Home Blog Page 2032

ചലച്ചിത്രതാരം ദർശൻ കൊലപ്പെടുത്തിയ രേണുകാ സ്വാമിക്ക് ആൺകുഞ്ഞ്, മകൻ തിരിച്ചു വന്നുവെന്ന് പിതാവ്

ബെംഗളൂരു: ഭർത്താവിന്റെ ദാരുണ മരണം കഴിഞ്ഞ് നാലാം മാസം ആൺകുഞ്ഞിന് ജന്മം നൽകി രേണുകാ സ്വാമിയുടെ ഭാര്യ. കാമുകിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് കന്നട ചലചിത്രതാരം ദര്‍ശന്‍ തൂഗുദീപ കൊലപ്പെടുത്തിയ രേണുകാ സ്വാമിക്കാണ് ആൺകുഞ്ഞ് ജനിച്ചിരിക്കുന്നത്.

കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോകുമ്പോൾ അഞ്ച് മാസം ഗർഭിണിയായിരുന്ന ഭാര്യ സഹാന. സഹാനയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മകൻ തിരിച്ചു വരുന്നുവെന്നുമാണ് രേണുകാ സ്വാമിയുടെ പിതാവ് കാശിനാഥയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ചയാണ് രേണുകാ സ്വാമിക്ക് മകൻ പിറന്നത്.

ജൂൺ ഏഴിനാണ് കന്നട ചലചിത്ര താരം ദർശന്റെ ആളുകൾ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോയത്. ജൂൺ 9നാണ് ക്രൂരമർദ്ദനത്തിന് ഇരയായ നിലയിൽ ഇയാളുടെ മൃതദേഹം സോമനഹള്ളിയിൽ കണ്ടെത്തുന്നത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നുമായിരുന്നു മൃതദേഹം ലഭിച്ചത്. ആദ്യം ആത്മഹത്യയാണ് എന്നു കരുതിയ സംഭവത്തിൽ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്ലാണ് ക്രൂരമായ കൊലപാതകമാണ് സംഭവം എന്ന് തെളിഞ്ഞത്.

ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആയിരുന്നു ക്രൂരമായ മർദ്ദനത്തിനും പിന്നീട് കൊലപാതകത്തിലേക്കും വഴി വച്ചത്. ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുക സ്വാമി കമന്റ് ചെയ്തിരുന്നു. ഇത് കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു.

ദർശന്റെ ആളുകൾ തട്ടിക്കൊണ്ട് വന്ന രേണുകാ സ്വാമിയെ ആർ ആർ നഗറിലെ ഒരു ഷെഡിലേക്കാണ് എത്തിച്ചത്. ഏക്കറുകൾ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസുകാരനാണ്. ഇയാളുടെ മരുമകൻ ആണ് കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികൾ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പായ ഇവിടെ വച്ച് ദർശന്റെ സാന്നിധ്യത്തിൽ ക്രൂരമർദ്ദനമേറ്റാണ് രേണുകാ സ്വാമി കൊല്ലപ്പെട്ടത്. പിന്നീട് സംഘം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു.

രേണുക സ്വാമി കൊലക്കേസിൽ ദ​ർശനും പവിത്രയ്ക്കും ഒപ്പം വിനയ് വി, നാഗരാജു ആർ, ലക്ഷ്മൺ എം, പ്രദോഷ് എസ്, പവൻ കെ, ദീപക് കുമാർ എം, നന്ദിഷ്, കാർത്തിക്, നിഖിൽ നായക്, രാഘവേന്ദ്ര, കേശവ മൂർത്തി എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ പവൻ പവിത്രയുടെ സുഹൃത്താണ്. രാഘവേന്ദ്ര ദർശന്റെ ചിത്രദുർഗ ഫാൻസ് അസോസിയേഷൻ അംഗമാണ്. ബാക്കിയെല്ലാവരും ദർശന്റെ അനുയായികളും ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കുന്നവരും ആണെന്ന് പൊലീസ് വിശദമാക്കുന്നത്.

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

തൃശൂര്‍: തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിച്ചിരുന്നു.

സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

എഡിഎമ്മിൻ്റെ മരണത്തിൽ പി ശശിക്ക് പങ്കെന്ന് പിവി അൻവർ, ദിവ്യയുടെ ഭ‍ർത്താവ് ശശിയുടെ ബെനാമിയെന്ന് ആരോപണം

തിരുവനന്തപുരം: എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അൻവർ ആരോപിച്ചു. പാലക്കാട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എഡിഎമ്മിനെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബെനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരിൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അദ്ദേഹം ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കേൾക്കാൻ കേരളത്തിലെ ജനങ്ങൾക് ആഗ്രഹം ഉണ്ട്.

