Home Blog Page 1956

ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡ് ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് (54) ആണ് മരിച്ചത്. മകന്‍ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജന്മനാ ഭിന്നശേഷിക്കാരനായ വിഷ്ണു കിടപ്പിലായിരുന്നു. ശനിയാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ ലത പനിക്കു ചികിത്സ തേടി ആശുപത്രിയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ വിഷ്ണുവിനെ അടുക്കളയോടു ചേര്‍ന്നുള്ള മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാലുകള്‍ നിലത്തു മുട്ടിയിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം. കേരള ബെയ്‌ലേഴ്സ് കയര്‍ ഫാക്ടറി ജീവനക്കാരനാണു സുരേഷ്. മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

പ്ലസ് വൺ പ്രവേശനം ശാസ്ത്രീയമായി പരിഷ്കരിക്കണം: കെഎസ്ടിഎ

കരുനാഗപ്പള്ളി : പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ അതേ സ്കൂളിനും പഞ്ചായത്തിനും താലൂക്കിലും നൽകുന്ന ബോണസ് പോയിന്റുകൾ കുട്ടികളുടെ അക്കാദമിക മികവ് പരിഗണിക്കാതെ പ്രവേശനം നൽകുന്ന രീതിയാണെന്നും ഇത് ശാസ്തീയമായി പരിഷ്കരിക്കണമെന്നും കരുനാഗപ്പള്ളി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡൻറ് ജെ പി ജയലാൽ അധ്യക്ഷനായ യോഗം ജില്ലാ സെക്രട്ടറി ബി സജീവ് ഉദ്ഘാടനം ചെയ്തു ഉപജില്ലാ ജോയിൻ്റെ സെക്രട്ടറി തമ്പുരാട്ടി കെ ജി രക്തസാക്ഷി പ്രമേയവും ഉപജില്ലാ വൈസ് പ്രസിഡൻറ് റെജി എസ് അനുശോചന പ്രമേയവും ജില്ലാ ജോയിൻ്റ് സെക്രട്ടറി സന്തോഷ് കുമാർ ആർ സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി അനീഷ് ഒ പ്രവർത്തന റിപ്പോർട്ടും ഉപജില്ല ട്രഷറർ ജിഷ്ണുരാജ് ആർ വരവ് ചെലവ് കണക്കുംഅവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം എസ് ഷിബു ജില്ലാ വൈസ് പ്രസിഡൻ്റ് എൻ എസ് ജയകുമാർ ജില്ലാ നിർവാഹകസമിതി അംഗങ്ങളായ കെ രാജീവ്, ബിജുമോൻ പി ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാരൻ പിള്ള കെ , ഉപജില്ല വൈസ് പ്രസിഡൻറ് വി എൽ കണ്ണൻ എന്നിവർ സംസാരിച്ചു

അന്താരാഷ്ട്ര റേഡിയോളജി ദിനവുമായി ബന്ധപ്പെട്ട് റേഡിയോളജി എക്സിബിഷനും ബോധവൽക്കരണ ക്ലാസും നടത്തി

കരുനാഗപ്പള്ളി. അന്താരാഷ്ട്ര റേഡിയോളജി ദിനവുമായി ബന്ധപ്പെട്ട കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന റേഡിയോളജി എക്സിബിഷനും ബോധവൽക്കരണ ക്ലാസും ആശുപത്രി സൂപ്രണ്ട് ഡോക്ടർ തോമസ് അൽഫോൻസ് ഉദ്ഘാടനം ചെയ്തു.

കേരള ഗവൺമെൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷനും ലാലാജി മെമ്മോറിയൽ പബ്ലിക് ലൈബ്രറിയും ചേർന്നു നടത്തിയ പരിപാടിയുടെ അധ്യക്ഷത കെ ജി ആർ ജനറൽ സെക്രട്ടറി ശ്രീ വിഎസ് വഹിച്ചു.

കൂടംകുളം ആണവനിലയം സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീ സതീഷ് അവർകൾ നയിച്ച ബോധവൽക്കരണ ക്ലാസ് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടതായിരുന്നു.

