കൊച്ചി: മലയാളത്തിന്റെ സ്വന്തം ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ വീണ്ടും ചലച്ചിത്ര മേഖലയിലേക്ക് മടങ്ങിയെത്തുന്നു. ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിലാണ് ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയില്‍ മടങ്ങിയെത്തുന്നത്. 2012-ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് സിനിമകളില്‍ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസര്‍ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ല്‍ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
അദ്ദേഹത്തിന്റെ 73-ാം പിറന്നാള്‍ ദിനത്തിലാണ് ‘വല’ അണിയറപ്രവര്‍ത്തകര്‍ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നതെന്ന് പോസ്റ്റര്‍ കാണിക്കുന്നു. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്നാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ലോകത്തെ തന്റെ കൈവെള്ളയില്‍ നിയന്ത്രിക്കുന്ന ഒരു മാസ്റ്റര്‍ മൈന്‍ഡ് ശാസ്ത്രജ്ഞന്റെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമാണ് പോസ്റ്റര്‍. നിമിഷ നേരം കൊണ്ടാണ് പോസ്റ്റര്‍ വൈറലായിരിക്കുന്നത്.
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് ‘വല’. സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ‘വല’ എന്ന പുതിയ ചിത്രമെത്തുന്നത്. ‘വല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോയും രസകരമായിരുന്നു.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ. ബി. ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും വലയില്‍ ഭാഗമാണ്. മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘വല’യ്ക്ക് ഉണ്ട്.
‘പ്രഫസര്‍ അമ്പിളി’; വെള്ളിത്തിരയിലേക്ക് വീണ്ടും ജഗതി ശ്രീകുമാര്‍
അപകടം കൈവരിയിലിരുന്ന് ഷഹാന ഫോൺ ചെയ്യുന്നതിനിടെ, ജിപ്സം ബോർഡ് തകർത്ത് താഴേക്ക്; കേസെടുത്തു
കൊച്ചി: പറവൂർ ചാലായ്ക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ ഇരിക്കൂർ പെരുവിലത്തുപറമ്പ് നൂർ മഹലിൽ മജീദിന്റെയും സറീനയുടെയും മകൾ ഫാത്തിമത് ഷഹാന (21) ആണ് മരിച്ചത്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ ഷഹാന അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കോറിഡോറിൽ ഇരുമ്പ് കൈവരികളുണ്ട്. ഇതിന് സമീപത്ത് ഫയർ സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ച സ്ഥലം ജിപ്സം ബോർഡ് കൊണ്ടാണ് മറച്ചിരുന്നത്. അഞ്ചാം നിലയിൽ താമസിച്ചിരുന്ന ഷഹാന, ഏഴാം നിലയിലെ കൈവരിക്കു മുകളിൽ ഇരുന്നു ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നെന്ന് കോളജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ജിപ്സം ബോർഡ് തകർത്താണ് ഷഹാന താഴേക്ക് വീണത്.
ഹോസ്റ്റൽ കെട്ടിടത്തിന്‍റെ കോറിഡോറിൽ വച്ച് ശനിയാഴ്ച രാത്രി 11.5നാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരിച്ചു. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ താഴെപോയ ഹെഡ്സെറ്റ് എടുക്കാനുള്ള ശ്രമത്തിനിടെ ഷഹാന കാൽവഴുതി വീണതാണെന്നാണ് കൂട്ടുകാരികൾ പറയുന്നത് സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളജ് ഹോസ്റ്റലിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി.
ദ്വയാർഥ പ്രയോഗം നടത്തി ആ വ്യക്തി പുറകെ നടന്ന് അപമാനിക്കുന്നു: തുറന്നടിച്ച് ഹണി റോസ്
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി ഹണി റോസ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തി. ഒരു വ്യക്തിയെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗങ്ങൾ കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂർവം സമൂഹമാധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് അയാളെന്നും ഹണി റോസ് പറഞ്ഞു.
‘‘ഒരു വ്യക്തി ദ്വയാർഥ പ്രയോഗങ്ങളിലൂടെ മനഃപൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാതിരിക്കുന്നത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പമുള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനഃപൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശ്യത്തോടെ സംസാരിക്കുകയും അതേ ഉദ്ദ്യേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.’’– ഹണി റോസിന്റെ വാക്കുകൾ.
യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍
കരുനാഗപ്പള്ളി: യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശികളായ മുമ്താസിറിനെയും സുഹൃത്തിനെയും ആക്രമിച്ച കേസിലെ പ്രതികളായ ആലുംകടവ് കോമളത്ത് വീട്ടില്‍ രാഹുല്‍ (29), കാട്ടില്‍കടവ് മടത്തില്‍ പടീറ്റതില്‍ അജ്മല്‍ (27), ആലപ്പാട് വലിയവളവില്‍ വടക്കതില്‍ മഹേഷ് (27), ആദിനാട് ആലുംകടവ് അതുല്‍ഭവനത്തില്‍ അതുല്‍ (24), ആലുംകടവ് വട്ടതറയില്‍ ആരോമല്‍ (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഡിസംബര്‍ 28ന് വള്ളിക്കാവ് ജങ്ഷനില്‍ വെച്ച് രാഹുലും സംഘവും മുമ്താസിറും സുഹൃത്തും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് ഒളിവില്‍ പോയ പ്രതികളെ പിടികൂടുകയായിരുന്നു. രാഹുലിന് എതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കേസില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി എസ്.എസ് ഭവനത്തില്‍ സനല്‍ (36) നെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
തേജസ്വി സൂര്യയുടെ വിവാഹം മാര്‍ച്ച് നാലിന്
ബെംഗളൂരു: മുന്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയും കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപിയുടെ യുവ എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹം മാര്‍ച്ച് നാലിന്. ചെന്നൈ സ്വദേശിയും കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമായ ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. ബയോ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്മെറ്റോളജിയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളജില്‍ സംസ്‌കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. 2014 ല്‍ ശിവശ്രീ പാ
ടി റെക്കോര്‍ഡ് ചെയ്ത ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ നേടിയിരുന്നു.
‘ആഹുതി’ എന്ന കൂട്ടായ്മയുടെ സ്ഥാപകയും ഡയറക്ടറുമാണ് ശിവശ്രീ. ചിദംബരം നടരാജ സ്വാമി ക്ഷേത്രത്തില്‍ 8000 നര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച നൃത്താര്‍ച്ചനയ്ക്ക് 2018 ല്‍ ഭരതകലാ ചൂഡാമണി പുരസ്‌കാരം നല്‍കി ശിവശ്രീയെ ആദരിച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1-ലെ കാതോട് സൊല്‍ എന്ന പാട്ടിന്റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ.
മുക്കുപണ്ടം പണയംവെച്ച് ഒന്നരകോടി രൂപയുടെ തട്ടിപ്പ്: പിന്നില്‍ വന്‍ റാക്കറ്റ്
പത്തനാപുരം: തിരിച്ചറിയാന്‍ കഴിയാത്ത വിധം വ്യാജ സ്വര്‍ണം നിര്‍മിച്ച് സ്വകാര്യ ബാങ്കില്‍ പണയം വെച്ച് തട്ടിയത് ഒന്നരകോടി രൂപ. സ്വകാര്യ ബാങ്കിന്റെ പത്തനാപുരം, കുണ്ടയം, കലഞ്ഞൂര്‍ എന്നീ ശാഖകളിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ മാങ്കോട് വട്ടക്കാല പുത്തന്‍വീട്ടില്‍ ഷബീര്‍(35)നെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളുമായ ഏഴു പേരുടെ പേരിലാണ് മൂന്ന് ശാഖകളിലുമായി ഇയാള്‍ മുക്കുപണ്ടം പണയം വച്ചത്.
കോട്ടയം വാരാപ്പുഴ സ്വദേശിയായ അനൂപ് ചന്ദ്രനാണ് മുഖ്യ സൂത്രധാരന്‍. ഇയാള്‍ ഒളിവിലാണന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. മാസങ്ങളുടെ ഇടവേളകളില്‍ പല ദിവസങ്ങളിലായിട്ടാണ് ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലുള്ള മുക്കുപണ്ടം പണയംവെച്ചത്. ബാങ്കിന്റെ കുണ്ടയം ശാഖയില്‍ 721 ഗ്രാം പണയംവെച്ച് 36 ലക്ഷവും പത്തനാപുരം ശാഖയില്‍ നിന്ന് 6 ലക്ഷവും കലഞ്ഞൂര്‍ ശാഖയില്‍ നിന്ന് 56 ലക്ഷവുമാണ് തട്ടിപ്പ് നടത്തിയത്.
ചെറിയ തുക ആദ്യം എടുത്ത ഇവര്‍ പലിശയും മുതലും കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വസ്തരായി. പിന്നീട് വലിയ തുകയുടെ സ്വര്‍ണം പണയം വയ്ക്കുകയായിരുന്നു. ചില പണയങ്ങള്‍ പലിശ അടച്ച് പുതുക്കി കൂടുതല്‍ തുക എടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ബാങ്കില്‍ നടത്തിയ ഓഡിറ്റിലാണ് വ്യാജ സ്വര്‍ണം കണ്ടെത്തിയത്.
ബാങ്ക് ഉടമ വിജയന്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് കൂടുതല്‍ സ്വര്‍ണം പണയം വച്ചയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാളില്‍ നിന്നാണ് സൂത്രധാരനായ കോട്ടയം സ്വദേശി അനൂപ് ചന്ദ്രനെ പറ്റിയുള്ള വിവരം ലഭിച്ചത്. പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പത്തനാപുരം എസ്എച്ച്ഒ ബൈജു, എസ്‌ഐ ശരലാല്‍ എന്നിവര്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജമാക്കി പോലീസ്
റായ്പൂർ .ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജമാക്കി പോലീസ്.കേസിലെ മുഖ്യപ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സുരേഷ് ചന്ദ്രകറിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.കൊലപാതകത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു.
