Home Blog Page 1146

തിരുവനന്തപുരം നോർത്ത് – മംഗലാപുരം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു; ശാസ്താംകോട്ടയിലും സ്റ്റോപ്പ്

ശാസ്താംകോട്ട:വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം ജംഗ്ഷൻ വരെ കോട്ടയം വഴി 16 ജനറൽ കോച്ചുകളുള്ള വീക്കിലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. നിലവിൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചുകളാണ് ഒഴിവ് ദിവസങ്ങളിൽ കോട്ടയം വഴി സർവീസിനായി ഉപയോഗിക്കുന്നത്.

ട്രെയിനിലെ മുഴുവൻ കോച്ചുകളും ജനറൽ കമ്പാർട്ട്മെന്റുകളാണ്.നിലവിലെ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ തിങ്കളാഴ്ചകളിൽ വൈകിട്ട് 5.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ 6.50ന് മംഗലാപുരം ജംഗ്ഷനിൽ എത്തും.തിരിച്ചുള്ള സർവീസ് ചൊവ്വാഴ്ച വൈകിട്ട് 6ന് ആരംഭിച്ച് ബുധനാഴ്ച പുലർച്ചെ 6.35ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.മാവേലിക്കര മണ്ഡലത്തിലെ ശാസ്താംകോട്ട,മാവേലിക്കര, ചെങ്ങന്നൂർ,ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.ശാസ്താംകോട്ട സ്റ്റേഷനിൽ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് എം.പി പറഞ്ഞു.മെയ്-ജൂൺ മാസങ്ങളിലായി ആകെ ആറു സർവീസുകൾക്കാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്.യാത്രക്കാരുടെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കി ഈ സർവീസ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്ഥിരമാക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങൾ എം.പി കൈമാറിയിട്ടുണ്ട്.യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ആവശ്യം പരിഗണിച്ചാണ്
കൊടിക്കുന്നിൽ വിഷയത്തിൽ ഇടപെട്ടത്. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് നേരത്തെ ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു . 24-ാം തീയതി മധുരയിൽ ചേർന്ന സതേൺ റെയിൽവേ ജനറൽ മാനേജറുമായുള്ള യോഗത്തിൽ ജനറൽ മാനേജർ ആർ എൻ സിങ്ങിനോട്‌ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് എംപി ആവശ്യപ്പെത്തിന്റെ അടിസ്ഥാനത്തിലാണ് വളരെ വേഗത്തിൽ തന്നെ സർവീസ് അനുവദിച്ചുകൊണ്ട് റെയിൽവേ തീരുമാനം കൈക്കൊണ്ടത്.

കുന്നത്തൂരില്‍ വൃദ്ധയെ ആക്രമിച്ച ശേഷം മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവം; പോലീസ് ഇരുട്ടില്‍ തപ്പുന്നതായി പരാതി

കുന്നത്തൂർ:കുന്നത്തൂർ പനന്തോപ്പിൽ ബൈക്കിൽ എത്തിയ സംഘം വയോധികയുടെ കഴുത്തിൽ കിടന്ന മാല കവർന്ന സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടും പ്രതികളെ കണ്ടെത്താൻ ശാസ്താംകോട്ട പോലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് പരാതി.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.പനന്തോപ്പ് ഗുരുമന്ദിരത്തിൽ ഭാഗവതപാരായണത്തിന് പോകുകയായിരുന്ന കുന്നത്തൂർ പടിഞ്ഞാറ് പനന്തോപ്പ് അംബികാലയത്തിൽ കോമളവല്ലിയുടെ (80) 28 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയാണ് കവർന്നത്.ഇവരുടെ പിന്നിലൂടെ ബൈക്കിൽ എത്തിയ ഹെൽമറ്റ്ധാരികളായ മോഷ്ടാക്കൾ ആരുടെയോ വീട് ചോദിച്ചു.മറുപടി നൽകവേ വൃദ്ധയെ കഴുത്തിൽ അമർത്തുകയും കൈകളിലടക്കം ഉപദ്രവിക്കുകയും ചെയ്ത ശേഷം
മാല പൊട്ടിച്ചു ബൈക്കിൽ ചീറി പോകുകയായിരുന്നു.കഴുത്തിനും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു.ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.വൈകിട്ട് പോലീസ് അറിയിച്ചതനുസരിച്ച് മകനൊപ്പം ശാസ്താംകോട്ടയിലെത്തി പരാതിയും നൽകി.എന്നാൽ പ്രദേശത്തെ നിരീക്ഷണ ക്യാമറ പോലും പരിശോധിക്കാൻ പോലീസ് തയ്യാറായില്ലെന്നും വിവരം തിരക്കുമ്പോൾ
അന്വേഷണം നടക്കുകയാണെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നു പരതിയുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. എയര്‍പോര്‍ട്ട് മാനേജരുടെ മെയിലിലേക്കായിരുന്നു സന്ദേശം വന്നത്.
നഗരത്തിലെ ബോംബ് ഭീഷണിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം തേടും. വിവരങ്ങള്‍ നല്‍കാന്‍ മൈക്രോസോഫ്റ്റ്‌നോട് ആവശ്യപ്പെടും. റെയില്‍വേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പ്രത്യേക പരിശോധന നടത്തും. ബോംബ് ഭീഷണിയില്‍ നഗരത്തില്‍ ഇതുവരെ ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.


അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

കാശ്മീരിൽ സാമൂഹ്യപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് ഭീകരര്‍

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെ സാമൂഹ്യപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് ഭീകരര്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് 45-കാരനായ ഗുലാം റസൂല്‍ മാഗ്രെയെ ഭീകരര്‍ വെടിവെച്ചു കൊന്നത്. കാണ്ടി ഖാസിലുളള വീട്ടില്‍ വെച്ചാണ് ഗുലാം റസൂല്‍ മാഗ്രെയ്ക്ക് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കൊല്ലം ലോകസഭാ മണ്ഡലത്തിലെ 27 റോഡുകള്‍ക്ക് അനുമതി

പി.എം.ജി.എസ്.വൈ-4 ല്‍ ഉള്‍പ്പെടുത്തി കൊല്ലം ലോകസഭാ മണ്ഡലത്തിലെ 26.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 27  റോഡുകള്‍ക്ക്  നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റിയുടെ അനുമതി ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ആദ്യഘട്ടമായി 27 റോഡുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നും 73 റോഡുകളാണ് അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്. പി.എം.ജി.എസ്.വൈ പുതുക്കിയ മാനദണ്ഡ പ്രകാരം പരിശോധന നടത്തിയതില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റി 46 റോഡുകളുടെ പട്ടിക സംസ്ഥാനത്തിന് തിരികെ നല്‍കിയിട്ടുണ്ട്. വ്യക്തത വരുത്തി സംസ്ഥാനം തിരിച്ചയയ്ക്കുന്ന മുറയ്ക്ക് വീണ്ടും അവ പരിഗണിക്കും. കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ മുഖവിലയ്ക്കെടുത്ത് പി.എം.ജി.എസ്.വൈ റോഡ് വികസനം പരിഗണിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ല. അവശേഷിക്കുന്ന റോഡുകള്‍ക്ക് കൂടി അനുമതി ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

ആദ്യഘട്ടമായി അനുവദിച്ച റോഡുകള്‍ അഞ്ചല്‍ ബ്ലോക്കില്‍ ചെറുകര ഐ.ഇ ട്രാന്‍സ്ഫോര്‍മര്‍ റോഡ്, ചടയമംഗലം ബ്ലോക്കില്‍ അഴത്തക്കുഴി-അമ്മനംകോട്-മുരുക്കുമണ്‍ റോഡ്, കോവൂര്‍ മുണ്ടമാവിള റോഡ്, വാലിയോട് – മുക്കാവിള റോഡ്, ഈയ്യക്കോട് ഹെല്‍ത്ത് സെന്‍റര്‍ ഈയ്യക്കോട് കുമ്പളം റോഡ്, കണ്ണംങ്കോട്-ചാരയം റോഡ്, കാക്കത്തുപച്ച-മുല്ലക്കര റോഡ്, ആലുംമൂട് മൊട്ടുര്‍കുന്ന് അംഗന്‍വാടി റോഡ്, മൊട്ടുര്‍കുന്ന് കൊടിവിള മങ്കോണം ഏലാ റോഡ്, മുരുക്കുമണ്‍ ആലയില്‍- ഇടത്തറ റോഡ്, ഓട്ടുമല എല്‍.പി.എസ് ഖാദി ജംഗ്ഷന്‍ റോഡ്, അഞ്ചുമുക്ക് ഏലാ റോഡ്, ഈയ്യക്കോട് ഹെല്‍ത്ത് സെന്‍റര്‍ മങ്കുഴി കൊച്ചുകുന്ന് റോഡ്, താന്നിമൂട്-ഓട്ടുകുഴി റോഡ്, കുമ്മിള്‍ ജംഗ്ഷന്‍ കൊട്ടുവിരത്തില്‍ പുതുപ്പള്ളി തെറ്റിമുക്ക് റോഡ്.

ഇത്തിക്കര ബ്ലോക്കില്‍ ലോര്‍ഡ് കൃഷ്ണ സ്കൂള്‍ മീനാട് റോഡ്, ചിറക്കര ക്ഷേത്രം ചിറക്കരത്താഴം കനാല്‍ റോഡ്, ലോര്‍ഡ് കൃഷ്ണ സ്കൂള്‍ മീനാട് പമ്പ് ഹൗസ് റോഡ്.