പാലക്കാട്‌ ഡിഎംകെ മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫും എൽഡിഎഫും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷവും മതേതര വിശ്വാസികളും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പാണ്. എവിടുന്നോ വന്ന കോൺഗ്രസുകാരൻ എന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ അതുപോലെ കോൺഗ്രസുകാരനായ സരിനെ മത്സരിപ്പിക്കാൻ നോക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട് മത്സരത്തിൽ നിന്ന് അൻവർ പിന്മാറണം എന്ന് ആർക്കും പറയാനാവില്ല. മിൻഹാജ് പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്. മിൻഹാജ് പാലക്കാട് നിന്നുള്ള മികച്ച സ്ഥാനാർത്ഥിയാണ് സാധാരണ കോൺഗ്രസ്-സിപിഎം പ്രവർത്തകർ മിൻഹാജിനൊപ്പം നിൽക്കും. വിശാല ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി വന്നാൽ താൻ പിന്തുണയ്‌ക്കുമെന്നും അൻവർ വ്യക്തമാക്കി.

പാലക്കാട് മിൻഹാജും ചേലക്കരയിൽ എൻ കെ.സുധീറും ഡിഎംകെ സ്ഥാനാർത്ഥികൾ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഡിഎം കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പി വി അൻവർ.ചേലക്കരയിൽ എൻ കെ സുധീറും പാലക്കാട്ട് മിൻഹാജും സ്ഥാനാർത്ഥികളാകും. സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടാണ് ഇരുവരും മത്സരിക്കുന്നത്.ഡി എം കെയുടെ പൂർണ്ണ പിന്തുണയോടെയാണ് ഇരുവരും മത്സരിക്കുന്നത്.
രണ്ടിടത്തും ഇന്ത്യാ മുന്നണി സ്ഥാനാർത്ഥി വന്നാൽ ഡി എം കെ സ്ഥാനാർത്ഥികളെ പിൻവലിക്കും. വയനാട്ടിൽ പ്രീയങ്ക ഗാന്ധി മത്സരിച്ചാൽ പിന്തുണ നൽകുമെന്നും പി വി അൻവർ പറഞ്ഞു.
പി ശശിക്ക് ബിനാമി ഏർപ്പാടുള്ള നിരവധി പമ്പുകളുണ്ട്. പി പി ദിവ്യയുടെ ഭർത്താവുമായി പി ശശിക്ക് ബെനാമി ഏർപ്പാടുകളുണ്ട്.
സി പി എം പീഢനത്തിനിരയായി എഡിഎംആത്മഹത്യ ചെയ്തതായി അൻവർ പറഞ്ഞു.
പി ശശിയുടെ ഇംഗിതത്തിന് വഴങ്ങാതെ വന്നതാണ് എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണം .ഒരു പൊളിറ്റിക്കൽ സെക്രട്ടറിയെ നാടിൻ്റെ ഗുണ്ടയാക്കി സർക്കാർ മാറ്റുന്നുവെന്ന് അൻവർ കുറ്റപ്പെടുത്തി.
പോലീസ് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും പോലീസിലെ ചിലർ കൊള്ളസംഘമായി മാറി. പാർട്ടിയിൽ പിണറായിയുടെ അപ്രമാദിത്വമാണ്.

‘റോജ’ കണ്ടപ്പോൾ സ്വയം ചെരുപ്പൂരി തലയിലടിച്ചു: ആ നഷ്ടങ്ങളെക്കുറിച്ച് ഐശ്വര്യ

മണിരത്നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്ന് തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങൾ വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ. ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്ക്കേണ്ടി വന്നത്.

‘‘ആദ്യം മണി അങ്കിള്‍ (മണിരത്നം) വിളിച്ചത് ദളപതിക്കായാണ്. ശോഭന ചെയ്ത വേഷം ചെയ്യാന്‍. അപ്പോൾ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു.

ഹൈദരാബാദ് പോകാന്‍ നില്‍ക്കുമ്പോഴാണ് കുളു മണാലിയില്‍ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തില്‍നിന്ന് അഡ്വാന്‍സ് വാങ്ങി വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. എനിക്ക് ഒന്നും അറിയില്ല. തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്‌നത്തില്‍ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയി.