ലാലാ ജി മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി ഡോക്ടർ വള്ളിക്കാവ് മോഹൻദാസ്, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഇൻചാർജ് റേഡിയോഗ്രാഫർ ശ്രീമതി സിന്ധു ആര്‍, നേഴ്സിങ് സൂപ്രണ്ട് ശ്രീമതി ബിന്ദു, കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ശ്രീ ബെന്നി , കൊല്ലം ജില്ലാ ആശുപത്രിയിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ശ്രീമതി അമ്പിളി ആർ സംസാരിച്ചു.

തിരൂർ ഡെപ്യുട്ടി തഹസിൽദാറെ കാണാതായ സംഭവം,മൂന്ന് പേർ അറസ്റ്റിൽ

തിരൂർ. തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പലതവണയായി പ്രതികൾ പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാൾ ഭാര്യയെ പറഞ്ഞുധരിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസില്‍ ബന്ധുക്കൾ പരാതി നല്കുകയായിരുന്നു.

പതാരം ആർട്‌സ് സൊസൈറ്റി (പാസ്) അഖില കേരള പ്രൊഫഷണൽ നാടക മത്സരം 24 മുതൽ ഡിസംബർ 1 വരെ

ശാസ്താംകോട്ട. 2024 ആഗസ്‌റ്റ് 25ന് പതാരത്ത് പ്രവർത്തനം ആരംഭിച്ച പതാരം ആർട്‌സ് സൊസൈറ്റിയുടെ (പാസ്) നേതൃത്വത്തിൽ പ്രമുഖ നാടക നടനും കലാസാംസ്‌കാരിക സാമൂഹിക പ്രവർത്തകനുമായിരുന്ന ശ്രീ. കെ. കൃഷ്‌ണൻകുട്ടിനായരുടെ സ്മരണാർത്ഥം 2024 നവംബർ 24 മുതൽ ഡിസംബർ 1 വരെ അഖില കേരള പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കുന്നു. പതാരം സഹകരണ ബാങ്ക് ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഈ പരിപാടി, കേരളത്തിലെ മികച്ച നാടകസമിതികളെ ഉൾപ്പെടുത്തി, ശൂരനാട് സമൂഹത്തിന്‌ കലാസാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തി, യുവജനങ്ങൾക്ക് നല്ല ദിശാബോധം നൽകുവാനായി നടത്തിയിരിക്കുന്ന ഒരു പ്രയത്‌നമാണ്.

ഈ വർഷത്തെ നാടക മത്സരത്തിന്റെ ഉദ്ഘാടനം 2024 നവംബർ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ നിർവഹിക്കും. നാടക മത്സരത്തിന് പുറമേ, കുട്ടികൾക്കായി നാടക കളരികൾ, ചിത്ര രചന ക്യാമ്പ്, കഥാപ്രസംഗ പരിശീലനം, കഥ, കവിത രചനാ മത്സരങ്ങൾ എന്നിവയും പാസ് സംഘടിപ്പിക്കുന്നുണ്ട്. നാടൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ കലാസാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ അനുമോദിക്കുകയും ചെയ്യുന്ന പാസ്, 19 വിഭാഗങ്ങളിലായി മികച്ച നാടകത്തിനു ഉൾപ്പെടെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രത്യേക ശിൽപവുമാണ് സമ്മാനാർഹർക്ക് നൽകുന്നത്.

പൂർത്തിയാവുന്ന നാടകമത്സരത്തിന്റെ സമാപന സമ്മേളനം, അവാർഡ് വിതരണവും 2024 ഡിസംബർ 1 വൈകിട്ട് 5 മണിക്ക് സംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ നിർവഹിക്കും. കൂടാതെ നവംബർ 30 രാവിലെ 9 മണി മുതൽ ഭരണിക്കാവ് എലിസ്റ്റർ സ്മൈൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടത്തും. പത്രസമ്മേളനത്തില്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, പ്രസിഡന്റ്‌ പ്രേകുമാർ. ബി ,സെക്രട്ടറി ദിലീപ് വി, ട്രെഷറർ ജയൻ പതാരം ,എക്സിക്യൂട്ടീവ് അംഗങ്ങളായ R. രാജീവ്‌, അനുരാജ്. S,പി. കെ. ജയകൃഷ്ണൻ,അനുകൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു.

