22.9 C
Kollam
Wednesday 24th December, 2025 | 03:04:58 AM
Home Blog Page 1150

ചൂടിനെ തുരത്താന്‍ ഇവ കുടിക്കാം… ഇവ ഒഴിവാക്കാം…..

ദിനം പ്രതി ചൂട് വര്‍ദ്ധിക്കുകയാണ്. അസഹ്യമായ ചൂടില്‍ നിന്ന് രക്ഷ നേടാനും ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ സുപ്രധാനം ആഹാരക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ്. ദഹിക്കാന്‍ എളുപ്പമുളള ലഘുവായ ആഹാരങ്ങള്‍ കഴിക്കുകയെന്നതുപോലെ തന്നെ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്.

ചൂടിനെ തുരത്താന്‍ ഇവ കുടിക്കാം

ചൂടിനെ നേരിടാനും ശരീരം തണുപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പല തരത്തിലുള്ള പാനീയങ്ങള്‍ നാം തയ്യാറാക്കാറുണ്ട്. മണ്‍പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ചൂടുകാലത്ത് അത്യുത്തമമാണ്. നന്നാറി, കൊത്ത മല്ലി, കരിങ്ങാലി, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം. നേര്‍പ്പിച്ച പാല്‍, കഞ്ഞി വെള്ളം, ഫ്രൂട്ട് ജ്യൂസുകള്‍ എന്നിവയും ഫലപ്രദമാണ്.

ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്‍, മുന്തിരി, മാമ്പഴം, നാരങ്ങ, മാതളം തുടങ്ങിയ പഴവര്‍ഗങ്ങളും അവയുടെ ജ്യൂസുകളും ആരോഗ്യദായകമാണ്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന നാരങ്ങവെള്ളം വളരെ ഗുണകരമാണ്. നാരങ്ങാവെള്ളത്തില്‍ ഒരുനുള്ള് ഉപ്പുകൂടി ചേര്‍ത്തു കുടിച്ചാല്‍ ലവണ നഷ്ടം തടയാനും പേശികളുടെ കോച്ചിവലിച്ചില്‍, പേശിവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

സംഭാരമാണ് ചൂടിനെ നേരിടാന്‍ ഫലപ്രദമായ മറ്റൊരു പാനീയം. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച തൈരില്‍ പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ചുചേര്‍ത്താല്‍ രുചികരവും ആരോഗ്യപ്രദവുമായിരിക്കും. ദാഹമകറ്റാന്‍ പ്രകൃതി കനിഞ്ഞു നല്‍കുന്ന മായമില്ലാത്ത പാനീയമാണ് കരിക്കിന്‍വെള്ളം. ദാഹമകറ്റാന്‍ മാത്രമല്ല, ശരീരത്തിന് ഗുണകരമായ ധാരാളം ഘടകങ്ങളും ഇതില്‍ നിന്ന് കിട്ടും. കരിക്കിന്‍ വെള്ളത്തില്‍ പൈനാപ്പിള്‍, തണ്ണിമത്തന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങളും ശരീരം തണുപ്പിക്കാന്‍ ഉപകരിക്കും.

ഒഴിവാക്കേണ്ട പാനീയങ്ങള്‍
വേനല്‍ച്ചൂടിനെ മറികടക്കാന്‍ വെള്ളം അനിവാര്യമണെങ്കിലും ചില പാനീയങ്ങള്‍ ഒഴിവാക്കേണ്ടതായുമുണ്ട്. സോഡ അടങ്ങിയ ശീതള പാനീയങ്ങളാണ് അതില്‍ പ്രധാനം. കൃത്രിമ ശീതളപാനീയത്തില്‍ ആവശ്യത്തിനുള്ള ഒരു പോഷകവുമില്ല. ഇവയിലുള്ള അമിത മധുരവും ഊര്‍ജവും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടാനും കുറയാനും കാരണമാകുന്നതിനാല്‍ ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.
ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. ഉപ്പ് ചേര്‍ത്ത പാനീയങ്ങളുടെ അമിത ഉപയോഗവും ദോഷം ചെയ്യും. മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും ഒഴിവാക്കേണ്ടവയാണ്. കൂടാതെ, കുപ്പിവെള്ളം പരമാവധി ഒഴിവാക്കി ശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളം കുടിക്കുന്നതാണ് ഗുണകരം.

പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് കൊല്ലം ബി.ടി.സി… ഏപ്രില്‍ മാസം നേടിയത് 22 ലക്ഷം രൂപ

അവധിക്കാല ഉല്ലാസയാത്രകള്‍ എന്ന പേരില്‍ കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച ബജറ്റ് ടൂറിസം യാത്രകള്‍ ഏപ്രില്‍ മാസത്തില്‍ ഇതുവരെ നേടിയത് 22 ലക്ഷം രൂപ. മുന്‍വര്‍ഷത്തേക്കാള്‍ ട്രിപ്പുകളുടെ എണ്ണത്തിലും കളക്ഷനിലും ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായത്. അവധിക്കാല യാത്രകള്‍ വന്‍ വിജയത്തില്‍ ആയതോടെ കൂടുതല്‍ ട്രിപ്പുകള്‍ ഉള്‍പ്പെടുത്തി കൊല്ലം ബജറ്റ് ടൂറിസം മെയ് മാസ കലണ്ടര്‍ പ്രഖ്യാപിച്ചു.
മെയ് ഒന്നിന് വാഗമണ്‍, റോസ്മല എന്നീ യാത്രകളോടെയാണ് ഉല്ലാസ യാത്രകള്‍ ആരംഭിക്കും. ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉള്‍പ്പെടെ 1020 രൂപയാണ് നിരക്ക്. റോസ്മല, തെ•ല, പാലരുവി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റോസ്മലയാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. ഒന്നാം തീയതി കൂടാതെ മെയ് 18,31 എന്നീ ദിവസങ്ങളിലും വാഗമണ്‍ യാത്ര ഉണ്ടായിരിക്കും. മെയ് മൂന്നിനും 24 നും ചാര്‍ട്ട് ചെയ്തിട്ടുള്ള ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറ യാത്ര രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച രാത്രി 10.30 ന് മടങ്ങിയെത്തും. 820 രൂപയാണ് നിരക്ക്. മെയ് നാലിന് നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര, മലയാറ്റൂര്‍ തീര്‍ത്ഥാടനം എന്നിവ ഉണ്ടായിരിക്കും. അഞ്ചുമണിക്കൂര്‍ അറബിക്കടലില്‍ ചുറ്റി കറങ്ങാനുള്ള അവസരം ഒരുക്കുന്ന യാത്രക്ക് കപ്പല്‍ എന്‍ട്രി ഫീ, ഗാനമേള, പലതരം ഗെയിമുകള്‍, ബുഫൈ ഡിന്നര്‍, മറ്റ് ആക്ടിവിറ്റീസ്, കെഎസ്ആര്‍ടിസി ബസ് ഫെയര്‍ എന്നിവ ഉള്‍പ്പെടെ 4240 രൂപയാണ് ചാര്‍ജ്. 5-10 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് 1950 രൂപ ആണ് നിരക്ക്. മെയ് നാല് കൂടാതെ മെയ് 25നും കപ്പല്‍ യാത്ര ഉണ്ടായിരിക്കും..
ഭരണങ്ങാനം അല്‍ഫോന്‍സാമ്മ കബറിടം, വഴി മലയാറ്റൂറിന് പോകുന്ന തീര്‍ത്ഥാടന യാത്ര രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച് പത്തുമണിക്ക് മടങ്ങിയെത്തും 850 രൂപയാണ് നിരക്ക്. മെയ് ഏഴ്, 23 എന്നീ ദിവസങ്ങളില്‍ ഗവി ട്രിപ്പ് ഉണ്ടായിരിക്കും ബോട്ടിംഗ്, പ്രവേശനഫീസുകള്‍, ഗവി ഗൈഡ് ഫീസ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 1750 രൂപയാണ് നിരക്ക്.
