Home Blog Page 1244

‘എൻറെ മകളെ ഞാൻ എങ്ങനെ കൊല്ലും?’; മകളുടെ ആധാർ കാർഡിന് പിന്നിൽ പിതാവ് എഴുതി, ശേഷം സ്വയം വെടിയുതിർത്ത് മരിച്ചു

ഭോപ്പാൽ: ഇഷ്ടപ്പെട്ട യുവാവിനൊപ്പം മകൾ ജീവിക്കാൻ തീരുമാനിച്ചതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. അയൽവാസിയായ യുവാവിനൊപ്പം 15 ദിവസം മുൻപാണ് പെൺകുട്ടി ഇറങ്ങിപ്പോയത്. എന്നാൽ അന്യസമുദായത്തിൽപ്പെട്ട യുവാവുമായുള്ള ബന്ധം കുടുംബാംഗങ്ങൾ അംഗീകരിച്ചിരുന്നില്ല. ഒളിച്ചോടിപ്പോയ പെൺകുട്ടിയെ തിരികെ പിടിച്ചുകൊണ്ടുവന്നെങ്കിലും യുവാവിനൊപ്പം ജീവിക്കാൻ കോടതി പെൺകുട്ടിയെ അനുവദിക്കുകയായിരുന്നു. ഇരുവരും വിവാഹിതരായെന്നും ഭർത്താവിനൊപ്പം ജീവിക്കാനാണ് താൽപ്പര്യം എന്നുമാണ് പെൺകുട്ടി കോടതിയോട് പറഞ്ഞത്.

മകളുടെ ഈ പ്രവൃത്തിയിൽ മനംനൊന്താണ് പിതാവ് സ്വയം വെടിവെച്ച് മരിച്ചത്. ‘മോളെ നീ ചെയ്തത് തെറ്റാണ്. എനിക്ക് നിങ്ങളെ രണ്ടുപേരെയും കൊല്ലാമായിരുന്നു, പക്ഷേ എൻറെ കൈകൊണ്ട് എൻറെ മോളെ ഞാൻ എങ്ങനെ കൊല്ലും?’ എന്നാണ് ആത്മഹത്യാ കുറിപ്പിൽ 49 കാരനായ പിതാവ് കുറിച്ചത്.
കോടതിയിൽ മകൾക്കുവേണ്ടി വാദിച്ച അഭിഭാഷകനെയും കുറിപ്പിൽ കുറ്റപ്പെടുത്തുന്നുണ്ട്. ‘അയാൾ ഒരു കുടുംബത്തെ തകർത്തു, ഒരു പിതാവിൻറെ വേദന ആ വക്കീലിന് മനസിലാവില്ലെ? അയാൾക്കും പെൺ മക്കള്ളില്ലെ’ എന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. മകളുടെ ആധാർ കാർഡിന് പിന്നിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയത്.

ആത്മഹത്യയെ തുടർന്ന് ഭർത്താവിൻറെ അച്ഛനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു. വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് ബോധം മറയുന്നത് വരെ അക്രമിക്കുകയായിരുന്നു. നാട്ടുകാർ വന്ന് പിടിച്ചുമാറ്റുന്നതുവരെ മർദനം തുടർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിലെ അന്വേഷണത്തിൽ പോലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി ഉത്തരവ്

ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ വിചാരണക്കോടതിയുടെ ഇടപെടൽ. അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റിയെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിലെ പിഴവുകള്‍ വിചാരണക്കോടതി ചൂണ്ടിക്കാട്ടി.


പോലീസിന് നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് കോടതി ആരോപിക്കുന്നത്. മാത്രമല്ല കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വീഴ്ചകൾ ചൂണ്ടിക്കാണിച്ചത്. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ആരോപിച്ചു.

കൂടാതെ രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ലെന്നും പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണെന്നും കോടതി വ്യക്തമാക്കി.

ഒലിവിലകളുമായി ഓശാന ഞായർ ആചരിച്ച് ക്രൈസ്തവർ; വിശുദ്ധ വാരത്തിന് തുടക്കം

തിരുവനന്തപുരം: ജറുസലേമിലെത്തിയ യേശുക്രിസ്തുവിനെ വിശ്വാസികൾ ഒലിവിലകളുമായി വരവേറ്റതിൻറെ ഓർമ്മ പുതുക്കി നാടെങ്ങും ഓശാന ഞായർ ആചരിച്ചു. തിരുവനന്തപുരം നഗരത്തിൽ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർഥനാ ശുശ്രൂഷകളിൽ വിവിധ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിച്ചു. ഓശാന ഞായർ ആചരണത്തോടെ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി.

പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. പാളയം സെൻറ് ജോസഫ്‌സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ കാർമികനായി.

ഇടുക്കിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദേവമാതാ പള്ളിയിൽ നടന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം നേതൃത്വം നൽകി. തിരുക്കർമ്മങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു. ഇടുക്കി മുരിക്കുംതൊട്ടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന കർമ്മങ്ങൾക്ക് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപോലീത്ത ഡോ. ഏലിയാസ് മാർ അത്താനാസിയോസ്‌ മുഖ്യകാർമികത്വം വഹിച്ചു.

