Home Blog Page 2026

കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ നാല് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് പരുക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ നാല് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് പരുക്ക്. അഭിലാഷ്, പ്രഭീഷ്, അശ്വന്ത്, രജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൊയിലാണ്ടി താലുക്ക് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 9.30ഓടെ കെ.പി.കെ ബസ് സ്റ്റോപിനടുത്താണ് സംഭവം. സുരജ് നെല്യാടി, അമ്പാടി, നന്ദകുമാര്‍, സായൂജ് എന്നിവര്‍ ഒന്നിച്ചെത്തിയാണ് അക്രമണം നടത്തിയതെന്ന് അക്രമണത്തില്‍ പരുക്കേറ്റവർ പറയുന്നു. ഇരുമ്പ് പൈപ്പ്, വടിവാള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.നാല് പേര്‍ക്കും കൈക്കും തലയ്ക്കുമാണ് പരുക്ക്. പ്രദേശത്ത് മയക്കുമരുന്നിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി അക്രമണമുണ്ടായത്. അക്രമി സംഘത്തിലെ മുക്തി കൃഷ്ണ, നന്ദകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ച വാളും കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സാംസ്കാരിക ശോഭയുടെ പ്രതികങ്ങളാകാനാണ് അധ്യാപകർ ശ്രമിക്കേണ്ടത് ഡോ. പ്രമീളാ ദേവി

കൊല്ലം :സാംസ്കാരിക ശോഭയുടെ പ്രതികങ്ങളാകാനാണ് അധ്യാപകർ ശ്രമിക്കേണ്ടതെന്ന് മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. പ്രമീളാ ദേവി . ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

അധ്യാപകവൃത്തി എന്നത് ഏറ്റവും മഹത്തരമാണ്. മറ്റെല്ലാ മേഖലയിലുമുള്ള മഹത്തുക്കളെ സൃഷ്ടിക്കുന്നത് അധ്യാപകരാണ്. എന്നാൽ പലപ്പോഴും ആ മഹത്വം തിരിച്ചറിയപ്പെടുന്നില്ല. ഭിത്തിയിൽ ആണിയടിക്കുന്നതു പോലെ പരസ്പരം സ്വത്വം കൈമാറാൻ തടസ്സമാകുന്ന തരത്തിലാണ് മെക്കാളെയുടെ വിദ്യാഭ്യാസം ഭാരതത്തിൻ്റെ സംസ്കാരത്തെ നശിപ്പിച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാരതത്തിൻ്റെ സ്വത്വം തിരിച്ചു കൊണ്ടുവരാൻ കഴിയണം. ശരിയായ അനുപാതത്തിൽ വയ്ക്കുകയും വിളമ്പുകയും ചെയ്യുമ്പോഴാണ് ഭക്ഷണത്തിൻ്റെ മൂല്യമുണ്ടാകുന്നത് എന്നതു പോലെയാണ് വിദ്യാഭ്യാസവും ദേശീയ തലത്തിൽ ആവിഷ്കരിക്കുമ്പോൾ അത് നടപ്പാകുന്നത് സംസ്ഥാനങ്ങളിലൂടെയാണ്. എത്ര നല്ല ഭക്ഷണം തയാറാക്കിയാലും നന്നായി വിളമ്പിക്കൊടുത്തില്ലെങ്കിൽ കിഴക്കുന്നവർക്ക് ആരോചകമാകും. പുതിയ വിദ്യാഭ്യാസ നയം മഹിമ ചോരാതെ നടപ്പാക്കാൻ ദേശീയ അധ്യാപക പരിഷത്തിൻ്റെ അധ്യാപകർ അത് ഏറ്റെടുക്കണം. ജീവിതത്തിൻ്റെ അർത്ഥവ്യാപ്തി മനസിലാക്കി കുട്ടികളിൽ അടയാളപ്പെടുത്തലുകൾ നടത്താൻ അധ്യാപകർക്കു കഴിയണമെന്നും അവർ പറഞ്ഞു.

കുഴിയം ശക്തി പാദ അദ്വൈതാശ്രമം സ്വാമിനി ദിവ്യാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.എൻഡിഎ സംസ്ഥാന അധ്യക്ഷൻ പി .എസ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.

