ശബരിമല സന്നിധാനത്ത് തീർത്ഥാടന പ്രവാഹം. തുടർച്ചയായ രണ്ടാം ദിനവും ദർശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. പമ്പ വഴി ഇന്നലെ 91, 600 പേരാണ് പതിനെട്ടാം പടികടന്ന് ദർശനം നടത്തിയത്. കാനനപാതകൾ വഴിയും ഇന്നലെ ആയിരക്കണക്കിന് ആളുകൾ എത്തി. പുതുവത്സര ദിനമായതിനാൽ ഭക്തജനപ്രവാഹം ഇന്നും തുടരും എന്നാണ് വിലയിരുത്തൽ. അതേസമയം കാനനപാത വഴിയുള്ള സ്പെഷ്യൽ പാസ് ഇന്ന് മുതൽ ഉണ്ടാകില്ല. പ്രതിക്ഷിച്ചതിലും നാലിരട്ടി ഭക്തർ സ്പെഷ്യൽ പാസ് വഴി എത്തുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. 5000 പേർക്ക് പാസ് നൽകാനായിരുന്നു തീരുമാനം. ഇന്നലെ എത്തിയത് 20,000 ലധികം പേരാണ്. ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാനാണ് നടപടി. പാസുള്ളവർക്ക് വരി നിൽക്കാതെ ദർശനം സാധ്യമായിരുന്നു.
ഉമ തോമസ് എം എൽ എ വീണുപരിക്കേറ്റ സംഭവം, സംഘാടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്,സാരിയിലും വെട്ടിപ്പ്
കൊച്ചി.കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ
ഉമ തോമസ് എം എൽ എ വീണുപരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്.
അശാസ്ത്രീയമായിയാണ് വേദി നിർമിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിമന്‍റ് കട്ടകൾ വെച്ചാണ് കോൺക്രീറ്റിൽ വേദി ഉറപ്പിച്ചത്. സ്റ്റേജിലുള്ളവർക്ക് അപകടം കൂടാതെ നടക്കാൻ വഴിയില്ലാത്തവിധമാണ് കസേരകൾ ക്രമീകരിച്ചത്. കോർപറേഷനിൽ നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണ് താൽക്കാലിക സ്റ്റേജ് നിർമിച്ചത്. ഫയർഫോഴ്സിൽ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ല തുടങ്ങി നിരവധി കാര്യങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേരെ പ്രതി ചേർത്തു. മൃദംഗവിഷൻ എം ഡി നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീർ, ജനീഷ്, കൃഷ്ണകുമാർ, ബെന്നി എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ. പ്രതികളായ ഷമീർ, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ഇന്നലെ മജിസ്ട്രറ്റ് കോടതി ജാമ്യം നൽകി. പ്രതികളുടെ ജാമ്യഅപേക്ഷ ജനുവരി 3 ന് പരിഗണിക്കും. ഇതിനിടെ മൃദംഗവിഷൻ സംഘടിപ്പിച്ച നൃത്ത പരിപാടിയിൽ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കല്ല്യാൺ സിൽക്സ് രംഗത്തെത്തി. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു. സാരിക്ക് ഈടാക്കിയത് 390 രൂപയാണ്. എന്നാൽ പിന്നീടാണ് ഈ സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് അടിസ്ഥാന സൗകര്യo ഉറപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷ
കൊച്ചി. ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയുമായി ഡോക്ടർമാർ . മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. എംഎൽഎയുടെ ആരോഗ്യസ്ഥിതി സംയുക്ത മെഡിക്കൽ ടീം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രത്യേക വിദഗ്ധ സംഘവുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുൻകരുതൽ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പൂർവ്വ സ്ഥിതിയിലേക്ക് ഉമാ തോമസ് തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിലാണ് ബന്ധുക്കളും സഹപ്രവർത്തകരും
സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
മലപ്പുറം . സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
ഇന്ന് മുതൽ വെള്ളി വരെ താനൂരിൽ ആണ് സമ്മേളനം നടക്കുക.ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇ എൻ മോഹൻദാസ് മാറിയാൽ പകരം ആരെന്ന ചോദ്യമാണ് സമ്മേളനം തുടങ്ങുമ്പോൾ സജീവ ചർച്ച വിഷയം
ഇന്ന് രാവിലെ 10ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. ജനുവരി മൂന്നിന് സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 332 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇഎൻ മോഹൻദാസ് മാറിയേക്കും.