മെയ് ഏഴിന് വൈകിട്ട് ഏഴിന് കണ്ണൂര്‍ കാഴ്ചകള്‍ എന്ന പേരിട്ടിരിക്കുന്ന കണ്ണൂര്‍ – കോഴിക്കോട് യാത്ര ആരംഭിക്കും. പാപ്പിനിശ്ശേരി, പൈതല്‍മല, പാലക്കയം തട്ട്, പെറ്റ് സ്റ്റേഷന്‍, പയ്യാമ്പലം, തെയ്യക്കാഴ്ചകള്‍, ബേപ്പൂര്‍ ബീച്ച് മിട്ടായിത്തെരുവ് എന്നിവ ഉള്‍പ്പെടുന്ന യാത്രയ്ക്ക് 2800 രൂപയാണ് നിരക്ക്.
മെയ് 10ന് മൂന്ന് യാത്രകള്‍ ഉണ്ടായിരിക്കും മാംഗോ മെഡോസ്, രാമക്കല്‍മേട്, പൊ•ുടി. ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്ക് എന്ന് അറിയപ്പെടുന്ന മാന്‍ഗോ മെഡോസ് യാത്രയ്ക്ക് 1790 രൂപയാണ് നിരക്ക്. രണ്ടു നേരത്തെ ഭക്ഷണം, പാര്‍ക്ക് എന്‍ട്രി ഫീ, പാര്‍ക്കിലെ ബോട്ടിംഗ്, ത്രീഡി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ റൈഡുകളുടെയും എന്‍ട്രി ഫീ എന്നിവ ഉള്‍പ്പെടുന്ന യാത്ര രാവിലെ 5.30ന് കൊല്ലത്ത് നിന്ന് ആരംഭിക്കും.. രാമക്കല്‍മേട് യാത്രക്ക് 1030 രൂപയാണ് നിരക്ക്. രാവിലെ അഞ്ചുമണിക്ക് പുറപ്പെടുന്ന യാത്ര അയ്യപ്പന്‍കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട് രാമക്കല്‍മേട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മെയ് 11 മൂന്നാര്‍ യാത്രയ്ക്ക് 2380 രൂപയാണ് നിരക്ക്. എസി ഡോര്‍മെറ്ററി താമസം, ജീപ്പ് സഫാരി, ഒരുനേരത്തെ ഉച്ചഭക്ഷണം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. മെയ് 11 ന്റെ സ്നോ പാര്‍ക്ക് ട്രിപ്പ് യാത്രികര്‍ക്ക് ഒരു പുതിയ അനുഭവമാകും. പാര്‍ക്ക് എന്‍ട്രി, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2520 രൂപയാണ് നിരക്ക്
മെയ് 11ന്റെ ശിവക്ഷേത്രങ്ങള്‍ രാവിലെ അഞ്ചിന് ആരംഭിച്ച് 10 മണിക്ക് മടങ്ങി എത്തും. ആലുവ ശിവ ക്ഷേത്രം, ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, തിരുനക്കര, ചെങ്ങന്നൂര്‍ ശിവക്ഷേത്രങ്ങള്‍ എന്നിവിടങ്ങള്‍ ആണ് സന്ദര്‍ശിക്കുക. മെയ് 15ന്റെ സൈലന്റ് വാലി രാത്രി 10ന് പുറപ്പെട്ട് 17ന് രാത്രി മടങ്ങിയെത്തും സൈലന്റ് വാലി കൂടാതെ മലമ്പുഴ, കല്‍പ്പാത്തി, പാലക്കാട് കോട്ട, വരിക്കാശ്ശേരി മന, കുഞ്ഞന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളും സന്ദര്‍ശിക്കും. നിരക്ക് 3080 രൂപ. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409, 7592928817

