Home Blog Page 1358

20 മാസം ജയിലിൽ കിടന്നിട്ടുള്ള അരുൺകുമാർ, 3 മാസം ജയിലിൽ കിടന്നിട്ടുള്ള റിജിൽ; കോഴിക്കോട് എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് എം ഡി എം എ പിടിച്ചെടുത്തത്. തളിക്കുളങ്ങര സ്വദേശി അരുൺകുമാർ, കുതിരവട്ടം സ്വദേശി റിജുൽ എന്നിവരാണ് പിടിയിലായത്. ഇരുവരും നേരത്തേയും എം ഡി എം എ കേസിൽ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്.

മീനങ്ങാടി എക്സൈസ് 330 ഗ്രാം എം ഡി എം എയുമായി പിടികൂടിയ കേസിൽ അരുൺകുമാർ 20 മാസം ജയിലിൽ കിടന്നിട്ടുണ്ട്. റിജിലാകട്ടെ എം ഡി എം എ കൈവശം വച്ചതിന് 3 മാസം ജയിലിൽ കിടന്നിട്ടുണ്ട്.

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി,പോസ്റ്റ്മോർട്ടം നാളെ നടക്കും

കൊച്ചി: വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി പൊലീസ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ പോസ്റ്റ്മോർട്ടം നാളെ മാത്രമേ നടക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.

അതേസമയം, വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്.

മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

എം എ ബേബി ജനറൽ സെക്രട്ടറി; പിബി പാനലിന് അംഗീകാരം, പാനലിനെതിരെ മത്സരിച്ച ഡി എൽ കരാഡ് തോറ്റു

മധുര: സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. സിപിഎം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തിൽ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എൽ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എൽ കരാഡിന് ലഭിച്ചത്.

പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തിയാണ് കരാഡ് മത്സരിച്ചത്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിൻറെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടിയിൽ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സിപിഎമ്മിനെ ബേബി നയിക്കും

1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിൽ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്. അൽപ്പസമയത്തിനകം പ്രഖ്യാപനം ഉണ്ടാകും.

പാർട്ടി കോൺഗ്രസിനെയും സിപിഎം നേതൃത്വത്തെയും ഒന്നാകെ ഞെട്ടിച്ചത് ഡിഎൽ കരാഡ്, മത്സരത്തിന് ശേഷം പരസ്യ പ്രതികരണവും

മധുര: മധുരയിൽ സി പി എം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അസാധാരണ സാഹചര്യം സൃഷ്ടിച്ച് നേതൃത്വത്തെയും പ്രതിനിധികളെയും ഒന്നാകെ ഞെട്ടിച്ചത് ഡി എൽ കരാഡ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തി മത്സരിക്കുകയായിരുന്നു കരാഡ്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിൻറെ നേതൃ മുഖം കൂടിയാണ്.

പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്. വോട്ടിംഗ് നടന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടിയിൽ ജനാധിപത്യം ഉറപ്പിക്കാനായിരുന്നു മത്സരമെന്നും കരാട് വോട്ടെടുപ്പിനു ശേഷം ഹാളിൽ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

നേരത്തെ പുതിയ കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തർ പ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികൾ രംഗത്തെത്തിയിരുന്നു. യു പി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര തന്നെ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടതായാണ് വ്യക്തമാകുന്നത്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളിൽ നിന്നുള്ള മൂന്ന് പേരാണ് മത്സരരംഗത്തുള്ളത്. ഇവരിൽ രണ്ട് പേർ പിൻവാങ്ങിയെങ്കിലും കരാഡ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെയാണ് പാർട്ടി കോൺഗ്രസിൽ മത്സരം എന്ന അസാധാരണ രംഗങ്ങൾക്ക് സി പി എം സാക്ഷ്യം വഹിച്ചത്. ഇനി പ്രതിനിധികളുടെ വോട്ടെടുപ്പിന് ശേഷമാകും കേന്ദ്ര കമ്മിറ്റി പട്ടിക ഔദ്യോഗികകമായി പ്രഖ്യാപിക്കുക.

അതേസമയം പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തതായി വിവരം. എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിൽ എത്തി.

7 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്തേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു, എന്നാൽ ഈ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല.

കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് നൽകിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഡോക്ടർ വ്യാജനോ? വ്യാജ ഡോക്ടർ നടത്തിയ ശസ്ത്രക്രിയയിൽ 7 പേർ കൊല്ലപ്പെട്ടെന്ന് ആരോപണം,സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ ഏഴു രോഗികൾ മരിക്കാനിടയായ ശസ്ത്രക്രിയകൾ നടത്തിയത് വ്യാജ ഡോക്ടറെന്ന് ആരോപണം. ദോമോ ജില്ലയിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ.എൻ ജോൺ കെമ്മിനെതിരെയാണ് ആരോപണം. ദാമോ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ദീപക് തിവാരിയാണ് ഡോ.ജോണിനെതിരെ പരാതിയുന്നയിച്ചത്.

ഡോ.ജോണിന് വ്യത്യസ്തമായ രണ്ട് പേരുകൾ ഉണ്ടെന്നു ജോലി നിലനിർത്തുന്നതിനും സങ്കീർണമായ ശാസ്ത്രക്രിയകൾ ചെയ്യുന്നതിനുമായി ഇയാൾ വ്യാജ യോഗ്യതാപത്രങ്ങൾ ഉപയോഗിച്ചെന്നുമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ദീപക് തിവാരിയുടെ ആരോപണം. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി. ‘ചികിത്സയുടെ മറവിൽ ഒരു മിഷനറി ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഏഴുപേർ കൊല്ലപ്പെട്ടെന്ന് പരാതി വന്നിട്ടുണ്ട്’ എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് എക്സിൽ കുറിച്ചു.

ആദ്യം എതിർത്തു പിന്നീട് പിന്തുണ, അശോക് ധവ്ളെയെ വെട്ടാൻ ബേബിയെ ഇറക്കി കേരള ഘടകം; അനൈക്യത്തിന് മാറ്റമുണ്ടാവില്ല

തിരുവനന്തപുരം: സീതാറാം യെച്ചൂരി അന്തരിച്ചതിനു ശേഷം ജനറൽ സെക്രട്ടറിയാരാകും എന്നതിൽ പൊളിറ്റ് ബ്യൂറോയിൽ ഉടലെടുത്ത ഭിന്നത പാർട്ടി കോൺഗ്രസിന്റെ സമാപനം വരെ തുടർന്ന ശേഷമാണ് എം എ ബേബിക്ക് നറുക്ക് വീണത്. അശോക് ധവ്ലയെ മുൻനിറുത്തി ബംഗാൾ ഘടകവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും നടത്തിയ നീക്കം ചെറുക്കാനാണ് ബേബിയെ മുന്നിൽ നിറുത്തിയുള്ള ചർച്ചകൾ പിബിയിലെ പ്രബല വിഭാഗം നേരത്തെ തുടങ്ങിയത്. സിപിഎം കേന്ദ്രനേതാക്കൾക്കിടയിലെ അനൈക്യത്തിന് ബേബി ജനറൽ സെക്രട്ടറിയാകുമ്പോഴും മാറ്റമുണ്ടാകുന്നില്ല.