മൂന്ന് ടേം അനുവദിക്കാം എന്നിരിക്കെ പ്രായാധിക്യം ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ ആണ് ഇ എൻ മോഹൻദാസ് ആലോചിക്കുന്നത്. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വിപി അനിൽ, ഇ ജയൻ, ഷൗക്കത്ത് അലി, വി പി സഖറിയ എന്നിവരുടെ പേരുകൾ ആണ് സാദ്ധ്യത പട്ടികയിൽ ഉള്ളത്. ഒരു പക്ഷെ സമവായ സാദ്ധ്യത കണക്കിലെടുത്ത് ഇ എൻ മോഹൻദാസ് തന്നെ തുടരുകയും ചെയ്തേക്കാം.2018 ലാണ് ഇ എൻ മോഹൻദാസ് ജില്ലയിൽ സിപിഎം ജില്ലാ സെക്രട്ടറി ആകുന്നത്..2021 ലെ തിരൂർ സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കങ്ങൾ, ബിജെപിയുടെ വോട്ടിൽ ഉണ്ടാകുന്ന വർദ്ധനവ്, മുസ്ലിം രാഷ്ട്രീയത്തിന് വരുന്ന മാറ്റങ്ങളും സ്വഭാവവും എല്ലാം വിശദമായ ചർച്ച ആകും. പി വി അൻവർ പുറത്ത് പോയത് വെല്ലുവിളി ആകില്ല എന്ന് പാർട്ടി വിലയിരുത്തുമ്പോഴും അൻവർ ഉന്നയിച്ച പോലീസിൻ്റെ ഇടപെടൽ സ്വർണക്കടത്ത് എല്ലാം ചർച്ച ആയേക്കും.
വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം;കുറ്റക്കാർക്കെതിരെ കേസ്സെടുക്കണമെന്ന് കുടുംബം
ശാസ്താംകോട്ട:കുന്നത്തൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ
ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ്സെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയിൽ (ഗോപിവിലാസം) ആദി കൃഷ്ണനെ (15) കഴിഞ്ഞ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 12.45 ഓടെ വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അയൽവാസിയും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക-ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതത്രേ.ഇവരുടെ മകൾക്ക് ഇൻസ്റ്റയിൽ മെസേജ് അയച്ചു എന്ന ആക്ഷേപം ഉന്നയിച്ച് നവംബർ 30ന് രാത്രിയിൽ ഇവർ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.മർദ്ദനത്തിൽ കുട്ടിയുടെ ഇടത് ചെവിക്ക് സാരമായി പരിക്കേറ്റു. വീട്ടുകാർ ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങവേയാണ് കുട്ടി ജീവനൊടുക്കിയത്.സംഭവ സമയം ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പഠനത്തിലും
പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്ന ആദികൃഷ്ണ രോഗികളും നിർദ്ധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു.എന്നാൽ സംഭവം നടന്ന് ഒരു മാസം തികഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ ശാസ്താംകോട്ട പൊലീസ് തയ്യാറായിട്ടില്ലെന്ന് പരാതിയുണ്ട്.രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്കു വേണ്ടി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.അതിനിടെ ഭാരതീയന്യായ സംഹിതയിലെ വകുപ്പു പ്രകാരം ജീവപര്യന്തം തടവ്ശിക്ഷ ലഭിക്കാവുന്ന തരത്തിൽ കേസ് എടുത്തതായി പൊലീസ് പറയുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ തയ്യാറാകുന്നില്ലെന്നും പിതാവ് ഗോപു,മാതാവ് രജ്ഞിനി,പൊതു പ്രവർത്തകരായ പിന്നാട്ട് ബാബു,മനു എന്നിവർ പറഞ്ഞു.
അനിഴം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ സമ്പൂർണ പുതുവർഷഫലം
2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു അനിഴം മുതൽ രേവതി നക്ഷത്രം വരെയുള്ളവരുടെ പൊതുഫലങ്ങൾ നോക്കാം.മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു. അതിനാൽ ദോഷമുള്ള നക്ഷത്രക്കാർക്ക് കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും.