സ്വന്തം കർമ്മ ക്ഷേത്രത്തിൽ ഉത്തരവാദിത്വം നിറവേറ്റാനുള്ള മന:ശക്തിയാണ് ശാക്തീകരണത്തിന്റെ കാതൽ.സൃഷ്ടി സ്ഥിതി സംഹാര ശക്തിയാകുന്നത് സന്ദർഭങ്ങൾക്ക് അനുസരിച്ചാകാനുള്ള വിവേകമാണ് വേണ്ടത്. അസ്ഥാനത്തുള്ള ശക്തി പ്രകടനം വിപരീത ഫലം ഉണ്ടാക്കും. അതാണിപ്പോൾ കേരളം കണ്ടതെന്നുംപി. എസ് ഗോപകുമാർ
പറഞ്ഞു. സംസ്ഥാന വനിത വിഭാഗം അധ്യക്ഷ പി. ശ്രീദേവിഅധ്യക്ഷത വഹിച്ചു. എൻ ടി യുസംസ്ഥാനജന. സെക്രട്ടറി ടി. അനൂപ്കുമാർ, വനിത വിഭാഗം ജോ. കൺവീനർ എ . സുജിത,സംസ്ഥാന ട്രഷറർ കെ കെ ഗിരീഷ് കുമാർ, സംസ്ഥാന ഉപാധ്യക്ഷ കെ .സ്മിത , സംസ്ഥാന സെക്രട്ടറി കെ .വി ബിന്ദു, എൻ ജി ഒ സംഘ് സംസ്ഥാന വനിത അധ്യക്ഷ പി. സി സിന്ധുമോൾ ,സംസ്ഥാന വനിത വിഭാഗം ജോ. കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കോർപറേറ്റ് ട്രെയിനറും കൗണ്‍സിലിങ് സൈക്കോളജിസ്റ്റും ആയ എസ് സുരേഷ് കുമാർ ക്ലാസ്സ്‌ നയിച്ചു. സിനി കൃഷ്ണപുരി, ഗിരിജദേവി എസ്, ഐശ്വര്യ പി എസ്, പാറംകോട് ബിജു, ടി ജെ ഹരികുമാർ, എസ് കെ ദിലീപ് കുമാർ, എ അനിൽകുമാർ കെ ആർ സന്ധ്യകുമാരി തുടങ്ങിയവർ സംസാരിച്ചു

‘മഹിളകളുടെ ഒരുമയിൽ മാറ്റത്തിൻ്റെ മംഗളധ്വനി’ എന്ന മുദ്രാവാക്യവുമായിസോപാനം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 14 ജില്ലകളിൽ നിന്നുള്ള മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു

കാൽ വഴുതി പള്ളിക്കലാറ്റിൽ വീണ വയോധികൻ മരിച്ചു

ശാസ്താംകോട്ട (കൊല്ലം):കുളിക്കുന്നതിനിടെ കാൽ വഴുതി പള്ളിക്കലാറ്റിൽ വീണ വയോധികൻ മരിച്ചു.ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി വയലിറമ്പിൽ വീട്ടിൽ സദാശിവൻ (72) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് നരിക്കാട്ടിൽ കടവിലായിരുന്നു സംഭവം.ശാസ്താംകോട്ട അഗ്നി രക്ഷാസേനയെത്തി പുറത്തെടുത്ത മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ:ഇന്ദിര.മക്കൾ:അനിൽകുമാർ,മനോജ്.മരുമക്കൾ:എസ്.അനിത,ആർ.അനിത.

ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശിയായ സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ശാസ്താംകോട്ട:പനിക്ക് ചികിത്സയിലായിരുന്ന സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.പത്താൻകോട്ട് 629 ഇഎംഇ ബറ്റാലിയൻ നായ്ക്ക് ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ഷിജു ഭവനത്തിൽ കെ.ഷിജുവാണ് (38) മരിച്ചത്.പത്താൻകോട്ട് സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ഞായറാഴ്ച രാവിലെ 6.30ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ മൃതദേഹം എത്തിക്കും.ഇവിടെ നിന്ന് 10 മണിക്ക് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.സംസ്കാരം ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.ഭാര്യ:സുജ.മക്കൾ:ഷിബിൻ,ഷിനു.

ശാസ്താംകോട്ടയിൽ കവി എ അയ്യപ്പൻ അനുസ്മരണം

ശാസ്താംകോട്ട:കുട്ടികളുടെ കേളികൊട്ടിൻ്റെ ആഭിമുഖ്യത്തിൽ കവി എ. അയ്യപ്പൻ അനുസ്മരണം ഞായറാഴ്ച വൈകിട്ട് 3.30 ന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതൽ നാടൻപാട്ട്, 2 മുതൽ അയ്യപ്പന് കാവ്യാർച്ചന പെരുമ്പുഴ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ഭാസ് അധ്യക്ഷത വഹിക്കും. 3.30 മുതൽ നടക്കുന്ന അനുസ്മരണ യോഗം ഡോ. മുഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യും. വിശ്വൻ കുടിക്കോട് അധ്യക്ഷത വഹിക്കും. എ.അയ്യപ്പൻ കവിയും കവിതയും എന്ന വിഷയത്തിൽ ചർച്ച നടക്കും. ഡോ. കെ.ബി ശെൽവമണി വിഷയാവതരണം നടത്തും.ഡോ.സി.ഉണ്ണികൃഷ്ണൻ,കവി ചവറ കെ.എസ് പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത, കെപിഎസി
ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍. പോത്തന്‍കോട് വാവരയമ്പലത്താണ് സംഭവം. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിയെ കുഴിച്ചിട്ടത്.
വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലു വളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത്. തുടര്‍ന്ന് പോത്തന്‍കോട് പോലീസിനെ വിവരം അറിയിച്ചു. പോലീസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഓയൂരില്‍ വീട് കുത്തിത്തുറന്ന് മോഷണശ്രമം