എസ്ആർപിയോ സീതാറാം യെച്ചൂരിയോ എന്ന തർക്കത്തിനു ശേഷം 2015ൽ വിശാഖപട്ടണത്ത് യെച്ചൂരി ജനറൽ സെക്രട്ടറിയായതിനു സമാനമായ ഭിന്നതായാണ് പുതിയ നേതൃത്വത്തിന്റെ കാര്യത്തിൽ ഇത്തവണയും ദ്യശ്യമായത്. സീതാറാം യെച്ചൂരി അന്തരിച്ച ശേഷം വൃന്ദ കാരാട്ടിന്റെ പേരാണ് കേരള ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിയത്. എന്നാൽ വ്യാപകമായ എതിർപ്പാണ് ഇക്കാര്യത്തിൽ പാർട്ടിയിൽ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ജനറൽ സെക്രട്ടഠി തൽക്കാലം വേണ്ടെന്നും പിബി കോഡിനേറ്റർ ആയി പ്രകാശ് കാരാട്ട് പ്രവർത്തിക്കട്ടെ എന്നും നിർദ്ദേശിച്ചത്. അന്നു മുതൽ സീതാറാം യെച്ചൂരിയോട് ചേർന്നു നിന്നിരുന്ന, കർഷക സമരങ്ങളുടെ നായകനായ അശോക് ധാവ്ലെയുടെ പേര് തന്നെയാണ് ബംഗാൾ നേതാക്കളുടെ മനസ്സിലുണ്ടായിരുന്നത്. കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരവും ധാവ്ലെയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ പ്രായപരിധിയിൽ ഇളവു നൽകി വൃന്ദയെ ജനറൽ സെക്രട്ടറിയാക്കുക എന്നതായിരുന്നു അപ്പോഴും പിബിയിലെ പ്രബല വിഭാഗത്തിന്റെ താല്പര്യം. ഇതിനോട് എതിർപ്പുയരുന്നു എന്ന് മനസിലാക്കിയാണ് എം എ ബേബിയിലേക്ക് പിന്നീട് ചർച്ചകൾ എത്തിയത്.

പ്രായപരിധിയിൽ ആർക്കും ഇളവു വേണ്ട എന്ന നിർദ്ദേശം ഇന്നലെ പിബിയിലും ബംഗാൾ നേതാക്കൾ ഉയർത്തി. കേരള ഘടകത്തിന്റെ പൂർണ്ണ പിന്തുണ തുടക്കത്തിൽ ബേബിക്ക് ഇല്ലായിരുന്നു. അശോക് ധാവ്ലെയുടെ പേര് ദേശീയ തലത്തിൽ ശക്തമായ പശ്ചാത്തലത്തിലാണ് കേരള ഘടകം ബേബിക്കൊപ്പം നിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ചേർന്ന യോഗത്തിൽ ബേബി ജനറൽ സെക്രട്ടറിയാകണം എന്ന പ്രകാശ് കാരാട്ടിന്റെ നിർദ്ദേശത്തോട് യോജിച്ചു. തമിഴ്നാട് ഘടകവും ബേബിയോട് എന്നാൽ അഞ്ചു നേതാക്കളെങ്കിലും പിബിയിൽ വിയോജിപ്പ് അറിയിച്ചു.

മുഹമ്മദ് സലീം, നീലോത്പൽ ബസു, രാമചന്ദ്ര ഡോം, സൂര്യകാന്ത മിശ്ര, തപൻ സെൻ എന്നിവരാണ് ബേബിയുടെ പേരിനെ എതിർത്തത്. അശോക് ധാവ്ലെയും കൂടിയാകുമ്പോൾ ആറ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് ബേബിയുടെ പേരിന് അംഗീകാരം നല്കിയത്. ബേബിയെ എതിർക്കുമ്പോഴും വൃന്ദകാരാട്ട് ജനറൽ സെക്രട്ടറിയാകുന്ന സാഹചര്യം ഒഴിവാക്കാനായത് ബംഗാൾ ഘടകത്തിന് ആശ്വാസമാണ്. രാമചന്ദ്ര ഡോമും അശോക് ധാവ്ലെയും മുഹമ്മദ് സലീമിന്റെ പേരും നിർദ്ദേശിച്ചത് സിപിഎമ്മിൽ വരാൻ പോകുന്ന ധ്രുവീകരണങ്ങളുടെ സാധ്യത കൂടി തുറന്നിടുന്നു. സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ഇടയിൽ തുടങ്ങിയ ഭിന്നത പാർട്ടിയിൽ തുടരുന്നു എന്നർതഥം. കേരള ഘടകം ഇന്ന് ശക്തമാണ് എന്നതു കൊണ്ടാണ് ഇത് മറികടന്നത്. പ്രകാശ് കാരാട്ടിനോട് ചേർന്ന് നിന്നവരാണ് വിജുകൃഷ്ണനും, അരുൺ കുമാറും യു വാസുകിയും. അരുണിനെയും വിജുവിനെയും പിബിയിൽ എത്തിച്ചത് ഭാവിയിലെ അഖിലേന്ത്യാ നേതൃത്വത്തിന്റെ കൂടി സൂചനയായി.