കൊല്ലം കുണ്ടറ നല്ലില സെൻറ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ക്രിസ്റ്റി ജോസ് സഹ കാർമികനായി. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

‘ഹെഡ്ഗെവാർ സ്വാതന്ത്രസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്’; പേരിടൽ വിവാദത്തിൽ ന്യായീകരണവുമായി ബിജെപി

പാലക്കാട്: ന​ഗരസഭ ഭിന്നശേഷിക്കാർക്ക് നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്​ഗെവാറിന്റെ പേര് നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ന്യായീകരണവുമായി ബിജെപി. ഹെഡ്ഗേവാർ സ്വാതന്ത്രസമര പോരാളിയാണെന്നും കോൺഗ്രസുകാരനായ ഹെഡ്ഗേവാറിൻ്റെ പേരിലെ ആദ്യ സ്ഥാപനമല്ലയിതെന്നും ബിജെപി നേതാക്കളായ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ അഡ്വ. ഇ.കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹെഡ്ഗെവാർ സ്വാതന്ത്രസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. ഇഎംഎസിൻ്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ഹെഡ്ഗേവാർ ദേശീയവാദിയെന്നതിന് കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബിജെപി വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ വാരിയം കുന്നൻ സ്മാരകം ഉൾപ്പെടെ സ്ഥാപിച്ചു. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ആളുകളുടെ പേര് പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം മുസ്ലിംവത്കരണമാണെന്ന് പറയാൻ തയാറാകുമോയെന്നും ബിജെപി ചോദിച്ചു. മലപ്പുറത്ത് ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയ വാരിയംകുന്നൻ്റെ പേരിട്ടതിന് ബന്ധപ്പെട്ടവർ വിശദീകരണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പരിചിതമല്ലാത്ത പല രീതികളും കേരളത്തിലെ വരുന്നുണ്ട്. മതരാഷ്ട്രം കൈകാര്യം ചെയ്യുന്നവർ പലതും തിരികെ കയറ്റാൻ ശ്രമിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.

പേരല്ല പ്രശ്നം, പദ്ധതി നടപ്പക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമം തടഞ്ഞ പാലക്കാട് എംഎൽഎ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പു പറയണം. പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. പൊലീസ് നടപടിയെടുക്കാത്തതിനാൽ പ്രക്ഷേഭവുമായി മുന്നോട്ട് പോകും. ഹെഡ്ഗേവാറിനെ അപമാനിച്ചതിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് വിട്ടു നൽകിയ സംഭവം: പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും ആവശ്യം നിരാകരിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന് ശേഷം തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്. എന്നാൽ ഹർജിയിൽ നേരത്തെ തന്നെ അപ്പീൽ പോയിരുന്നതിനാൽ റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് ഹർജി നിരസിച്ചത്. എം എം ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ കൈവശമാണ് ഉള്ളത്.

കൃഷ്ണവിഗ്രഹത്തില്‍ കടലാസ് മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു… ജസ്‌ന സലീമിനെതിരെ കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീമിനെതിരേ കേസെടുത്ത് പൊലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ കടലാസ് മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞമാസം ക്ഷേത്രത്തിലെ ഉത്സവസമയത്ത് നടന്ന സംഭവത്തിൽ ഗുരുവായൂർ‌ ദേവസ്വം നൽകിയ പരാതിയിലാണ് ടെംപിൾ പൊലീസ് കോസെടുത്തത്. കൃഷ്ണഭക്ത എന്ന നിലയില്‍ നേരത്തേ വൈറലായിരുന്നു ജസ്‌ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. അന്ന് നടപ്പുരയിൽ വീഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി നിർദേശം. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു. ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ജസ്ന വീണ്ടും വീഡ‍ിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

പുത്തൻ തെരുവിൽ അടിപ്പാത അനുവദിച്ചില്ലെങ്കിൽ മരണം വരിക്കേണ്ടി വന്നാലും ഹൈവെ ഗതാഗതം സ്തംഭിപ്പിക്കും, ആക്ഷൻ കൺസിൽ

REP IMAGE

കരുനാഗപള്ളി.പുത്തൻ തെരുവിൽ അടിപ്പാത അനുവദിച്ചില്ലെങ്കിൽ മരണം വരിക്കേണ്ടി വന്നാലും ഹൈവെ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ആക്ഷൻ കൺസിൽ. പുത്തൻ തെരുവിൽ ആരംഭിച്ച അനിശ്ചിത കാല സത്യഗ്രഹ സമരത്തിൽ മുഖ്യപ്രഭാഷണം നടത്തി പ്രഖ്യാപിക്കുകയായിരുന്നു ആക്ഷൻ കൺസിൽ രക്ഷാധികാരി അഡ്വ. കെ.പി മുഹമ്മദ് .

