Home Blog Page 1252

നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കിൽ; കണ്‍സ്യൂമര്‍ഫെഡ് വിഷു-ഈസ്റ്റര്‍ സഹകരണ വിപണിക്ക് തുടക്കം

നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍ സഹകരണ വിപണിക്ക് തുടക്കമായി. ആഘോഷ കാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 12 മുതല്‍ 21 വരെ ജില്ലയിലെ 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപണനമേള ഒരുക്കിയിരിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റു ഉല്‍പന്നങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാം. പൊതുവിപണിയില്‍ 50 രൂപയോളം വിലവരുന്ന വിവിധതരം അരികള്‍ 33 രൂപക്കാണ് ലഭിക്കുക. പഞ്ചസാര, ചെറുപയര്‍, കടല, മല്ലി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം സബ്‌സിഡി നിരക്കില്‍ ലഭിക്കും.
വിവിധ ഉല്‍പന്നങ്ങള്‍ക്ക് കിലോഗ്രാമിന് സബ്‌സിഡി നിരക്കിലുള്ള വില (ബ്രാക്കറ്റില്‍ വിപണിവില): ജയ അരി 33 രൂപ (50), കുറുവ അരി 33 (48), കുത്തരി 33 (49), പച്ചരി 29 (37), പഞ്ചസാര 34.65 (49), ചെറുപയര്‍ 90 (120), കടല 65 (95), ഉഴുന്ന് 90 (125), വന്‍പയര്‍ 75 (110), തുവരപ്പരിപ്പ് 105 (145), ഉണക്കമുളക് 115.50 (175), മല്ലി 81.90 (115), വെളിച്ചെണ്ണ (ലിറ്റര്‍) 240.45 (350).
വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ജി. ത്യാഗരാജന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ആദ്യ വില്‍പന നിര്‍വഹിച്ചു. റീജ്യണല്‍ മാനേജര്‍ ഐ. ലൈലമോള്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ അന്‍സാര്‍ നന്ദിയും പറഞ്ഞു.

ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

രാജ്യവ്യാപകമായി വീണ്ടും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെയും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാതെയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തില്‍ കാര്യമായ സാങ്കേതിക തടസങ്ങള്‍ നേരിടുന്നത്.
രാജ്യവ്യാപകമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങളും സാങ്കേതിക പ്രതിസന്ധി നേരിട്ടു. ഇന്റര്‍നെറ്റ് മുഖേനയുള്ള സേവനങ്ങളിലുമുള്ള പ്രശ്‌നങ്ങളും തടസ്സങ്ങളും തത്സമയം അവലോകനം ചെയ്യുന്ന ഡൗണ്‍ട്രാക്കര്‍ റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തിലധികം പരാതികള്‍ കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടുന്നു.
യുപിഐ ഇടപാടില്‍ തടസം നേരിട്ടതിന് പിന്നില്‍ സാങ്കേതിക പ്രശ്നങ്ങളാണ് എന്ന് ഇന്ത്യയില്‍ റീട്ടെയില്‍ പേയ്‌മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന എന്‍സിപിഐ അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലായിരുന്നു എന്‍സിപിഐയുടെ പ്രതികരണം. എന്‍സിപിഐ ചില ആഭ്യന്തര സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നും ഇതാണ് സേവനങ്ങളിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നുമാണ് വിശദീകരണം. പ്രശ്നം വേഗത്തില്‍ പരിഹരിക്കും എന്നും എന്‍സിപിഐ അറിയിപ്പില്‍ പറയുന്നു. അടുത്തിടെ മാര്‍ച്ച് 26 നും, ഏപ്രില്‍ രണ്ടിനും, ഏഴിനും രാജ്യത്തെ യുപിഐ സേവനങ്ങളില്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.

കായംകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ കായംകുളം എബ്നൈസർ ആശുപത്രിയിൽ പനിക്ക് ചികിൽസയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കായംകുളം കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പനിയും വയറുവേദനെയും തു‍ടർന്ന് എബ്നൈസർ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നു രാവിലെ ഐസിയുവിലേക്ക് മാറ്റി. എട്ടുമണിയോടെ കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. മതിയായ ചികിൽസ നൽകാത്തതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി വളപ്പിൽ പ്രതിഷേധിച്ചു. ചികിത്സയിൽ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ.

പ്രതിഷേധത്തെ തുടർന്ന് കായംകുളം ഡിവൈഎസ്പി സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സർക്കാർ എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദിലക്ഷ്മി.

തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ ഏപ്രിൽ 15 മുതൽ മാറ്റം ? ഒടുവിൽ സ്ഥിരീകരിച്ച് ഇന്ത്യൻ റെയിൽവേ!

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തിൽ മാറ്റം വരുത്തിയെന്ന തരത്തിൽ വാ‌ർത്തകൾ പ്രചരിക്കുന്നതിനിടെ കാര്യത്തിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). തത്കാൽ ടിക്കറ്റ് സമയക്രമത്തിൽ മാറ്റമില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

ഏപ്രിൽ 15 മുതൽ ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എസി, നോൺ-എസി ക്ലാസുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി സോഷ്യൽ മീഡിയയിൽ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ വന്നതിനെ തുടർന്നാണ് ഈ വിശദീകരണം. സോഷ്യൽ മീഡിയയിലടക്കം ഇത് സംബന്ധിച്ച ചർച്ചകളും നടന്നു. എന്നാൽ അത്തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്.

നിലവിലെ സമയക്രമം

ഐ ആ‍ർ സി ടി സിയുടെ ഔദ്യോ​ഗികമായ അറിയിപ്പ് പ്രകാരം, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്രാ തീയതി ഒഴികെ, തിരഞ്ഞെടുത്ത ട്രെയിനുകളിൽ ഒരു ദിവസം മുൻകൂട്ടി തത്കാൽ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതലും നോൺ-എസി ക്ലാസ് (SL/FC/2S) 11:00 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിംഗ് ചെയ്യാവുന്നതാണ്.

വീട്ടിൽ ഗ്രൈൻറർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിൻറെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. വീട്ടിലെ ഗ്രൈന്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നതായി കണ്ട ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.സംഭവത്തെ തുടർന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊല്ലത്ത് ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേല്‍ശാന്തിയെ ദേവസ്വം ബോര്‍ഡ് സ്ഥലം മാറ്റി… തർക്കം കോടതിയിൽ

ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് ചെറുവക്കല്‍ കുമ്പല്ലൂര്‍ക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോര്‍ഡ് നെയ്യാറ്റിന്‍കര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. താന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഉടയാട മാറ്റാന്‍ നിര്‍ദേശിക്കുകയും വിഗ്രഹത്തില്‍ നനവില്ലെന്നു കണ്ടെത്തുകയും ചെയ്‌തെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നത്. എന്നാല്‍, തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കാട്ടി കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ 6.30നാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സൈനുരാജ് ക്ഷേത്രം സന്ദര്‍ശിച്ചത്. ദേവീനടയില്‍ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാര്‍ത്തും വച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോള്‍ ബിംബത്തില്‍ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.
അഭിഷേകവും കഴിഞ്ഞു മുഖംചാര്‍ത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നാണ് തന്ത്രിമാര്‍ പറയുന്നത്. കൂടാതെ, വിഗ്രഹത്തില്‍ നനവുണ്ടോയെന്നു തൊട്ടുനോക്കാതെ പറയാന്‍ കഴിയില്ല. ശ്രീകോവിലിനു പുറത്തുനില്‍ക്കുന്ന ആള്‍ക്ക് ഇതെങ്ങനെ കഴിയും എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.
എന്നാല്‍ 5.30നാണ് നട തുറന്നതെന്നും ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധത്തിന് കേടുപാടുള്ളതിനാല്‍ ഈര്‍പ്പം പിടിക്കാതിരിക്കാന്‍ അഭിഷേകം കഴിഞ്ഞാലുടന്‍ ജലാംശം തുടച്ചുമാറ്റുന്നതാണ് രീതിയെന്നും കൃഷ്ണകുമാര്‍ മറുപടിനല്‍കി. അന്നേദിവസം അരക്കാപ്പുള്ളതിനാല്‍ അഭിഷേകത്തിനുശേഷം മുഖംചാര്‍ത്തു നടത്തിയെന്നും ചൂണ്ടിക്കാട്ടി.

ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും മേല്‍ശാന്തിയെ സ്ഥലംമാറ്റുകയായിരുന്നു. ഇതുവരെ ഒരു ശാന്തിക്കാരനെയും അഭിഷേകം നടത്തിയില്ലെന്ന കാരണത്താല്‍ ദേവസ്വം ബോര്‍ഡില്‍ ശിക്ഷിച്ചിട്ടില്ല. ഭരണാനുകൂല യൂണിയനില്‍ ചേരാത്തതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നും ആരോപണമുണ്ട്. 2018ല്‍ ദേവസ്വം ബോര്‍ഡില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍ ഇതുവരെ ഒരു യൂണിയനിലും ചേര്‍ന്നിട്ടില്ല.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി 2025 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും www.ihrd.ac.in ലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനും സപ്ലിമെന്ററി പരീക്ഷക്കുമുള്ള അപേക്ഷകള്‍ ഏപ്രില്‍ 21 വരെയും 200 രൂപ പിഴയോടെ 28 വരെയും സമര്‍പ്പിക്കാം.

ജയിലർ 2: ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിൽ

രജനികാന്ത് ചിത്രം ജയിലർ 2വിന്റെ  ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. കേരളത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നടക്കുന്നത്. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷൂട്ടിങ്ങിനായി രജനികാന്ത് ഉൾപ്പെടെയുള്ളവർ ഷോളയൂർ ഗോഞ്ചിയൂരിലെത്തി.
ഏകദേശം 20 ദിവസത്തോളം രജനികാന്ത് ഷൂട്ടിങ്ങിന്റെ ഭാഗമായി കേരളത്തിലുണ്ടാകും. മാർച്ചിലായിരുന്നു ചെന്നൈയിൽ ജയിലർ 2 ചിത്രീകരണം തുടങ്ങിയത്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്‌ക്കൊപ്പം ജയിലർ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക്
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പുരസ്‌കാരം എം എ. ബേബിക്ക്

പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സ്മരണാർഥം പത്മഭൂഷൺ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം എം.എ. ബേബിക്ക്. 50,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പനചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. മാരാമണ്ണിൽ ക്രമീകരിക്കുന്ന മാർ ക്രിസോസ്റ്റം നഗറിൽ ഏപ്രിൽ 24-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

ഫൗണ്ടേഷന്റെ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ സിനിമാ സംവിധായകനും ഫൗണ്ടഷൻ ബോർഡ് അംഗവുമായ ബ്ലെസ്സിയെ ആദരിക്കും.

ജമ്മുകശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷ് ഇ മുഹമ്മദ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും സൈന്യം മറ്റൊരു ഭീകരനെ വധിച്ചിരുന്നു.

ഓപ്പറേഷനുകളില്‍ മോശം കാലാവസ്ഥ ഉണ്ടായിരുന്നിട്ടും രണ്ട് ഭീകരരെ കൂടി വധിച്ചെന്ന് സൈന്യത്തിന്റെ ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ഇവരില്‍ നിന്നും എകെ, എം4 റൈഫിളുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ബുധനാഴ്ച മുതല്‍ ഉദംപൂര്‍ ജില്ലയിലെ ബസന്ത്ഗഢ്, രാംനഗര്‍ പ്രദേശങ്ങളില്‍ മൂന്ന് ഭീകരരെ കണ്ടെത്തുന്നിനുള്ള പ്രത്യേക ഓപ്പറേഷനിലായിരുന്നു സൈന്യം.