അനിഴം
ധാരാളം ഗുണഫലങ്ങളുള്ള വർഷമാണ്.ബന്ധുജനഗുണം വർധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മാറി തിരികെയെത്തും. വിവാഹമോചനം വരെയെത്തിയ തർക്കങ്ങൾ രമ്യമായി പരിഹരിച്ച് ദമ്പതികൾ ഒന്നു ചേരും. പ്രണയികൾക്ക് വിവാഹസാഫല്യം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനമികവുണ്ടാവും. തൊഴിൽ രഹിതർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ വന്നുചേരുന്നതാണ്. കൂട്ടുകച്ചവടത്തിലൂടെ ലാഭവിഹിതം വർദ്ധിപ്പിക്കാനാവും. പഠനം, തൊഴിൽ, ബിസിനസ്സ് ഇവയ്ക്കായി വിദേശ യാത്രകൾ വേണ്ടിവരുന്നതാണ്. നാലാം ഭാവത്തിലെ കണ്ടകശനി മാറുന്നതിനാൽ മനക്ലേശത്തിൽ നിന്നും മോചനമുണ്ടാവും. മാതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾ കുറയുന്നതാണ്. വർഷമധ്യത്തിലെ വ്യാഴമാറ്റം ഹിതകരമല്ലാത്ത ഭാവത്തിലായതിനാൽ വലിയ മുതൽമുടക്കി സംരംഭങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. അനാവശ്യ കാര്യങ്ങളിലെ പിടിവാശി ക്ലേശമുണ്ടാക്കും. ശത്രുക്കളെ സൃഷ്ടിക്കാനും കാരണമാകുന്നതാണ്.
തൃക്കേട്ട
സ്വതന്ത്രമായ സംരംഭങ്ങൾ തുടങ്ങാൻ വർഷത്തിൻ്റെ ആദ്യപകുതി ഉത്തമമാണ്.
ബന്ധുഗുണം വർധിച്ചു നിൽക്കുന്ന കാലമാണ്. ബന്ധുജന സഹായത്തോടെ തൊഴിൽലാഭം, വിവാഹലാഭം എന്നിവയുണ്ടാകും. ആശ്രയിച്ചു നിൽക്കുന്നവരിൽ നിന്ന് മികച്ച പിന്തുണ ഉണ്ടാകും. ദാമ്പത്യ ജീവിത സൗഖ്യം കൈവരിക്കും.ഗൃഹ നിർമാണത്തിന് ദീർഘകാലമായി ആഗ്രഹിച്ചിരുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. പണി പൂർത്തിയാക്കിയ വീടുകൾ,ഫ്ളാറ്റുകൾ എന്നിവ വാങ്ങുവാൻ യോഗമുണ്ട്. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും.അവിവാഹിതർക്ക് വിവാഹം നടക്കുന്നതാണ്. മാർച്ച് മാസം ഒടുവിലെ ശനിയുടെ രാശിമാറ്റം വ്യക്തിത്വം വികസിക്കാനും മാനസികമായി പക്വത നേടാനും ചെറുപ്പക്കാരെ സഹായിക്കും. മുതിർന്നവർക്ക് കുടുംബപരമായ സൗഖ്യം ഉണ്ടാവുന്നതാണ്. മേയ് മാസത്തിലെ വ്യാഴമാറ്റം സമ്മിശ്രഫലങ്ങൾക്ക് കാരണമായേക്കും. എല്ലാക്കാര്യങ്ങളിലും കരുതൽ വേണ്ടതാണ്.
മൂലം
കർമരംഗത്ത് അപ്രതീക്ഷിത നേട്ടം. അധികാരകേന്ദ്രത്തിൽ മത്സരങ്ങൾ തരണം ചെയ്യും.
പുതിയ ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. കുടുംബാംഗങ്ങളുടെ, വിശേഷിച്ചും മുതിർന്നവരുടെ പിന്തുണ നിർലോഭം ലഭിക്കുന്നതാണ്. പലകാരണങ്ങളാൽ ഇഴഞ്ഞുനീങ്ങിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാവും. സന്താനങ്ങളുടെ അഭ്യുദയം സന്തോഷമേകും. ഇരുചക്രവാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സ്വഗൃഹം വിട്ടു താമസിക്കും. ശത്രുക്കൾക്കു മേൽ വിജയം കൈവരിക്കും.
