കോതമംഗലം. ആറു വയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരുന്നത്. സംഭവത്തിൽ പിതാവ് അജാസ് ഖാനെയും വളർത്തമ്മയും കസ്റ്റഡിയിലെടുത്തു.
കോതമംഗലം ഇരുമലപടിക്ക് സമീപമാണ് സംഭവം.ഉത്തർ പ്രദേശ് സ്വദേശിയായ അജാസ്ഖാന്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതിന് ശേഷo കുട്ടി രാവിലെ എഴുന്നേറ്റിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌ക്കാൻ മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നത് . രാവിലെ എഴുന്നേറ്റപ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നു എന്നാണ് അജാസ് ഖാൻ പോലീസിന് നൽകിയ മൊഴി . കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം. എ.കെ.ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരട്ടെയെന്ന് സി.പി.എം തീരുമാനം. സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ട് തോമസ് കെ തോമസിനെ മന്ത്രിയാക്കി ആക്കാൻ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയും കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന
സി.പി.എം കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി തോമസ് കെ .തോമസിനെ മന്ത്രിസഭയിൽ എത്തിക്കാൻ എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കിണഞ്ഞു ശ്രമിക്കുകയാണ്. എന്‍സിപി ദേശിയ അധ്യക്ഷൻ ശരത് പവാർ അഭ്യർത്ഥിച്ചത് അനുസരിച്ച് പി.ബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സി.പി.എം സംസ്ഥാന നേതൃത്വത്തോട് സംസാരിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തോമസ് കെ . തോമസിൻ്റെ വഴിയടച്ചു കൊണ്ടുള്ള തീരുമാനം വന്നത്. എ.കെ ശശീന്ദ്രനെ മാറ്റേണ്ടെന്ന നിലപാടാണ് പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്. ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നു കണ്ട എൻസിപി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാൻ ശരത് പവാർ വഴി പാർട്ടി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ പി .സി ചാക്കോ ശ്രമിച്ചതിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.തോമസ് കെ തോമസിനെതിരെ MLA മാര കൂറുമാറാൻ കോഴ വാഗ്ദാനം ചെയ്തത് അടക്കമുള്ള സാമ്പത്തിക ആരോപണങ്ങളും ഉണ്ട്. ഇക്കാര്യങ്ങളും മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് ഇതോടെ തോമസ് കെ . തോമസിനെ മന്ത്രിയാക്കാനുള്ള പി.സി ചാക്കോയുടെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. ഇതിനോട് എന്‍സിപി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുളളത്. മന്ത്രി മാറ്റം നടന്നില്ലങ്കിൽ പ്രതിഷേധ സൂചകമായി എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പിൻവലിക്കാനാണ് പി.സി ചാക്കോയുടെ നീക്കം.
ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ.അഞ്ചു ഭീകരരെ സൈന്യം വധിച്ചു.ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.കുൽഗാമിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. രണ്ടു ഭീകരരെ വളഞ്ഞതായി സൈന്യം. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ജമ്മു കാശ്മീരിൽ ഉന്നതതല സുരക്ഷ യോഗം ചേരും.
തിരുവനന്തപുരം.സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ എൻഫോഴ്സ്മെൻറ് സംവിധാനങ്ങൾക്ക് പരിമിതി ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന. 24 മണിക്കൂറും റോഡിൽ ജോലി ചെയ്യേണ്ട സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്ന് ഉദ്യോഗസ്ഥർ മാത്രമാണ്. ഡീസൽ അടിക്കാൻ പോലും ഫണ്ടില്ലെന്നും പരിശോധന കുറയാൻ കാരണം ഇതാണെന്നും കുറിപ്പിൽ പറയുന്നു. അതേസമയം പൊലീസിൻറെയും മോട്ടോർ വാഹന വകുപ്പിൻറെ സംയുക്ത പരിശോധന തുടരുകയാണ്.