11 അംഗ പ്രത്യേക അന്വേഷണസംഘമാണ് മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകറിന്റെ കൊലപാതകം അന്വേഷിക്കുന്നത്.കേസിലെ മുഖ്യപ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സുരേഷ് ചന്ദ്രകറിൻ്റെ ബന്ധുവായ ദിനേഷ് ചന്ദ്രകർ, റിതേഷ് ചന്ദ്രകറെ കൂടാതെ മഹേന്ദ്ര റാംതക് എന്നിവരെയാണ് പോലീസ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്.സുരേഷ് ചന്ദ്രകറിനായി അയൽ സംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു.ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.ഈ മാസം ഒന്നാം തീയതി മുതൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുകേഷ് അവസാനമായി ഉണ്ടായിരുന്നത് സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ബസ്തറിൽ കരാറുകാരൻ സുരേഷ് ചന്ദ്രകറിൻ്റെ നിയന്ത്രണത്തിലുള്ള 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ വാർത്ത നൽകിയതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകൻ്റെ കൊലപാതകം
കാക്കനാട് ആക്രിക്കടയില്‍ വൻ തീപിടിത്തം…പ്രദേശത്താകെ വലിയരീതിയിൽ പുക
കാക്കനാട്: കൊച്ചി കാക്കനാട് വാഴക്കാലയിലെ ആക്രിക്കടയില്‍ വൻ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുകയാണ്.
രാവിലെയാണ് തീപിടിത്തമുണ്ടായത്. തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വെൽഡിങ്ങിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ്. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വൻ തീപിടിത്തുമുണ്ടായത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.
നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.
കുന്നത്തൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം;പ്രതികളായ ദമ്പതികൾ അറസ്റ്റിൽ
കുന്നത്തൂർ:കുന്നത്തൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ.കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു,ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു.തുടർന്ന് മൊബൈൽ ഫോൺ ഓഫാക്കിയ ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ബന്ധുവീടുകളിലും ഇവർ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽ നിന്നും എസ്എച്ച്ഒ കെ.ബി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ ഒന്നിന് പകൽ 12.45 ഓടെയാണ് വി.ജി.എസ്.എസ് അംബികോദയം എച്ച്.എസ്.എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥി കുന്നത്തൂർ പടിഞ്ഞാറ് ശിവരഞ്ജിനിയിൽ (ഗോപിവിലാസം) ഗോപു – രജ്ഞിനി ദമ്പതികളുടെ മകൻ ആദി കൃഷ്ണനെ (15) വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അയൽവാസിയും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക-ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കാട്ടി മാതാപിതാക്കൾ മുഖ്യമന്ത്രി,ബാലാവകാശ കമ്മീഷൻ,റൂറൽ എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.പ്രതികളുടെ മകൾക്ക് ഇൻസ്റ്റയിൽ സന്ദേശം അയച്ചു എന്ന ആക്ഷേപം ഉന്നയിച്ച് നവംബർ 30ന് രാത്രിയിൽ ഇവർ വീടുകയറി കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.ഒന്നാം പ്രതി ഗീതുകുട്ടിയുടെ ഇടത് കരണത്ത് അടിച്ചതിനെ തുടർന്ന് നീര് വയ്ക്കുകയും ചെവിയിലൂടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.വീട്ടുകാർ ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങവേയാണ് കുട്ടി ജീവനൊടുക്കിയത്.സംഭവ സമയം ഭിന്നശേഷിക്കാരനായ ഇളയ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പഠനത്തിലും
പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്ന ആദികൃഷ്ണ രോഗികളും നിർദ്ധനരുമായ മാതാപിതാക്കളുടെയും സഹോദരൻ്റെയും ഏക പ്രതീക്ഷയായിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ
തൃശൂർ. 2024 മെയ് മാസത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ. കേസിന് പിന്നാലെ ഒളിവിൽ പോയ പുലാമന്തോൾ ചെമ്മല സ്വദേശി ഉമറുൽ ഫാറൂഖ് ആണ് പിടിയിലായത്. 01.97 എംഡിഎംഎ ഉമറുൽ ഫാറൂഖിന്റെ കൈവശം ഉണ്ടായിരുന്നു. മേലെപട്ടാമ്പി മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. മാസങ്ങളായി പ്രതി കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു.സാമ്പത്തിക വിഷയത്തെ തുടർന്ന് മെയ് മാസത്തിൽ മുതു മലയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രതികൾക്ക് ആളുമാറിയതിനെ തുടർന്ന് കാറിൽ പിടിച്ചുകയറ്റിയ യുവാവിനെ തൊട്ടടുത്ത പ്രദേശത്ത് ഇറക്കിവിട്ടു. യുവാവ് നൽകിയ പരാതിയിൽ രണ്ടു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.








