ഏപ്രിൽ, മേയ് മാസങ്ങളിൽ ചില അനിശ്ചിതത്ത്വങ്ങൾ ഏർപ്പെടാം. കണ്ടകശ്ശനിക്കാലം തുടങ്ങുന്നത് മാനസിക ക്ലേശമുണ്ടാക്കും. ദേഹസുഖക്കുറവിനും സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. മേയ് പകുതിക്കു ശേഷം വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ സുസ്ഥാനങ്ങളിലേക്ക് മാറുന്നതിനാൽ ജീവിതത്തിൻ്റെ ഗതി ശോഭനമാവും. അവിവാഹിതർക്ക് വിവാഹസിദ്ധി, കർമ്മ ഗുണാഭിവൃദ്ധി, ധനോന്നതി എന്നിവ പ്രതീക്ഷിക്കാം.
പൂരാടം
തൊഴിൽപരമായ നേട്ടം. താൽക്കാലിക ജോലി സ്ഥിരപ്പെടും. ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധം സ്ഥാപിക്കുവാൻ സാധിക്കും.ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കുടുംബത്തോടൊപ്പം മംഗളകർമങ്ങളിൽ പങ്കെടുക്കും. മാർച്ച് ഒടുവിലെ ശനി മാറ്റത്താൽ ‘കണ്ടകശ്ശനി’ ക്കാലം തുടങ്ങുന്നതിനാൽ മേയ് മാസം വരെ എല്ലാക്കാര്യങ്ങളിലും കരുതൽ വേണം. വ്യാഴവും രാഹുവും അനുകൂല ഭാവങ്ങളിലെത്തുന്നതിനാൽ ജൂൺ മാസം തൊട്ട് നേട്ടങ്ങൾ ആവർത്തിക്കും. പുതിയ തൊഴിൽ മേഖലയിൽ ശോഭിക്കുവാൻ കഴിയും. ബിസിനസ്സിൽ നിന്നും വരുമാനം അധികരിക്കുന്നതാണ്. വിദേശയാത്രകളാൽ പലതരം അഭിവൃദ്ധികൾ വന്നെത്തും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവുന്നതാണ്.പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഭവന നവീകരണത്തിനു പണം ചെലവിടും. പണമിടപാടുകളിൽ കൃത്യത പുലർത്തും. അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം.
ഉത്രാടം
വർഷാരംഭം നേട്ടങ്ങളുടെ കാലമാണ് .സ്വന്തം സംരംഭങ്ങളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം വന്നു ചേരുന്നതായിരിക്കും. മകളുടെ വിവാഹം സുഗമമായി നടത്താനാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി / വേതന വർദ്ധന ഭവിക്കുന്നതാണ്. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ചേർന്ന് വരുന്ന സമയമാണ്. അർധസർക്കാർ സ്ഥാപനത്തിൽ സ്ഥാനക്കയറ്റം. തികച്ചും അവിചാരിതമായി ധനലാഭം പ്രതീക്ഷിക്കാം.
ഉത്രാടം ധനുക്കൂറുകാർക്ക് മാർച്ചുമാസം ഒടുവിലെ ശനിമാറ്റം ഗൃഹത്തിൽ ക്ലേശാനുഭവങ്ങൾക്ക് കാരണമായേക്കാം. എന്നാൽ മകരക്കൂറുകാർക്ക് ഏഴരശ്ശനി തീരുന്നകാലം എന്നത് പല നിലയ്ക്കും സമാശ്വാസമേകും. വർഷമദ്ധ്യത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം ധനുക്കൂറുകാർക്ക് തൊഴിലിലും വ്യക്തിപരമായും നേട്ടമാകുമ്പോൾ മകരക്കൂറുകാർക്ക് സാമ്പത്തിക കാര്യങ്ങളിലടക്കം സമ്മർദ്ദത്തിന് കാരണമാകും
തിരുവോണം
ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറും. ഷെയർ, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് ധനലാഭം കൈവരിക്കും.സാമൂഹിക പ്രവർത്തന രംഗത്ത് അംഗീകാരം തേടിയെത്തും.ഔദ്യോഗികമായി കൊതിച്ച പദവികൾ ലഭിക്കാം. വ്യാപാര ബന്ധം ദൃഢമാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.പുതിയ വീട്ടിൽ താമസം തുടങ്ങാനാവും. മകൻ്റെ പഠിപ്പ്, ജോലി ഇവ തടസ്സമില്ലാതെ മുന്നേറുന്നതാണ്. മാർച്ച് അവസാനം ഏഴരശ്ശനിക്കാലം തീരുന്നത് പലതരം മുന്നേറ്റങ്ങളുണ്ടാക്കും. മാനസിക സൗഖ്യവും ഉയരുന്നതാണ്. കുടുംബത്തിനകത്തും പുറത്തും സ്വീകര്യത വർദ്ധിക്കുവാൻ കാരണമാകും. വർഷത്തിൻ്റെ ഒന്നാം പകുതിയുടെ തിളക്കം രണ്ടാം പകുതിക്ക് ഉണ്ടാവണമെന്നില്ല. വ്യാഴം ആറിലേക്കും രാഹു നാലിലേക്കും മാറുന്നത് സമ്മർദ്ദങ്ങൾക്ക് വഴിയൊരുക്കും. വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം.