കോയമ്പത്തൂരില്‍ വച്ചാണ് സിനിമ കണ്ടത്. പടം കണ്ട് കഴിഞ്ഞ് കാറില്‍ ആരും ഒന്നും മിണ്ടിയില്ല. ഞാന്‍ ഒന്നും മിണ്ടാതെ വീട്ടിലെത്തി. ചെരുപ്പ് വച്ച് തലയില്‍ അടിച്ചു. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. വേണ്ട അടിക്കരുതെന്ന് മുത്തശ്ശി പറഞ്ഞു. ഞാന്‍ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാന്‍ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എന്നെ തന്നെ അടിക്കട്ടെ. ഇത് പോലെ ഹിറ്റാകുമെന്ന് കരുതിയില്ല. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായില്‍ മണിസാര്‍ വിളിച്ചപ്പോള്‍ ഹിന്ദി സിനിമ ​ഗർദിഷിലേക്ക് ഓഫര്‍ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തില്‍ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. ഞാന്‍ എന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം എനിക്കു നഷ്ടപ്പെട്ടത്.’’

ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ റെയ്ഡ്: കണ്ടെത്തിയത് പണവും സ്വർണവും ആഡംബര കാറുകളും ഉൾപ്പെടെ 80 കോടിയിലേറെ ആസ്തി

ഭോപ്പാൽ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ലോകായുക്തയുടെ സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റാണ് (എസ്‍പിഇ) പരിശോധന നടത്തിയത്.

ഭോപ്പാലിലെ ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിലെ ജൂനിയർ ഓഡിറ്ററായ രമേഷ് ഹിംഗോറാനിയുടെ വീട്ടിലായിരുന്നു റെയ്ഡ്. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 55,000 രൂപയുടെ വെള്ളി ആഭരണങ്ങളും 13 ലക്ഷത്തോളം രൂപയും നാല് ആഡംബര കാറുകളും അഞ്ച് ഇരുചക്ര വാഹനങ്ങളും രണ്ട് ബംഗ്ലാവുകളും ഉൾപ്പെടെ 80 കോടിയിലേറെ രൂപയുടെ ആസ്തി പരിശോധനയിൽ കണ്ടെത്തി. ആസ്തിയുടെ മൂല്യം കൃത്യമായി നിർണയിച്ച് വരുന്നതേയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹിംഗോറാനിയുമായി ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

ലക്ഷ്മി ദേവി എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള മൂന്ന് സ്‌കൂളുകളുടെ നിയന്ത്രണം ഹിംഗോറാണിയും മക്കളും കൈയടക്കിയെന്നും ആരോപണമുണ്ട്. മക്കളെ മതിയായ യോഗ്യതകളില്ലാതെ ഈ സ്കൂളുകളുടെ ഡയറക്ടർമാരായി നിയമിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെയും കോടികളുടെ ഇടപാട് നടത്തുന്നതായി കണ്ടെത്തി. പത്തോളം കടകൾ ഈ കുടുംബത്തിനുണ്ട്. ഹിംഗോറാണിയും മക്കളായ യോഗേഷും നിലേഷും സർക്കാർ ഭൂമി കൈവശപ്പെടുത്തി റിയൽ എസ്റ്റേറ്റുകാർക്ക് വിറ്റെന്നും പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ഹിംഗോറാനിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. തിരച്ചിൽ പൂർത്തിയാകുമ്പോൾ മാത്രമേ സ്വത്തുക്കളുടെ മൂല്യം സംബന്ധിച്ച അന്തിമ കണക്ക് വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS പോരിനിറങ്ങി അൻവർ;പി ശശിക്ക് ബെനാമി ബന്ധമുള്ള നിരവധി പമ്പുകൾ

2024 ഒക്ടോബർ 17 വ്യാഴം 10.50 am

?പി ശശിക്ക് ബിനാമി ഏർപ്പാടുള്ള നിരവധി പമ്പുകളുണ്ടെന്ന് പി വി അൻവർ

?സി പി എം പീഢനത്തിനിരയായി എഡിഎംആത്മഹത്യ ചെയ്തതായി അൻവർ

?പി ശശിയുടെ ഇംഗിതത്തിന് വഴങ്ങാതെ വന്നതാണ് എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണം

?ഒരു പൊളിറ്റിക്കൽ സെക്രട്ടറിയെ നാടിൻ്റെ ഗുണ്ടയാക്കി സർക്കാർ മാറ്റുന്നുവെന്ന് അൻവർ

?പോലീസ് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് പി വി അൻവർ, പോലീസിലെ ചിലർ കൊള്ളസംഘമായി മാറി

?രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തി

? കല്ലറയിലെ പ്രാർത്ഥന രാഹൂൽ മാങ്കൂട്ടത്തിനൊപ്പം ചാണ്ടി ഉമ്മൻ എത്തിയില്ല.