റീല്‍സ് മത്സരം; സമ്മാനങ്ങള്‍ നേടാം

മാറിയ കേരളം എന്ന വിഷയത്തില്‍ ചുറ്റുംകണ്ട, അനുഭവിച്ചറിഞ്ഞ നാടിന്റെ വികസനകാഴ്ചകള്‍, കാഴ്ചക്കാരിലേക്ക് രസകരമായി എത്തിക്കുന്ന പരമാവധി ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കി സമ്മാനങ്ങള്‍ നേടാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അവസരം ഒരുക്കുന്നു. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രം തുടങ്ങിയ മാധ്യമങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനാകും വിധത്തിലുള്ള, നിലവാരമുള്ളവയാണ് നിര്‍മിക്കേണ്ടത്. ഇതിനകം പുറത്തിറങ്ങിയിട്ടുള്ള ആശയങ്ങളുടെ പകര്‍പ്പാകരുത്. മൗലികമായ സൃഷ്ടികളാണ് സമര്‍പിക്കേണ്ടത്. സ്വന്തം ക്യാമറയില്‍ (ഫോണ്‍/വിഡിയോ ക്യാമറ) ചിത്രീകരിച്ചവയാകണം. ഫയല്‍ ഫുട്ടേജുകള്‍ ഉപയോഗിക്കരുത്. പരസ്യചലച്ചിത്രങ്ങളുടെ മാതൃകയിലും റീലുകള്‍ തയ്യാറാക്കാം. ഒരാള്‍ ഒന്നുമാത്രമാണ് അയക്കേണ്ടത്. ഏതുപ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. റീലുകള്‍ reelkeralaprd2025@gmail.com ഇ-മെയിലിലേക്ക് വി-ട്രാന്‍സ്ഫര്‍ മുഖേന അയക്കണം. അവസാന തീയതി മെയ് രണ്ട്.

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, അവര്‍ അത് രേഖപ്പെടുത്തി. എന്നാല്‍ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയില്ല. ഇത്തരം പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വിണാ വിജയന്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണയുടെ പ്രതികരണം.
‘വീണയുടെ മൊഴി’- എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ വീണയുടെ ഭര്‍ത്താവും മന്ത്രി പി എ മുഹമ്മദ് റിയാസും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് മൊഴി നല്‍കിയ ആളുമായി സംസാരിച്ചപ്പോള്‍ മനസിലായതെന്ന് മന്ത്രി പറഞ്ഞു.’അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍ നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാര്‍ത്താക്കുന്ന സ്ഥിതി വന്നാല്‍ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല’- മന്ത്രി റിയാസ് പറഞ്ഞു.

എമ്പുരാനെയും കടത്തിവെട്ടി ‘തുടരും’

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘തുടരും’ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ ഞെട്ടിക്കുന്ന ബുക്കിങ്ങാണ് ചിത്രത്തിന് വിവിധ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പുകളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത ശേഷം, ബുക്ക്മൈഷോ വഴിയുള്ള ആദ്യ ദിവസത്തെ ബുക്കിങ്ങില്‍ മലയാളസിനിമയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തുടരും.

428.66 K ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. എമ്പുരാന്‍ റിലീസിന് ശേഷം 381 K ആയിരുന്നു വിറ്റത്. വമ്പന്‍ ഹൈപ്പിലും വലിയ ബജറ്റിലും പാന്‍ ഇന്ത്യന്‍ പ്രമോഷനുമായി എത്തിയ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും ബുക്ക് മൈഷോയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം എല്ലാ കോണുകളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ നേടിയതോടെ വലിയ കുതിപ്പാണ് തിയേറ്ററില്‍ നടത്തുന്നത്.

ഫയര്‍ ആന്റ് റസ്‌ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ നിയമിച്ചു

തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയര്‍ ആന്റ് റസ്‌ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ നിയമിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.

ആറാട്ടണ്ണന്‍ റിമാന്‍ഡില്‍

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സന്തോഷ് വര്‍ക്കിയെ (ആറാട്ടണ്ണന്‍) റിമാന്‍ഡ് ചെയ്തു. കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.
നേരത്തെ നടി ഉഷ ഹസീനയും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. ആലപ്പുഴ ഡിവൈഎസ്പിക്കായിരുന്നു ഉഷ ഹസീന പരാതി നല്‍കിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണ് എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം.