ഓയൂര്‍: പൂയപ്പള്ളിയില്‍ വീട് കുത്തിത്തുറന്ന് മോഷണശ്രമം. പൂയപ്പള്ളി നെയ്‌തോട് കളത്തൂര്‍ വീട്ടില്‍ അജിയുടെ വീടാണ് കുത്തിത്തുറന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അജിയുടെ മാതാവും മകനും മാത്രമാണ് വീട്ടില്‍ താമസം. രാത്രികാലങ്ങളില്‍ ഇരുവരും ബന്ധുവീട്ടില്‍ ഉറങ്ങാന്‍ പോവുകയാണ് പതിവ്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കതക് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷ്ടാക്കളാണ് വാതില്‍ പൊളിച്ചതെന്ന് മനസിലാക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തിതെളിവുകള്‍ ശേഖരിച്ചു. അലമാരകളും മേശയും തുറന്ന് സാധനങ്ങള്‍ പുറത്തേക്ക് വാരിവലിച്ചിട്ട് പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ വിലപ്പെട്ട സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലായെന്ന് അജിയുടെ മാതാവ് മറിയാമ്മ പറഞ്ഞു. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അടുക്കളയിലെ പാത്രം വൃത്തിയാക്കല്‍… ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ… സംഗതി എളുപ്പം

അടുക്കളയിലെ പ്രധാന ജോലികളില്‍ ഒന്നുതന്നെയാണ് പാത്രം വൃത്തിയാക്കല്‍. സമയമെടുത്ത് ഇതെല്ലാം വൃത്തിയാക്കിയിട്ട് നന്നായി ഇരുന്നില്ലെങ്കില്‍ അത് ഇരട്ടിപണിയുമാകും. ഇതിനായി ഈ പൊടിക്കൈകള്‍ ഓര്‍മിച്ചോളൂ…

പഴയ ടൂത്ത്ബ്രഷുകള്‍ കളയാതെ സൂക്ഷിച്ചാല്‍ അരിപ്പയും മറ്റും എളുപ്പം വൃത്തിയാക്കാന്‍ ഉപയോഗിക്കാം.

കൈയില്‍ അല്‍പം എണ്ണ പുരട്ടിയശേഷം പാത്രം കഴുകിയാല്‍ കൈയുടെ മൃദുത്വം നഷ്ടപ്പെടാതിരിക്കും.

നാരങ്ങ പിഴിഞ്ഞ ശേഷം തൊണ്ടു കളയേണ്ട. അല്‍പം ഉപ്പില്‍ മുക്കിമെഴുക്കു പിടിച്ച പാത്രത്തില്‍ തേയ്ക്കുക. പാത്രത്തില്‍ മെഴുക്ക്, ഒരു ന്യൂസ്‌പേപ്പര്‍ കൊണ്ടുതുടച്ച ശേഷം കഴുകിയാല്‍ എളുപ്പം വൃത്തിയാകും.

ഗ്ലാസ് അലര്‍ജിയുള്ളവര്‍ പാത്രം കഴുകുമ്പോള്‍ കൈയില്‍ ഒരു പഴയ സോക്‌സ് ഇട്ടു കഴുകുക.

പുളിയും ഉപ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചു കഴുകിയാല്‍ മെഴുക്ക് എളുപ്പം കളയാം. ചെമ്പ്, പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാനും ഇതു നന്നു തന്നെ.

കുട്ടികളുടെ ലഞ്ച് ബോക്‌സ് കഴുകിയശേഷം ഒരു നാരങ്ങാമുറികൊണ്ട് ഉരച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാവില്ല.

മിക്‌സിയില്‍ നിന്നു മസാല മണം മാറ്റാന്‍ അല്‍പം ഉണങ്ങിയ റൊട്ടിയിട്ട് അടിക്കുക.

പാവയ്ക്ക ജ്യൂസ് ദിവസവും കുടിച്ചാല്‍….

Freshly prepared bitter melon or bitter gourd juice in a glass. It is also called as karela juice in India.

പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള പച്ചക്കറിയല്ല പാവയ്ക്ക. കയ്പ് തന്നെയാണ് ഇതിന്റെ കാരണം. എന്നാല്‍ കയ്പ് കൊണ്ട് പാവയ്ക്ക മാറ്റിവെയ്ക്കാന്‍ വരട്ടെ. പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്.
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. കാത്സ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കില്‍ പാവയ്ക്ക ജ്യൂസില്‍ അല്‍പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കുക.
പാവയ്ക്കയില്‍ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ കലോറിയും ഫാറ്റും വളരെ കുറവാണ്. വെറും വയറ്റില്‍ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. തുടര്‍ച്ചയായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. പാവയ്ക്ക ജ്യൂസ് സ്ഥിരമായി കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും…
പ്രമേഹരോഗികള്‍ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പാവയ്ക്ക സഹായിക്കും. പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള പി-ഇന്‍സുലിന്‍ എന്ന പ്രധാന ഘടകം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്തും…
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ പാവയ്ക്ക സഹായിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പാവയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.

മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കും…
മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടി പൊട്ടാതെയും മുടി തഴച്ച് വളരാനും സഹായിക്കും. ദിവസവും പാവയ്ക്കയുടെ നീരും നാരങ്ങ നീരും ചേര്‍ത്ത് 30 മിനിറ്റ് തലയില്‍ മസാജ് ചെയ്യുന്നത് താരന്‍, മുടികൊഴിച്ചില്‍, എന്നിവ മാറ്റാന്‍ ഉത്തമമാണ്.

കരളിനെ സംരക്ഷിക്കും…കരളിനെ സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ ദിവസവും പാവയ്ക്ക വെറും വയറ്റില്‍ കഴിക്കുകയോ ജ്യൂസായി കുടിക്കുകയോ ചെയ്യാം.

തടി കുറയ്ക്കും…
തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസവും പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. പാവയ്ക്കയില്‍ കലോറി, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ അളവ് കുറവാണ്. ശരീരത്തിലെ കൊഴുപ്പ് അടങ്ങിയ സെല്ലുകള്‍ ഇല്ലാതാക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്.

പ്രതിരോധശേഷി വര്‍ധിപ്പിക്കും…
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും വളരെ നല്ലതാണ് പാവയ്ക്ക.

കണ്ണിനെ സംരക്ഷിക്കും…
വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. പാവയ്ക്ക നീരും തേനും ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടിയാല്‍ കറുത്തപാട് മാറാന്‍ ഗുണം ചെയ്യും.

ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ കവരുന്ന പ്രതി പിടിയില്‍

പുനലൂര്‍: ട്രെയിനില്‍ കറങ്ങി നടന്ന് യാത്രകരുടെ മൊബൈല്‍ ഫോണ്‍ കവരുന്ന പ്രതി റെയില്‍വെ പോലീസിന്റെ പിടിയില്‍. തൃശൂര്‍ പാവറട്ടി സ്വദേശി അജ്മല്‍ (26)ആണ് പിടിയിലായത്. പാലരുവി ട്രെയിനില്‍ തെങ്കാശി സ്വദേശിയായ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കവെ റെയില്‍വെ പോലീസ് പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രിയില്‍ പാലക്കാട് നിന്ന് തൂത്തുകൂടിയിലേക്ക് പോകുന്ന പാലരുവി ട്രെയിനില്‍ ആയിരുന്നു സംഭവം. അഞ്ചല്‍, ഓയൂര്‍ എന്നിവിടങ്ങളില്‍ വാടകയ്ക്കു താമസിച്ചു മോഷണം നടത്തി വരികയായിരുന്നു അജ്മല്‍. മോഷണ മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മൊബൈല്‍ ഷോപ്പുകളില്‍ വിറ്റ് പണം വാങ്ങിയിരുന്നു.
പാലരുവിയിലും മറ്റ് ട്രെയിനിലും മൊബൈല്‍ ഫോണ്‍ മോഷണം വര്‍ധിച്ചു വരുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കേരള റെയില്‍വേ പോലീസ് എസ്പി കൃഷ്ണകുമാറിന്റെ നിര്‍ദേശാനുസരണം പുനലൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രബാബു, മനു, ഷമീര്‍, വിനോദ് കുമാര്‍, പ്രേംകുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ മോഹന്‍ എന്നിവരടങ്ങിയ പ്രേത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.
വര്‍ഷങ്ങളായി നിരവധി സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ചും വിവിധയിടങ്ങളില്‍ നിന്ന് മൂന്നു വിവാഹവും കഴിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.