Home Blog Page 1270

ജനകീയ ഹോട്ടലുകളുടെ നിരക്ക് വർധിപ്പിച്ചു

തിരുവനന്തപുരം. ജനകീയ ഹോട്ടലുകളുടെ നിരക്ക് വർധിപ്പിച്ചു സർക്കാർ.
ഊണിന്റെ വില 20 രൂപയിൽ നിന്ന് 35 രൂപയി ഉയർത്തി..   ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡിയും സർക്കാർ ഒഴിവാക്കി.. 

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്  വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ജനകീയ ഹോട്ടലുകൾക്ക് തുടക്കം കുറിക്കുന്നത്. ധനസ്ഥിതി മോശമായതോടെയാണ് ജനകീയ ഹോട്ടലുകളിലെ ഉച്ചയൂണിന്റെ നിരക്ക് വർദ്ധിപ്പിച്ചത്… ഇനിമുതൽ ഉച്ചയൂണിന് 20 രൂപയ്ക്ക് പകരം 35 രൂപ നൽകണം..ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡിയും ഒഴിവാക്കി..ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ‍ര്‍ക്കാര്‍ ലക്ഷങ്ങളുടെ കുടിശ്ശികയാണ് സർക്കാർ നൽകാനുള്ളത്.. അതേസമയം കുടുംബശ്രീയുടെ പ്രീമിയം കഫെ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.. സർക്കാറിന് സാമ്പത്തിക ബാധ്യത ഇല്ലാതെ കൂടുതൽ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനാണ് നിലവിലെ ആലോചന

ചിത്രകാരന്‍ എ.രാമചന്ദ്രന്റെ ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും മ്യൂസിയം കൊല്ലത്ത്‌

കേരളത്തില്‍നിന്ന് ലോകചിത്രകലയുടെ നെറുകയിലേക്ക് ഉയര്‍ന്ന വിശ്രുത ചിത്രകാരന്‍ എ രാമചന്ദ്രന്റെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും മ്യൂസിയം കൊല്ലത്ത് ഒരുങ്ങുന്നു. ആശ്രാമത്തെ ശ്രീനാരായണഗുരു സംസ്‌കാരിക സമുച്ചയ ഹാളില്‍ ഏപ്രില്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. എം. മുകേഷ് എം.എല്‍.എ. അധ്യക്ഷനാകും.
1935-ല്‍ ജനിച്ച രാമചന്ദ്രന്‍ തിരുവനന്തപുരത്തെ കോളേജ് പഠനത്തിനുശേഷം ശാന്തിനികേതനിലാണ് കലാപഠനം നടത്തിയത്. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ ആയിരുന്നു. മലയാളഭാഷയും സാഹിത്യവും പഠിച്ചിറങ്ങിയ രാമചന്ദ്രന്‍ പിന്നീട് ചിത്രകലയിലേക്ക് തിരിഞ്ഞു. 1961-ല്‍ ബംഗാളിലെ വിശ്വഭാരതിയില്‍നിന്ന് (ശാന്തിനികേതന്‍) ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. 1963-64 വരെ കേരളത്തിലെ ചുമര്‍ചിത്രകലയെക്കുറിച്ച് ഗവേഷണം നടത്തി. കേരള സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. 2005-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. അന്തര്‍ദേശീയതലത്തില്‍ പ്രശസ്തനായ രാമചന്ദ്രന്റെ കൈമാറുന്ന ചിത്രങ്ങള്‍ക്ക് ഏകദേശം 300 കോടിയുടെ വിപണിമൂല്യമുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. മൂല്യവത്തായ ഈ സമഗ്ര കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ കുടുംബവുമായി സഹകരിച്ചാണ് ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ കേരള ലളിതകലാ അക്കാദമി എ. രാമചന്ദ്രന്‍ മ്യൂസിയം/ ആര്‍ട്ട് ഗ്യാലറി ഒരുക്കുന്നത്.

പരിപാടിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ മുഖ്യാതിഥിയാവും. ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് പരിപ്രേക്ഷ്യം അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സെക്രട്ടറി എബി എന്‍. ജോസഫ്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ സംസാരിക്കും. കലാചരിത്രകാരനും ക്യൂറേറ്ററുമായ ആര്‍. ശിവകുമാറാണ് മ്യൂസിയം സജ്ജീകരണത്തിന്റെ ക്യൂറേറ്റര്‍.

നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണല്ലോ?അത് അത്ര വേഗം കിട്ടില്ല കേട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ചോദ്യങ്ങളോട് രൂക്ഷമായി മാധ്യമങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൻ്റെ മുനയൊടിച്ചത്. മകളുടെ കമ്പനി നൽകിയ സേവനത്തിന് കിട്ടിയ പണം കള്ളപ്പണം അല്ലല്ലോ? അതിന് ആദായ നികുതിയും ജി എസ് ടി യും നൽകിയതാണ്.ഇത് ചില മാധ്യമങ്ങൾ മറച്ചു വെയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ എൻ്റെ മകളായതാണല്ലോ പ്രശ്നം. അത് കോടതിയിലാണല്ലോ, കേസ് ഗൗരവമായി കാണുന്നില്ല,വരട്ടെ, നോക്കാം, അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രാജിവെയ്ക്കുമോ എന്ന് മാധ്യമങ്ങൾപിന്നെയും ചോദ്യം ഉന്നയിച്ചപ്പോൾ എൻ്റെ രാജിക്ക് മോഹിച്ച് നിൽക്കൂ, നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്. അത് അത്ര വേഗം കിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്റ്റീൽ പാത്രം ഉപയോഗിച്ചാണോ പാചകം ചെയ്യുന്നത്? എങ്കിൽ സൂക്ഷിക്കണം; കാരണം ഇതാണ്

ഓരോ വീടുകളിലും വ്യത്യസ്തമായ രീതിയിലാണ് പാചകം ചെയ്യുന്നത്. ചിലർ എളുപ്പത്തിൽ ചെയ്തുതീർക്കുന്നു. മറ്റുചിലർ ആസ്വദിച്ച് ചെയ്യുന്നു. ഏതൊക്കെ രീതിയിൽ ചെയ്താലും പാചകം ചെയ്യുമ്പോൾ സ്ഥിരമായി ആവർത്തിക്കുന്ന ചില തെറ്റുകൾ ഉണ്ട്. അത് പരിഹരിച്ചാൽ പാചകം ഒന്നുകൂടെ എളുപ്പത്തിലാകും. സ്റ്റീൽ പാത്രം ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ പലപ്പോഴും ഭക്ഷണങ്ങൾ പാത്രത്തിൽ പറ്റിപ്പിടിക്കാറുണ്ട്. ഇതിന് കാരണം തെറ്റായ രീതിയിൽ പാചകം ചെയ്യുന്നതുകൊണ്ടാണ്. സ്റ്റീൽ പാത്രം ഉപയോഗിച്ച് പാചകം ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം.

  1. ശരിയായ രീതിയിൽ പാത്രം ചൂടാകാതെ ഇരുന്നാൽ ഭക്ഷണങ്ങൾ അതിൽ ഒട്ടിപ്പിടിച്ചിരിക്കും.
  2. പാത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചൂട് ലഭിച്ചില്ലെങ്കിൽ ഭക്ഷണങ്ങൾ ചിലത് വെന്തും മറ്റുചിലത് വേവാതെയും വരുന്നു.
  3. നോൺ സ്റ്റിക് പ്രതലം അല്ലാത്തതിനാൽ സ്റ്റീൽ പാത്രത്തിൽ പാചകം ചെയ്യുന്നതിന് മുമ്പ് എണ്ണ പുരട്ടുന്നത് ഭക്ഷണങ്ങൾ പറ്റിപ്പിടിക്കുന്നതിനെ തടയുന്നു. അതേസമയം അമിതമായി എണ്ണ ഒഴിക്കരുത്. ആവശ്യത്തിന് മാത്രം എണ്ണ ഉപയോഗിക്കാം.
  4. എണ്ണ ഒഴിക്കുന്നതിന് മുമ്പ് പാത്രം ചൂടാക്കണം. ചെറിയ രീതിയിൽ ചൂടായതിന് ശേഷം മാത്രമേ എണ്ണ ഒഴിക്കാൻ പാടുള്ളു.
  5. പാചകം ചെയ്യുമ്പോൾ ഫ്ലെയിം എപ്പോഴും കുറച്ചുവയ്ക്കാൻ ശ്രദ്ധിക്കണം. സ്റ്റീൽ പാത്രത്തിൽ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചൂട് ലഭിക്കാറില്ല. അതിനാൽ തന്നെ തീ കൂട്ടിവയ്ക്കുമ്പോൾ ഭക്ഷണം കരിഞ്ഞ് പോകാൻ സാധ്യതയുണ്ട്.
  6. പാചകം ഓരോ ഘട്ടമായി ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ചേരുവകൾ ചേർക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാത്തരം ചേരുവകളും ഒരുമിച്ചിടാതെ ഓരോന്നായി ഇട്ടുകൊടുക്കാം. ഒരുമിച്ചിടുമ്പോൾ ചൂട് കുറയുകയും കൂടുതൽ ഈർപ്പമുണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.
  7. പാചകം ചെയ്ത് കഴിഞ്ഞാൽ ഉടനെ പാത്രം വൃത്തിയാക്കാനും മറന്നുപോകരുത്. കാരണം സ്റ്റീൽ പാത്രത്തിൽ ഭക്ഷണങ്ങൾ പറ്റിയിരുന്നാൽ പിന്നീട് അത് കഴുകി വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും.