സിപിഎം കേന്ദ്രകമ്മിറ്റി പട്ടികയെ എതിർത്ത് മഹാരാരാഷട്ര, ഉത്തർപ്രദേശ് ഘടകങ്ങൾ, വോട്ടെടുപ്പിന് സാധ്യത

മധുര: മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തെരഞ്ഞെടുത്തതായി വിവരം. എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്.

1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിൽ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്.

അതേസമയം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിർത്ത് മഹാരാഷ്ട്ര, ഉത്തർപ്രദേശ് ഘടകങ്ങൾ രം​ഗത്ത് എത്തി. ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര വോട്ടെടുപ്പ് ആവ്യപ്പെട്ട് രം​ഗത്ത് എത്തി.

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു

മലപ്പുറം: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു.
അതിനിടെ, ആലപ്പുഴ സ്വദേശിയായ സിറാജ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നടത്തിയ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയുടെ മാനസികപീഡനം സഹിക്കാന്‍ വയ്യ: സോഷ്യല്‍മീഡിയയില്‍ ലൈവ് വിഡിയോ പങ്കുവച്ച് ട്രെയിനിനു മുന്‍പില്‍ ചാടി ഭർത്താവ് ജീവനൊടുക്കി

ഭാര്യയുടെ മാനസികപീഡനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് ഭര്‍ത്താവ് ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കി. സോഷ്യല്‍മീഡിയയില്‍ ലൈവ് വിഡിയോ പങ്കുവച്ചായിരുന്നു യുവാവ് ട്രെയിനിനു മുന്‍പിലേക്ക് ചാടിയത്. ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷയിലെ കുര്‍ദ്ദയിലാണ് സംഭവം. 

രാമചന്ദ്ര ബര്‍ജേന എന്ന യുവാവാണ് ഭാര്യ രൂപാലിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ജീവനൊടുക്കിയത്. ‘എന്റെ പേര് രാമചന്ദ്ര ബര്‍ജേന, ഞാന്‍ കുമ്പാര്‍ബസ്തയില്‍ താമസിക്കുന്നു, എന്റെ ഭാര്യയുടെ മാനസിക പീഡനം സഹിക്കാനാവാതെ ഞാന്‍ ജീവനൊടുക്കുകയാണ്’എന്നു വിഡിയോയില്‍  പറഞ്ഞയുടന്‍ ബര്‍ജേന ട്രെയിനിനു മുന്‍പില്‍ ചാടുകയായിരുന്നു. നിജിഗര്‍–തപാങ് റെയില്‍വേ ട്രാക്കില്‍വച്ചാണ് ബര്‍ജേന ജീവനൊടുക്കിയത്. 


സംഭവമറിഞ്ഞതിനു തൊട്ടുപിന്നാലെ പൊലീസും റെയില്‍വെ ജീവനക്കാരും സ്ഥലത്തെത്തി ബര്‍ജേനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രൂപാലിക്കെതിരെ ബര്‍ജേനയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രൂപാലിയും ബന്ധുക്കളും മകന് കടുത്ത പീഡനമാണ് നല്‍കിയതെന്ന് ബര്‍ജേനയുടെ അമ്മ മൊഴി നല്‍കി. ബര്‍ജേന–രൂപാലി വിവാഹച്ചിലവെല്ലാം തങ്ങളായിരുന്നു നടത്തിയിരുന്നതെന്നും 20 ലക്ഷം രൂപ രൂപാലിയുടെ കുടുംബത്തിനു കടം നല്‍കിയിട്ടുണ്ടെന്നും അമ്മ പറയുന്നു. രണ്ടു വര്‍ഷത്തെ വിവാഹജീവിതത്തിനിടയില്‍ തന്റെ മകന്‍ ഒരുപാടനുഭവിച്ചെന്നും അവനു നീതി ലഭിക്കണമെന്നും അമ്മ പറയുന്നു.