പെരുമ്പാവൂര്‍. അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു.ഫരീദാ ബീഗം എന്ന അസാം സ്വദേശിനിയാണ് മരിച്ചത്.പെരുമ്പാവൂരിലെ ഉദയാമ്പതിയിൽ ജോലി ചെയ്തു വരികയായിരുന്ന പ്രതിയെ മോഹർ അലി പോലീസ് പിടിയിൽ.മരണപ്പെട്ട ഭരിതയെ പ്രതിവിവാഹം ചെയ്തിട്ടില്ല എങ്കിലും ഭാര്യ എന്നാണ് ഇയാൾ പറയുന്നത്.ഫരീദയെ കുത്തിക്കൊന്നതിനു ശേഷം സ്വയം കുത്തി പരിക്കേൽപ്പിക്കുവാനും ഇയാൾ ശ്രമിച്ചു.പ്രതി അതീവ ഗുരുതരമായി പരുക്കേറ്റ് പെരുമ്പാവൂർ സാഞ്ചു ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ് .
രാഷ്ട്രീയപ്പോരാട്ടച്ചൂടില്‍ ചേലക്കര
തൃശൂര്‍. സംസ്ഥാനത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ചേലക്കര. കാൽ നൂറ്റാണ്ട് കാലമായി കൈവശം വച്ചിട്ടുള്ള മണ്ഡലം നിലനിർത്താൻ എൽഡിഎഫും, മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫും കളത്തിൽ ഇറങ്ങുമ്പോൾ ഫലം പ്രവചനാതീതമാവുകയാണ്. കൊട്ടികലാശത്തിന് തലേദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രചാരണം രംഗത്ത് ചേലക്കരയിൽ നിറഞ്ഞു നിൽക്കുകയാണ്.
സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാൽനൂറ്റാണ്ടായി ചേലക്കര. എന്നാൽ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. എംപി കെ രാധാകൃഷ്ണന്റെ ഉൾവലിയിൽ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്. മുൻ കോൺഗ്രസുകാരൻ ആണ് പി വി അൻവറിന്റെ സ്ഥാനാർഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്.
അതേസമയം ചേലക്കരയിൽ വിജയിച്ചാലേ രാഷ്ട്രീയ വിജയമായി കാണാനാകും എന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവും യുഡിഎഫും. പതിവിനു വിപരീതമായി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്. ഈ അവസാന മണിക്കൂറിലും പ്രതിപക്ഷ നേതാവ് മണ്ഡലത്തിൽ സജീവമാണ്. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടലിലാണ് കോൺഗ്രസ് .
തിരുവില്വാമല, പാഞ്ഞാൾ ഉൾപ്പെടെ സ്വാധീനമുള്ള പഞ്ചായത്തുകളിൽ വോട്ട് വർദ്ധിപ്പിച്ച് കരുത്തറിയിക്കാനാണ് ബിജെപിയുടെ ശ്രമം
ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തിലെത്തി. മാനന്തവാടിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രിയങ്കയെ നേതാക്കള്‍ സ്വീകരിച്ചു. ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങി. സുല്‍ത്താന്‍ ബത്തേരി നായ്കട്ടിയില്‍ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തിരുനെല്ലി ക്ഷേത്രത്തിലും പ്രിയങ്ക ദര്‍ശനം നടത്തി. പ്രിയങ്കയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തോടെ ആരംഭിച്ചത്. 1991ല്‍ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്തത്. ക്ഷേത്രത്തിനു ചുറ്റും വലംവച്ച പ്രിയങ്ക വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കി. 2019ല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുലും കലാശക്കൊട്ടില്‍ പങ്കെടുക്കും. കല്‍പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കലാശക്കൊട്ടില്‍ പങ്കെടുക്കുക.
ഓയൂരില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഓയൂര്‍: കരിങ്ങന്നൂരില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്ങന്നൂര്‍ കൊല്ലംതറയില്‍ പ്രഭാകരന്റെ ഭാര്യ വാസന്തി (74) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. വെളുപ്പിനെ ഉണരുന്ന സ്വഭാവമുള്ള വാസന്തി നേരം പുലര്‍ന്നിട്ടും കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപമുള്ള കുടുംബ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
പൂയപ്പള്ളി പോലീസും കൊട്ടാരക്കരയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകള്‍: ഷൈന്‍, ജയന്‍, ലാല്‍. മരുമക്കള്‍: നിഷ, ആശ.