സ്‌കൂള്‍ കലോത്സവം നവംബര്‍ 26 മുതല്‍ കൊട്ടാരക്കരയില്‍

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 26 മുതല്‍ 30 വരെ കൊട്ടാരക്കര ഗവ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്എസ് സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കും. ഇതിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം കൊട്ടാരക്കരയില്‍ ചേര്‍ന്നു. തൃക്കണ്ണമംഗലം വാര്‍ഡ് കൗണ്‍സിലര്‍ തോമസ് പി മാത്യു അധ്യക്ഷത വഹിച്ചു. കൊല്ലം സബ് കളക്ടര്‍ നിശാന്ത് സിന്‍ ഹാര മുഖ്യാതിഥിയായി.മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വനജ രാജീവ്, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്കൂൾ കലോത്സവം ലോഗോ അയക്കാം

റവന്യൂ സ്കൂൾ കലോത്സവത്തിന് പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചു. നവംബർ 13 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഇ മെയിലിൽ അയക്കാം. മെയിൽ csnddekollam@gmail.com

12 വര്‍ഷം ഉപയോഗിച്ച കാറിനെ വിറ്റുകളഞ്ഞില്ല…. പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചു…. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് 1500ഓളം പേര്‍

12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കാറിനെ വിറ്റുകളയുവാന്‍ ആ കുടുംബം തയ്യാറായില്ല. പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഒരു കര്‍ഷക കുടുംബമാണ് ഇത്തരത്തില്‍ തങ്ങളുടെ വാഗണ്‍ ആര്‍ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വൈറലായി.
ആത്മീയ ഗുരുക്കള്‍ അടക്കം 1500ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന കാറിനെ ഒഴിവാക്കുന്നതിന് പകരം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സംസ്‌കരിക്കാന്‍ വ്യവസായിയായ സഞ്ജയ് പൊളറയും കുടുംബവും തീരുമാനിക്കുകയായിരുന്നു. കൃഷിയിടത്തിലെ 15 അടി താഴ്ചയിലാണ് കാറിനെ സംസ്‌കരിച്ചത്.
കാറിനെ പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങ്. പച്ച തുണി കൊണ്ട് കാറിനെ മറച്ചിരുന്നു.പൂജയും മറ്റും നടത്തിയായിരുന്നു ചടങ്ങ്. ചടങ്ങുകള്‍ക്ക് ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് കാര്‍ മൂടുകയായിരുന്നു. കുടുംബത്തിന്റെ ഭാഗ്യമായ കാറിനെ വില്‍ക്കാന്‍ തോന്നിയില്ല. വരും തലമുറ എന്നും കാറിനെ ഓര്‍ക്കാന്‍ ചെയ്തതാണെന്നും സഞ്ജയ് പറഞ്ഞു. നാലുലക്ഷം രൂപയാണ് ചടങ്ങിനായി മുടക്കിയത്. കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നടുമെന്നും കുടുംബം അറിയിച്ചു.

ഗംഗയുടെ തീരത്തുവച്ച് രമ്യ പാണ്ഡ്യനെ വരണമാല്യമണിയിച്ച് ലോവല്‍

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ച തമിഴ്-മലയാളം നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയായി. യോഗ പരിശീലകനായ ലോവല്‍ ധവാനാണ് വരന്‍. ഋഷികേശിലെ ഗംഗാ നദീതീരത്ത് വച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിവാഹം. ‘ഞങ്ങളുടെ യാത്ര തുടങ്ങിയ ഗംഗയുടെ തീരത്ത് തന്നെ, ഞങ്ങളുടെ ആത്മാവിനെയും ബന്ധിച്ചു’- എന്നാണ് വിവാഹചിത്രങ്ങള്‍ പങ്കുവച്ച് രമ്യ കുറിച്ചിരിക്കുന്നത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്.

