൽ യുവാവ് മുങ്ങി മരിച്ചു. എറണാകുളം പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി മെലൂസ് ജൂഡ് (43) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ മെലൂസ് പുഴയിലേക്ക് ഇറങ്ങിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചലിൽ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
വാര്‍ഡ് ഡീലിമിറ്റേഷന്‍ സൂക്ഷ്മതയോടെ നടത്തണം: കളക്ടർ
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വാര്‍ഡ് ഡി ലിമിറ്റേഷന്‍ (അതിര്‍ത്തി നിര്‍ണയം) സൂക്ഷ്മമായി നടത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ത്രിദിന ട്രെയിനിങ് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം .വാര്‍ഡ് തലത്തില്‍ തയ്യാറാക്കുന്ന കരട് പട്ടികയാണ് ജില്ലാ തല കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ ചെയര്‍മാനും നാലു സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അംഗങ്ങളുമായ സംസ്ഥാന തല ഡി ലിമിറ്റേഷന്‍ കമ്മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുക. ഇതില്‍ പരാതികളും പിശകുകളും ഉണ്ടാവാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം.ഒക്ടോബര്‍ മൂന്ന് ,നാല് ,അഞ്ച് തീയതികളില്‍ ആണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള പരിശീലനം ക്രമീകരിച്ചിരിക്കുന്നത് .ജില്ലയിലെ 68 പഞ്ചായത്ത് ,11 ബ്ലോക്ക്,ഒരു ജില്ല പഞ്ചായത്ത് ,നാലു മുന്‍സിപ്പാലിറ്റി,ഒരു കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഉള്ള 1420 വാര്‍ഡുകളില്‍ ആണ് പുനഃക്രമീകരണം നടത്തുക . ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി നവംബര്‍ അഞ്ചിനകം ജില്ലയുടെ മുഴുവന്‍ ഡി ലിമിറ്റേഷന്‍ പ്രൊപ്പോസലുകളും സംസ്ഥാന കമ്മിഷന് മുന്‍പാകെ ഹാജരാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ സാജു ,ട്രൈനര്‍മാര്‍ ,വിവിധ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ,ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
ചടയമംഗലം ബീഡിമുക്ക് -ചണ്ണപ്പേട്ട റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 5 മുതല്‍ 15 ദിവസത്തേക്കു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.ചണ്ണപ്പേട്ടയില്‍ നിന്നും ബീഡിമുക്ക് ഭാഗത്തേക്ക് പുല്ലാഞ്ഞിയോട് – മീന്‍കുളം വഴിയും തിരിച്ചും പോകണം.
കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച നടൻ മോഹൻരാജ് അന്തരിച്ചു
കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതനായ നടൻ മോഹൻരാജ് അന്തരിച്ചു. സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ… കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി. ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്.
കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്.
കരിയര്‍ കളറാക്കാന്‍ കൊല്ലം ജില്ലാ ഭരണ കൂടവും കുടുംബശ്രീയും
ജില്ലയിലെ യുവജനങ്ങള്‍ക്ക് മികച്ച കരിയര്‍ ഒരുക്കുന്നതിനും ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നതിനുമായി വിവിധ സര്‍ക്കാര്‍ മിഷനുകളുടെയും വകുപ്പുകളുടെയും,നൈപുണ്യ പരിശീലന, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംയോജനത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ എക്‌സ്‌പോ പ്ലേസ്‌മെന്റ് ഡ്രൈവ് ഒരുക്കുന്നു. എക്‌സ്‌പോയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തൊഴില്‍ നൈപുണ്യ പരിശീലന മേഖലയിലെ വിവിധ സര്‍ക്കാര്‍ മിഷനുകള്‍, വകുപ്പുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നിരുന്നു. പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെയും ജില്ലയ്ക്ക് പുറത്തും ഉള്ള വിവിധ സെക്ടറുകളിലെ തൊഴില്‍ ദാതാക്കളുടെ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 5 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് നടക്കും. മെഡിക്കല്‍, പാരാമെഡിക്കല്‍, എന്‍ജിനീയറിങ്, മറ്റ് പ്രൊഫഷണല്‍ വിദ്യാഭ്യാസം , ബിരുദം,ഐ ടി ഐ , ഡിപ്ലോമ, +2 അടിസ്ഥാന യോഗ്യത ഉള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ എന്നിങ്ങനെ 1.25 ലക്ഷത്തില്‍ പരം തൊഴില്‍ അന്വേഷകരെയാണ് കേരള നോളേജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍,എന്നീ മിഷനുകള്‍ മുഖേന ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, അസാപ്, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ , കുടുംബശ്രീ ഡി ഡി യു ജി കെ വൈ എന്നിവ മുഖേന നൈപുണ്യ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ എന്നിവരെ വിവിധ സെക്ടറുകളിലെ തൊഴില്‍ ദാതാക്കളിലേക്ക് എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് ജില്ലാ തല തൊഴില്‍ ദാതാക്കളുടെ സംഗമത്തിന്റെ ലക്ഷ്യം തൊഴില്‍ ദാതാക്കള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ ഐ ഐ സി) ല്‍ വച്ചാണ് ജില്ലാ തല കരിയര്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ജില്ലയിലെയും, ജില്ലയ്ക്ക് പുറത്തും, വിദേശ രാജ്യങ്ങളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വായത്വമാക്കുന്നത്തിന് ആണ് എക്‌സ്‌പോ അവസരം ഒരുക്കുന്നത്.
ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര
.ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര.മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ പറഞ്ഞു.
ഹോസ്റ്റലിൽ ഇന്നലെ രാത്രി വിളമ്പിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.പിന്നാലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.സംഘടിച്ചെത്തിയ വിദ്യാർഥികൾ കണ്ടത് ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ നിലയിൽ.നേരത്തെയും ഭക്ഷണത്തിൽ നിന്ന് പാറ്റകളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ മലയാളി വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു
ആലത്തൂർ എസ് എൻ കോളേജിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം
പാലക്കാട് .ആലത്തൂർ എസ് എൻ കോളേജിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം.നാലുപേർക്ക് പരിക്ക്.എസ്എഫ്ഐ പ്രവർത്തകരായ ശബരി, അരുൺ, കെഎസ്‌യു പ്രവർത്തകരായ നവനീത്, ടിജു എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോളേജിൽ ക്യാമ്പയിൻ നടക്കുന്നുണ്ട്. ഇതിനിടെ പുറത്ത് നിന്നുള്ള നേതാക്കൾ ക്യാമ്പസിനകത്ത് പ്രവേശിച്ചതാണ് കാരണം. ഇതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്





