അവിട്ടം
മാർച്ച് അവസാനത്തിൽ ഏഴരശ്ശനി തീരുകയാൽ അസാധ്യമെന്നു കരുതിയ കാര്യങ്ങൾ പോലും നേടാനാവും.പൊതുപ്രവർത്തനരംഗത്തു നേട്ടം കൈവരിക്കും. തൊഴിൽപരമായി നേരിട്ടിരിക്കുന്ന വിഷമതകൾ തരണം ചെയ്യും.യോഗ്യതക്കിണങ്ങുന്ന ഉദ്യോഗത്തിൽ പ്രവേശിക്കുവാനും സാധിക്കുന്നതാണ്. വിവാഹമാലോചിക്കുന്നവർക്കു ഉത്തമബന്ധം ലഭിക്കും. ഭക്ഷണസുഖം വർധിക്കും. ബന്ധുസമാഗമം ഉണ്ടാകും.
വിദ്യാർത്ഥികൾക്ക് മികച്ച നിലയിൽ ഉന്നത ബിരുദം കരസ്ഥമാക്കാൻ കഴിയും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മിശ്ര ഫലങ്ങൾക്കാണ് സാധ്യത. കുംഭക്കൂറുകാർക്ക് അദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തിയുണ്ടാവും. ജന്മരാശിയിൽ നിന്നും ശനി മാറുന്നതിനാൽ തടസ്സങ്ങളകലും. ആരോഗ്യം പുഷ്ടിപ്പെടും. ജൂൺ തൊട്ട് വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നതാണ്. വ്യക്തിപരമായും തൊഴിൽപരമായും വളർച്ച പ്രതീക്ഷിക്കാം.
ചതയം
ആദ്യത്തെ മൂന്നുമാസങ്ങൾക്ക് ശേഷം ഗുണപരമായി വലിയ പരിവർത്തനങ്ങൾ വന്നുചേരുന്നതാണ്.കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവർക്കു അനുകൂല കാലമാണ്. വാടകഗൃഹത്തിൽ നിന്നും മാറും. ക്യാംപസ് ഇന്റർവ്യൂവിൽ മികച്ച ജോലി. വസ്തു തർക്കം ന്യായമായി പരിഹരിക്കും. ബന്ധുകലഹം മനക്ലേശമുണ്ടാക്കും. സ്വകാര്യ ജീവിതത്തിൽ ചിലരുടെ അനാവശ്യമായ കടന്നുകയറ്റം വിഷമിപ്പിക്കാം. ശനി മാർച്ച് 29 ന് ജന്മരാശിയിൽ നിന്നും മാറുന്നത് വലിയ ആശ്വാസമേകും. ജന്മശനിയുടെ ക്ലേശങ്ങൾ നീങ്ങും. സമ്മർദ്ദങ്ങൾ ഒഴിവാകുന്നതാണ്. മേയ് മാസം പകുതിയിലെ വ്യാഴമാറ്റം ഏറ്റവും അനുകൂലമാണ്. മനസ്സിൽ നല്ലകാര്യങ്ങൾ
ഇടം പിടിക്കും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. മക്കൾക്ക് നാനാപ്രകാരേണ വളർച്ച വന്നുചേരുന്നതായിരിക്കും. തൊഴിലിൽ നേട്ടമുണ്ടാകും. ധനോന്നതി സ്വാഭാവികമായി പ്രതീക്ഷിക്കാം.