മുഖത്തല ബ്ലോക്കില്‍ പട്ടാളം ജംഗ്ഷന്‍ ആലുംമൂട് റോഡ്, മലയവയല്‍ കൊട്ടുപാറ റോഡ്, പള്ളിമണ്‍ പാലം പള്ളിമണ്‍ കിഴക്കേക്കര ഗീതാഞ്ജലി റോഡ്, മുണ്ടപ്പള്ളി ക്ഷേത്രം ഏലാ റോഡ്, കുളത്തിന്‍കര-മുണ്ടപ്പള്ളി ഏലാ റോഡ്, മുഖത്തല ഇടപ്പുര വീട് ജാസ്മിന്‍ മന്‍സില്‍ റോഡ്, പഴങ്ങാലം സര്‍വ്വീസ് സ്റ്റേഷന്‍ ഏലാ റോഡ്, പഴങ്ങാലം ഏലാ കളക്കല്‍ റോഡ്, വെങ്ങനാട് ഏലാ റോഡ് എന്നിവയാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

ഇരുചക്രവാഹനം ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനാപുരം :  ഇരുചക്രവാഹനം റോഡ് വശത്തെ ഡിവൈഡറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ
മരണപ്പെട്ടു. പുന്നല കണ്ണംങ്കര വിനയവിലാസത്തിൽ  ബിനുകുമാർഷീജ ദമ്പതികളുടെ മകൻ ബിപിൻ(24)നാണ് മരണപ്പെട്ടത്. പുനലൂർ- മൂവാറ്റുപുഴ പാതയിൽ പത്തനാപുരം കവലയിൽ ക്ഷേത്രത്തിന് സമീപം വെളളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ ബിപിനെ പുനലൂർ താലൂക്കാശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച  രാവിലെ ബിപിൻ  മരണപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അയൂബ് തിരുവന്തപുരം മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്.

മാർച്ചിൽ ഇറങ്ങിയ 15ൽ 14 മലയാള സിനിമകളും പരാജയം; രക്ഷപ്പെട്ടത് എമ്പുരാൻ മാത്രം

കൊച്ചി: മാർച്ചിൽ ഇറങ്ങിയ 15ൽ 14 മലയാള സിനിമകളും പരാജയമെന്ന് നിർമ്മാതാക്കളുടെ സംഘടന. ഇത് സംബന്ധിച്ച കണക്കുകൾ നിര്‍മാതാക്കള്‍ പുറത്ത് വിട്ടു. മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ മാത്രമാണ്.
നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. 175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല.

നാല് കോടിയിലധികം മുടക്കിയ ഔസേപ്പിന്റെ ഒസ്യത്ത് തീയറ്ററില്‍ നിന്ന് നേടിയിരിക്കുന്നത് 45 ലക്ഷം മാത്രമാണ്. വന്‍ പ്രമോഷന്‍ ഉള്‍പ്പടെ നല്‍കിയിട്ടും രണ്ടുകോടിയിലധികം രൂപ മുടക്കി നിര്‍മിച്ച പരിവാര്‍ എന്ന ചിത്രം നേടിയത് 26 ലക്ഷം മാത്രമാണ്. 78 ലക്ഷം മുടക്കി നിര്‍മിച്ച മരുവംശം എന്ന ചിത്രം നേടിയത് 60,000 രൂപയാണ്. മൂന്നരക്കോടിയുടെ മുതല്‍ മുടക്കില്‍ നിര്‍മിച്ച വടക്കന്‍ എന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ലഭിച്ചത്. നാലുകോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച അഭിലാഷം എന്ന ചിത്രം തീയറ്ററില്‍ നിന്ന് നേടിയത് 15ലക്ഷം മാത്രമാണ്.

വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും പാകിസ്താൻ

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും പാകിസ്താൻ രംഗത്ത്. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്നും ആണവായുധങ്ങൾ പ്രദർശനത്തിനല്ലെന്നുമാണ് ഭീഷണി. 130 ആണവായുധങ്ങൾ ഇന്ത്യക്ക് വേണ്ടി മാത്രമുള്ളതാണെന്നും റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി ഭീഷണി മുന്നറിയിപ്പ് നൽകി.

പാകിസ്താൻ യുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് നേരത്തെയും ഹനീഫ് അബ്ബാസി ഭീഷണിമുഴക്കിയിരുന്നു. റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനൽകി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും പാക് റെയിൽവേ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.


പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം എന്നും പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫും ഭീഷണിപ്പെടുത്തിയിരുന്നു.