Home Blog Page 1267

കൊട്ടാരക്കര-പുത്തൂർ റോഡിൽ എടിഎം കവർച്ചാശ്രമം: പ്രതി പിടിയിൽ

കൊട്ടാരക്കര ചന്തമുക്കിൽ  എടിഎം കവർച്ചാശ്രമം നടത്തിയ  കോവിൽ പെട്ടി  വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര- പുത്തൂർ റോഡിൽ എടിഎമ്മിന്റെ  കേബിളുകൾ ഇയാൾ നശിപ്പിച്ചിരുന്നു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ മാരിയപ്പന്റെ ദൃശ്യം പതിഞ്ഞിരുന്നു. രണ്ടു ദിവസമായി കൊട്ടാരക്കരയിൽ ചില ഭാഗങ്ങളിൽ പ്രതിയെ ആളുകൾ തിരിച്ചറിയുകയും കഴിഞ്ഞ ദിവസം മാരിയപ്പനെ പോലീസ് പിടികൂടുകയുമായിരുന്നു.

128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്‌സിലേക്ക് ക്രിക്കറ്റും

2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് പോരാട്ടങ്ങളുണ്ടാകുമെന്നു ഉറപ്പായി. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലുണ്ടായിരുന്നില്ല.

പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 90 താരങ്ങള്‍ ഇരു വിഭാഗങ്ങളിലും കളത്തിലെത്തും. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരം.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക മത്സരങ്ങള്‍ക്ക് മത്സരാനുമതി നല്‍കിയിട്ടുണ്ട്. 2028ലെ ഒളിംപിക്‌സില്‍ 351 മെഡല്‍ പോരാട്ടങ്ങളുണ്ട്. പാരിസ് ഒളിംപിക്‌സിനെ അപേക്ഷിച്ച് 22 മെഡല്‍ പോരാട്ടങ്ങള്‍ കൂടും. 10,500 താരങ്ങളാണ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 2028ല്‍ 698 താരങ്ങള്‍ കൂടുതല്‍ ഉണ്ടാകും.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2023ലെ ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തി. 14 പുരുഷ ടീമുകളും 9 വനിതാ ടീമുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ കളിച്ചത്. ഇരു വിഭാഗങ്ങളിലും ഇന്ത്യയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ചേർത്തലയിൽ
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ .ചേർത്തലയിൽ
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ .
ചേർത്തല കടക്കരപ്പള്ളി സ്വദേശി ഹരിദാസ് പണിക്കരാണ് അറസ്റ്റിലായത്. വഴക്കിനിടയിൽ ശ്വാസംമുട്ടിച്ചാണ് ഇയാൾ ഭാര്യ സുമിയെ കൊലപ്പെടുത്തിയത്.

ഇന്നലെ പുലർച്ചെ 1 15 ന് ആയിരുന്നു സുമിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോധരഹിതയായി സോഫയിൽ കിടക്കുന്നു എന്ന് അയൽവാസിയെ ഭർത്താവ് ഹരിദാസ് പണിക്കാർ തെറ്റിദ്ധരിപ്പിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. സുമിയുടെ ബന്ധു നൽകിയ പരാതിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പട്ടണക്കാട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭർത്താവ് ഹരിദാസ് കുറ്റം സമ്മതിക്കുകയായിരുന്നു. ദീർഘനാളായി മാനസിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സുമി . ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു വെന്നും സഹിക്കാതെ വന്നപ്പോൾ കൊലപ്പെടുത്തിയതാണെന്നും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട് . കൊട്ടാരം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ കണക്കെഴുത്തുകാരനാണ് ഹരിദാസ് . ഇരുവരുടെയും രണ്ടാം വിവാഹമാണ്. പട്ടണക്കാട് പോലീസിനെ നേതൃത്വത്തിലുള്ള വിശദമായ ചോദ്യം ചെയ്യലിനു ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


അഞ്ച് വര്‍ഷം മുമ്പ് ‘കൊല്ലപ്പെട്ട’ ഭാര്യ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുന്നു; കൊലക്കേസില്‍ ഭര്‍ത്താവ് ജയിലില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം, നിരപരാധിത്വം തെളിയിച്ചത് ജാമ്യത്തിലിറങ്ങി മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

മൈസൂരു: കർണാടക കുടകിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ് (35) ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് മൂന്ന് വർഷത്തിലേറെയായി ജയിലിലായിരുന്നു.

ഭാര്യ മല്ലികയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വർഷത്തിലേറെ ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ സുരേഷ് തീരുമാനിച്ചു, ഭാര്യയെ കണ്ടെത്തി തന്‍റെ നിരപരാധിത്വം തെളിയിക്കണം. ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സുരേഷ് ഭാര്യയെ കണ്ടെത്തി -കുടകിലെ മടിക്കേരിയില്‍ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക.

20 വർഷം മുമ്പായിരുന്നു സുരേഷിന്‍റെയും മല്ലികയുടെയും വിവാഹം. ഇവർക്ക് 18 വയസുള്ള മകനും 15കാരി മകളുമുണ്ട്. 2020ലാണ് പെട്ടെന്നൊരു ദിവസം മല്ലികയെ കാണാതായത്. എങ്ങും തിരഞ്ഞ് കണ്ടെത്താതായതോടെ സുരേഷ് മടിക്കേരി പൊലീസില്‍ പരാതി നല്‍കി. മല്ലികക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൈസൂരു ജില്ലയിലെ ബെട്ടാദപുരയില്‍ കാവേരി നദീതീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചു. ഈ അസ്ഥികൂടം മല്ലികയുടേതാണെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന് താല്‍പര്യം. കുശാല്‍നഗർ പൊലീസ് സുരേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അസ്ഥികൂടം മല്ലികയുടേതാണെന്ന് പൊലീസ് സുരേഷിനെ കൊണ്ട് നിർബന്ധിപ്പിച്ച്‌ സമ്മതിപ്പിച്ചു. മല്ലികയെ കൊലപ്പെടുത്തിയതാണെന്ന കുറ്റം ചുമത്തി 2021 ജൂണില്‍ സുരേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരം സുരേഷിന് നേരത്തെയുണ്ടായിരുന്നു. എന്നാല്‍, ഭാര്യയെ കാണാതായിട്ടും, കൊലക്കേസില്‍ താൻ അറസ്റ്റിലായിട്ടും ഇക്കാര്യം പുറത്ത് പറയാൻ സുരേഷ് തയാറായില്ല. സുരേഷ് അറസ്റ്റിലാവുമ്പോള്‍ മകൻ കൃഷ്ണ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. മകള്‍ കീർത്തി ഏഴാംക്ലാസിലും. സുരേഷ് അറസ്റ്റിലായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ഇതോടെ മകൻ കൃഷ്ണക്ക് പഠനം നിർത്തി കുടുംബത്തിനും പെങ്ങളുടെ പഠനത്തിനും ആവശ്യമായ വരുമാനം കണ്ടെത്തേണ്ടിവന്നു.

‘അമ്മ മരിച്ചോ ജീവനോടെയുണ്ടോ എന്നത് ഞങ്ങളെ ബാധിച്ച കാര്യമായിരുന്നില്ല. ഞങ്ങളുടെ അച്ഛൻ നിരപരാധിയാണ് എന്ന് മാത്രം അറിയാമായിരുന്നു. അച്ഛൻ പുറത്തുവരാനായി പ്രാർഥിച്ചിരുന്നു. അച്ഛൻ ജയിലില്‍ നിന്ന് ഇറങ്ങി. ഇനി എനിക്ക് പഠനം തുടരണം. പത്താംക്ലാസ് പരീക്ഷ എഴുതണം’ -കൃഷ്ണ പറഞ്ഞു.

മല്ലികയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ സുരേഷിന് 2023 സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാലായിരുന്നു ജാമ്യം ലഭിക്കുക. എന്നാല്‍, ഈ തുക കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് കുടുംബം ലക്ഷം രൂപ കെട്ടിവെച്ച്‌ സുരേഷിനെ ജാമ്യത്തിലിറക്കിയത്.

ജാമ്യത്തിലിറങ്ങിയത് മുതല്‍ സുരേഷ് ഭാര്യയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന സുരേഷ്, അവർ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകുമെന്നും, കണ്ടെത്തി നിരപരാധിത്വം തെളിയിക്കണമെന്നുമുള്ള തീരുമാനത്തിലായിരുന്നു. മല്ലികക്കായി സുരേഷും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും തിരഞ്ഞു.

തെക്കൻ കുടകിലെ ഷെട്ടിഗേരി മേഖലയില്‍ മല്ലികയുണ്ടെന്ന വിവരം ഇവർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഒടുവില്‍ ഇവർ മല്ലികയെ കണ്ടെത്തി. മടിക്കേരിയിലെ ഒരു തട്ടുകടയില്‍ കാമുകനൊപ്പമിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച മല്ലിക കാമുകനായ ഗണേഷ് എന്നയാള്‍ക്കൊപ്പം മടിക്കേരിയില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുകയായിരുന്നു. മല്ലിക ജീവനോടെയുണ്ട് എന്നതിന് തെളിവായി സുരേഷിന്‍റെ കൂട്ടുകാർ ഇവരുടെ ദൃശ്യങ്ങള്‍ പകർത്തി.

താൻ ‘കൊലപ്പെടുത്തിയ’ ഭാര്യ മല്ലികയെ താൻ ജീവനോടെ കണ്ടെത്തിയ കാര്യം സുരേഷ് പൊലീസിനെ അറിയിച്ചു. കേസ് വീണ്ടും അന്വേഷിക്കണമെന്നും തന്നെ കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു. തെളിവായി കോടതിയില്‍ മല്ലികയെ കണ്ടെത്തിയ ദൃശ്യങ്ങള്‍ ഹാജരാക്കി. തുടർന്ന് പൊലീസ് മല്ലികയെ കസ്റ്റഡിയിലെടുക്കുകയും കോടതി സുരേഷിനെ കുറ്റമുക്തനാക്കുകയും ചെയ്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി താൻ ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കുറ്റസമ്മതം നടത്തി.

പൊലീസിന്‍റെ അനാസ്ഥയാണ് സുരേഷിന്‍റെ ജയില്‍വാസത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പാണ്ഡു പൂജാരി പറഞ്ഞു. കാവേരിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മല്ലികയുടേതാണെന്ന് വരുത്താനുള്ള വ്യഗ്രതയായിരുന്നു പൊലീസിന്. സുരേഷിനെ കൊണ്ട് നിർബന്ധിച്ച്‌ കുറ്റ
സമ്മത മൊഴിയില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. ഡി.എൻ.എ റിപ്പോർട്ട് പോലും നോക്കാതെ പൊലീസ് തിരക്കിട്ട് കുറ്റപത്രം നല്‍കി സുരേഷിനെ ജയിലിലടക്കുകയായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സുൽത്താൻ

ആലപ്പുഴ. ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്. നിരോധിത ലഹരി ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ പ്രധാനിയെന്നും കൂടുതലും കഞ്ചാവ് ഇന്ത്യയിലേക്ക് എത്തിച്ചത് മലേഷ്യ സിംഗപ്പൂർ തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നെന്നും എക്സൈസ് കണ്ടെത്തി. അതേസമയം, തമിഴ്നാട്ടിൽ നിന്നും പിടിയിലായ സുൽത്താനെ  ആലപ്പുഴയിലെ എക്സൈസ് ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യും