നാഷണൽ ഹൈവേ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സമരം ശക്തമാകുന്നതിനാൽ അനിശ്ചിതകാല സമരപ്പന്തൽ പുത്തൻ തെരുവിൽ സി ആർ മഹേഷ് എംഎൽഎ
ഉദ്ഘാടനം ചെയ്തു.
ഇനി വരും തലമുറയ്ക്ക് ആണ് ഇതിൻ്റെ ദുരിതവും ദുഃഖവും ബുദ്ധിമുട്ടും ഏറെ അനുഭവിക്കേണ്ടി വരുന്നത് പുത്തൻ തെരുവിൽ ഉടൻ അടിപ്പാത യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും ജനകീയ സമരം ശക്തമാക്കണമെന്നും അടിപ്പാത നിർമ്മിക്കുന്നത് വരെ ഈ സമരത്തിന് എൻ്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാകും എന്നും
സമരപന്തൽ ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎൽഎ പറഞ്ഞു,

ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ടി. ച്ച് ഷമീർ തോട്ടിൻ്റെ തെക്കതിൽ സ്വാഗതം പറഞ്ഞു.
ആക്ഷൻ കൗൺസിൽ ചെയർമാൻ എ.നാസർ കാട്ടും പുറത്ത് അധ്യക്ഷത വഹിച്ചു.
ശക്തികുളങ്ങര ദേവീക്ഷേത്രം വികസന കമ്മിറ്റി അംഗം സി ചന്ദ്രബാബു,
സി പി എം ജില്ലാ കമ്മിറ്റി അംഗം പി.ബി സത്യദേവൻ,
എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപ്പള്ളി,
ബിജെപി നേതാവ്, വിജയൻ പിള്ള, അഡ്വ: ഷംസുദ്ദീൻ, ഡോ: അനിൽ മുഹമ്മദ്,
ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻമാരായ, ബി കൃഷ്ണകുമാർ,
നാസർ തോപ്പിൽ വടക്കതിൽ ,
കൺവീനറാൻമാരായ
സുധീർ കാട്ടിൽ തറയിൽ, ഇല്യാസ് പോളയിൽ, പഞ്ചായത്ത് അംഗങ്ങളായ
യുസുഫ് കുഞ്ഞ് കൊച്ചയ്യാത്ത്,
അഷറഫ് പോളയിൽ, ഉസൈബ റഷീദ്,
സലീന ജമാൽ, നിസാർ കാഞ്ഞിക്കൽ ,മുസ്ലിംലീഗ് ജില്ലാ ട്രഷറർ എം എ സലാം
എന്നിവർ സംസാരിച്ചു.

കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടിൽ അറിയിച്ചു, പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ നീക്കം

FILE PIC

തിരുവനന്തപുരം. കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടിൽ അറിയിച്ചതിന് പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫഹദിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. ഫഹദ് നിലവിളിച്ചതോടെ വണ്ടിയിൽ എത്തിയവർ രക്ഷപ്പെടുകയായിരുന്നു. ആറു പേർ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് വിവരം

ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ക്കാരൻ മരിച്ചു

ചാത്തന്നൂർ: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ക്കാരൻ മരിച്ചു. പാരിപ്പള്ളി കുളമട ശ്യം നിവാസിൽ മുരളീധരൻ പിള്ള (62) യാണ് മരിച്ചത്. ഇന്നലെ
വൈകുന്നേരം മൂന്ന് മണിയോടുകൂടി കുളമട ഭാഗത്ത് നിന്നും വേളമാനൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ലോറിയും എതിർ ദിശയിൽ വന്ന സ്കൂട്ടറും തമ്മിൽ പാരിപ്പള്ളി എള്ളുവിള ജംഗ്ഷന് സമീപത്തുവച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരളിധരനെ നാട്ടുകാർ
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു വെങ്കിലും മരിച്ചിരുന്നു. പാരിപ്പള്ളി പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

ഒബിസി വിഭാഗത്തിന് 51% സംവരണം നൽകാൻ കന്നട ജാതി സെൻസസിൽ ശുപാർശ

ബംഗളുരു.കർണാടകയിലെ ജാതി സെൻസസിലെ വിവരങ്ങൾ പുറത്ത്. സംസ്ഥാനത്തെ 94 ശതമാനം പേരും എസ് സി എസ് ടി, ഒ ബി സി വിഭാഗങ്ങളിൽ പെട്ടവർ. ഒന്നരക്കോടിയിലധികം പേർ എസ് സി, എസ് ടി വിഭാഗത്തിൽ പെട്ടവർ. 75 ലക്ഷം മുസ്ലീങ്ങൾ ഒബിസി വിഭാഗത്തിൽ പെട്ടവർ. ജനറൽ വിഭാഗത്തിൽ പെട്ടവർ 30 ലക്ഷത്തിൽ താഴെ. ഒബിസി വിഭാഗത്തിന് 51% സംവരണം നൽകാൻ ജാതി സെൻസസിൽ ശുപാർശ. റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യാൻ 17 ന് മന്ത്രിസഭാ യോഗം