നടപ്പാലം തകര്‍ന്ന് വീണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

പത്തനാപുരം: നടപ്പാലം തകര്‍ന്ന് വീണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പിറവന്തൂര്‍ പഞ്ചായത്തില്‍ കിഴക്കേമുറി വാര്‍ഡില്‍ നാരാങ്ങാപ്പുറത്ത് ഏലാ തോടിന് കുറുകെയുള്ള ചെറിയ പാലമാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം.
തോടിന്റെ നവീകരണപ്രവര്‍ത്തികള്‍ നടന്നുവരികയായിരുന്നു. ഇതിനിടെ മറുകരയിലേക്ക് പോകാനായി തൊഴിലാളികള്‍ പാലത്തിലേക്ക് കയറി.ഒരുമിച്ച് ആളുകള്‍ കയറിയതോടെ പാലം തകര്‍ന്നു. ആറ് തൊഴിലാളികള്‍ തോട്ടിലേക്ക് വീണ് പരിക്കേറ്റു. ഓടികൂടിയ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തോട്ടില്‍ വീണു കിടന്നവരെ രക്ഷപ്പെടുത്തിയത്.കിഴക്കേമുറി സ്വദേശികളായ രാജി (33), അമ്പിളി (43), ബിന്ദു (45), സത്യഭാമ (65), ബിന്ദു മുളവക്കുളം (45), ഉഷ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നക്ഷത്ര സത്ര ഇഷ്ടി യാഗത്തിന് തുടക്കമായി

കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തില്‍ നടക്കുന്ന നക്ഷത്ര സത്ര ഇഷ്ടി യാഗത്തിന് ഇന്നലെ ഭക്തിനിര്‍ഭരമായ തുടക്കമായി. ശ്രീ രാമചന്ദ്ര വൈദിക പീ
ഢത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് മൂന്നുവരെയാണ് യാഗം നടക്കുന്നത്.
മുടപ്പിലാപ്പിള്ളമഠം വാസുദേവ സോമയാജിപ്പാടിന്റെ മഠത്തില്‍ നിത്യം അഗ്നി ജ്വലിക്കുന്ന ഹോമകുണ്ഡത്തില്‍നിന്ന് മുഖ്യ ഋതിക് ഗണേഷ് ഗോകലേക്കര്‍ യാഗാഗ്നി തയ്യാറാക്കി ഹോമകുണ്ഡത്തിലേയ്ക്ക് പകര്‍ന്നതൊടെ യാഗത്തിന് തുടക്കമായി. 27 നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന യാഗമാണ് ഇത്. മുടപ്പിലാപ്പിള്ളി മഠം വാസുദേവ സോമയാജിപ്പാടും, സ്മിത പത്തനാടിയുമാണ് യാഗ യജമാനന്മാര്‍. ഗോകര്‍ണ്ണം നിശ്വനാഥ് ശര്‍മ്മ, മന്ദര്‍ശര്‍മ്മ, രവി ശര്‍മ്മ, ചൈതന്യ ശര്‍മ്മ, ഗണപതി ശര്‍മ്മ എന്നിവര്‍ ഉപഋതുക്കളുമാണ്.

കേരളപുരം ഷാജില വധക്കേസ്; പ്രതിഭാഗം തെളിവെടുപ്പ് ആരംഭിച്ചു

കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രോസിക്യൂഷന്‍ ഭാഗം തെളിവെടുപ്പ് പൂര്‍ത്തിയായി. കേരളപുരം കരിമ്പിന്‍ കരയില്‍ വീട്ടിലെ ഷാജില (42) യെ ആണ് അനീഷ്‌കുട്ടി എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
ഷാജിലയുടെ മകനെയും രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിച്ചു. 2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസില്‍ മകളെ കയറ്റിവിട്ട ശേഷം തിരികെ വീട്ടിലേക്ക് നടന്നുവരവെ പ്രതി ഷാജിലയെ തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 40 സാക്ഷികളെ വിസ്തരിച്ചു. 68 രേഖകളും 13 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കേസില്‍ പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിഭാഗം തെളിവിനായി കേസ് അവധി വെച്ചിരിക്കുകയാണ്. വിസ്താരം 29ന് പൂര്‍ത്തിയാകും.
കൊല്ലം 5 അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് മുന്‍ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ആര്‍ സേതുനാഥും പബ്ലിക് പ്രോസിക്യൂട്ടര്‍ ജയകമലാസനനുമാണ് ഹാജരാകുന്നത്.