താടി ഇനി എളുപ്പം വളരും…
മിക്ക പുരുഷന്മാര്‍ക്കും താടി ഇഷ്ടമാണ്. പക്ഷേ അത് ജനിതകമായി കിട്ടുന്ന ഒന്ന് മാത്രമായതിനാല്‍ വേറൊന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ എന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഉള്ള താടിയെ വൃത്തിയായി സംരക്ഷിക്കുകയും വളരാന്‍ അനുവദിക്കുകയും വൃത്തിയായി നിലനിര്‍ത്തുകയും ചെയ്താല്‍ ഒരു പരിധിവരെ താടി പ്രണയം സാക്ഷാത്കരിക്കപ്പെടും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
താടി വളരാന്‍ കേവലം അഞ്ച് കാര്യങ്ങള്‍ മാത്രം കൃത്യമായി ശ്രദ്ധിച്ചാല്‍ മതിയാകും. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. എത്രത്തോളം ട്രിം ചെയ്തും വടിച്ചും നിര്‍ത്തുന്നുവോ അത്രത്തോളം വേഗത്തില്‍ താടി വളരുമെന്നതാണ് യാഥാര്‍ത്ഥ്യം, എന്നാണ് പലരും താടി വളരുമ്പോള്‍ മുതല്‍ കേട്ടിട്ടുള്ളത്. എന്നാല്‍ അതിലൊരു ചുക്കുമില്ല!. താടിയെ വളരാന്‍ അനുവദിച്ചാല്‍ മാത്രമേ അതിന് കരുത്തുണ്ടാകൂ എന്നതാണ് വസ്തുത.
നിങ്ങള്‍ മുടിയ്ക്ക് ഉപയോഗിക്കുന്ന ഷാമ്പു തന്നെ താടി കഴുകാനും ഉപയോഗിക്കാറുണ്ടോ. അത് താടിയിലെ പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതെയാക്കും. രോമങ്ങള്‍ വരണ്ടുണങ്ങും. ഇത് താടിയുടെ വളര്‍ച്ചയെ മുരടിപ്പിക്കും.
സോപ്പോ ഷാമ്പൂവോ ഉപയോഗിക്കാതെ ബിയേര്‍ഡ് വാഷോ ബിയേര്‍ഡ് ഷാമ്പൂവോ ഉപയോഗിച്ച് മാത്രം നിങ്ങളുടെ താടി ഇടയ്ക്കിടെ വൃത്തിയാക്കുക. താടിയുടെ തോതും നീളവും അനുസരിച്ച് ബിയേര്‍ഡ് വാഷ് ചെയ്യുന്ന ഇടവേളകളില്‍ വ്യത്യാസമുണ്ടാകണം. ഇടവിട്ട ദിവസങ്ങളിലോ മൂന്നു ദിവസങ്ങളിലൊരിക്കലോ താടി വൃത്തിയാക്കിയാല്‍ മതിയാകും. മണ്ണില്‍ കിടന്നുരുണ്ട് ചെളി പുരണ്ടാലോ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താടിയില്‍ വീണാലോ കഴുകാന്‍ മടിക്കേണ്ട.
ബിയേര്‍ഡ് ഓയില്‍ ഉപയോഗിക്കുന്നത് താടി സോഫ്റ്റാക്കി സൂക്ഷിക്കും. കൂടാതെ താടി ചീകി സൂക്ഷിക്കുക. താടി ചീകുമ്പോള്‍ താടിയുടെ ഭാഗത്തെ രക്തയോട്ടം വര്‍ധിച്ച് പുതിയ താടികള്‍ വളരാനുള്ള പ്രചോദനമേകും. ഇത്രയും കാര്യങ്ങള്‍ മാത്രം കൃത്യമായി ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം സ്വപ്‌നസുന്ദരമായ താടി.
മുടികൊഴിച്ചിൽ കുറയ്ക്കാൻ ബദാം ; കഴിക്കേണ്ടത് ഇങ്ങനെ
ഏറ്റവും പോഷകഗുണങ്ങൾ നിറഞ്ഞ നട്സാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ബദാം മുടിയുടെ ശക്തി, ഘടന, വളർച്ച എന്നിവ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പലരുടെയും സംശയമാണ് ബദാം തൊലി കളഞ്ഞ് കഴിക്കുന്നതോ അതോ തൊലി കളയാതെ അതോടെ കഴിക്കുന്നതോ കൂടുതൽ ആരോഗ്യകരം?.മുടി വളർച്ചയ്ക്ക് എങ്ങനെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്? .
തൊലി കളഞ്ഞ ബദാം കഴിക്കുന്നതിന്റെ ഗുണങ്ങൾ
തൊലികളഞ്ഞ ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് മുടിയെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും തിളക്കവും കൂടുതൽ ഊർജ്ജസ്വലവുമാക്കുകയും ചെയ്യുന്നു.
തൊലികളഞ്ഞ ബദാമിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ നാരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു.
തൊലികളഞ്ഞ ബദാമിൽ ബയോട്ടിൻ (വിറ്റാമിൻ ബി 7) ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം തൊലി കളഞ്ഞ് കഴിക്കുന്നത് മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കും. കൂടാതെ, ഇത് മുടി കട്ടിയുള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്നു.
തൊലികളഞ്ഞ ബദാമിലെ അവശ്യ ഫാറ്റി ആസിഡുകൾ തലയോട്ടിയെ പോഷിപ്പിക്കുകയും ഈർപ്പമുള്ളതാക്കുകയും വരൾച്ച അല്ലെങ്കിൽ താരൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
തൊലികളഞ്ഞ ബദാമിൽ ധാരാളമായി കാണപ്പെടുന്ന മഗ്നീഷ്യം, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് തലയോട്ടിയെ ആരോഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കുന്നത് മുടി വളർച്ച വേഗത്തിലാക്കുന്നു.
ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ബദാമിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും.
കുന്നത്തൂർ ഫാസ്റ്റിന്റെ വഴിമുടക്കിയതാര്?
കുന്നത്തൂർ:തിരുവനന്തപുരത്തു നിന്നും കുന്നത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ടി.നാണുമാസ്റ്റർ എംഎൽഎ ആയിരിക്കെ വർഷങ്ങൾക്കു മുമ്പ് അനുവദിച്ച സർവ്വീസാണിത്.തലസ്ഥാനത്തു നിന്നും മെഡിക്കൽ കോളേജ് വഴി കുന്നത്തൂരിലേക്ക് ട്രാൻ.ബസ്സ് വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർവ്വീസ് ആരംഭിച്ചത്.
തിരുവനന്തപുരം ഡിപ്പോയിൽ നിന്നും വൈകിട്ടോടെ പുറപ്പെടുന്ന ബസ്സ് മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ,ചാത്തന്നൂർ,കൊട്ടിയം, കൊല്ലം,ചവറ,കരുനാഗപ്പള്ളി, മൈനാഗപ്പള്ളി,ശാസ്താംകോട്ട, ഭരണിക്കാവ് വഴി രാത്രി പത്തോടെ കുന്നത്തൂരിൽ എത്തുന്ന സ്റ്റേ സർവ്വീസായിരുന്നു.അടുത്ത ദിവസ്സം രാവിലെ ഏഴോടെ പുറപ്പെടുന്ന ബസ്സ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ട രോഗികൾക്കും തലസ്ഥാനത്ത് മറ്റ് ആവശ്യങ്ങൾക്കായി പോകുന്നവർക്കും ഉപകാരപ്രദമായിരുന്നു.കരുനാഗപ്പള്ളിയിൽ നിന്നും രാത്രിയിൽ ഭരണിക്കാവ് ഭാഗത്തേക്കുള്ള അവസാന സർവിസ് കൂടിയായതിനാൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.നിലവിൽ രാത്രി 7.30 കഴിഞ്ഞാൽ കരുനാഗപ്പള്ളിയിൽ നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്.ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
കുന്നത്തൂർ സ്‌റ്റേ സർവ്വീസ് കെഎസ്ആർടിസിക്ക് മികച്ച വരുമാനവും നേടിക്കൊടുത്തിരുന്നു.എന്നാൽ ഏതാനും വർഷം മുമ്പ് സർവ്വീസിന്റെ റൂട്ട് അധികൃതർ പരിഷ്ക്കരിക്കുകയുണ്ടായി.തിരുവനന്തപുരം റദ്ദാക്കിയ ശേഷം എറണാകുളം അമൃത എന്ന റൂട്ടിലേക്ക് സർവ്വീസ് മാറ്റുകയായിരുന്നു.തുടർന്ന് രാവിലെ എട്ടോടെ കരുനാഗപ്പള്ളിയിൽ നിന്നും കുന്നത്തൂരിലെത്തുന്ന ബസ്സ് ഉടൻ തന്നെ എറണാകുളത്തേക്ക് പോവുകയായിരുന്നു പതിവ്.നാട്ടുകാരുടെയും യാത്രക്കാരുടെയും അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ പരിഷ്ക്കരണം.എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഇതും നിലച്ചു.ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി,യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്തേക്ക് പോകേണ്ടവർ വലയുകയാണ്.
ഭാര്യ ഫോണിൽ മുഴുകി, ഭക്ഷണം വിളമ്പി നൽകിയില്ല, 28കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്
ശിവമൊഗ്ഗ: വീട്ടിലെത്തിയ ഭർത്താവിന് ഭക്ഷണം എടുത്ത് നൽകാതെ ഫോണിൽ നോക്കിയിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ടെക്സ്റ്റൈൽസ് ജീവനക്കാരിയായ 28കാരിയേയാണ് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ഗൌരമ്മയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് ഗൌരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണിൽ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്പിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ വിളമ്പി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണിൽ സംസാരിക്കുന്നത് തുടരുകയായിരുന്നു. മുൻപൊരിക്കലും സമാന രീതിയിൽ ഭാര്യ പെരുമാറിയത് ഓർമ്മ വരുക കൂടി ചെയ്ത യുവാവ് ക്ഷുഭിതനായി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.തോർത്ത് ഉപയോഗിച്ചായിരുന്നു കൊലപാതകം.
യുവതി മരിച്ചെന്ന് വ്യക്തമായതോടെ യുവതിയുടെ പിതാവിനെ വിളിച്ച് നിങ്ങളുടെ മകൾ മരിച്ചെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ യുവതിയുടെ പിതാവിന്റെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിക്കാരിപുര റൂറൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
മലയാളി സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കാസർകോട്: മലയാളി സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) ആണ് മരിച്ചത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ജാഗ്രത, കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ 2 ദിവസം യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെയുള്ള മഴ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. 2024 നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനിടെ രണ്ട് ദിവസം മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 13 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 14 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 നവംബർ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട്
13/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്
14/11/2024 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (10/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
10/11/2024: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.





































