23.9 C
Kollam
Wednesday 14th January, 2026 | 08:31:46 AM
Home Blog Page 1850

കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള മർകസ് സ്കൂൾ തണ്ണീർ തടം നികത്തി,നടപടിയുമായി ജില്ലാ ഭരണകൂടം

കോഴിക്കോട്. കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള മർകസ് സ്കൂൾ തണ്ണീർ തടം നികത്തിയതായി കണ്ടെത്തൽ. കോട്ടുളിയിലെ തണ്ണിർതട ഭൂമി
ഏഴു ദിവസത്തിനകം പൂർവ്വ സ്ഥിതിയിൽ ആക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്.
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സ്കൂൾ അധികൃതർക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കോട്ടുളിയിലെ മർക്കസ് സ്കൂൾ ആണ് തണ്ണീർത്തടം നികത്തിനായി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിയമലംഘനം തടയുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇന്നലെ ജില്ലാ കളക്ടർ സംഭവസ്ഥലം സന്ദർശിക്കുകയും സ്കൂൾ അധികൃതർക്കും മണ്ണുമാന്തി യന്ത്ര ഉടമയ്ക്കും ഹീയറിങ്ങിൽ പങ്കെടുക്കാൻ നോട്ടീസ് നൽകി. ഇന്ന് ഹിയറിങ് നടത്തിയെങ്കിലും സ്കൂൾ അധികൃതർ പങ്കെടുത്തില്ല. ഇതോടെയാണ് ഏഴു ദിവസത്തിനകം നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്. അല്ലാത്തപക്ഷം ജില്ലാ ഭരണകൂടം ഭൂമി പൂർവ്വ സ്ഥിതിയിൽ ആക്കി സ്കൂളിനെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. തണ്ണീർത്തടം നികത്താൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം ജില്ലാ ഭരണകൂടം കണ്ടുകെട്ടി

പോരുവഴി കമ്പലടിയിൽ മെത്ത കടയ്ക്ക് തീപിടിച്ചു,ലക്ഷങ്ങളുടെ നാശനഷ്ടം

പോരുവഴി:കമ്പലടിയിൽ മെത്ത കടയ്ക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. കമ്പലടി ചിറയിൽ കിഴക്ക് നവാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മെത്ത കടയ്ക്കാണ് തീ പിടിച്ചത്.ഇന്ന് വൈകുന്നേരം 4 ഓടെയാണ് സംഭവം. കടയ്ക്ക് തീ പിടിക്കുന്നത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.തുടർന്ന് സ്ഥലത്തെത്തിയ

ശാസ്താംകോട്ട ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ശൂരനാട് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മെത്തകളും അനുബന്ധ ഉപകരണങ്ങളും മെത്ത നിർമ്മിക്കാനുള്ള പഞ്ഞി,ചകിരി എന്നിവയും പൂർണ്ണമായും കത്തി നശിച്ചു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മൃതദേഹം സംസ്കരിച്ചു,ജനകീയ പ്രതിഷേധം ശക്തം

കോതമംഗലം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരിയിൽ എൽദോസ് വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു.
ചേലാട് കുറുമറ്റം സെമിത്തേരിയിൽ
ആയിരുന്നു സംസ്ക്കാരം. അതേസമയം തുടരുന്ന വന്യജീവി ആക്രമണത്തിലും, വനം വകുപ്പ് നിഷ്ക്രിയത്വത്തിനുമെതിരെ കോതമംഗലത്ത് ജനകീയ പ്രതിഷേധം ഇരമ്പി.

രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി എൽദോസിന്റെ മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുകൊടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടമ്പുഴയിലെ വീട്ടിലെത്തിച്ച് പ്രാർത്ഥന
ശുശ്രൂഷകൾ നൽകി ഉരുളൻതണ്ണി മാർത്തോമ്മാ പള്ളിയിലേക്കു കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിയോടെ ചേലാട് കുറുമറ്റം സെമിത്തേരിയിൽ എൽദോസിന്റെ മൃതദേഹം സംസ്കരിച്ചു. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന എൽദോസ് മരിച്ചത് ഉറ്റവർക്ക് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല.