പൂരുരുട്ടാതി
പുതിയ തൊഴിൽ സംരംഭങ്ങൾക്കായി തുടക്കം കുറിക്കും. ഭൂമിയിടപാടുകളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം.പ്രണയ ബന്ധിതർക്കു വീട്ടുകാരിൽ നിന്ന് അംഗീകാരം ലഭിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.ജന്മശനി മാറുന്നത് മാർച്ചുമാസത്തിലാണ്. അതിനുശേഷം ചില നേട്ടങ്ങൾ വന്നെത്തും. എങ്കിലും 2025 ലെ കുറച്ചധികം മാസങ്ങൾ ശനി പൂരൂരുട്ടാതി നാളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നത് ഒരു പ്രതികൂലമായ കാര്യമാണ്. തൊഴിൽ ഉപേക്ഷിച്ചാൽ പുതിയ ജോലി കിട്ടും എന്നുറപ്പിക്കാനാവില്ല.എന്റെ ഉന്മേഷ രാഹിത്യത്താൽ അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞേക്കില്ല. മേയ് പകുതിയിലെ വ്യാഴമാറ്റം സൽഫലങ്ങൾക്ക് കാരണമാകും. കർമ്മരംഗത്ത് മുഴുകാൻ സാധിക്കും. കുടുംബ ജീവിതം സ്വച്ഛന്ദമാകും. കുറച്ചൊക്കെ നേട്ടങ്ങൾ വന്നുചേരുന്നതാണ്. മകളുടെ ജോലിക്കാര്യം ഫലവത്താകും. രാഹുവും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപരമായി ഏറ്റവും കരുതൽ വേണ്ടതുണ്ട്.
ഉത്രട്ടാതി
വിവേകപൂർവം രണ്ടു പ്രാവശ്യം ചിന്തിച്ച് തീരുമാനം എടുക്കണം. കോപം നിയന്ത്രിച്ച് മുന്നോട്ട് പോകണം. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തികരിക്കുവാൻ കാലതാമസം നേരിടും.കർമരംഗത്ത് അപ്രതിക്ഷിത നേട്ടങ്ങൾ വന്നു ചേരും. വിദേശവുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ വന്നുചേരും.യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം മുന്നോട്ട് പോകണം. മാർച്ചുമാസം ഒടുവിൽ ജന്മശനിക്കാലം ആരംഭിക്കുന്നതിനാൽ അല്പം ദീർഘകാലം കൊണ്ട് പൂർത്തിയാവേണ്ട ഗൃഹനിർമ്മാണം മുതലായ ജോലികൾക്ക് തുടക്കം കുറിക്കാനാവും. വേണ്ടപ്പെട്ടവരുടെ വായ്പാ സഹായം ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് തുടർചികിൽസയിലൂടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാവും. മേയ് മാസത്തിലെ വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളുടെ മാറ്റം കൂടുതൽ ആശ്വാസം പകരും.
രേവതി
സാമ്പത്തിക ഭദ്രത കൈവരിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ആഢംബര വസ്തുക്കൾക്കായി പണച്ചെലവ് ഉണ്ടാകും. ആഗ്രഹിച്ചിരുന്ന ജോലിക്ക് നിയമന ഉത്തരവ് ലഭിക്കും.കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥകൾ വിട്ടൊഴിയും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും.സുചിന്തിതമായി തീരുമാനങ്ങൾ കൈക്കൊള്ളാനും ഉജ്ജ്വല വിജയം നേടാനും കഴിയും. അതുപോലെ തിടുക്കത്തിൽ പ്രവർത്തിച്ച് പരാജയപ്പെടാനും വഴിയൊരുങ്ങും. ബന്ധുക്കളുടെ വ്യവഹാരത്തിൽ പങ്കുചേരുന്നത് ഗുണകരമാവില്ല.ജന്മശ്ശനിക്കാലം തുടങ്ങുന്നതിൻ്റെ ക്ലേശഫലങ്ങളെ രാഹു ജന്മരാശിയിൽ നിന്നും മാറുന്നതുമൂലം ഒട്ടൊക്കെ പരിഹരിക്കാനാവും. മേയ് മാസത്തിൽ വ്യാഴം നാലാം ഭാവത്തിലേക്ക് മാറുകയാൽ ഗൃഹം മോടിപിടിപ്പിക്കാനും പുതുവാഹനം വാങ്ങാനും ജോലിയിൽ ഉയർച്ച വരാനും സാഹചര്യം അനുകൂലമായേക്കും.
