27.5 C
Kollam
Wednesday 14th January, 2026 | 08:35:29 PM
Home Blog Page 1305

മികവഴക് :ഇഞ്ചക്കാട് ഗവ. എൽ. പി. സ്കൂളിന് സംസ്ഥാനതല അംഗീകാരം

ശാസ്താംകോട്ട: ഇഞ്ചക്കാട് ഗവ. എൽ. പി. സ്കൂളിന് പഠനമികവിന് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ചു. ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ സ്വതന്ത്രവായനയിലും രചനയിലും നേടിയ മികവിനാണ് അംഗീകാരം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സെമിനാറിൽ സ്കൂളിൽ നിന്നും ഒന്നാം ക്ലാസ്സ്‌ അധ്യാപിക ശിവതാര. എസ്.പ്രബന്ധം അവതരിപ്പിച്ചിരുന്നു. ആശയാവതരണ പഠന സമീപനം ക്ലാസ്സിൽ കൃത്യമായി നടപ്പിലാക്കിക്കൊണ്ടാണ് ഒന്നാം ക്ലാസ്സിൽ ഈ നേട്ടം കൈവരിച്ചതെന്ന് എച്ച്. എം. ഷീബ എൻ. പറഞ്ഞു.

മികവഴക് പുരസ്‌കാരം എസ്. സി.ആർ.ടി. ഡയറക്ടർ. ഡോ. ജയപ്രകാശിൽ നിന്നും അധ്യാപിക ശിവതാര എസ്. ഏറ്റുവാങ്ങി. എസ്. സി. ആർ. ടി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം സംസ്ഥാന കോ കോർഡിനേറ്റർ. ആർ.രാമകൃഷ്ണൻ, പാഠപുസ്തക രചയിതാവ്. ഡോ. കലാധരൻ,പ്രേംജിത് സൈജ, നിഷ പന്താവൂർ, തുടങ്ങിയവർ പങ്കെടുത്തു.

പുരയിടം വൃത്തിയാക്കുന്നതിനിടയിൽ റിട്ട.അധ്യാപികയുടെ കാലിൽ ചവർമാന്തി തുളച്ചു കയറി

ശാസ്താംകോട്ട:പുരയിടം വൃത്തിയാക്കുന്നതിനിടയിൽ റിട്ട.അധ്യാപികയുടെ കാലിൽ ചവർമാന്തി തുളച്ചു കയറി.ശൂരനാട് വടക്ക് ഹൈസ്കൂളിന് സമീപം അരീക്കൽ വീട്ടിൽ യശോദയുടെ(63) വലതു കാലിലാണ് ചവർമാന്തി തുളച്ചു കയറിയത്.ഇന്ന് രാവിലെ 9 ഓടെയാണ് സംഭവം.വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് തുളച്ചു കയറിയ കമ്പികൾ മുറിച്ച് മാറ്റിയ ശേഷം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്റ്റേഷൻ ഓഫീസർ ജി.പ്രസന്നപിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.റ്റി.ഒ നിയാസുദ്ദീൻ,ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഗോപകുമാർ,സൂരജ്,അജീഷ്, എച്ച്.ജിമാരായ ശ്രീകുമാർ,ശിവപ്രസാദ്, എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

പതിനഞ്ചുകാരിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കി…. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത് 11-കാരന്‍

കോഴിക്കോട് ഫറോക്കില്‍ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരന്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
പതിനഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി തന്നെയാണ് കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുന്‍പാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യൂസിക്ക് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കി.

പട്ടാപ്പകല്‍ ബൈക്ക് മോഷണം….. കൊല്ലം സ്വദേശികള്‍ കഴക്കൂട്ടത്ത് പിടിയില്‍

കഴക്കൂട്ടത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ ഏഴാം തീയതി ഉച്ചയ്ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. നമ്പര്‍ മാറ്റി ബൈക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളായ സുധീഷും അഖിലും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു.

നടിയും സോഷ്യല്‍മീഡിയ താരവുമായ അഷിക അശോകന്‍ വിവാഹിതയായി

നടിയും സോഷ്യല്‍മീഡിയ താരവുമായ അഷിക അശോകന്‍ വിവാഹിതയായി. ബന്ധുവും മലപ്പുറം സ്വദേശിയുമായ പ്രണവാണ് അഷികയുടെ വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹം നടന്നത്. സോഷ്യല്‍മീഡിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ആര്‍ക്കിടെക്റ്റാണ് പ്രണവ്. വളരെക്കാലമായി അറിയാവുന്ന ആളാണ് പ്രണവെന്നും പെട്ടെന്നുള്ള കല്യാണമായിരുന്നെന്നും വിവാഹത്തിന് ശേഷം അഷിക ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നിരവധി ഹിറ്റ് ഹ്രസ്വ ചിത്രങ്ങളില്‍ അഷിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ പുന്നഗൈ സൊല്ലും, സെന്‍ട്രിതാഴ് എന്നീ തമിഴ് സിനിമകളിലും അഷിക പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയില്‍ അഭിനയിച്ചു. ഇന്ദ്രജിത്തിന്റെ ധീരം ആണ് അഷികയുടേതായി വരാനിരിക്കുന്ന ചിത്രം.

അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് ഫാൻ അടഞ്ഞുപോയോ? എങ്കിൽ ഉടനെ വൃത്തിയാക്കിക്കോളൂ

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എക്സ്ഹോസ്റ്റ് ഫാൻ. എപ്പോഴും പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ പൊടിപടലങ്ങളും പുകയും ദുർഗന്ധവും ഉണ്ടാവും. ഇതിനെ പുറംതള്ളണമെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കണം. എന്നാൽ നിരന്തരമായി ഇത് ഉപയോഗിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാനിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടി ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടാവാറുണ്ട്. ഇത് അടുക്കളയിൽ പുക തങ്ങി നിർത്തുക മാത്രമല്ല ചുമരിലും സീലിങ്ങിലും അഴുക്കുകൾ പറ്റിയിരിക്കാനും വഴിയൊരുക്കുന്നു.

എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്?

  1. ഫാൻ ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്തതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
  2. എക്സ്ഹോസ്റ്റ് ഫാനുകളിൽ ഇളക്കി മാറ്റാൻ കഴിയുന്ന കവറുകളും ബ്ലേഡുകളുമുണ്ട്. വൃത്തിയാക്കാൻ എടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ഇവ മാറ്റാൻ ശ്രദ്ധിക്കണം.
  3. ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം എടുത്തതിന് ശേഷം അതിലേക്ക് ഡിഷ് വാഷ് ലിക്വിഡോ അല്ലെങ്കിൽ ബേക്കിംഗ് സോഡയോ ചേർത്തുകൊടുക്കാവുന്നതാണ്.
  4. ഇളക്കി മാറ്റിയ കവറും ബ്ലേഡും 20 മിനിട്ടോളം വെള്ളത്തിൽ മുക്കിവയ്ക്കുകയും വേണം.
  5. മുക്കിവെച്ച ബ്ലേഡുകളും കവറും സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാം.
  6. കടുത്ത കറകളുണ്ടെങ്കിൽ വിനാഗിരിയോ നാരങ്ങ നീരോ ചേർത്ത് കഴുകിയെടുക്കാവുന്നതാണ്.
  7. നന്നായി വെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കണം.
  8. കഴുകിവെച്ച ഭാഗങ്ങൾ പൂർണമായും ഉണങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവ ഫാനിൽ ഘടിപ്പിക്കാവുന്നതാണ്.

വീ‌ട്ടുടമ ചായയുമായെത്തിയപ്പോൾ പി.ജി. മനു വാങ്ങിക്കുടിച്ചു, കൂട്ടുകാരെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ

കൊല്ലം: സർക്കാർ മുൻ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു പി.ജി. മനു.

അഭിഭാഷകനായ ആളൂരിനോടൊപ്പം മനു കൊല്ലം കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ കേസ് നടപടികൾ നടക്കുമ്പോഴാണ് വാടകവീട്ടിൽ വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മനു ഇവിടെ താമസിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് താമസിച്ചതെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞത്. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം സുഹൃത്തുക്കൾ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻഐഎ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു ഇയാൾ. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികൾ. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ജനുവരി 31 നാണ് പുത്തൻകുരിശ് ഡിവൈഎസ്പിയക്ക് മുന്നിൽ പിജി മനു കീഴടങ്ങിയത്. 2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ അഞ്ച് വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരുന്നത്.

ഹിമാചൽ പ്രദേശിൽ ഭൂചലനം; മാണ്ഡി പ്രഭവ കേന്ദ്രം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കൻഗുനിയയുടെ വ്യാപനമുണ്ട്.

പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കൻഗുനിയ പരത്തുന്നത്. അതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂർവ ശുചീകരണ യോഗങ്ങൾ ചേർന്നിരുന്നു. മഴക്കാലപൂർവ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളിൽ ചർമ്മത്തിൽ തടിപ്പുകൾ എന്നിവയാണ് ചിക്കൻഗുനിയയുടെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുൻപ് ചിക്കൻഗുനിയ വന്നിട്ടുള്ളവർക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാൽ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതൽ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. യൂണിയൻ ദ്വീപുകളിൽ നവജാത ശിശുക്കൾ ഉൾപ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളിൽ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

പ്രതിരോധ മാർഗങ്ങൾ

· വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
· കൊതുകുകൾ മുട്ടയിടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. (ഉദാഹരണത്തിന്: വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ എന്നിവ നീക്കം ചെയ്യുക).
· വീട്ടിലെ ജല സംഭരണികൾ അടച്ചു വെക്കുക.
· കൊതുക് കടിയിൽ നിന്ന് രക്ഷ നേടാൻ കൊതുക് വലകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക.
· ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
· പകൽ സമയത്തും കൊതുകുകൾ കടിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
· എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുക.
· തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിക്കുക.
· ചിക്കൻഗുനിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
· ചിക്കൻഗുനിയയെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

‘അത് പ്രാങ്ക്’: യുവതിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്കെതിരെ നടപടി

ഗുരുഗ്രാം∙ പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ ശ്രമം പാതിവഴിയിൽ പൊളിഞ്ഞതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ, വിഷയത്തിൽ വിശദീകരണവുമായി കോളജ് അധികൃതർ.

ഹരിയാനയിലെ സോനിപത്തിലെ ഒപി ജിൻഡാൽ യൂണിവേഴ്‌സിറ്റിയാണു വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ, പ്രാങ്കിന്റെ ഭാഗമായിരുന്നെന്നും തമാശ അതിരുകടന്നതിനാൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

‘‘വിഡിയോയിലുള്ള വിദ്യാർഥികൾക്കെതിരെ സർവകലാശാല അച്ചടക്ക നടപടി സ്വീകരിക്കും. ശനിയാഴ്ച വിദ്യാർഥികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഈ മാസം അവസാനത്തോടെ അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു’’– സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

യുവതിയെ സ്യൂട്ട്കേസിൽ മെൻസ് ഹോസ്റ്റലിൽ എത്തിക്കാനുള്ള വിദ്യാർഥിയുടെ ശ്രമം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹോസ്റ്റലിന്റെ പ്രവേശന കവാടത്തിലൂടെ സ്യൂട്ട്കേസ് ഉരുട്ടിക്കൊണ്ട് വരുന്നതിനിടെ എന്തിലോ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചതോടെയാണു പദ്ധതി പൊളിഞ്ഞത്.