ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി.
ക്യാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി എന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ക്യാമ്പസിലേക്ക് എസ്എഫ്ഐ പ്രതിഷേധം നടത്തി.
രണ്ടുദിവസം മുൻപ് രാത്രി സുഹൃത്തുമായി ക്യാമ്പസിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പീഡനത്തിനിരയായെന്നാണ് കന്യാകുമാരി സ്വദേശിയായ പെൺകുട്ടി പരാതി നൽകിയിരിക്കുന്നത് . അജ്ഞാതരായ രണ്ടുപേർ എത്തി സുഹൃത്തിനെ മർദ്ദിച്ചു, ശേഷം തന്നെ പീഡിപ്പിച്ചു. ഇവർ രണ്ടുപേരും മുഖംമൂടി വച്ചതിനാൽ തനിക്ക് ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. പരാതിയിൽ കേസെടുത്ത കോട്ടൂർപുരം പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ സുഹൃത്തടക്കം 20ലധികം പേരെയാണ് ഇന്ന് ചോദ്യം ചെയ്തത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. ക്യാമ്പസിന് ഉള്ളിലുള്ള ആരെങ്കിലുമാകാം കൃത്യത്തിന് പൊന്നിലെന്നാണ് പൊലീസ് നിഗമനം. മൂന്ന് പ്രത്യേകസംഘങ്ങൾ ആയി കേസ് അന്വേഷിക്കും. കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ക്യാമ്പസിന് മുന്നിൽ പ്രതിഷേധം നടത്തി
ക്യാമ്പസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായി
റിട്ടഃ Kseb സീനിയർ സൂപ്രണ്ട് സുഗതൻ നിര്യാതനായി
തഴവ. റിട്ടഃ Kseb സീനിയർ സൂപ്രണ്ട് സുഗതൻ (59) നിര്യാതനായി.ശ്വാസകോശ സംബന്ധമായ അസുഖത്താൽ ചികിൽസയിലായിരുന്നു.തഴവ എവിഎച്ച് എസ് ജംഗ്ഷനിൽ ഓറിയോൺ അക്കാഡമി പ്രിൻസിപ്പൽ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. വലിയ ശിഷ്യസമ്പത്തിനുടമയാണ്.ഭാര്യ മനീഷ (സ്റ്റാസ്റ്റിക്കൽ വകുപ്പ് കരുനാഗപ്പള്ളി) രണ്ട് പെൺമക്കൾ.സംസ്ക്കാരം നാളെ ചിറ്റുമൂല റെയിൽവേ ക്രോസിന് വടക്കുള്ള വീട്ടുവളപ്പിൽ
കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പ്: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടെയുള്ള രണ്ട് പൊലീസകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.
പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. സാമ്പത്തികമായി എഎസ്‌ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്.
എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തെരുവ് നായ്ക്കൾ കടിച്ചു കൊന്ന വയോധികയെ പകൽ കിടത്തിയിരുന്നത് വീടിന് പുറത്തേഷെഡ്‌ഡിൽ
ആലപ്പുഴ. ആറാട്ടുപുഴയിൽ തെരുവ് നായ്ക്കൾ കടിച്ചു കൊല്ലപ്പെട്ട 81 കാരി കാർത്യായനിയമ്മയെ പകൽ കിടത്തിയിരുന്നത് വീടിന് പുറത്തേഷെഡ്‌ഡിൽ. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്ത് വയോധികയെ പുറത്ത് കിടത്തി വീടും ഗേറ്റും പൂട്ടി വീട്ടുകാർ പോയ സമയത്ത് ആയിരുന്നു നായ്ക്കളുടെ ആക്രമണം. നായ കടിച്ച കാർത്യായനിയമ്മ രണ്ടുമണിക്കൂറോളം വീട്ടുമുറ്റത്ത് കിടന്നു. എന്നാൽ അമ്മയുടെ ആവശ്യപ്രകാരം പുറത്ത് കിടത്തിയതെന്നാണ് മകന്റെ വാദം. വീട്ടുകാർക്ക് അയൽക്കാരവുമായി സഹകരണം ഇല്ലെന്ന് നാട്ടുകാർ..
തെരുവുനായ ശല്യം അതിരൂക്ഷമായ പ്രദേശമാണ് ആറാട്ടുപുഴയിലെ അഴീക്കോടൻ നഗർ. ഇവിടെയാണ് 81 കാരി കാർത്യായനിയമ്മ തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പ്രായമായ അമ്മയെ വീട്ടിൽ ഒറ്റയ്ക്ക് ആക്കി പോകുമ്പോൾ അയൽക്കാരോട് പോലും പറയാറില്ല.. മുറ്റത്തിരുന്ന് അമ്മ ആഹാരം കഴിച്ചത് കൊണ്ടാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ
അകത്തു അമ്മയ്ക്ക് വേണ്ടി പ്രത്യേകം മുറിയുണ്ടെന്നും പകൽസമയം അമ്മയുടെ ആവശ്യപ്രകാരം പുറത്ത് ഇരിക്കുന്നതാണെന്നുമാണ് മകന്റെ വാദം
തകഴി സ്വദേശിനിയായ കാർത്ത്യായനിയമ്മ ഏതാനും മാസങ്ങൾക്കു മുൻപാണ് മകൻ പ്രകാശന്റെ ഭാര്യയുടെ വീടായ ആറാട്ടുപുഴയിൽ താമസിക്കാൻ എത്തുന്നത്. അമ്മയെ തനിച്ചാക്കി വീടും ഗേറ്റും പൂട്ടിയായിരുന്നു ഇന്നലെ ഇരുവരും പുറത്തുപോയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള വേലിക്കട്ടിനിടയിലൂടെയാണ് നായ്ക്കൾ പുരയിടത്തിൽ എത്തിയത്. ആക്രമണത്തിൽ ഇടത്തെ കണ്ണ് ഒഴിച്ച് മറ്റു മുഖഭാഗങ്ങളെല്ലാം നഷ്ട്ടമായിരിന്നു. ഉച്ചയോടെ ആയിരുന്നു തെരുവ് നായ്ക്കളുടെ ആക്രമണം. വൈകിട്ട് മകൻ വീട്ടിലെത്തുമ്പോഴും തെരുവ് നായ്ക്കൾ കാർത്യായനി അമ്മയെ കടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
തൃക്കുന്നപ്പുഴ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം തകഴി അരയൻ ചിറയിലെ കാർത്യാനി അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി.. വൈകിട്ടാണ് ശവസംസ്കാരം..
ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്നും വീണു, വിദഗ്ദ്ധ ചികിൽസക്കു പോകാതെ ഉറങ്ങിയ യുവാവ് മരിച്ചു
കിളിമാനൂർ.ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്.
വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ച് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് മരണം. വീട്ടിൽ ഉറങ്ങുകയായിരുന്നു അജിത്തിനെ രാവിലെ ചായയുമായി ചെന്ന വീട്ടുകാരാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയാണ് അരശുവിള നാട്ടുകൂട്ടം ക്ലബ്ബിൻ്റെ ക്രിസ്മസ് ആഘോഷ പരിപാടികൾക്കായി അജിൻ മരത്തിൽ കയറിയത്. മരത്തിൽ നിന്ന് വീണ അജിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സ്കാനിങ്ങിനു ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇത് കാര്യമാക്കാതെയാണ് അജിൻ വീട്ടിൽ വന്ന് കിടന്നുറങ്ങിയത്. കിളിമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കുറയ്ക്കുന്നതിന് ധ്യാനം മികച്ചൊരു മാർഗമായി പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും.
ധ്യാനം മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ധ്യാന പരിശീലനത്തിന് മനുഷ്യൻ്റെ മാനസിക പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.
സമ്മർദം, ഉത്കണ്ഠ എന്നിവയ്‌ക്കെതിരെ ധ്യാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലോക ധ്യാനദിനം വ്യക്തിത്വ വളർച്ചയ്ക്ക് മാത്രമല്ല, കൂട്ടായ ക്ഷേമത്തിനും കൂടി ശ്രദ്ധയുടെയും ധ്യാനത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.
മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
ഉത്കണ്ഠ കുറയ്ക്കുന്നു
ധ്യാനം മാനസിക പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നു. രക്തസമ്മർദ്ദവും ശരീരത്തിലെ മറ്റ് ഹോർമോണുകളും പതിവായി ഉത്കണ്ഠ ഉണ്ടാക്കുന്നത് ധ്യാനത്തിലൂടെ നന്നായി നിയന്ത്രിക്കാനാകും.
സ്ട്രെസ് കുറയ്ക്കൽ
സ്ഥിരമായി ധ്യാനം ചെയ്യുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മെച്ചപ്പെട്ട ശ്രദ്ധയും ഏകാഗ്രതയും
വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ധ്യാനം സഹായിക്കുന്നു. ശ്രദ്ധാപൂർവ്വം പരിശീലിക്കുന്നതിലൂടെ വ്യക്തികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലിയിൽ തുടരാനുമുള്ള അവരുടെ കഴിവ് മെച്ചപ്പെടുത്താൻ കഴിയും.
നല്ല ഉറക്കം
ധ്യാനം ചെയ്യുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അമിതമായ ചിന്തകൾ കുറയ്ക്കുക ചെയ്യുന്നു. ദിനചര്യയിൽ ധ്യാനം ഉൾപ്പെടുത്തുന്നത് കൂടുതൽ സുഖമായി ഉറങ്ങാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ക്രിസ്തുമസ് ദിനത്തിൽ ജെ പി നദ്ദ ഡൽഹി സിബിസിഐ ആസ്ഥാനത്ത്, ഒപ്പം അനിൽ ആന്റണി അടക്കം നേതാക്കൾ
ന്യൂഡൽഹി: ക്രിസ്തുമസ് ദിനത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ഡൽഹി സിബിസിഐ ആസ്ഥാനത്ത് എത്തി. ഡൽഹി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി.
കത്തീഡ്രൽ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്.ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി. പ്രാർത്ഥനകളിൽ പങ്കെടുത്തു.
മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനം; ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്ത് പൊലീസ്
കോഴിക്കോട്: എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിന്റെ തിരോധനവുമായി ബന്ധപ്പെട്ട് പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി.
ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്. ഈ മാസം 16നു വിഷ്ണു ക്യാമ്പിൽ നിന്നും പോയ്ത്. ക്യാമ്പിൽ വിഷ്ണുവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചു. എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി മൊഴിയെടുത്തത്.
കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. അവധിയായതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എ ടി എം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്.
ക്രിസ്‍മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ എത്തിയത് 3 ദിവസം പ്രായമുള്ള അതിഥി; കുഞ്ഞിന് പേര് ക്ഷണിച്ച് മന്ത്രി
തിരുവനന്തപുരം: ഇന്ന് ലോകം ക്രിസ്മസ് പുലരി ആഘോഷിക്കവെ തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥിയെത്തി. പുലര്‍ച്ചെ 5.50നാണ് തിരുവനന്തപുരത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ അലാം മുഴങ്ങിയത്. ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. ജീവനക്കാർ കുഞ്ഞിനെയെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞ് മകള്‍ക്ക് പേര് മന്ത്രി ക്ഷണിച്ചു. നിരവധിപ്പേരാണ് ഇതിനോടകം കുഞ്ഞിന് പേരുകൾ നിർദേശിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്യുന്നത്.
ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ് ലഭിച്ചത്.









































