Home Blog Page 1821

ഇൻസ്റ്റയിൽ 7 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് ആണ് ആത്മഹത്യ ചെയ്തത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള സിമ്രാൻ ഫ്രീലാൻസ് റേഡിയോ ജോക്കിയായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ഏറെ ശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരുകാരിയായ സിമ്രാനെ ആരാധകർ ‘ജമ്മു കി ധഡ്കൻ’ (ജമ്മുവിന്‍റെ ഹൃദയമിടിപ്പ്) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഡിസംബർ 13 നാണ് സിമ്രാൻ ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റിട്ടത്.

സംഭവ ദിവസം ഏറെ നേരം വിളിച്ചിട്ടും സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തത് കണ്ട് കൂടെ താമസിച്ചിരുന്ന സുഹൃത്ത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

സിമ്രാൻ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പൊലീസ് പരിശോധനയിൽ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. സിമ്രാന്‍റെ മരണത്തിൽ കുടുംബം പരാതി നൽകിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.

ടിക്കറ്റ് നിരക്ക് കുറച്ചു, കൂടുതൽ സീറ്റുകൾ, എസ്കലേറ്റർ ഒഴിവാക്കി; നവകേരള ബസ് റീലോഡഡ്, കോഴിക്കോടെത്തിച്ചു

തിരുവനന്തപുരം: നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും

11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. പകരം മുൻഭാഗത്ത് മാത്രമാണ് ഡോർ. ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു – കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു.

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് പിന്നീട് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് തുടങ്ങിയത്. മെയ് മാസം അഞ്ച് മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ 1240 രൂപ നിരക്കില്‍ സര്‍വീസ് തുടങ്ങിയത്. പുലര്‍ച്ചെ നാല് മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2.30തിന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് ബുക്കിങ് കുറയുകയായിരുന്നു. ഉയര്‍ന്ന നിരക്കും സമയ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ബുക്കിങ് കുറയുന്നതിന് കാരണമെന്ന് ജീവനക്കാർ വിലയിരുത്തിയിരുന്നു. പിന്നാലെയാണ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലിറക്കുന്നത്. സമയമാറ്റം എങ്ങനെയെന്ന് കെഎസ്ആർടിസി പിന്നീട് അറിയിക്കും.

വിമാനത്തിലേക്ക് കയറവേ യെമനിൽ ഇസ്രയേൽ ബോംബാക്രമണം; ടെഡ്രോസ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

സന: ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തി ഇസ്രയേൽ. സനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ടെഡ്രോസ് സഹപ്രവർത്തകർക്കൊപ്പം വിമാനത്തിലേക്ക് കയറാൻ തുടങ്ങവേയാണ് പെട്ടെന്ന് ആക്രമണമുണ്ടായത്. അദ്ദേഹം യാത്ര ചെയ്യാനിരുന്ന വിമാനത്തിലെ ക്രൂ അംഗത്തിനും പരുക്കുണ്ട്.

ആക്രമണ വിവരം ടെഡ്രോസ് തന്നെയാണ് എക്സ് കുറിപ്പിലൂടെ പങ്കുവച്ചത്. താനും സഹപ്രവർത്തകരും സുരക്ഷിതരാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. എയർ ട്രാഫിക് കണ്‍ട്രോൾ ടവർ, ഡിപാർച്ചർ ലോഞ്ച്, റൺവേ എന്നിവിടങ്ങളിൽ നാശം സംഭവിച്ചു.

ഡിപാർചർ ലോഞ്ചിനു സമീപമാണു നിലയുറപ്പിച്ചിരുന്നതെന്നും അക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നും സാധാരണക്കാരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒരിക്കലും ലക്ഷ്യംവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി.

യെമനിലെ ഹൂതികളെയാണ് ലക്ഷ്യം വച്ചതെന്ന് ഇസ്രയേൽ അറിയിച്ചു. ഹൂതികൾ ആക്രമണത്തിനായി ഉപയോഗിക്കുന്ന അടിസ്ഥാന ഉപകരണങ്ങൾ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേൽ പ്രതിരോധ സംഘം വ്യക്തമാക്കി. സനയിലെ വിമാനത്താവളത്തിനു പുറമേ അൽ– ഹുദായദ്, സലിഫ് തുടങ്ങിയ പോർട്ടുകളും ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നു.

