22.9 C
Kollam
Wednesday 24th December, 2025 | 07:20:57 AM
Home Blog Page 1152

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ ‘സ്നേഹക്കൂട് -25’ മെയ്‌ 3 ന്

തിരുവനന്തപുരം:കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുംനൈ തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്നേഹക്കൂട് -25’ മെയ് 3 -ന് ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ ഐ എം ജി ഡയറക്ടർ ഡോ കെ ജയകുമാർ ഉദ്‌ഘാടനം ചെയ്യും.

പ്രസിഡന്റ് ടി എം മാത്യു അധ്യക്ഷനാകുന്ന ‘ഓർമ്മക്കളം’ വേദിയിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ, കോളേജ് പ്രിൻസിപ്പൽ ഡോ ജോർജ് കെ അലക്സ്, വിക്ടർ ടി തോമസ് കോഴഞ്ചേരി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.

കോളേജിന്റെ പൂർവ വിദ്യാർഥികളായ മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ടി കെ എ നായർ, മുൻ മേയർ കെ ചന്ദ്രിക, സാഹിത്യകാരൻ കെ പി ഗോപാലകൃഷ്ണൻ, ഡോ രാജൻ വർഗീസ്, സ്പോർട്സ് രംഗത്ത് പ്രതിഭ തെളിയിച്ച റിട്ട. ഡി വൈ എസ് പി അലക്സ്‌ എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിക്കും.

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ അലുംനൈ അംഗങ്ങളും , അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന ഈ അനുപമ ‘സ്നേഹക്കൂടിൽ’ സൗഹൃദ സല്ലാപം, കലാ-സാംസ്കാരിക – വിനോദ പരിപാടികൾ, ‘ഓർമ്മപ്പൂക്കൾ’ എന്ന സ്മരണികയുടെ പ്രകാശനം തുടങ്ങിയവ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ജനറൽ കൺവീനർ ടി ജെ മാത്യു (8592020735), സെക്രട്ടറി വിൽ‌സൺ ടി തോമസ് (9847533055) എന്നിവരുമായി ബന്ധപ്പെടാം.

കുടിവെള്ളവിതരണം മുടങ്ങും

എന്‍.എച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ചാത്തന്നൂര്‍, മീനാട്, ചിറക്കര, കൊട്ടിയം, പൂതക്കുളം, മയ്യനാട്, പറവൂര്‍, ഇരവിപുരം, വടക്കേവിള   ഭാഗങ്ങളില്‍  ഏപ്രില്‍ 28 മുതല്‍ മെയ് ഒന്നുവരെ   ജിക്ക മീനാട് കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജല വിതരണം തടസപ്പെടുമെന്ന്  വാട്ടര്‍ അതോറിറ്റി  വാളകം സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം…  48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കണം

സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം. 221 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയാണ് (എഎംവിഐ) സ്ഥലം മാറ്റി ഉത്തരവിറക്കിയത്. 48 മണിക്കൂറിനുള്ളിൽ എല്ലാവരോടും പുതിയ സ്ഥലത്ത് ചുമതലയേൽക്കാനാണ് ഉത്തരവ്.
എന്നാൽ ഈ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. വകുപ്പിൽ ജനറൽ ട്രാൻസ്ഫർ വരുന്നതിന് മുൻപ്പ് ചട്ടവിരുദ്ധമായാണ് എഎംവിഐമാരെ ഇപ്പോൾ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. അതേസമയം, കോടതി ഉത്തരവ് പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്ന് ഗതാഗത കമ്മീഷണറും വ്യക്തമാക്കി.

പുഴയരികിൽ നടക്കാനിറങ്ങിയപ്പോൾ അപകടം: പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫർഹത്തിനെ (15) നാട്ടുകാർ രക്ഷപ്പെടുത്തി.
ഫാത്തിമയും ഫർഹത്തും രാവിലെ പുഴയരികിൽ നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയ്ക്ക് സമീപത്തുള്ള ഒരു പാറക്കെട്ടിൽ വിശ്രമിക്കാനായി ഫാത്തിമയും ഫർഹത്തും കയറി. തുടർന്ന് ഇരുവരും കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഫർഹത്തിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി.

രണ്ടുമണിക്കൂറോളം ഫാത്തിമയ്ക്ക് വേണ്ടി തിരച്ചിൽ നടത്തി. ഒടുവിൽ ഫയർഫോഴ്സിന്റെ സ്കൂബ സംഘം എത്തിയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.

മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം

മാർപാപ്പയ്ക്ക് വിട നൽകാൻ ലോകം
——-
-സംസ്കാരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന്

– കർദിനാൾ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ

– മൃതദേഹം വിലാപയാത്രയായി സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നിന്ന് റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലേക്ക് കൊണ്ടുപോകും

– വിക്ടർ ഇമ്മാനുവേൽ പാലം , വെനീസ് ചത്വരം എന്നിവിടങ്ങളിലൂടെ വിലാപയാത്ര കടന്നു പോകും

– കനത്ത സുരക്ഷയൊരുക്കി വത്തിക്കാൻ

– 170 ലോകനേതാക്കൾ പങ്കെടുക്കും

‘വീര രാജ വീര’ എന്ന ഗാനം കോപ്പിയടി: എ. ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവർ 2 കോടി കെട്ടി വയ്ക്കാൻ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: 2023 ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്ന സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. പ്രതികള്‍ കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി റഹ്മാനും മറ്റ് പ്രതികളും നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി വിധിച്ചു.