നേരത്തെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
ആനക്കൊമ്പ് കൊണ്ട് എൽദോസിന് കുത്തേറ്റിരുന്നതായി വ്യക്തമാക്കുന്നുണ്ട്. എൽദോസിനെ ആന നിലത്തിട്ടു ചവിട്ടുകയും മരത്തിനുനേർക്കു വലിച്ചെറിയുകയും ചെയ്തതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്കു കാര്യമായ ക്ഷതം പറ്റിയിട്ടുണ്ട്. അവയവങ്ങൾ പലതും പുറത്തായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കല്ലടയാറ്റിലെ ഓളപ്പരപ്പില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 62 -കാരി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പുത്തൂര്‍: കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ 62 -കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിയുന്നത്. രാവിലെ ഏഴരയ്ക്ക് കടയിലേക്ക് പോയ മകന്‍ മനോജ്കുമാര്‍ തിരികെ വന്നപ്പോഴാണ് വീട്ടിലെ അടുക്കളയോടു ചേര്‍ന്ന മുറിയില്‍ ശ്യാമളയമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ച ശ്യാമളയമ്മയുടെ ഭര്‍ത്താവ് ഗോപിനാഥന്‍ പിള്ള റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം രാവിലെ ഭര്‍ത്താവ് ജോലിക്കായി പുറത്തുപോയപ്പോഴാണ് സ്ത്രീ ജീവനൊടുക്കിയതെന്നാണ് നിഗമനം. സംഭവം അറിഞ്ഞെത്തിയ വാര്‍ഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ശ്യാമളയമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഈ വര്‍ഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ വീടിനു സമീപത്തെ കടവില്‍നിന്ന് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെടുന്നത്. സ്ത്രീ ഒഴുകി പോകുന്ന വീഡിയോയും വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മഴകാരണം വെള്ളമുയര്‍ന്ന നദിയിലൂടെ ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്ത് എത്തിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അവരെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പുതുശേരിമുകള്‍ ശാന്തം, റവന്യൂഅധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി, ജനം ജാഗ്രതയില്‍

ശാസ്താംകോട്ട. പുതുശേരി മുകളിലെ വിവാദ മണ്ണെടുപ്പ് സ്ഥലം തഹസില്‍ദാര്‍ സുനിലിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി വിവരങ്ങള്‍ ചോദിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മൈനിംങ് ജിയോളജി വകുപ്പു നല്‍കിയ ദുരൂഹമായ അനുമതി പത്ര പ്രകാരം ഇവിടെ കുന്നിടിച്ച് 1703 ലോഡ് മണ്ണ് കൊണ്ടുിപോകേണ്ടത് 17മുതലാണ്. പ്രദേശത്ത് ഖനന മാഫിയ എത്തുന്നത് നോക്കി വിവിധ രാഷ്ട്രീയ യുവജന സംഘടനകളും പരിസ്ഥിതി സംഘടനകളും കാവലുണ്ട്. റവന്യൂ അധികൃതരോട് ഒരു റിപ്പോര്‍ട്ടം വാങ്ങാതെയാണ് ഇത്ര ഗുരുതരമായ ഖനന പെര്‍മിറ്റ് നല്‍കിയത്.