കേരളത്തിൽ പിഎം ശ്രീ ഉടനില്ല, സിപിഐക്ക് എതിർപ്പ്; കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്തു നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനം മാറ്റിവച്ച് മന്ത്രിസഭായോഗം. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന് യോഗത്തിൽ ധാരണയായി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറു വയസ്സാക്കി ഉയർത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് പിഎം ശ്രീ നടപ്പാക്കുന്നതു സംബന്ധിച്ച് ചർച്ച ഉയർന്നത്. ഇക്കാര്യത്തിൽ സിപിഐ മന്ത്രിമാർ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയതോടെയാണ് കൂടുതൽ ചർച്ചകൾക്കു ശേഷം പദ്ധതിക്ക് അംഗീകാരം നൽകിയാൽ മതിയെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

നയപരമായ തീരുമാനം ആയതിനാൽ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന പൊതുഅഭിപ്രായമാണ് മന്ത്രിസഭയിൽ ഉയർന്നത്. ആരോഗ്യമേലയിൽ ഉൾപ്പെടെ കേന്ദ്രബ്രാൻഡിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ പല പദ്ധതികളിലും തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ മാത്രമായി എതിർപ്പുകൾ മാറ്റിവച്ച് കേന്ദ്രപദ്ധതിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് കൂടുതൽ ചർച്ച വേണമെന്നാണ് മന്ത്രിമാർ ഉൾപ്പെടെ ആവശ്യപ്പെട്ടത്.

മൂന്നു വർഷമായി തുടരുന്ന എതിർപ്പ് മാറ്റിവച്ച് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം അനുവദിക്കാതെയുള്ള സാമ്പത്തിക ഉപരോധം കേന്ദ്രം തുടരുന്നതോടെ കേരളം വഴങ്ങുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സിപിഐ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്. പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു മുഖ്യ കാരണം. സ്‌കൂളിനു മുന്നിൽ ‘പിഎം ശ്രീ സ്‌കൂൾ’ എന്ന ബോർഡ് വയ്ക്കുന്നതിനെയും സംസ്ഥാനം എതിർത്തിരുന്നു.

പിഎം ശ്രീയിൽ ഭാഗമാകാത്തതിന്റെ പേരിൽ കേന്ദ്രം സാമ്പത്തിക ഉപരോധം എർപ്പെടുത്തിയതോടെ സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ഇതിൽ 280.58 കോടി രൂപ 2023-24 ലെയും 513.54 കോടി കഴിഞ്ഞ അധ്യയന വർഷത്തെയും കുടിശികയാണ്. പുതിയ അധ്യയന വർഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്.

വഖഫ് ബില്ലിനെതിരെ കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സോളിഡാരിറ്റി മാർച്ചിൽ സംഘർഷം

കരിപ്പൂർ: വഖഫ് ബില്ലിനെതിരെ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിൻ്റെ മുൻകൂർ അനുമതി ഇല്ലാതെയായിരുന്നു മാർച്ച്.വിമാനത്താവളത്തിലേക്കുള്ള വഴിയിൽ പ്രവർത്തകർ പ്രവേശിച്ചതോടെ ഗതാഗതം ഒരു വരിയായി പോലീസ് തിരിച്ചുവിട്ടു. ബാരിക്കേടുകൾ മറിച്ചിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകർ പിരിഞ്ഞ് പോകാതായപ്പോൾ കണ്ണീർവാതകം പ്രയോഗിച്ചു.ഇതോടെ പ്രവർത്തകർ ചിതറിയോടെ.ഏറെ നേരത്തെ സംഘഷർത്തിനൊടുവിലാണ് സമരക്കാർ പിരിഞ്ഞ് പോയത്. ആയിരത്തോളം പ്രവർത്തകർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിചേർന്നിരുന്നു.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന്, സാക്ഷാൽ എംഎസ്‍സി ‘തുർക്കി’ വിഴിഞ്ഞത്ത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് എത്തി. എം എസ് സിയുടെ ഭീമൻ കപ്പലായ ‘തുർക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി.

വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുർക്കി’യെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക.

സബ്സിഡി സാധനങ്ങൾക്കൊപ്പം കിടിലൻ ഓഫറുകളും വിലക്കുറവും; അവസരം പാഴാക്കല്ലേ, സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

തിരുവനന്തപുരം: സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അഡ്വ. ആൻറണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.

ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വിൽപ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.

ആലുവ സൂപ്പർമാർക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റ്, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കൽ പീപ്പിൾസ് ബസാർ, നോർത്ത് പറവൂർ പീപ്പിൾസ് ബസാർ എന്നിവയാണ് എറണാകുളം ജില്ലയിലെ വിഷു- ഈസ്റ്റർ ഫെയറുകൾ ആയി പ്രവർത്തിക്കുക.

കഴമ്പില്ലെന്ന് കാട്ടി പൊലീസ് എഴുതിത്തള്ളി, കോടതിയെ സമീപിച്ച് സ്കൂൾ മാനേജർ; പോക്സോ കേസിൽ അധ്യാപകന് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ കുറ്റാരോപിതനായ എൽപി എയ്ഡഡ് സ്കൂൾ അധ്യാപകനെയും സംഭവം റിപ്പോർട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെയുള്ള കേസ് നിലനിൽക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് നടപടി.

നേരത്തെ അധ്യാപകന് അനുകൂലമായി പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെ സ്കൂൾ മാനേജർ തന്നെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം പോക്സോ കോടതിയെ സമീപിച്ചത്. ഇരയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്തത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കേസിൽ കഴമ്പില്ലെന്നായിരുന്നു പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയത്. പൊലീസ് റിപ്പോർട്ട് തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയ സമ്മർദം കൊണ്ടും, ഇരയെയും മാതാപിതാക്കളെയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായി എന്നാണ് മാനേജരുടെ ആരോപണം.

‘ആൾത്താമസമില്ല, എന്നിട്ടും എന്‍റെ മണാലിയിലെ വീടിന് ഈ മാസം ഒരു ലക്ഷം കറന്‍റ് ബില്ല്’; ദയനീയ സാഹചര്യമെന്ന് കങ്കണ

മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വസതിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കങ്കണ ഈ പരാമർശം നടത്തിയത്. ഹിമാചൽ സർക്കാർ പരാജയമാണെന്ന് കങ്കണ കുറ്റപ്പെടുത്തി.

തന്‍റെ മണ്ഡലമായ മാണ്ഡിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു കങ്കണ- “ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ദയനീയമായ സാഹചര്യം സൃഷ്ടിച്ചു. ഈ മാസം, മണാലിയിലെ എന്‍റെ വീടിന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചു, അവിടെ ഞാൻ താമസിക്കുന്നത് പോലുമില്ല! ഇവിടുത്തെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.”

രാജ്യമെമ്പാടും മോദി തരംഗമുണ്ടെന്നും പക്ഷേ ഹിമാചൽ പ്രദേശിന്റെ അവസ്ഥ വേദനാജനകമാണെന്നും കങ്കണ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നോർത്ത് ലജ്ജ തോന്നുന്നു. ജനങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചെന്നായകളുടെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

പിന്നാലെ കോണ്‍‌ഗ്രസ് പ്രതികരണവുമായി രംഗത്തത്തി. കങ്കണ റണാവത്തിന്‍റെ പ്രസ്താവന അന്യായവും നിരുത്തരവാദപരവുമാണെന്ന് കോൺഗ്രസ് വിമർശിച്ചു. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം ഉചിതമായ ഔദ്യോഗിക മാർഗങ്ങളിലൂടെ അത്തരം വിഷയങ്ങൾ പരിഹരിക്കണമെന്ന് എംപിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.