മൻമോഹന് ആദരാഞ്ജലിയർപ്പിച്ച് രാജ്യം; 7 ദിവസം ദുഃഖാചരണം, സംസ്കാരം നാളെ

ന്യൂഡൽഹി: ജനങ്ങളെ ശക്തരാക്കിയ നിയമനിർമാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ സാമ്പത്തിക നയരൂപീകരണത്തിലൂടെയും വേറിട്ട വഴി സൃഷ്ടിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് (92) ആദരാഞ്ജലികളുമായി രാജ്യം. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്കാരം.

ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. കർണാടകയിലെ ബെലഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ജവാഹർലാൽ നെഹ്റുവിനു ശേഷം ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കി തുടർഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മൻമോഹൻസിങ്. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഏറെ ഇടപെടലുകൾ മൻമോഹൻ സിങ് നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വഴികാട്ടിയെയാണ് നഷ്ടമായതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

ഇന്ത്യക്കെതിരെ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍… സ്റ്റീവ് സ്മിത്തിന് പുതിയ നേട്ടം

മെല്‍ബണ്‍: ഇന്ത്യക്കെതിരെ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന വിദേശ താരം എന്ന നേട്ടം കരസ്ഥമാക്കി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി കുറിച്ചതോടെ ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ റെക്കോര്‍ഡ് സ്റ്റീവ് സ്മിത്ത് മറികടന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യക്കെതിരെ 11 മത്തെ സെഞ്ച്വറിയായാണ് സ്മിത്ത് കുറിച്ചത്.
ഇന്ത്യയ്‌ക്കെതിരെ 43 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 11 ടെസ്റ്റ് ടെസ്റ്റ് സെഞ്ച്വറി നേടിയത്. പട്ടികയില്‍ രണ്ടാമതുള്ള ജോ റൂട്ട് 55 ഇന്നിങ്‌സുകളില്‍ നിന്ന് 10 സെഞ്ച്വറികളാണ് നേടിയത്. എട്ട് സെഞ്ച്വറികളുമായി ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ് എന്നിവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

17 കാരിയുമായി ശരൺ കടന്നത് പത്തനംതിട്ടയിലെ കാട്ടിലേക്ക്, പായ വിരിച്ച് താവളം, പീഡനം; പൊലീസ് പിടികൂടിയത് ഇങ്ങനെ

അടൂർ: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെണ്മണി സ്വദേശി ശരണ്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ശരൺ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പന്തളം സ്വദേശിനിയായ പതിനേഴുകാരി ഈ മാസം 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇത് മനസിലാക്കിയ അന്വേഷണ സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും, പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ ശ്രദ്ധ തിരിക്കാനായി സിസിടിവികളുള്ള റോഡിലൂടെ സഞ്ചരിച്ചിക്കുകയും തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്.

പുല്ലും, കരിയിലയും, ബെഡ്ഷീറ്റുമെല്ലാം ഉപയോഗിച്ച് കാട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കുട്ടിയെ താമസിപ്പിച്ചത്. സുഹൃത്തിന്‍റെ സഹായത്തോടെ ഭക്ഷണവും എത്തിച്ചിരുന്നു. ഒളിത്താവളം മാറുന്നതിനായി പണത്തിന് വേണ്ടി സുഹൃത്തിന്‍റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും, പൊലീസ് എത്തിയതോടെ രക്ഷപെട്ടു. കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് കാട്ടിൽ നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. റിമാൻഡിലായ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും സുഹൃത്തുക്കൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങളും വിശദമായി അന്വേഷിക്കുകയാണ് പന്തളം പൊലീസ്

7 ചോദ്യം, അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം നേടി എൻ പ്രശാന്ത്, അസാധാരണം

തിരുവനന്തപുരം : അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അസാധാരണ രീതിയിലുള്ള കത്ത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്തിൻറെ നിലപാട്. പ്രശാന്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് സർക്കാർ.

ഐഎഎസ് തലപ്പത്തെ പോര് നീളുന്നത് അസാധാരണമായ തലത്തിലേക്ക് എത്തി നിൽക്കുകയാണ്. ഒപ്പം സർക്കാരിന് നാണക്കേടും. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് എന് പ്രശാന്തിനെ സസ്പെൻറ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിൻറെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോയും നൽകി. എന്നാൽ മെമ്മോക്ക് മറുപടി നൽകുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് പ്രശാന്ത്. ഏഴ് കാര്യങ്ങൾക്ക് മറുപടി നൽകിയാൽ ചാർജ് മെമ്മോക്ക് മറുപടി നല്കുമെന്നാണ് കത്തിൽ പറയുന്നത്.

തൻറെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആർക്കും പരാതി നൽകിയിട്ടില്ല. പിന്നെ സർക്കാർ സ്വന്തം നിലയിൽ മെമോ നൽകുന്നതിൽ എന്ത് യുക്തിയുണ്ടെന്നാണ് പ്രശാന്തിന്റെ ചോദ്യം. സസ്പെൻറ് ചെയ്യുന്നതിന് മുമ്പോ ചാർജ് മെമ്മോ നൽകുന്നതിന് മുമ്പോ എന്ത് കൊണ്ട് തൻറെ ഭാഗം കേൾക്കാൻ തയ്യാറായില്ല, ചാർജ് മെമ്മോക്കൊപ്പം വച്ച തൻറെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്? ഏത് സർക്കാർ ഉദ്യോഗസ്ഥൻറെ അക്കൗണ്ടിൽ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്ക്രീന് ഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങനെയെങ്കിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. ഇതിന് ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നാണ് വാദം.സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കിൽ ഇതെങ്ങനെ സർക്കാരിൻറെ ഫയലിൽ കടന്നു കൂടിയെന്ന് അടുത്ത ചോദ്യം? ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റൽ സ്ക്രീൻ ഷോട്ടുകൾ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.

കഴിഞ്ഞ 16നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതെങ്കിലും ഇത് വരെ മറുപടി നൽകിയിട്ടില്ല. ചാർജ്ജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ച് ഒരു ഉദ്യോഗസ്ഥൻ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്. ഇതിൽ കടുത്ത രോഷത്തിലാണ് സർക്കാർ.

‘ക്രിസ്മസ് ദിനം പാതിരാ കുർബാനക്കിടെ 17 ക്രിസ്ത്യൻ വീടുകൾ തീവെച്ച് നശിപ്പിച്ചു, ബംഗ്ലാദേശിൽ അശാന്തി പുകയുന്നു

ധാക്ക: ക്രിസ്മസ് തലേന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിൽ ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ 17 വീടുകൾ തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. അജ്ഞാതർ വീടുകൾ കത്തിച്ചതായി ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഒരേസമുദായത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ദീർഘകാല തുടരുന്ന സംഘർഷത്തെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് സർക്കാർ വിശദീകരിച്ചു.

പുലർച്ചെ 12:30 ന് സമീപ ഗ്രാമത്തിലെ ഒരു പള്ളിയിൽ രാത്രി കുർബാനയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായതത്. നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് ബന്ദർബൻ ജില്ലാ അധികൃതർ പറഞ്ഞു. 17 വീടുകൾ പൂർണമായും രണ്ട് വീടുകൾ ഭാ​ഗികമായും കത്തി നശിച്ചു. സംഭവത്തെ അപലപിച്ചുകൊണ്ട്, ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ രം​ഗത്തെത്തി.

ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്തണമെന്ന് പോലീസിന് നിർദ്ദേശം നൽകിയതായും സർക്കാർ പറഞ്ഞു. തലമുറകളായി ‘ക്രിസ്ത്യൻ ത്രിപുര’ സമൂഹം താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർക്ക് അവരുടെ വീടുകൾ പുനർനിർമിക്കാൻ സഹായം നൽകിയതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും നൽകി. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചോറ് ഇവിടെയും കൂറ് അവിടെയും’; തൃശൂർ മേയര്‍ എം കെ വർഗീസിനെതിരെ ആഞ്ഞടിച്ച് വിഎസ് സുനിൽകുമാർ, എൽഡിഎഫിനും വിമർശനം

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനിൽകുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനിൽ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനിൽ കുമാര്‍ ആരോപിച്ചു. തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ മാറ്റണമെന്ന് സിപിഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മേയറെ തുടരാൻ തീരുമാനിച്ചതാണ് പ്രശ്നമെന്നും എൽഡിഎഫിനെ പരോക്ഷമായി പഴിച്ചുകൊണ്ട് വിഎസ് സുനിൽ കുമാര്‍ പറഞ്ഞു.

ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ തുറന്നടിച്ച് വിഎസ് സുനിൽ കുമാര്‍ രംഗത്തെത്തിയത്. ഇത്തരത്തിലൊരു സംഭവം നടത്തിയത് അദ്ദേഹത്തിന്‍റെ ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം തന്നെയാണ് വെളിവെക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സഹായകമാകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാൽ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനിൽ കുമാര്‍ പറഞ്ഞു. മേയറെ മാറ്റാൻ എൽഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന പരോക്ഷ വിമര്‍ശനമാണ് സുനിൽകുമാര്‍ നടത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിയുമായി ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന ആരോപണത്തിൽ മേയര്‍ സംശയ നിഴലിലാണ്. സുനിൽകുമാറും സിപിഐയും മേയറെ സംശയിക്കുമ്പോഴും ഭരണം പോകുമെന്ന് ഭയന്ന് സിപിഎം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണിപ്പോള്‍ കെ സുരേന്ദ്രൻ കേക്ക് കൊടുത്ത വിവാദം ഉണ്ടായത്.

തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ക്രിസ്മസ് കേക്കുമായി എത്തിയായിരുന്നു സന്ദർശനം. എംകെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നും കെ സുരേന്ദ്രൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ക്രിസ്തുമസ് ദിവസം തന്‍റെ വസതിയിൽ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്‍റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം കെ വർഗീസിന്‍റെ മറുപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിവാദങ്ങളിൽ ഏർപ്പെട്ടയാളാണ് മേയർ. വാക്കുകളിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല എന്നായിരുന്നു അന്ന് മേയർ നൽകിയ മറുപടി.

ലോകത്തെ ഏറ്റവും വലിയ ഡാം സാങ്പോ നദിയിൽ നിർമിക്കാൻ ചൈന; ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ചങ്കിൽ തീ

ബീജിങ്: സാങ്പോ നദിയിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിർമിക്കാനൊരുങ്ങി ചൈന. ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ അരികിലാണ് ചൈന പടുകൂറ്റൻ ഡാം നിർമിക്കുന്നത്. ജലവൈദ്യുത അണക്കെട്ടിൻ്റെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകി. പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

2020-ൽ ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ നൽകിയ കണക്കനുസരിച്ച് യാർലുങ് സാങ്‌ബോ (സാങ്പോ) നദിയിൽ നിർമിക്കുന്ന അണക്കെട്ടിന് പ്രതിവർഷം മണിക്കൂറിൽ 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ ലോകത്തെ ഏറ്റവും വലിയ പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ടിൻ്റെ ശേഷിയുടെ മൂന്നിരട്ടിയിലധികം വരും.

ചൈനയുടെ കാർബൺ ബഹിർ​ഗമനം കുറയ്ക്കുന്നതിനും, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, എൻജിനീയറിങ് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്‌ബോയുടെ ഒരു ഭാഗം 50 കിലോമീറ്റർ പരിധിയിൽ 2,000 മീറ്റർ (6,561 അടി) താഴേക്ക് പതിക്കുന്നു. ഇവിടെ ജലവൈദ്യുത പദ്ധതിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, എഞ്ചിനീയറിംഗ് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും നിർമാണം.

ത്രീ ഗോർജസ് അണക്കെട്ടിൻ്റെ മൂന്നിരട്ടി ചെലവാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 254.2 ബില്യൺ യുവാൻ (34.83 ബില്യൺ ഡോളർ) ചെലവ് വരും. കുടിയൊഴിപ്പിക്കപ്പെട്ട 1.4 ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നതുൾപ്പെടെയുള്ള ചെലവാണ് കണക്കാക്കിയത്. നേരത്തെ 57 ബില്യൺ യുവാനായിരുന്നു കണക്കാക്കിയിരുന് ചെലവ്. പദ്ധതി എത്ര ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും പീഠഭൂമിയിലെ ഏറ്റവും സമ്പന്നവും വൈവിധ്യമാർന്നതുമായ പ്രാദേശിക ആവാസവ്യവസ്ഥയെ അത് എങ്ങനെ ബാധിക്കുമെന്നും അധികാരികൾ സൂചിപ്പിച്ചിട്ടില്ല. അതേസമയം, പദ്ധതി പരിസ്ഥിതികമായ പ്രശ്നങ്ങളോ താഴെയുള്ള പ്രദേശങ്ങളിലെ ജലവിതരണത്തിലോ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് അധികൃതർ പറയുന്നത്.

എന്നിരുന്നാലും, ഇന്ത്യയും ബംഗ്ലാദേശും അണക്കെട്ടിനെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചു. യർലുങ് സാങ്ബോ ടിബറ്റിൽ നിന്ന് തെക്കോട്ട് ഇന്ത്യയുടെ അരുണാചൽ പ്രദേശിലേക്കെത്തുമ്പോൾ സിയാങ് നദിയായും അസമിലെത്തുമ്പോൾ ബ്രഹ്മപുത്രയായും മാറുന്നു. ടിബറ്റിൻ്റെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന യാർലുങ് സാങ്ബോയുടെ മുകൾ ഭാഗത്ത് ചൈന ജലവൈദ്യുത ഉത്പാദനം ആരംഭിച്ചിരുന്നു.