കേരളത്തിൽ തുടർച്ചയായി വാഹനപകടങ്ങൾ ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ പഴി കേട്ടത് മോട്ടോർ വാഹന വകുപ്പാണ്. പരിശോധനയും എൻഫോഴ്സമെൻറും കുറഞ്ഞതാണ് അപകടങ്ങൾക്ക് ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം. ഇതോടെയാണ് എൻഫോഴ്സ്മെൻറ് ശക്തമാക്കാൻ സാധിക്കാത്തതിൻറെ കാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥരുടെ സംഘടന കുറിപ്പ് ഇറക്കിയത്. 24 മണിക്കൂറും റോഡിൽ പരിശോധന നടത്താൻ ഉദ്ദേശിച്ച് 2018ൽ തുടങ്ങിയ സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്നു ഉദ്യോഗസ്ഥർ മാത്രം. മതിയായ വാഹനങ്ങളില്ല. ഉള്ളവ കൂടുതലും വൈദ്യുത കാറുകൾ. ഇത് ചാർജ് ചെയ്യാൻ മാത്രം പത്ത് മണിക്കൂറോളം എടുക്കും. ഡീസൽ അടിക്കാൻ ഫണ്ടില്ലാത്തതും പരിശോധനകൾക്ക് തടസമാണ്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്നെ വാഹനമോടിക്കേണ്ട ഗതികേടുണ്ട്. ചെല്ലാൻ പ്രിന്റിങ്ങിനും ഡെസ്പാച്ചിങ്ങിനും ആളില്ല . കോടതി നടപടികൾക്ക് മറ്റു വകുപ്പുകളിലേത് പോലെയുള്ള സംവിധാനമില്ല. AI ചെല്ലാനുകൾ കുന്നുകൂടുന്നതും കാര്യക്ഷമതയെ ബാധിക്കുന്നു. ഇവയാണ് നിരത്തിലെ പരിശോധന കുറയാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. മിനിസ്റ്റീരിയൽ സ്റ്റാഫുകളെയും ഡ്രൈവർമാരെയും നിയമിച്ചാൽ മാത്രമേ പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാകുയെന്നും ഉദ്യോഗസ്ഥർ പറയുന്നു. എഴുന്നൂറ് പേരുടെ കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് നൽകിയ ശുപാർശ ധനവകുപ്പിൻറെ ടേബിളിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനം നടത്തുന്നതിൽ നിന്ന് സർക്കാരിനെ പിന്നോട്ട് വലിക്കുന്നത്. അതേസമയം നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധന സംസ്ഥാനത്ത് തുടരുകയാണ്.
കൊല്ലം.മോഷണക്കേസിൽ ശാന്തിക്കാരനെ ക്ഷേത്രത്തിൽ നിന്ന് ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് കൊല്ലം ഇരവിപുരം പൊലീസ് കഴിഞ്ഞദിവസം ക്ഷേത്രത്തിൽനിന്ന് വിളിച്ചുകൊണ്ടുപോയത് . ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തിയ ശേഷമാണ് ദിനേശിനെ തൊട്ടടുത്ത ദിവസം വിട്ടയച്ചത് –
കഴിഞ്ഞദിവസം ദീപാരാധനയ്ക്ക് ശേഷമാണ് പോലീസ് ക്ഷേത്രത്തിലെത്തി കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസിൽ ആണ് കസ്റ്റഡി എന്നാണ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം ഭാരവാഹികളോടും ഭക്തരോടും പോലീസ് പറഞ്ഞത് . ചൊവ്വാഴ്ച സന്ധ്യയ്ക്ക് കസ്റ്റഡിയിൽ എടുത്ത വിഷ്ണുവിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്.ആളു മാറിയെന്ന് പിന്നീട് ബോധ്യപ്പെട്ടതാണ് വിട്ടയക്കാൻ കാരണം . ഒരുമാസം മുൻപ് കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിലെ വിളക്കുകൾ അടക്കം മോഷണം പോയതിൽ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഈ പരാതിക്കൊപ്പം മോഷണം നടത്തിയ ആളുമായി സാദൃശ്യമുണ്ടെന്ന് തരത്തിൽ വിഷ്ണുവിൻറെ ഫോട്ടോയും ക്ഷേത്രം ഭാരവാഹികൾ പോലീസിന് നൽകി. ദേവസ്വംബോർഡിലെ താൽക്കാലിക കീഴ്ശാന്തിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് വിഷ്ണുവിൻറെ ഫോട്ടോ ഇവർക്ക് ലഭിച്ചത് . ഈ ഫോട്ടോ വെച്ചാണ് വിഷ്ണുവിനെ തേടി പോലീസ് എത്തിയത് ‘
വിഷ്ണുവുമായി ഒരു ബന്ധവുമില്ലെന്ന് പിന്നീട് പൂതക്കാട് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞതോടെയാണ് അബദ്ധം പറ്റിയത് അറിഞ്ഞ പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചത് – അത്താഴപൂജ ഉൾപ്പെടെ ബാക്കി നിൽക്കെ ക്ഷേത്രം കീഴ്ശാന്തിയെ കൊണ്ടുപോയത് ചടങ്ങുകളെ ബാധിച്ചുവെന്ന് മുരിങ്ങമംഗലം ക്ഷേത്രം ഭാരവാഹികൾ
കസ്റ്റഡിയിലെടുക്കും മുൻപ് വീഡിയോ കോളിലെങ്കിലും പരിശോധന നടത്താമായിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു എന്നാണ് എല്ലാവരും പറയുന്നത് .