റഹ്മാനും സിനിമയുടെ നിര്‍മ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കും ഏതിരെ ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് കേസ് നല്‍കിയത്. ജൂനിയര്‍ ഡാഗര്‍ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എന്‍ aഫയാസുദ്ദീന്‍ ഡാഗറും, ഉസ്താദ് സാഹിറുദ്ദീന്‍ ഡാഗറും ചേര്‍ന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എ.ആര്‍. റഹ്മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ പറയുന്നത്. ഈ കേസിലാണ് കോടതിയുടെ വിധി.

ചരിത്രപണ്ഡിതൻ ഡോ.എം ജി എസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: കേരള ചരിത്രത്തിൽ നിർണ്ണായക കണ്ടെത്തലുകൾ നടത്തിയ ചരിത്രപണ്ഡിതൻ ഡോ.എം ജി എസ് നാരായണൻ വിടവാങ്ങി. 92 വയസ്സായിരുന്നു. രാവിലെ 9.42കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.
1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. ദേശീയമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന ചുരുക്കം ചില തെന്നിന്ത്യൻ ചരിത്രകാരന്മാരിൽ ഒരാളാണ് എം. ജി.എസ് പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ചരിത്രത്തിലെ കേരള ചരിത്രത്തിലെ പണ്ഡിതനാണ് അദ്ദേഹം. പുരാതന ഇന്ത്യൻ ചരിത്രത്തിലെ ഒരു സ്പെഷ്യലിസ്റ്റ് കൂടിയാണ് അദ്ദേഹം. എം. ജി. എസ്. പുരാതന ഇന്ത്യൻ ലിപികൾ (ബ്രാഹ്മി, ഗ്രന്ഥം എന്നിവ) പഠിക്കുകയും തമിഴ്, ക്ലാസിക്കൽ സംസ്കൃതം എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ കൊടുങ്ങല്ലൂരിൽ (1969–70) പുരാവസ്തു ഗവേഷണങ്ങളിൽ നിരീക്ഷകനായി പങ്കെടുത്തു. കേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങളും അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചു. കോമൺ‌വെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്കൂൾ ഓഫ് ഓറിയന്റൽ, ആഫ്രിക്കൻ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ (1974 –75); വിസിറ്റിംഗ് ഫെലോ, മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകൾ (1991); വിസിറ്റിംഗ് റിസർച്ച് പ്രൊഫസർ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബർ സെക്രട്ടറിയായും (1990–92) ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും (2001–03) സേവനമനുഷ്ഠിച്ചു. പെരുമാൾസ് ഓഫ് കേരള (1972) – പലപ്പോഴും എം. ജി. എസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കപ്പെടുന്നു – കേരളത്തിന്റെ ചരിത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. പെരുമാളുകളെക്കുറിച്ചുള്ള പഠനത്തിലൂടെ എം. ജി. എസ് നിർമ്മിച്ച “ബ്രാഹ്മണ പ്രഭുവർഗ്ഗ മാതൃക”, മധ്യകാല ദക്ഷിണേന്ത്യയിലെ സംസ്ഥാന രൂപീകരണത്തിന്റെ സാധാരണ മാതൃകകൾക്ക് പുറത്തുള്ള വ്യാപകമായി അംഗീകരിക്കപ്പെട്ട സംസ്ഥാന രൂപീകരണ മാതൃകയാണ്. മധ്യപ്രദേശിലെ സാഞ്ചിയിൽ നിന്നുള്ള മൗര്യ ഭരണാധികാരി ബിന്ദുസാരയുടെ ഒരു ശകലം ലിഖിതം അദ്ദേഹം “ആകസ്മികമായി” കണ്ടെത്തി പ്രസിദ്ധീകരിച്ചു. 2018 ഏപ്രിലിൽ എം. ജി. എസ്. തന്റെ സ്വകാര്യ ലൈബ്രറി കാലിക്കട്ട് സർവകലാശാലയിലെ ചരിത്ര വകുപ്പിന് കൈമാറി. എം. ജി. എസിന്റെ ആത്മകഥ 2018 ഡിസംബറിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ചരിത്രപണ്ഡിതനായ ഡോ. എം. ഗംഗാധരൻ എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌.

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. 

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അനധികൃത സ്വത്ത് സമ്പാദനം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി   കെ എം എബ്രഹാമിനെതിരെ കേസ്സെടുത്ത് സിബിഐ

കൊച്ചി: മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസ്സെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ കൊച്ചി യൂണിറ്റ് കേസ് എടുത്തത്.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിൽ ഇരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. സംസ്ഥാന വിജിലൻസ് കെ എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം.