Home Blog Page 1324

കുഴിമന്തി കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ…. ഹോട്ടല്‍ പൂട്ടിച്ചു

കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ. 26ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാസ് റെസ്റ്റോറന്റില്‍ നിന്നു കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

16പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

സംഭവത്തിനു പിന്നാലെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം കട അടച്ചുപൂട്ടി.

പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ വരെ വീണ്ടും വില കുറച്ചു, സബ്സിഡി സാധനങ്ങൾക്ക് 10 രൂപ വരെ കുറച്ച് സപ്ലൈകോ

തിരുവനന്തപുരം: അഞ്ച് സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്കാണ് നാലു മുതൽ 10 രൂപ വരെ കിലോഗ്രാമിന് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വിൽപനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്ന് മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ

വൻകടല (ഒരു കിലോഗ്രാം) — 65– 110.29
ചെറുപയർ (ഒരു കിലോഗ്രാം)–90 — 126.50
ഉഴുന്ന് (ഒരു കിലോഗ്രാം)90 132.14
വൻപയർ (ഒരു കിലോഗ്രാം) 75. — 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105– 139.5
മുളക്( 500ഗ്രാം) — 57.75 — 92.86
മല്ലി( 500ഗ്രാം) 40.95 — 59.54
പഞ്ചസാര (ഒരു കിലോഗ്രാം) 34.65 — 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) — 240.45. __ 289.77
ജയ അരി (ഒരു കിലോഗ്രാം) 33 — 47.42
കുറുവ അരി( ഒരു കിലോഗ്രാം) 33. — 46.33
മട്ട അരി (ഒരു കിലോഗ്രാം)33—–. 51.57
പച്ചരി (ഒരു കിലോഗ്രാം)29.— 42.21
(പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)

താമരശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ 6 വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി.കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി.
കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രായ പൂര്‍ത്തിയാകാത്തത് പരിഗണിക്കരുത്,
ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ഇവരെ ജാമ്യം നല്‍കി വിട്ടയക്കണമെന്നും കുട്ടികളുടെ പേരില്‍ ഇതിന് മുന്‍പ് മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.നിലവില്‍ പ്രതികളായ 6 വിദ്യാര്‍ഥികളും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴിലുള്ള കെയര്‍ സെന്ററിലാണ് ഉള്ളത്.
ഫെബ്രുവരി 28നാണ് താമരശേരിയില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതര പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.തുടര്‍ന്ന് താമരശേരി പോലീസ് ഇന്‍സ്പെക്ടര്‍ സായൂജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തിനടുത്തെ അഴിക്കോട് മീന്‍ കുന്നില്‍ ആണ് സംഭവം. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

മഴ: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത.

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രതാ നി‍ർദേശം പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (11/04/2025) രാത്രി 08.30 മുതൽ നാളെ (12/04/2025) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ നാളെ (12/04/2025) ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാന്‍ കേന്ദ്രത്തിന്റെ നി‍ർദേശമുണ്ട്.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണം

കൊച്ചി:
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രിയിൽ ആണ് പണം അടയ്ക്കേണ്ടത്. നേരത്തെ 26 കോടി രൂപ കെട്ടിവെച്ചിരുന്നു. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇടക്കാല സംവിധാനമെന്ന രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 500 കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ വാദം. ഭൂമിയിലെ തേയില ചെടികളുടെയും മരങ്ങളുടെയും മൂല്യം കണക്കാക്കണം, നഷ്ടപരിഹാര തുക നേരിട്ട് കൈമാറണം തുടങ്ങിയ ആവശ്യങ്ങളും എൽസ്റ്റൺ എസ്റ്റേറ്റ് മുന്നോട്ടുവെച്ചിരുന്നു. 26 കോടി രൂപ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാൻ കോടതി സർക്കാരിന് നേരത്തെ അനുമതി നൽകിയിരുന്നു.

ഹാരിസന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, തൽക്കാലം എൽസ്റ്റൺ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നത്.

പാർക്കിനടുത്ത് ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിനും യുവതിക്കും നേരെ ആക്രമണം; വീഡിയോ പുറത്തുവന്നതോടെ നടപടി

ബംഗളുരു: ബംഗളുരുവിൽ ഒരു പാർക്കിന് പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയുടെ അഞ്ച് പേർ ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

ഓറഞ്ച് ടീഷർട്ട് ധരിച്ച ഒരു യുവാവും ബുർഖ ധരിച്ചിരിക്കുന്ന ഒരു യുവതിയും സ്കൂട്ടറിൽ മുഖാമുഖം തിരിഞ്ഞിരിക്കുന്നതും അടുത്ത് നിൽക്കുന്ന അഞ്ച് പേർ ഇവരുമായി രൂക്ഷമായ വാദപ്രതിവാദങ്ങൾ നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ഒരാൾ യുവതിയുടെ വീഡിയോ ചിത്രീകരിക്കുന്നു. ആദ്യം യുവതിയോട് അവരുടെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ചോദിച്ച ശേഷം മറ്റൊരു മതത്തിലുള്ള യുവതിയെയും കൊണ്ട് എന്തിനാണ് ചുറ്റിക്കറങ്ങുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്തു. ബുർഖ ധരിച്ച് ഒരു പുരുഷനോടൊപ്പം ഇരിക്കാൻ നാണമില്ലേ എന്ന് യുവതിയോട് സംഘത്തിലുള്ളവർ ചോദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

പരാതി ലഭിച്ചതനുസരിച്ച് കേസ് രജിസ്റ്റ‍ർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് പറഞ്ഞു. യുവാവും യുവതിയും സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു അപ്പോൾ അഞ്ച് പേർ അവിടെയെത്തി ചോദ്യം ചെയ്തുവെന്നാണ് ആരോപണം. സംഭവം അക്രമാസക്തമായിരുന്നില്ലെന്ന് പൊലീസ് പറയുമ്പോഴും യുവാവിനെ തടിപോലുള്ള വസ്തു കൊണ്ട് സംഘം ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും പിന്നീട് പുറത്തുവന്നിട്ടുണ്ട്. യുവതി പരാതി നൽകിയ പ്രകാരമാണ് കേസെടുത്തത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അവരിൽ ഒരാൾ പ്രായപൂർത്തിയാവാത്ത വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

എന്തിനാണ് അവിടെ ഇരിക്കുന്നത് എന്നാണ് സംഘത്തിലുള്ളവർ യുവതിയോട് ചോദിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. യുവതിയിൽ നിന്ന് പരാതി ലഭിച്ച വിവരവും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറ‍ഞ്ഞു. സദാചാര പൊലീസ് പ്രവ‍ർത്തനം അനുവദിക്കില്ല. ഇത് ബിഹാറോ ഉത്തർപ്രദേശോ മദ്ധ്യപ്രദേശോ അല്ലെന്നും കർണാടക പുരോഗമനപരമായ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

ശൂരനാട് രാജശേഖരന്‍റെ നിര്യാണത്തില്‍ അനുശോചനം

തിരുവനന്തപുരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദവും മുഖവുമായിരുന്നു. അന്ത്യശ്വാസം വരെ കോണ്‍ഗ്രസ് ആശയങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ച അദ്ദേഹം എന്നും ജനപക്ഷത്ത് നിന്ന നേതാവാണ്. വലിയ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃപാടവം കോണ്‍ഗ്രസിന് കരുത്തായിരുന്നു. എഴുത്തിന്റെയും വായനയുടെയും വഴിയിലൂടെ സഞ്ചരിച്ച ശൂരനാടിന് കോണ്‍ഗ്രസിന്റെ നിലപാടും ചരിത്രവും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു.

നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

മികച്ച സംഘാടകനും കറകളഞ്ഞ മതേതരവിശ്വാസിയുമായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഉത്തവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിലും എഴുത്തിലും മികവ് കാട്ടി. ലാളിത്യത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന് വലിയ സുഹൃദ്‌വലയം സൃഷ്ടിച്ചു. സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തിയ ശൂരനാട് രാജശേഖരന്‍ സഹകരണ പ്രസ്ഥാന രംഗത്ത് കോണ്‍ഗ്രസിന്റെ മുഖമായി മാറി. ശൂരനാടിന്റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ശൂരനാട് രാജശേഖരന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്നേദിവസം(ഏപ്രില്‍ 11) സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെയ്ക്കുന്നതോടൊപ്പം കൊല്ലം ജില്ലയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു

അത് വേ ഇത് റേ,വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

ആലപ്പുഴ.മലപ്പുറത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തി വിവാദമായ പശ്ചാതലത്തിൽ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിൻ്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി പ്രസാദ്, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ എന്നിവർ
യോഗത്തിൽ പങ്കെടുക്കും

നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മഹാസംഗമവും സ്വീകരണ യോഗവും. വെള്ളാപ്പള്ളിയുടെ പരാമർശം വിവാദമായിട്ടും മുൻകൂട്ടി തീരുമാനിച്ച പരിപാടിയിൽ നിന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ പിന്മാറിയിട്ടില്ല.

  1. 30ന് വെള്ളാപ്പള്ളിയെ എക്സ്-റേ കവലയിൽ നിന്ന് തുറന്ന വാഹനത്തിൽ സംഗമനഗരിയിലേക്ക് ആനയിക്കും. നാലുമണിക്ക് മഹാസംഗമവും സ്വീകരണ സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.. ഒരു വീട്ടിൽ ഒരു വ്യവസായം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ ഗുരു സന്ദേശം നൽകും. മന്ത്രി സജി ചെറിയാനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി സംഘടന സന്ദേശം നൽകും. സംഗമത്തിൽ കാലക്ഷം പേർ പങ്കെടുക്കും എന്നാണ് സംഘാടകസമിതി അറിയിക്കുന്നത്. 16 വർഷത്തോളം യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുമാരനാശാന്റെ റെക്കോർഡ് ആണ് വെള്ളാപ്പള്ളി മറികടന്നത്. ആർ ശങ്കറിനു ശേഷം യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്തെത്തിയതും വെള്ളാപ്പള്ളി മാത്രം.
    വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ ഇതുവരെയും സിപിഐഎം നേതൃത്വമോ മുഖ്യമന്ത്രിയോ പരസ്യമായ എതിർപ്പ് അറിയിച്ചിട്ടില്ല. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള
    പരാമർശങ്ങളിൽ പൊതുവിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു. വെള്ളാപ്പള്ളി നടേശൻ നവോത്ഥാന നായകൻ ആണെന്നും സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നത് രാജ്യദ്രോഹക്കുറ്റം അല്ലെന്നും ആയിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ഇതിനിടെ വെള്ളാപ്പള്ളിയ്ക്ക് ഇടത് ഘടകകക്ഷിയായ
    INL എ പി അബ്ദുൽ വഹാബ് വിഭാഗം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ പരാമർശത്തെ വളച്ചൊടിച്ചതാണെന്നും ചില നേതാക്കളുടെ തന്ത്രങ്ങളെയാണ് വെള്ളാപ്പള്ളി തുറന്നു കാണിച്ചതെന്നുമായിരുന്നു INL നേതാക്കളുടെ പ്രതികരണം..തന്റെ പരാമർശം മുസ്ലീങ്ങൾക്കെതിരെയല്ല.. മുസ്ലിം ലീഗിനെതിരെ ആണെന്നും ചില സാമൂഹിക നീതികേടും ദുഃഖസത്യങ്ങളും ആണ് താൻ തുറന്നുപറഞ്ഞതെന്നുമുള്ള വിശദീകരണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു.
    എസ്എൻഡിപിയുടെ സ്വീകരണയോഗത്തിനുശേഷം ആലപ്പുഴ ബീച്ചിൽ കെപിഎംഎസിന്റെ പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.