Home Blog Page 2028

ചീറിപ്പാഞ്ഞ ബൊലേറോ കാർ, വാഹനത്തിൽ യുവതിയടക്കം മൂന്ന് പേർ; അങ്കമാലിയിൽ തടഞ്ഞു; കണ്ടെത്തിയത് 300 ഗ്രാം എംഡിഎംഎ

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി പിടികൂടിയത്.

അമിത വേഗത്തിലെത്തിയ ബൊലോറെ കാർ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് പൊലീസ് സാഹസികമായി തടഞ്ഞ് നിർത്തിയത്. വാഹനത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തി. ഡ്രൈവർ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. ആകെ 325 ഗ്രാം എംഡിഎംഎ, പത്ത് ഗ്രാം എക്സ്റ്റസി എന്നിവയാണ് കണ്ടെത്തിയത്. ബെംഗലൂരുവിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സ്റ്റസി.

ചാലക്കുടി മേലൂർ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ്, തൃശൂർ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്നെത്തിക്കുന്ന രാസലഹരി ഇവർ വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തുവെന്നാണ് വിവരം.

ശോഭ സുരേന്ദ്രനും താനും ഒരേ മനസോടെ പ്രവർത്തിക്കുന്നവരെന്ന് സി കൃഷ്ണകുമാർ; പിണക്കം കെട്ടുകഥയെന്നും പ്രതികരണം

പാലക്കാട്: ശോഭ സുരേന്ദ്രനോട്‌ പിണക്കമേയില്ലെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാർ. പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ മാത്രമാണെന്നും രണ്ടുപേരും ഒരേ മനസോടെ പ്രവർത്തിക്കുന്ന ഭാരവാഹികളാണെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച കാലം തൊട്ട് ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് ‌ഞങ്ങൾ. താൻ ക്ഷണിച്ചിട്ടാണ് ശോഭ ആദ്യമായി പാലക്കാട്‌ മത്സരിച്ചത്. അന്ന് താൻ യുവമോർച്ച ജില്ലാ അധ്യക്ഷനായിരുന്നു.

ബിജെപിയുട വനിതാ മുഖമാണ് ശോഭ സുരേന്ദ്രൻ. പ്രമുഖ നേതാക്കളിൽ ഒരാളാണ്. എവിടെ മത്സരിച്ചാലും ശോഭ വോട്ട് കൂടിയിട്ടുണ്ട്. ബിജെപിയുടെ ഏത് പ്രവർത്തകരോട് ചോദിച്ചാലും ശോഭയുടെ പേര് പറയും. അതിൽ എന്താണ് തെറ്റ്? പാർട്ടി ആരെ നിർത്തിയാലും പിന്തുണക്കും. പാർട്ടി എന്താവശ്യപെട്ടാലും അത് ചെയ്യാൻ തയ്യാറാണെന്ന് മത്സരിക്കുമോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. എതിർ ഭാഗത്ത്‌ രാഹുൽ ഗാന്ധി വന്ന് മത്സരിച്ചാലും വിഷയമല്ല, അത്രക്ക് ശക്തമാണ്‌ പാലക്കാട്‌ ബിജെപിയെന്നും കൃഷ്ണ കുമാർ പറഞ്ഞു.

ന്യൂസ് അറ്റ് നെറ്റ്   BREAKINGEWS                തിരു: നഗരസഭയിൽ ശുചീകരണ തൊഴിലാളികൾ ആത്മഹത്യ സമരത്തിൽ

2024 ഒക്ടോബർ 19 ശനി, 7.15 am

?തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യുന്ന തല്ക്കാലിക ശുചീകരണ തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിൽ കയറി.

?സി പി എം അനുഭാവികളായ തൊഴിലാളികൾ കഴിഞ്ഞ 16 ദിവസമായി നടത്തുന്ന സമരത്തെ അധികാരികൾ തിരിഞ്ഞ് നോക്കാത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ 7.00 നാണ്
ആത്മഹത്യാ സമരം നടത്തിയത്.

?രണ്ട് തൊഴിലാളികൾ കയ്യിൽ കയർ കെട്ടി, പെട്രോളുമായി മരത്തിൽ കയറിയിരിക്കുന്നു. പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

?എഡിഎം കെ നവീൻ ബാബുവിൻ്റെ മരണം: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഒളിവിൽ

?പി പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കില്ല. ചോദ്യം ചെയ്യൽ വൈകുന്നു എന്ന് സൂചന

?എഡിഎമ്മിൻ്റെ മരണം: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ മാറ്റിയേക്കും, സി പി ഐ നേതാക്കൾ മന്ത്രിയെ അതൃപ്തി അറിയിച്ചു.

?ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുക്കും.യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും.

? പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നവീൻ ബാബുവിൻ്റെ കുടുംബം കക്ഷി ചേരും. മരണത്തിലേക്ക് നയിച്ചത് പി പി ദിവ്യയുടെ പ്രസംഗമെന്ന് കുടുംബം

?സാഹിത്യ അക്കാഡമി മുൻ വൈസ് പ്രസിഡൻ്റും, നിരൂപകനുമായ ബാലചന്ദ്രൻ വടക്കടത്ത് തൃശൂരിൽ അന്തരിച്ചു

എംഡിഎംഎയുമായി നടി പിടിയിൽ; 3 ഗ്രാം എംഡിഎംഎ കണ്ടെത്തി

പരവൂർ∙ എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.

സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

തൃശ്ശൂർ: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു(68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും.

പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാഡമി മുറ്റത്ത് ഒറ്റക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായിരുന്നു. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്. എൻ. കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ(ഗൾഫ്),

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, പ്രത്യവമർശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർത്ഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. എ.ആർ. രാജരാജവർമ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാർഡ്, ഫാ. വടക്കൻ അവാർഡ്, കാവ്യമണ്ഡലം അവാർഡ്, ഗുരുദർശന അവാർഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോൻ അവാർഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

ജിം ട്രെയിനറിന്റെ കൊലപാതകം: പ്രതി പിടിയിൽ

കൊച്ചി: ആലുവ ചുണങ്ങംവേലിയിൽ ജിം ട്രെയിനറിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല സ്വദേശി കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കയ്യിൽ കരുതിയ ആയുധം കൊണ്ട് സാബിത്തിനെ കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കൊല നടത്തിയ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ തൃശൂർ ചെമ്പൂച്ചിറയിൽ നിന്നും പിടികൂടി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിശീലകനെ രണ്ടു മാസം മുൻപ് സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ശാസ്താംകോട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിൻ്റെ ലൈംഗിക അതിക്രമത്തിന് ഇരയായ എസ്എഫ്ഐ പ്രവർത്തകയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ശാസ്താംകോട്ട:ശാസ്താംകോട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിൻ്റെ ലൈംഗിക അതിക്രമത്തിന് ഇരയായ എസ്എഫ്ഐ പ്രവർത്തകയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.ഡിവൈഎഫ്‌ഐ കടപുഴ മുൻ യൂണിറ്റ് സെക്രട്ടറി പടിഞ്ഞാറെ കല്ലട കടപുഴ കോയിക്കൽഭാഗം നടുവിലക്കര കവളിക്കൽ വീട്ടിൽ കെ.എസ് വിശാഖിനെതിരെയാണ് (28, വിശാഖ് കല്ലട) ഹർജിയുമായി യുവതി കോടതിയെ സമീപിച്ചത്.പൊലീസ്
സംരക്ഷണം നൽകാൻ ശാസ്താംകോട്ട എസ്.എച്ച്.ഒയ്ക്കാണ് നിർദ്ദേശം നൽകിയത്.പട്ടികജാതിക്കാരിയും കോളേജ് വിദ്യാർത്ഥിനിയുമായ എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയ്യാൾ ഒരു വർഷമായി പീഡിപ്പിച്ചു വന്നത്.കോളേജ് കോമ്പൗണ്ടിനടുത്ത ആളൊഴിഞ്ഞ ഭാഗത്തു വച്ചായിരുന്നു പീഡനം.വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും 9 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു.വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയ്യാൾ പിന്മാറിയതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകുകയും പ്രതിയെ റിമാൻ്റ് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ മാർച്ചിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയെ വീണ്ടും ആക്രമിച്ചു.ഈ സംഭവത്തിലും ഇയ്യാളെ കോടതി റിമാൻ്റ് ചെയ്തിരുന്നു.അടിയന്തിര അന്വേഷണത്തിന് ദക്ഷിണ മേഖല ഐ.ജി പൊലീസിന് നിർദേശം നൽകി.ഇതോടെ പരാതി പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നും പഠിക്കാൻ അനുവദിക്കില്ലെന്നും ഗുണ്ടകളെ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ വീട്ടിലും കോളേജിലും വച്ച് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.ഇതോടെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.അഭിഭാഷകരായ കുളത്തൂർ ജയ്സിങ്,ആർ.ഗോപൻ എന്നിവർ കോടതിയിൽ ഹാജരായി.

മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ കരുനാഗപ്പള്ളി സ്വദേശിയായ തൊഴിലാളിമരിച്ചു

തിരുവനന്തപുരം. മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് മരിച്ചത്.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ചിറയിൻകീഴ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടി, ഇഡി

കൊച്ചി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടിയതായി ഇഡി.വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കള്‍ ആണ് കണ്ട്കെട്ടിയത്.35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര ജംഗമ സ്വത്തുക്കൾ ഈ മാസം 16ന് കണ്ടുകെട്ടി.

നേരത്തെ 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര ജംഗമ സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.കൂടുതലും കണ്ടുകെട്ടിയത് കേരളത്തിലെ സ്വത്തുക്കള്‍. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ്, ഇടുക്കി ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവ..

ഹവാലയിലൂടെയും സംഭാവനയിലൂടെയും ലഭിച്ച പണം ഉപയോഗിച്ചത് ഭീകരവാദത്തിനെന്ന് ഇഡി

കേരളം, കര്‍ണാടക, തമിഴ്നാട്, രാജാസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിച്ചിരുന്നു.പണത്തിന്‍റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളെന്ന് ഇഡി

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ കെ.എസ്.യുവിന് 14/14;കനൽ ഒരു തരി പോലുമില്ലാതെ എസ്എഫ്ഐ

ശാസ്താംകോട്ട:കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും കെ.എസ്.യുവിൻ്റെ വിജയക്കുതിപ്പ്.14ൽ 14 സീറ്റുകളിലും കെ.എസ്.യു ആധിപത്യം ഉറപ്പിച്ചപ്പോൾ എസ്എഫ്ഐയ്ക്ക് വട്ടപ്പൂജ്യമായിരുന്നു ഫലം.ഇത് നാലാം തവണയാണ് തുടർച്ചയായി കെ.എസ്.യു യൂണിയൻ ഭരണം സ്വന്തമാക്കുന്നത്.
യൂണിയൻ ചെയർമാൻ,ജനറൽ സെക്രട്ടറി,മാഗസിൻ എഡിറ്റർ തുടങ്ങി മുഴുവൻ സീറ്റുകളിലും കെ.എസ്.യു വിജയക്കുതിപ്പ് നടത്തി.എസ്എഫ്ഐ പാനലിൽ
മത്സരിച്ച ഒരാൾ പോലും വിജയിച്ചില്ല.ഉച്ചയോടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തികരിച്ചപ്പോൾ തന്നെ കെ.എസ്.യു സമ്പൂർണ വിജയം ഉറപ്പിച്ചിരുന്നു.വൈകിട്ട് അന്തിമഫല പ്രഖ്യാപനം വന്നതോടെ പ്രവർത്തകരിൽ ആവേശം അണപൊട്ടി.സഞ്ചു.ജെ.തരകൻ ചെയർമാനും അപർണ വി.ആർ വൈസ് ചെയർപേഴ്സണും മുഹമ്മദ് ആഷിക്.എസ് ജനറൽ സെക്രട്ടറിയുമാകും.സന്ദീപ് എസ്.എസ് (ആർട്സ് ക്ലബ്ബ് സെക്രട്ടറി),വിഷ്ണു.എസ് (മാഗസിൻ എഡിറ്റർ),ഷിഹാസ്.എസ്,ഷിഫാന.എസ് (ഇരുവരും യു.യു.സി),സൽമ.എസ്, നന്ദ.ബി(വനിതാ പ്രതിനിധികൾ), കാർത്തിക്.ആർ (ഫസ്റ്റ് ഡി.സി റെപ്പ്), അജ്മി എ.എൽ (സെക്കൻ്റ് ഡി.സി റെപ്പ്), എം.വി ദേവദത്തൻ (തേഡ് ഡി.സി റെപ്പ്), ആരതി ലാൽ (ഫസ്റ്റ് പി.ജി റെപ്പ്), സുമിത്ത് റോഷർ.എൻ (സെക്കൻ്റ് പി.ജി റെപ്പ്) എന്നിവരാണ് വിജയിച്ച മറ്റുള്ളവർ.വിജയം ഉറപ്പിച്ച് പുറത്തുവന്ന യൂണിയൻ ഭാരവാഹികളെ കോളേജ് കവാടത്തിൽ നിന്നും നീലഹാരമണിയിച്ച് സ്വീകരിച്ച ശേഷം കെ.എസ്.യു,യൂത്ത് കോൺഗ്രസ്,കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.