2013നുശേഷം പൂര്‍ണ്ണമായി നിലച്ച മണ്ണ് ഇടിച്ചു കടത്തലാണ് വിപുലമായതോതില്‍ പുനരാരംഭിക്കാന്‍ നീക്കം നടന്നത്. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഒരു വനിതയ്ക്ക് വീടുവയ്ക്കാന്‍ നല്‍കിയ പെര്‍മിറ്റിന്‍റെ മറവിലാണ് തടാക തീരത്തെ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഖനനനിരോധനം മറികടന്ന് ജില്ലാ മൈനിംങ് ജിയോളജി ഓഫിസര്‍ അനുമതി നല്‍കിയത്. വീട് പെര്‍മിറ്റ് പഞ്ചായത്ത് ഇന്നലെ റദ്ദാക്കി. ജിയോളജി വകുപ്പ് നല്‍കിയ ഖനന പെര്‍മിറ്റ് റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആറുലക്ഷത്തില്‍ പരം രൂപ സര്‍ക്കാരില്‍ അടച്ചശേഷമാണ് ഖനന സംഘങ്ങള്‍ സ്ഥലത്തെത്തിയിരിക്കുന്നത്. ഇതിനാല്‍തന്നെ ഇത് വീടുവയ്ക്കാന്‍ ശ്രമം നടത്തുന്ന ഒരു കുടുംബമല്ലെന്നും മാഫിയാസംഘമാണെന്നും തടാക സംരക്ഷണസമിതി ആരോപിക്കുന്നു. ഒരു പാര്‍ട്ടിക്ക് അനുമതി നല്‍കിയാല്‍ പടിഞ്ഞാറേകല്ലടയെ തകര്‍ക്കാന്‍ പഴയപോലെ മാഫിയകള്‍ മല്‍സരബുദ്ധിയോടെ രംഗത്തിറങ്ങുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഖനന സംഘങ്ങള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തും പിന്നാലെ കൂടിയതായും വിവരമുണ്ട്.

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില അടുത്തവര്‍ഷം മുതല്‍ കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില അടുത്തവര്‍ഷം മുതല്‍ കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. അടുത്ത വര്‍ഷം മുതല്‍ ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വില കുറയും. നിലവില്‍ വര്‍ഷത്തില്‍ അഞ്ചു കോടി പാഠപുസ്തകങ്ങളാണ് കൗണ്‍സില്‍ അച്ചടിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ശേഷി 15 കോടിയായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.
പുസ്തകങ്ങളുടെ അച്ചടി വര്‍ധിക്കുന്നതിനാല്‍ സ്വാഭാവികമായി ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വില കുറയും. എന്നിരുന്നാലും രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ക്ലാസിലും പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) പ്രകാരം പാഠപുസ്തകങ്ങള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ഓഫിസിലേക്ക്കുന്നത്തൂർ ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും, ധർണയും നടത്തി

ശൂരനാട്. വൈദ്യുതി ചാർജ്‌ വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് വൈദ്യൂതി സെക്ഷൻ ഓഫിസിലേക്ക് പ്രതിഷേധമാർച്ചും, യോഗവും നടത്തി. കെ പി സി സിസി സെക്രട്ടറി ബിന്ദു ജയൻ ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ കാരക്കാട് അനിൽ അധ്യക്ഷധ വഹിച്ചു. പി കെ. രവി,കെ. സുകുമാരൻ നായർ,പി എസ്. അനുതാജ്, സുഹൈൽ അൻസാരി,എസ്. ശ്രീ കുമാർ,പി. നളിനാക്ഷൻ, പ്രസന്നൻ വില്ലടൻ, വി.വേണുഗോപാലകുറുപ്പ്,സുജാത രാധാകൃഷ്ണൻ,സി.സരസ്വതി അമ്മ,അർത്തിയിൽ അൻസാരി,പോരുവഴി ജലീൽ, ശൂരനാട് സുഭാഷ്,എച്. നസീർ, അനിൽ വയ്യാങ്കര, ശൂരനാട് വാസു, കെ എം. കബീർ, ശൂരനാട് ഖലീൽ, സുവർണൻ ശൂരനാട്,തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധമാർച്ച്‌ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.

കുണ്ടറയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന: യുവാവ് പിടിയില്‍

കുണ്ടറ: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ യുവാവ് പിടിയില്‍. ചെറുമൂട് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തി വന്നിരുന്ന കിളികൊല്ലൂര്‍ ശാസ്താ നഗര്‍ ആനന്ദ വിലാസം വീട്ടില്‍ അക്ബര്‍ഷാ (38) യെ ആണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കുണ്ടറ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ലോഡ്ജില്‍ നിരവധി യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളും ദിവസവും വന്ന് പോകുന്നുവെന്നും മാസങ്ങളായി ലോഡ്ജില്‍ മുറി എടുത്ത് ലഹരി വ്യാപാരം നടത്തുന്നുണ്ടെന്നും റൂറല്‍ എസ്പി കെ.എം. സാബു മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാപ്പ കേസ് പ്രതികൂടിയായ അക്ബര്‍ ഷായെ ലോഡ്ജില്‍ നിന്ന് പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎയും 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിന്റെയും ശാസ്താംകോട്ട ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെയും നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷ്, ചിറവൂര്‍ സിപിഒ മാരായ ടി. സജുമോന്‍, എസ്. ദിലീപ്, വിപിന്‍ ക്ലീറ്റസ്, നഹാസ്, ജിഎസ്‌ഐ ശ്രീകുമാര്‍, ജിഎസ്‌ഐ മനു, കുണ്ടറ എസ്‌ഐ പ്രദീപ്, സിപിഒ മാരായ അജിത്കുമാര്‍, അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുഞ്ഞുണ്ടാകാനായി മന്ത്രവാദ പൂജ; ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

കുഞ്ഞുണ്ടാകാനായി നടത്തിയ മന്ത്രവാദ പൂജയുടെ ഭാഗമായി ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ഈ സാഹസത്തിന് യുവാവ് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ചിന്ത്കലോ ഗ്രാമത്തിലെ ആനന്ദ് യാദവ് എന്ന 35കാരനാണ് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ അകത്താക്കിയതിനു പിന്നാലെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ആനന്ദ് കുഴഞ്ഞുവീഴുകയുമായിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുറിയില്‍ കുഴഞ്ഞുവീണെന്നാണ് ആനന്ദിനെ ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ആനന്ദിന് ജീവന്‍ അപ്പോഴേക്കും നഷ്ടമായിരുന്നു.
മരണകാരണം എന്താണെന്ന് വ്യക്തമാകാതെ ഡോക്ടര്‍മാരും കുഴങ്ങി. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ കഴുത്തിന്റെ ഭാഗം പരിശോധിച്ചപ്പോളാണ് ഉള്ളില്‍ കോഴിക്കുഞ്ഞിനെ കണ്ടത്. സമാന്യം വലുപ്പമുള്ള കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവിന് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ വന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി.
ആനന്ദ് അമിതമായി അന്ധവിശ്വാസമുള്ളയാളായിരുന്നുവെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലാതായതോടെ ഇത് കൂടി. കുഞ്ഞുണ്ടാകാന്‍ വേണ്ടി പല മന്ത്രവാദങ്ങളും പൂജകളും ഇയാള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാകാം കോഴിക്കുഞ്ഞിനെ വിഴുങ്ങിയത് എന്നാണ് അയല്‍വാസികള്‍ പറയുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് ​ഗ്രാമവികസനവകുപ്പ് മന്ത്രി

തേനി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് ​ഗ്രാമവികസനവകുപ്പ് മന്ത്രി ഐ പെരിയസ്വാമി. തമിഴ്നാട്ടിലെ ജനങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. തേനിയിൽ മഴ ബാധിത പ്രദേശങ്ങൾ സന്ദർശിക്കവേയാണ് മന്ത്രിയുടെ പരാമർശം

ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് വഴിവെയ്ക്കുന്നതാണ് മന്ത്രി ഐ പെരിയസ്വാമിയുടെ വാക്കുകൾ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തും. തമിഴ്നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ നടപ്പിലാക്കും. സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും ആർക്കും വിട്ടുനൽകില്ലെന്നും മന്ത്രി പറഞ്ഞു

മുല്ലപ്പെരിയാർ അണക്കെട്ടിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ കേരളം കഴിഞ്ഞയാഴ്ച തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയിരുന്നു ഇത്.
പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതികരണവും നിർണായകമാകും