നാട്ടുകാര്‍ക്ക് ഭീഷണിയായ മലയണ്ണാനെ വനപാലകര്‍ പിടികൂടി

കുളത്തൂപ്പുഴ: രണ്ട് മാസത്തിലേറെയായി നാടിനും പൊതുജനങ്ങള്‍ക്കും ഭീഷണിയായി മാറിയ മലയണ്ണാനെ വനപാലകര്‍ പിടികൂടി. ചോഴിയ്‌ക്കോട് മില്‍പ്പാലം ഭാഗത്തെ മരച്ചില്ലകളില്‍ വാസമുറപ്പിച്ചിരുന്ന മലയണ്ണാന്‍ പ്രദേശവാസികളായ മൂന്നുപേരെ ആക്രമിക്കുകയും കര്‍ഷക വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ചോഴിയക്കോട് സ്വദേശികളായ സുദേവന്‍, അബിന്‍, സലീം എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പാലോട് നിന്ന് ദ്രുതകര്‍മ്മ സേന എത്തി കെണിയൊരുക്കിയാണ് മലയണ്ണാനെ പിടികൂടിയത്. പിടികൂടിയ മലയണ്ണാനെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.
കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസര്‍ അരുണ്‍ പാലോട്, റെയിഞ്ച് ഓഫീസര്‍ സുധീഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ അജിത് കുമാര്‍, അശ്വതി, അമല്‍ കൃഷ്ണന്‍, മണിരാജന്‍, സജീവ്, ശശാങ്കന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് മലയണ്ണാനെ പിടികൂടിയത്.

‘ക്ലാസ് മുറി ഇനി വീട്ടിലെത്തും’ പുതിയ പഠനപ്രവര്‍ത്തനവുമായി പുനലൂര്‍ തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍

പുനലൂര്‍: ‘ക്ലാസ് മുറി ഇനി വീട്ടിലെത്തും’ പുതിയ പഠനപ്രവര്‍ത്തനവുമായി പുനലൂര്‍ ഉപജില്ലയിലെ തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍. വിവിധ കാരണങ്ങളാല്‍ സ്‌കൂളിലെത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി വീട്ടില്‍ എത്തിക്കുന്നു. ഈ വിഭാഗം കുട്ടികള്‍ക്ക് വൈഫൈ സംവിധാനവും ടാബുകളും ക്രമീകരിച്ചു നല്‍കി.
രാവിലെ സ്‌കൂള്‍ അസംബ്ലി മുതല്‍ നാലു മണി വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴി കുട്ടികള്‍ക്ക് കാണാം, അധ്യാപകരുമായി സംവദിക്കാം, പ്രത്യേകം തയ്യാറാക്കിയ പഠനോപകരണങ്ങള്‍ ഉപയോഗിക്കാം, മറ്റ് കൂട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാം തുടങ്ങി സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്ക് പഠന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കും.
തൊളിക്കോട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ 1987-91 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം പു
നലൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡി. അജയകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൈസല്‍ ശരത്ത് അധ്യക്ഷത വഹിച്ചു. പുനലൂര്‍ ബിപിസി സോണിയ വര്‍ഗ്ഗീസ് സമ്മാന വിതരണം നിര്‍വ്വഹിച്ചു. അധ്യാപി
കമാരായ നിഷാന, ബീന പ്രഥമാധ്യാപകന്‍ കെ.ജി. എബ്രഹാം, പിടിഎ അംഗങ്ങളായ രാജീവ്, ഷാജി, ഹരി, ആശ എന്നിവരും പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധികളായ സത്യരാജ്, അഡ്വ.അനിത, സുജി, നൗഷാദ്, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി അവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് സര്‍ഗാത്മക പരിശീലനം നല്‍കാനുള്ള പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍.