Home Blog Page 1264

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 2228 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.
വികസന ഫണ്ടിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 275.91 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 221.76 കോടിയും, കോർപറേഷനുകൾക്ക്‌ 243.93 കോടിയും ലഭിക്കും.
നഗരസഭകളിൽ മില്യൻ പ്ലസ്‌ സിറ്റീസിൽ പെടാത്ത 86 മുൻസിപ്പാലിറ്റികൾക്കായി 77.92 കോടി രൂപയും, കണ്ണൂർ കോർപറേഷന്‌ 8,46,500 കോടി രൂപയും ലഭിക്കും. മുൻസിപ്പാലികൾക്ക്‌ ആകെ 300 കോടി രൂപയാണ്‌ ലഭിക്കുന്നത്‌. ഇതോടെ ഏപ്രിൽതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ നിർവഹണത്തിലേക്ക്‌ കടക്കാനാകും.

ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി, കൂട്ട ആത്മഹത്യയെന്ന് സംശയം

ഇടുക്കി:കട്ടപ്പന ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശിയായ സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഉപ്പുതറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

നാലുപേരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കിയാതാണെന്നാണ് സംശയം. ഓട്ടോ ഡ്രൈവറായിരുന്നു സജീവ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂവർ റാണയെ ഇന്ത്യയിൽ എത്തിച്ചു

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂവർ റാണ (64)യെ ഇന്ത്യയിൽ എത്തിച്ചു. യുഎസിൽ നിന്നു ഇയാളെയും കൊണ്ടുള്ള വ്യോമസനേയുടെ പ്രത്യേക വിമാനം ഇന്ത്യയിലെത്തി. പാലം വിമാനത്താവളത്തിലാണ് വിമാനം ലാൻ‍ഡ് ചെയ്തത്.

ഓൺലൈനായാണ് തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കുക. ഇതിനു ശേഷം മുംബൈയിലേക്ക് കൊണ്ടും പോകും. എൻഐഎ അഭിഭാഷകർ പട്യാല ഹൗസ് കോടതിയിൽ എത്തിയിട്ടുണ്ട്.

കമാൻഡോ സുരക്ഷയിലാണ് ഇയാളെ മുംബൈയിലേക്ക് കൊണ്ടു പോകുക. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് കൈമാറ്റം നടന്നത്. 12 ഉദ്യോഗസ്ഥരായിരിക്കും റാണയെ ചോദ്യം ചെയ്യുക.

റാണയ്ക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജൻയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ നരേന്ദർ മാനെയെ സ്പെഷൽ പോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. 3 വർഷത്തേക്കാണ് നിയമനം.
ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് റാണയെ ഇന്ത്യയ്ക്കു കൈമാറിയത്.

ഷോപ്പിംഗ് മാളിൽ ഒന്ന് തെന്നി വീണു, പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത് സ്ഥലം സിഐ തന്നെ; പരാതിപ്പെട്ട് യുവാവ്

മലപ്പുറം: ഷോപ്പിംഗ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിഐ മോശമായി പെരുമാറിയതായും പരാതിക്കാർ ആരോപിക്കുന്നുസംഭവത്തിൽ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്‍റെ ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. വളരെ മോശമായാണ് എസ്ഐ ഷൈൻ പെരുമാറിയതെന്നും ആദ്യ ഘട്ടത്തിൽ എഫ്ഐആര്‍ ഇടാൻ പോലും തയാറായില്ലെന്നും പരാതിക്കാരൻ ഉന്നയിക്കുന്നു. എന്നാൽ ആദ്യമേ കേസെടുക്കാം എന്ന് നിർദ്ദേശിച്ചതാണെന്നും, ഷോപ്പിംഗ് മാൾ ഉടമകളിൽ നിന്ന് ഉയർന്ന തുക നഷ്ടപരിഹാരം പ്രതീക്ഷിച്ച് ഇവർ വഴങ്ങിയില്ലെന്നുമാണ് സി ഐ പറയുന്നത്.

തിയേറ്റർ കോംപ്ലക്സുകളിലേക്ക് മദ്യവും? ഒരുക്കങ്ങൾ തുടങ്ങി? പിവിആർ ഐനോക്സ് അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോ‍‌ർട്ട്. പിവിആ‌ർ ഐനോക്സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.

നിലവിൽ സിനിമാ തീയേറ്ററുകളിലേക്ക് മദ്യമോ കൊണ്ടു വരുന്ന മറ്റ് തരത്തിലുള്ള ഭക്ഷണ സാധനങ്ങളോ പോലും അനുവദനീയമല്ല. എന്നാൽ പുതിയ മാറ്റം നിലവിൽ വന്നാൽ സിനിമക്ക് മുൻപോ അതിനു ശേഷമോ മദ്യപിക്കാൻ കഴിയും. അപ്പോഴും തീയേറ്ററുകൾക്കകത്ത് മദ്യം നിരോധിക്കാൻ തന്നെയാണ് സാധ്യത. ഡയറക്ടേഴ്‌സ് കട്ട് പോലുള്ള ലക്ഷ്വറി തീയേറ്ററുകളിലാകും ഇത്തരത്തിലുള്ള സൗകര്യം വരിക എന്നും റിപ്പോ‌ർട്ടിൽ പറയുന്നു.

അതേ സമയം ഇക്കാര്യത്തിൽ പിവിആർ ഐനോക്സ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. നിലവിൽ പിവിആർ ഉടമസ്ഥതയിലുള്ള ലോഞ്ചുകൾ, ഇരിപ്പിടങ്ങൾ, ലൈവ് മ്യൂസിക് സോണുകൾ തുടങ്ങിയവക്ക് ഡൽഹി ഡയറക്ട‌‍ർ കട്ട്, മൈസൺ ഐനോക്സ് മുംബൈ എന്നിവിടങ്ങളിലും മദ്യം അനുവദനീയമാണ്. ഈ സോണുകൾ സിനിമാ ഹാളുകളോട് ചേർന്നാണ് പ്രവർത്തിക്കുന്നതെങ്കിലും അവയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. സിനിമാട്ടോഗ്രാഫ് ആക്ട് അനുസരിച്ച് സിനിമാ ഹാളുകൾക്കുള്ളിൽ മദ്യം വിതരണം ചെയ്യാൻ അനുവാദമില്ല.

ഐനോക്സിന്റെ വരുമാനം ​ഗണ്യമായ കുറഞ്ഞു തന്നെ തുടരുന്ന അവസ്ഥയിലാണ് ഇത്തരമൊരു റിപ്പോ‍ർട്ട് പുറത്തു വരുന്നത്. ദക്ഷിണേന്ത്യൻ സിനിമകളുടെ ഡബ്ബ് ചെയ്ത പതിപ്പുകൾ ഉൾപ്പെടെ ഹിന്ദി സിനിമകളിൽ നിന്നുള്ള കളക്ഷൻ 2023 നെ അപേക്ഷിച്ച് 5,380 കോടി രൂപയിൽ നിന്ന് 2024 ൽ 4,679 കോടി രൂപയായി കുറഞ്ഞുവെന്ന് ഓർക്കാക്സ് ബോക്സ് ഓഫീസ് റിപ്പോർട്ട് 2024 പറയുന്നു. കൊവിഡിന് ശേഷവും, കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ചും ഈ വർഷവും കുറവു വന്നിട്ടുണ്ട്.

കളക്ടർ ഇടപെട്ടു, ജില്ലാ ജഡ്ജിയും നേരിട്ടെത്തി; അപൂ‍ർവ റെക്കോർഡുമായി അങ്ങാടിക്കുരുവി തടവിൽ നിന്ന് പുറത്തേക്ക്

കണ്ണൂർ: കോടതി ഉത്തരവിനെ തുടർന്ന് സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിപ്പോയ അങ്ങാടിക്കുരുവിക്ക് ഒടുവിൽ മോചനം. ജില്ലാ കളക്ടറുടെയും ജില്ലാ ജഡ്ജിയുടെയും നേരിട്ടുള്ള ഇടപെടലിൽ, കണ്ണൂർ ഉളിക്കലിലെ കടയുടെ പൂട്ട് തുറന്നു. പുറത്തിറങ്ങാൻ കഴിയാതെ രണ്ട് ദിവസമായി കുരുങ്ങിപ്പോയ കുരുവി വാനിലേക്ക് പറന്നകന്നു.

കേസും നൂലാമാലകളും മാറി നിന്നതോടെ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കടയുടെ പൂട്ട് തുറന്ന് അങ്ങാടിക്കുരുവിയെ തുറന്നുവിട്ടത്. വ്യാപാരികൾ തമ്മിലുള്ള തർക്കം കേസായപ്പോഴാണ് ഹൈക്കോടതി നിർദേശത്തിൽ ഉളിക്കൽ ടൗണിലെ തുണിക്കട ആറ് മാസം മുൻപ് പൂട്ടി സീൽ ചെയ്തത്. ഈ കടയുടെ ചില്ലുകൂടിനും ഷട്ടറിനും ഇടയിലാണ് രണ്ടു ദിവസം മുമ്പ് അങ്ങാടിക്കുരുവി പെട്ടുപോയത്.

നിയമക്കുരുക്കുള്ളതിനാൽ ചില്ലു തകർത്ത് രക്ഷിക്കാനും വയ്യ. പൂട്ട് തുറക്കാനാകാതെ നാട്ടുകാർ നിസ്സഹായരായി. കേസ് ആയതിനാൽ വനം വകുപ്പിനും ഫയർ ഫോഴ്സിനും ഇടപെടാനുമായില്ല. ഇതോടെ കൊടുചൂടിൽ ചില്ലുകൂട്ടിൽ കുരുവി വാടി തളർന്നു. നാട്ടുകാർ നൂലിൽ കെട്ടി വെള്ളവും അരിയും നൽകി. നിയമവ്യവഹാരങ്ങളിൽ കുരുക്കിലായ കുരുവി വാർത്തയായതിനു പിന്നാലെ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇടപെട്ടു.

പഞ്ചായത്ത്‌ സെക്രട്ടറിക്ക് കട തുറക്കാൻ നിർദേശം നൽകി. ജില്ലാ ജഡ്ജി നിസാർ അഹമ്മദും ഇടപെട്ടു. ഹൈക്കോടതിയിൽ വിവരം അറിയിച്ചു. ജഡ്ജി നേരിട്ട് ഉളിക്കലിൽ എത്തി. കുരുവിയെ തുറന്നുവിട്ടതോടെ ഒരു കിളിക്ക് വേണ്ടി യോടിയ നാട്ടുകാർക്കും സന്തോഷം. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ, ജില്ലാ മജിസ്‌ട്രെറ്റിൻറെ നിർദേശത്തിൽ തടവുകാലം കഴിഞ്ഞിറങ്ങിയ അപൂർവ റെക്കോർഡുമായി അങ്ങാടിക്കുരുവി സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.

കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ വെടിയേറ്റു മരിച്ചു, ട്രെക്ക് ഡ്രൈവറായ ഭർത്താവിനായി തെരച്ചിൽ

ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവിയെ ഭർത്താവ് വെടിവച്ച് കൊന്നു. സുഷമാ ദേവിയും ഭർത്താവ് രമേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ബുധനാഴ്ചയാണ് സംഭവം. അട്രി ബ്ലോക്കിലെ ടേറ്റ ഗ്രാമത്തിലെ വീട്ടിൽ സഹോദരിക്കും കുട്ടികൾക്കുമൊപ്പം ഇരിക്കുമ്പോഴാണ് ഭർത്താവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്.

സംഭവത്തിൽ കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടില്ല. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വന്ന സമയത്ത് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നാണ് സുഷ്മ ദേവിയുടെ സഹോദരി വിശദമാക്കുന്നത്. വാക്കു തർക്കത്തിനിലെ രമേഷ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വെടിയൊച്ച കേട്ട് മറ്റൊരു മുറിയിലായിരുന്ന സഹോദരിയും സുഷമയുടെ മക്കളും എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ സുഷമയെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പട്നയിൽ നിന്ന് വന്ന ശേഷമാണ് രമേഷ് അക്രമം നടത്തിയത്. വികാസ് മിത്രയിലെ ജീവനക്കാരിയായിരുന്നു സുഷമ. പട്നയിൽ ട്രക്ക് ഡ്രൈവറാണ് രമേഷ്. സംഭവത്തിൽ രമേഷിനെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 14 വർഷങ്ങൾക്ക് മുൻപാണ് രണ്ട് വിഭാഗങ്ങളിലുള്ള രമേഷും സുഷമയും വിവാഹിതരായത്.

പ്രണയം വിവാഹത്തിലെത്തിയില്ല, മാവിൻ തോപ്പിൽ ജീവനൊടുക്കി യുവതി; കണ്ടെത്തിയത് തൂങ്ങിയ നിലയിൽ

ലക്ക്നൗ: ഉത്തർ പ്രദേശിലെ സഹാറൻപൂരിൽ 19 കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ആത്മഹത്യ ചെയ്തത്. സഹാറൻപൂരിലെ ഒരു മാവിൻ തോപ്പിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകൻ നിരസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് പ്രദേശ വാസികളാണ് പ്രീതിയെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച മുതൽ പ്രീതിയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന് പ്രദേശ വാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതശരീരം പ്രീതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പ്രീതി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിന് യുവാവിന് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇത് പ്രീതിയെ മാനസികമായി തളർത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഷാളുപയോഗിച്ചാണ് പ്രീതി മരത്തിൽ തൂങ്ങിയത്.

മ‍ൃതശരീരം കണ്ടെത്തിയ മാവിൻ തോപ്പ് രണ്ടുപേർ ചേർന്ന് പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

കൊട്ടാരക്കര-പുത്തൂർ റോഡിൽ എടിഎം കവർച്ചാശ്രമം: പ്രതി പിടിയിൽ

കൊട്ടാരക്കര ചന്തമുക്കിൽ  എടിഎം കവർച്ചാശ്രമം നടത്തിയ  കോവിൽ പെട്ടി  വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര- പുത്തൂർ റോഡിൽ എടിഎമ്മിന്റെ  കേബിളുകൾ ഇയാൾ നശിപ്പിച്ചിരുന്നു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ മാരിയപ്പന്റെ ദൃശ്യം പതിഞ്ഞിരുന്നു. രണ്ടു ദിവസമായി കൊട്ടാരക്കരയിൽ ചില ഭാഗങ്ങളിൽ പ്രതിയെ ആളുകൾ തിരിച്ചറിയുകയും കഴിഞ്ഞ ദിവസം മാരിയപ്പനെ പോലീസ് പിടികൂടുകയുമായിരുന്നു.

128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്‌സിലേക്ക് ക്രിക്കറ്റും

2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് പോരാട്ടങ്ങളുണ്ടാകുമെന്നു ഉറപ്പായി. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലുണ്ടായിരുന്നില്ല.

പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 90 താരങ്ങള്‍ ഇരു വിഭാഗങ്ങളിലും കളത്തിലെത്തും. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരം.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക മത്സരങ്ങള്‍ക്ക് മത്സരാനുമതി നല്‍കിയിട്ടുണ്ട്. 2028ലെ ഒളിംപിക്‌സില്‍ 351 മെഡല്‍ പോരാട്ടങ്ങളുണ്ട്. പാരിസ് ഒളിംപിക്‌സിനെ അപേക്ഷിച്ച് 22 മെഡല്‍ പോരാട്ടങ്ങള്‍ കൂടും. 10,500 താരങ്ങളാണ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 2028ല്‍ 698 താരങ്ങള്‍ കൂടുതല്‍ ഉണ്ടാകും.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2023ലെ ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തി. 14 പുരുഷ ടീമുകളും 9 വനിതാ ടീമുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ കളിച്ചത്. ഇരു വിഭാഗങ്ങളിലും ഇന്ത്യയാണ് സ്വര്‍ണം സ്വന്തമാക്കിയത്.