മുപ്പതുകാരനെ കുട്ടികൾ കുത്തിക്കൊന്നു
തൃശ്ശൂർ. മുപ്പതുകാരനെ കുട്ടികൾ കുത്തിക്കൊന്നു
തൃശ്ശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെയാണ് കുത്തിക്കൊന്നത്
30 വയസ്സ് ആയിരുന്നു
പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്
തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു
പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തിയതായി പറയുന്നു. രാത്രി 8.45 ന് ആണ് സംഭവം.
സന്തോഷ് ട്രോഫി കിരീടം ബംഗാളിന്
ഹൈദരബാദ്: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ കിരീടം നേടി. കളിയുടെ അധിക സമയത്ത് നേടിയ ഗോളിലാണ് ബംഗാളിന്റെ വിജയം. റോബി ഹന്‍സ്ദയാണ് ബംഗാളിനായി ഗോള്‍ നേടിയത്. ഇതോടെ 33 സന്തോഷ് ട്രോഫി കീരീടങ്ങള്‍ ബംഗാള്‍ സ്വന്തം പേരിലെഴുതി.
ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ അവസാന സമയത്തായിരുന്നു ബംഗാള്‍ വിജയഗോള്‍ നേടിയത്.
58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 62-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. 83-ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി. അധികമായി അനുവദിച്ച ആറ് മിനിറ്റിലായിരുന്നു വിജയഗോള്‍. 94-ാം മിനിറ്റില്‍ പോയ്ന്റ് ബ്ലാങ്ക് റേഞ്ചില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാളിന് 33-ാം കിരീടം.
പൊലീസില്‍ വീണ്ടും അഴിച്ചുപണി…
തിരുവനന്തപുരം: പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നല്‍കിയുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോംസണ്‍ ജോസ് തിരുവനന്തപുരം കമ്മീഷണറാകും. ഹരിശങ്കര്‍ തൃശൂര്‍ റേഞ്ച് ഡിഐജിയാകും. യതീഷ് ചന്ദ്ര കണ്ണൂര്‍ റേഞ്ച് ഡിഐജിയാകും. തിരുവനന്തപുരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജി ചുമതലയും അദ്ദേഹത്തിനായിരിക്കും.
ഉത്തരമേഖലാ ഐജിയായിരുന്ന കെ സേതുരാമന്‍ ഐപിഎസിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ് പാല്‍ മീണ ഐപിഎസ് ആണ് ഉത്തരമേഖല ഐജി. ജെ ജയനാഥ് ഐപിഎസിന് മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായി നിയമനം നല്‍കി. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസിനെ ഗതാഗത സുരക്ഷാ ഐജിയായി ചുമതലപ്പെടുത്തി.
സതീഷ് ബിനോ ഐപിഎസ് ആണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. കെ കാര്‍ത്തിക് ഐപിഎസിന് വിജിലന്‍സ് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി ചുമതലയും ഇദ്ദേഹത്തിനാണ്. നാരായണന്‍ ടി. ഐപിഎസിന് ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും സ്ഥാനക്കയറ്റം നല്‍കി. ജനുവരി ഒന്ന് മുതല്‍ ഈ ഉത്തരവ് നിലവില്‍ വരും.
റെയിൽവേയിൽ 32,000 ഒഴിവുകൾ!
*റെയിൽവേയിൽ 32,000 ഒഴിവുകൾ!*
* യോഗ്യത: പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
*
നിങ്ങളുടെ സ്വപ്ന ജോലി റെയിൽവേയിലാണെങ്കിൽ, ഇതാ നിങ്ങൾക്കുള്ള അവസരം!
* തസ്തികകൾ: ഗ്രൂപ്പ് ഡി, അസിസ്റ്റന്റ്, പോയിന്റ്സ്മാൻ തുടങ്ങി നിരവധി തസ്തികകൾ.
* *അപേക്ഷിക്കേണ്ട രീതി*:
* ഓൺലൈനായി അപേക്ഷിക്കുക.
* അവസാന തീയതി: 2025 ഫെബ്രുവരി 22
* കൂടുതൽ വിവരങ്ങൾ: www.rrbbnc.gov.in, www.rrbchennai.gov.in, www.rrbmumbai.gov.in
*ഇപ്പോൾ തന്നെ അപേക്ഷിക്കുക!*









