രണ്ടരക്കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ സുൽത്താനെയും കൂട്ടാളി ഫിറോസും എക്സൈസ് പിടിയിലായത്. കഞ്ചാവിന്റെ ഉറവിടത്തെ പറ്റി എക്സൈസിന് ഒരുതരത്തിലുള്ള വിവരങ്ങളും തസ്ലീമയും ഫിറോസും നൽകിയിരുന്നില്ല . തസ്ലീമയുടെ വാട്സ്ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് ആന്ധ്ര അതിർത്തിയിലെ ഗ്രാമത്തിൽ നിന്നും സുൽത്താനെ പിടികൂടുന്നത് . ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് സുൽത്താനെ പിടികൂടിയത്. നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌ലാൻഡ് , മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ് സുൽത്താൻ എന്ന എക്സൈസ് കണ്ടെത്തി. സുൽത്താന്റെ വിദേശയാത്രക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് എക്സൈസ് . മലേഷ്യ യാത്രയ്ക്ക് ശേഷം സുൽത്താൻ ഉപയോഗിച്ചത് പുതിയ പാസ്പോർട്ട്, ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ എന്ന പേരിലാണ് വിദേശയാത്ര നടത്തിയതെന്നും എക്സൈസ് കണ്ടെത്തലിൽ വ്യക്തമാകുന്നു. ഒടുവിൽ മലേഷ്യയിൽ നിന്ന് ആറര കിലോ ഹൈബ്രിഡ് കഞ്ചാവാണ് എത്തിച്ചത്. ആലപ്പുഴയിൽ നിന്ന് തസ്ലീമയെ പിടി കൂടുമ്പോൾ മൂന്നു കിലോ കഞ്ചാവ് മാത്രമാണ് ഉണ്ടായത്. ബാക്കി മൂന്നര കിലോ കഞ്ചാവ് ആർക്ക് കൈമാറിയെന്നുള്ളതിലെ അന്വേഷണവും പുരോഗമിക്കുന്നു. സുൽത്താനെ ആലപ്പുഴയിലെ  എക്സൈസ് ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യും . തസ്ലീമ വഴിയാണ് സുൽത്താൻ കേരളത്തിൽ കഞ്ചാവ് വില്പന നടത്തിയെന്നാണ് എക്സൈസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ നിർണായകരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. മുഖ്യ കണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നും അതുവഴി സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമോയെന്ന തീരുമാനമെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്.

കരുവന്നൂർ സഹകരണ ബാങ്ക്  തട്ടിപ്പ് കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടിവരും

കൊച്ചി.കരുവന്നൂർ സഹകരണ ബാങ്ക്  തട്ടിപ്പ് കേസിന്‍റെ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടിവരുമെന്ന് ഹൈക്കോടതി. നാലുവർഷം കഴിഞ്ഞിട്ടും കേസന്വേഷിക്കുന്ന സംസ്ഥാന പൊലീസിന് ഒരൊറ്റ കുറ്റപത്രം പോലും നൽകാനാകാത്തത് ലജ്ജിപ്പിക്കുന്നതാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഇതിനിടെ മുൻമന്ത്രി എ സി മൊയ്തീൻ, സിപിഐഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും
ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി ചോദിച്ചു.
ഇഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ
കളളപ്പണക്കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രേഖകൾ എടുത്തുകൊണ്ടു പോയതിനാലാണ് തങ്ങളുടെ അന്വേഷണത്തിന് തടസമുണ്ടായതെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി.  ഇപ്പോഴത്തെ നിലയിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയം കൂടി  വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചെങ്കിലും, വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ഹർജിയിൽ നാളെ ഹാജരായി മറുപടി നൽകാൻ സിംഗിൾ ബെഞ്ച് സിബിഐ അഭിഭാഷകനോട് നിർദേശിച്ചു.

ഇതിനിടെ മുൻമന്ത്രി എ സി മൊയ്തീൻ, സിപിഐഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചു. ക്രമക്കേടിലൂടെ ലോൺ തരപ്പെടുത്തിയവരടക്കം 80ലേറെ പേർ കേസിലെ പ്രതികളാകും.

എരിതീയിൽ എണ്ണ പകരുന്നു,മദ്യനയത്തിനെതിരെ കടുത്ത വിമർശനവുമായി കെ സി ബി സി

കൊച്ചി.സർക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമർശനവുമായി കെ സി ബി സി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സർക്കാരിന്റെത് എന്നും വിമർശനം. ലഹരിക്കെതിരെയുള്ള ചർച്ചകളിൽ നിന്നും കെ സി ബി സിയെ മാറ്റി നിർത്തുന്നുവെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി.

സർക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമർശനവുമായാണ് കെ സി ബി സി രംഗത്ത് എത്തിയിരിക്കുന്നത് . മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയിൽ പറയുന്നത് . എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകൾ എന്നും ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും പ്രസ്താവനയിൽ പറയുന്നു. സർക്കാർ മദ്യ നയത്തിനെതിരെ പ്രതിഷേധം തീർക്കാനാണ് കെ സി ബി സിയുടെ തീരുമാനം .  കൂടാതെ ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ചർച്ചകളിൽ  നിന്നും കെസിബിസിയെ ഒഴിവാക്കുന്നുവെന്നും കെ സി ബിസിസി മദ്യ ലഹരി വിരുദ്ധ സമിതി ആരോപിക്കുന്നു.

ഡിമാന്റില്‍ കുതിച്ച്‌ സ്വര്‍ണം: പവന് 2,160 രൂപ കൂടി 68,480 രൂപയായി

കൊച്ചി:വൻ കുതിപ്പില്‍ സ്വർണം. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം കൂടിയത് 2,160 രൂപ. ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഇതോടെ രണ്ട് ദിവസത്തിനിടെ 2680 രൂപയാണ് കൂടിയത്. 8560 രൂപയാണ് ഗ്രാമിന്.

അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍. വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതില്‍ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നില്‍.

രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,089.17 ഡോളറിലെത്തി. ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 3,167 ഡോളർ നിലവാരത്തിലാണ്.

മഹാവിർ ജയന്തി പ്രമാണിച്ച്‌ ഓഹരി വിപണിക്ക് അവധിയാണ്. എങ്കിലും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ വൈകീട്ട് അഞ്ചിന് വ്യാപാരം ആരംഭിക്കും. കമ്മോഡിറ്റി എക്സ്ചേഞ്ചിലെ വില വർധന അപ്പോഴായിരിക്കും പ്രതിഫലിക്കുക.

ലോകത്തിലെ രണ്ട് വൻകിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയർത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയർന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു.

ലഹരി വിരുദ്ധ സ്നേഹ സന്ദേശ യാത്ര നടത്തി

ഇരവിപുരം:സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഇരവിപുരം സെൻ്റ് ജോൺസ് ലഹരി വിരുദ്ധ റോളർ സ്കേറ്റിംഗ് സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു. ഇരവിപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച സ്നേഹ സന്ദേശ യാത്ര കൊല്ലം എസി പി ഷെരീഫ് എസ് ഫ്ലാഗ് ഓഫ് ചെയ്തു.കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാദർ ബിനു തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഇടവക വികാരി ഫാദർ ബെൻസൺ ബെൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ സുനിൽ , ഹെഡ്മാസ്റ്റർ അനിൽ ഡി ,പി.ടി.എ വൈസ്പ്രസിഡൻ്റ് മാൽക്കം എന്നിവർ സംസാരിച്ചു. അധ്യാപകരായ കിരൺ ക്രിസ്റ്റഫർ, റോബി, സാൽവിൻ, സിജു റോച്ച്, ജോഫെഡ്രി, അജി സി. ഏയ്ഞ്ചൽ എന്നിവർ നേതൃത്വം നൽകി.

വാർത്താനോട്ടം

വാർത്താനോട്ടം

2025 ഏപ്രിൽ 10 വ്യാഴം

BREAKING NEWS


?കോഴിക്കോട് രാമനാട്ടുകരയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഇന്ന് രാവിലെ 7 മണിയോടെ തീപിടുത്തം.മൂന്ന് നില കെട്ടിടത്തിൻ്റെ രണ്ടാം നിലയിലായിരുന്നു തീ പടർന്നത്. അപകടകാരണം ഷോർട്ട് സർക്യൂട്ട് എന്ന് വിവരം.





?വടക്കന്‍ ബിഹാറിലുണ്ടായ ശക്തമായ ഇടി മിന്നലില്‍ 20 പേര്‍ മരിച്ചു. 13 പേർക്ക് പൊള്ളലേറ്റു .ഏഴ് ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്.


? പാതി വില തട്ടിപ്പ് കേസിൽ മുഖ്യ പ്രതി യിൽ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ ലാലി വിൻസെൻറിൻ്റെ മൊഴി എടുക്കും.



? പാതി വില: ഡീൻ കുര്യാക്കോസ് എം പി, സി പി എം നേതാവ് സി വി വർഗ്ഗീസ് എന്നിവരുടെ മൊഴികൾ അടുത്ത ഘട്ടത്തിൽ രേഖപ്പെടുത്തും


? മൂവാറ്റുപുഴയിൽ ലഹരി ഇടപാട് സംഘത്തിൽ നിന്ന് പിടികൂടിയ തോക്കിന് ലൈസൻസ് സല്ല


? ജാതിവിവേചനത്തെ തുടർന്ന് കഴക്കകാരൻ രാജി വെച്ച  ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിച്ചു.ഇയാളും ഈഴവ സമുദായ അംഗം.

? കേരളീയം ?

? ആശ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. സമരം ആര്‍ക്കെതിരെ ചെയ്യണം എന്ന് സമരക്കാര്‍ ആലോചിക്കണം.



? മാസപ്പടി കേസില്‍  എസ്എഫ്ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന്  ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

?  ലഹരിക്കെതിരെ സംസ്ഥാനം തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണെന്നും വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വരുന്ന 17ന് സര്‍വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

? പുതിയ മദ്യ നയത്തിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുന്‍നിര്‍ത്തി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനിമുതല്‍ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്. ഡ്രൈഡേയില്‍ കൂടുതല്‍ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവില്‍ അന്തിമ അംഗീകാരം നല്‍കുന്നത്.



? ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ  ആത്മഹത്യ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികള്‍. കട്ടപ്പന റൂറല്‍ സര്‍വീസ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന സാബു തോമസ് കഴിഞ്ഞ ഡിസംബര്‍ 20 നാണ് ബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്തത്.

? മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പൊലീസുകാര്‍ക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആര്‍ കേളുവിന്റെ എസ്‌കോര്‍ട്ട് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.



? കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ നഷ്ടമായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022-24 ഫിനാന്‍സ് സ്ട്രീം എംബിഎ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതിയ ഐസിഎമ്മിലെ 65 കുട്ടികളും പരീക്ഷ പാസായി.

? കേരളത്തില്‍ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം സമാഗതമായിരിക്കുന്നുവെന്ന് സമൂഹ മാധ്യമമായ എക്സില്‍ രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.



? മെയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിനില്ലെന്ന്  ഐഎന്‍ടിയുസി തീരുമാനം. സിഐടിയുവുമായി തല്‍ക്കാലം സംയുക്ത സമരത്തിന് ഇല്ലെന്നാണ് ഐഎന്‍ടിയുസിയുടെ തീരുമാനം. കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐ എന്‍ ടി സിയുടെ പിന്മാറ്റമെന്നാണ് വിവരം.



? വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകള്‍ നടത്തിയ കോഴിക്കോട് വിമാനത്താവള മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. എയര്‍പോര്‍ട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തിയത്.



? വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വായ്പയായി നല്‍കുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാര്‍ ഒപ്പിട്ടു.  കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കരാറില്‍ ഒപ്പിട്ടത്.



? വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്ന് വിഴിഞ്ഞത്ത് എത്തി. എം എസ് സിയുടെ ഭീമന്‍ കപ്പലായ ‘തുര്‍ക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുര്‍ക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുര്‍ക്കി’യെ ടഗ്ഗുകള്‍ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരില്‍ നിന്നാണ് എം എസ് സി തുര്‍ക്കി വിഴിഞ്ഞത്ത് എത്തിയത്.

? കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. തമാശയെ പോലും വൈരാഗ്യബുദ്ധിയോടെ കാണുന്നവരെ ഒന്നുംചെയ്യാനാകില്ലെന്നും കുഞ്ചന്‍ നമ്പ്യാര്‍ നേരത്തേ മരിച്ചത് നന്നായിയെന്നും അല്ലെങ്കില്‍ ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നേനെ എന്നും മന്ത്രി പറഞ്ഞു.

? മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം.സി. കമറുദീനും ഫാഷന്‍ ഗോള്‍ഡ് എംഡി ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. നിയമവിരുദ്ധ പണമിടപാടിന്റെ പേരിലാണ് നടപടി. രണ്ടുദിവസം മുമ്പാണ് ഇഡി രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

? കോഴിക്കോട് പോക്സോ കേസില്‍ കുറ്റാരോപിതനായ എല്‍പി എയ്ഡഡ് സ്‌കൂള്‍ അധ്യാപകനെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്‌കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് നടപടി.

? പാലക്കാട് ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയും തൃപ്പൂണിത്തുറയില്‍ നിന്ന് ഇന്നലെ രാത്രി കണ്ടെത്തി. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയും ചൊവ്വാഴ്ച മുതലാണ് കാണാതായത്.





??   ദേശീയം   ??



? മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രായോഗികശൗര്യവും ഒത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ പ്രഖ്യാപനം. 2025, കോണ്‍ഗ്രസിന്റെ പുനര്‍ജനി വര്‍ഷമായിരിക്കുമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞു.





? ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സെഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

? കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. സുഷ്മാ ദേവിക്ക് വെടിയേല്‍ക്കുമ്പോള്‍ അവരുടെ മക്കളുടെയും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

? എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരനു മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ചതായി പരാതി. ദില്ലി-ബാങ്കോക്ക്  വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വിമാനത്തില്‍ പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന്‍ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.




??  അന്തർദേശീയം ??



? ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ് ഭരണകൂടം. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ പകരച്ചുങ്കമാണ് താല്‍കാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്കുള്ള അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും.





? പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണികളില്‍ തിരിച്ചുവരവ്. അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയര്‍ത്തിയ അമേരിക്കന്‍ നടപടി അമേരിക്കന്‍ വിപണിയിലും ഏഷ്യന്‍-യൂറോപ്യന്‍ വിപണികളിലും തകര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.



? അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെയും കൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയോടെ തഹാവുര്‍ റാണ ഡല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

? ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങള്‍ക്ക് 84ശതമാനമായി നികുതി ഉയര്‍ത്തിയിരിക്കുകയാണ് ചൈന. ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയാണ് ട്രംപ് മറുപടി നല്‍കിയത്.


? താരിഫ് യുദ്ധത്തില്‍ ഔഷധങ്ങളേയും വെറുതെ വിടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഔഷധങ്ങള്‍ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള ട്രംപിന്റെ പദ്ധതി അമേരിക്കന്‍ ആഭ്യന്തര വിപണിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ ഔഷധ മേഖലയേയും ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.





??  കായികം ??


? ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ സായ് സുദര്‍ശന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു.


? കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് എല്ലാവരും പുറത്തായി.
52 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറും 41 റണ്‍സെടുത്ത സഞ്ജു സാംസണും മാത്രമാണ് ഗുജറാത്തിനെതിരെ അല്‍പ്പമെങ്കിലും പൊരുതിയത്.


?തുടര്‍ച്ചയായ നാലാം ജയത്തോടെ എട്ട് പോയിന്റ് നേടിയ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള രാജസ്ഥാന്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്.