?ഡോ: പി സരിൻ ഇന്ന് 11.45ന് പത്രസമ്മേളനം നടത്തും,

?സി പി എമ്മിന് ലജ്ജയില്ലേ എന്ന് കെ.സുധാകരൻ, സരിൻ്റെ നീക്കങ്ങൾ പരിശോധിച്ച് നടപടിയെന്ന് എം വി ഗോവിന്ദൻ.

ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേതെന്ന് സുധാകരൻ; ‘പോകുന്നവരെ പിടിച്ചുകെട്ടിയിടാനാകില്ല’

തൃശൂര്‍: ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്‍റേതെന്നും അതെടുത്ത് വായിൽ വക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സരിനെ സ്ഥാനാർത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുകയാണ്. പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാൽ അവര്‍ക്ക് എന്ത് വൃത്തികേടും കാണിക്കാൻ പറ്റുമെന്നാണ് അര്‍ത്ഥമെന്നും ചേലക്കരയിൽ എന്‍കെ സുധീര്‍ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ സുധാകരൻ പറഞ്ഞു.

പോകുന്നവര്‍ പോകട്ടെയെന്ന് പറയാൻ അല്ലാതെ ആരെയും പിടിച്ചുകെട്ടി നിര്‍ത്താൻ പറ്റില്ല. സരിന്‍റെ കാര്യം സരിൻ ആണ് തീരുമാനിക്കുന്നത്.
സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം.ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ നടപടിയെടുക്കും വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ല.

പർട്ടിതലത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും. എൻകെ സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല. കോൺഗ്രസിനെ പോലുള്ള പാർട്ടിയിൽ ഇതുപോലുള്ള ആളുകൾ ഉണ്ടാകും. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല എന്ന് പറയുമ്പോൾ ആരെങ്കിലും കൊടുക്കുന്ന ഓഫർ പുറത്തുപോകും. കോൺഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിൽക്കണം.

സരിന് പോയെ മതിയാകു എന്നു പറഞ്ഞാൽ എന്തു പറയാനാണ്. ആരും അദ്ദേഹത്തിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല.എല്ലാവരെയും സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല. ഈ പാർട്ടിയുടെ പ്രത്യേകത അതാണ്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. ആരെയും ആശ്രയിച്ചല്ല പാലക്കാട്ടെ വിജയം. അത് ജനങ്ങളെ ആശ്രയിച്ചാണ്. നേതാക്കൾക്ക് അതിൽ സ്വാധീനം ചെലുത്താൻ ആവില്ല. സരിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം സിപിഎമ്മിന്റെ ഗതികേടാണെന്നും കെ സുധാകരൻ പറഞ്ഞു.

കണ്ണന് 25 പവന്‍റെ പൊന്നിൻ കിരീടം; ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്, പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ചാർത്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് ലഭിച്ചു. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്.

പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂർണമായും ദുബായിലാണ് നിർമ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ എ വി പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ജില്ലാ സ്കൂൾ കായിക മേളയ്ക്ക്ഇന്ന് കൊട്ടാരക്കരയില്‍ തുടക്കമാകും

കൊട്ടാരക്കര: കൊല്ലം റവന്യു ജില്ലാ കായിക മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഇന്ന് മുതല്‍ 19 വരെ കൊട്ടാരക്കര ഗവ.വിഎച്ച്എസ്എസ് സ്‌കൂള്‍ ഗ്രൗണ്ട്, എസ്‌കെവി വിഎച്ച്എസ്എസ് തൃക്കണ്ണമംഗല്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നീ വേദികള്‍ കേന്ദ്രീകരിച്ചാണ് മത്സരങ്ങള്‍ നടക്കുക. ഇന്ന് രാവിലെ 9.30ന് ബിഎച്ച്എസ് ഗ്രൗണ്ടില്‍ കായികമേളയുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍ രമേശ് അധ്യക്ഷത വഹിക്കും. 19ന് സമാപന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍ ഉദ്ഘാടനം ചെയ്യും.
12 ഉപജില്ലകളില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ 96 ഇനങ്ങളിലായി മാറ്റുരയ്ക്കും. സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ 2300 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ആകെയുള്ള 96 വിഭാഗം മത്സരങ്ങളില്‍ ത്രോ ആന്റ് ലോങ് ജമ്പ് ഇനത്തില്‍പ്പെട്ട മത്സരങ്ങള്‍ എസ്‌കെവിവിഎച്ച്എസ്എസ് തൃക്കണ്ണമംഗല്‍ സ്‌കൂള്‍ ഗ്രൗണ്ടിലും, ബാക്കി മത്സരങ്ങളെല്ലാം ഗവ.വിഎച്ച്എസ്എസ് കൊട്ടാരക്കര സ്‌കൂള്‍ ഗ്രൗണ്ടിലുമായിയാണ് നടക്കുക.