പത്തനംതിട്ട.കൂടൽ മുറിഞ്ഞകല്ലിൽ വീണ്ടും അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി മുറിഞ്ഞകല്ലിൽ വീണ്ടും അപകടം. മുറിഞ്ഞകൽ ജംഗ്ഷനിൽ കൂടൽ ഭാഗത്ത് നിന്നും വന്ന ടിപ്പർ ബൈ റോഡിലേക്ക് കയറുന്നതിനിടയിലാണ് കോന്നിയിൽ നിന്നും വന്ന ശബരിമല തീർത്ഥാടകരുടെ ബൈക്കിലേക്ക് ഇടിച്ചത്. ഇവിടെ അപകടത്തില്‍ മരിച്ചനാലുപേരുടെ സംസ്കാരം നടക്കുന്നതിനിടെയാണ് അപകടം.
?ക്ഷേമ പെൻഷൻ തട്ടിപ്പ്, മണ്ണ് സംരക്ഷണ വകുപ്പിൽ ആറ് പേർക്ക് സസ്പെൻഷൻ, 18 ശതമാനം പലിശയിൽ തുക തിരിച്ച് പിടിക്കും
?സിനിമാ സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു.
?കളമശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു.40 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
?മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളുമുള്ളതായി സംശയം, നേവി ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്.
? കേരളീയം ?
?കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്.
?കോഴിക്കോട് നന്‍മണ്ടയില്‍ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നന്‍മണ്ടയിലെ മരക്കാട്ട്മുക്കിലാണ് നായ നാട്ടുകാരെ ആക്രമിച്ചത്.
?കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും 38 നഴ്സുമാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ്.
?സംസ്ഥാനത്തെ 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി.
? വാര്‍ഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും നടപടികള്‍ നിയമാനുസൃതവും സുതാര്യവുമെന്നും മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
? ആരോപണ വിധേയനായ അസി.കമാന്‍ഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. എസ്.ഒ.ജിയിലെ അസി. കമാന്‍ഡന്റ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2023ല്‍ പൊലീസില്‍ മികച്ച സേവനം നടത്തിയവര്‍ക്കുള്ള പട്ടികയാണ് ഇന്നലെ പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയത്.
?വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.
?ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ പൊലീസ് കോഴിക്കോട് നിന്ന്പിടികൂടി. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും.
?യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ആറാം അഡീഷ്ണല്‍ സെഷന്‍സ് കോടതി തള്ളി.
?നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ കൊല്ലപ്പള്ളിയില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വയലാര്‍ ചേര്‍ത്തല കളവംകോടത്ത് ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം.
?മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ വെച്ച് വെട്ടേറ്റ ദമ്പതിമാരില്‍ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി. ജേഷ്ഠനോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്.
? തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂന മര്‍ദ്ദം കൂടുതല്‍ ശക്തയാര്‍ജ്ജിച്ചെന്നും ശക്തയാര്‍ജ്ജിച്ച ന്യൂന മര്‍ദ്ദംഅടുത്ത മണിക്കൂറുകളില്‍ വടക്കന്‍ തമിഴ്‌നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴ സാധ്യത തുടരും.
?? ദേശീയം ??
? നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ച് മുംബൈയില്‍ 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ നാവിക സേന ഉദ്യോഗസ്ഥനാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു.
?ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനായുള്ള 21 അംഗങ്ങള്‍ ലോക്സഭയില്‍ നിന്നും 10 പേര്‍ രാജ്യസഭയില്‍ നിന്നുമുള്ള സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി എംപിയായ പിപി ചൗധരിയാണ് സമിതിയുടെ ചെയര്‍മാന്‍.
? ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ച ദിവസം ലോക്‌സഭയില്‍ ഹാജരാകാതിരുന്നവരില്‍ ബിജെപിയില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
? ദില്ലി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബര്‍ 13 നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. 4 വര്‍ഷവും 3 മാസത്തിനും ശേഷമാണ് ഉമര്‍ ഖാലിദിന് ജാമ്യം ലഭിക്കുന്നത്.
? തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേല്‍ അല്ലു അര്‍ജുന്‍ ആരാധകര്‍ക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ രാജ്കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
? ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന് പ്രതിപക്ഷ ആരോപണം. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍…….. എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നുവെന്നുമാണ് രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെ അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.
? അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്ഷാ. കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ലോക്സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടോ പോകുന്ന പാര്‍ട്ടിയാണെന്നും അമിത് ഷാ വ്യക്തമാക്കി.
⚽ കായികം ⚽
?ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് പ്രഥമ കിരീടം റയല്‍ മാഡ്രിഡിന്. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മെക്‌സിക്കന്‍ ക്ലബ് പച്ചുക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് റയല്‍ ജേതാക്കളായത്.
കരളിൻറെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിൽ ഏറെ ശ്രദ്ധ വേണം. സംസ്കരിച്ച ഭക്ഷണങ്ങൾ, റെഡ് മീറ്റ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, പഞ്ചസാരയുടെ അമിത ഉപയോഗം തുടങ്ങിയവ കരളിൻറെ ആരോഗ്യത്തെ നശിപ്പിക്കാം. അതുപോലെ മദ്യപാനവും കരളിന് നന്നല്ല. കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് കരളിൻറെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഗ്രീൻ ടീ
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ഇവയുടെ പതിവ് ഉപയോഗം ലിവർ ക്യാൻസർ സാധ്യതയെ കുറയ്ക്കാനും ഗുണം ചെയ്യും.
നെല്ലിക്കാ ജ്യൂസ്
വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കരളിൻറെ ആരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും.
ബീറ്റ്റൂട്ട് ജ്യൂസ്
നൈട്രേറ്റുകളാൽ സമ്പന്നവും ആൻറി ഓക്സിഡൻറുകൾ അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസ് കരളിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാൽ ബീറ്റ്റൂട്ട് ജ്യൂസും ഡയറ്റിൽ ഉൾപ്പെടുത്താം.
വെള്ളരിക്കാ ജ്യൂസ്
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെള്ളരിക്കാ ജ്യൂസും കരളിൻറെ ആരോഗ്യത്തിന് നല്ലതാണ്.
ജിഞ്ചർ ലെമൺ ജ്യൂസ്
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ജിഞ്ചർ ലെമൺ ജ്യൂസ് കുടിക്കുന്നതും കരളിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഓറഞ്ച്- ജിഞ്ചർ ജ്യൂസ്
വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ചയും ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച്- ജിഞ്ചർ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
മുംബൈ: മുംബൈ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിൻ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തിൽപ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്.
യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മരിച്ചവരിൽ 3 നാവിക സേന ഉദ്യോഗസ്ഥരും ഉൾപ്പെടും. 101 പേരെ രക്ഷപ്പെടുത്തി.ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ചികിത്സയിൽ കഴിയുന്നവരിൽ നിന്നും ലഭിക്കുന്നത്. ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫൻറ് കേവ് ദ്വീപിലേക്ക് പോയ നീൽകമൽ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂർണമായും മുങ്ങി. യാത്ര ബോട്ടിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
ചെന്നൈ: തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യം തിരുനെൽവേലി ജില്ലയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബെഞ്ച്, മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണു പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോടു ചോദിച്ചു.
മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. മുൻപും സമാന സംഭവങ്ങളിൽ ഹരിത ട്രൈബ്യൂണൽ കേരളത്തിനെതിരെ കേസെടുത്തിരുന്നു.
അതേസമയം, തിരുനെൽവേലി ജില്ലയിൽ മാലിന്യം തള്ളിയതു കണ്ടെത്തിയതിനെത്തുടർന്നു തമിഴ്‌നാട് പൊലീസ് കേരള അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഉപയോഗിച്ച സിറിഞ്ച്, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെയാണു തള്ളിയത്. കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം നടത്തുകയാണ്.
മലിനീകരണ തോത് വിലയിരുത്താൻ മലിനീകരണ നിയന്ത്രണ ബോർഡിലെയും ഗ്രാമവികസന വകുപ്പിലെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കന്യാകുമാരി, കോയമ്പത്തൂർ, ഗൂഡല്ലൂർ, തേനി എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പട്രോളിങ് ശക്തമാക്കി.