കൊല്ലം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് എൻ വാസുവിൻ്റെ അഭിഭാഷകൻ്റെ വാദം. എന്നാൽ ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ എൻ വാസു നൽകിയത് സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു.കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അതേ സമയം കേസിലെ മറ്റൊരു പ്രതിയായ ഡി സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെയുo കോടതിയിൽ ഹാജരാക്കുo.
രാഹുൽ ഈശ്വർ നിരാഹാരത്തിൽ,
പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും
തിരുവനന്തപുരം. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനായി
പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. നിലവിൽ സെൻട്രൽ ജയിലിലേക്ക് രാഹുൽ ഈശ്വറിനെ മാറ്റിയിരുന്നു. താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയിൽ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്
തദ്ദേശ തെരഞ്ഞെടുപ്പ്, അവസാന ഘട്ട സജ്ജീകരണത്തിലേക്ക്
കടന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം.തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക്
കടന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടിംഗ് മെഷീനുകളിലെ
സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ ആരംഭിക്കും. സ്ഥാനാർത്ഥികളുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയടങ്ങിയ
ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ
സജ്ജമാക്കുന്ന നടപടിയാണിത്.
ത്രിതല പഞ്ചായത്ത് തലത്തിൽ
മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ
യൂണിറ്റുമാണ് ഉപയോഗിക്കുക.
നഗരസഭ/കോർപ്പറേഷൻ തലത്തിൽ ഒരു
ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും
സജ്ജമാക്കും. സ്ഥാനാർഥി ക്രമീകരണത്തിന്
ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും
മെഷീനുകളില്‍ മോക്ക്‌പോള്‍ നടത്തുമെന്നും
തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സംസ്ഥാനത്ത് ഒരിടത്തും 15 ല്‍ കൂടുതല്‍
സ്ഥാനാര്‍ത്ഥികളില്ലാത്തതിനാൽ
എല്ലാ ബുത്തുകളിലും ഓരോ ബാലറ്റ് യൂണിറ്റ്
മാത്രം മതിയാകും. ഒന്നാം ഘട്ട തെരഞ്ഞടുപ്പിന്റെ
പരസ്യ പ്രചരണം അവസാനിക്കാൻ അഞ്ച് നാൾ മാത്രം ബാക്കി
നിൽക്കെ സ്ഥാനാർഥികളും മുന്നണികളും അവസാനഘട്ട പ്രചാരണത്തിലാണ്.
രാഹുലിൻ്റെ രണ്ടാം പരാതി;ചൂട് കിഴങ്ങ് വായിലിട്ട അവസ്ഥയിൽ കോൺഗ്രസ്
തിരുവനന്തപുരം.മറ്റൊരു യുവതി കൂടി ലൈംഗിക പീഡന പരാതി നൽകിയതോടെ ചൂട് കിഴങ്ങ് വായിലിട്ട അവസ്ഥയിൽ കോൺഗ്രസ് . രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമായി.എംഎൽഎ സ്ഥാനം രാജിവെപ്പിക്കണം എന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.
23കാരിയുടെ പരാതി കൂടി പുറത്തു വന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനായി പ്രതിരോധം തീർത്തിരുന്ന കോൺഗ്രസ് നേതാക്കളും കൈവിട്ടു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതിനു പിന്നാലെ കൂടിയാലോചന നടത്താനാണ് നേതാക്കളുടെ ആലോചന.
കടുത്ത നടപടി സ്വീകരിച്ചില്ല എങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന പ്രതീതി പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടും. പുതിയ പരാതിയും ഇടത് സൃഷ്ടിയല്ലേ എന്ന് വിശ്വസിക്കുന്നവരും ചിലരുണ്ട്. എന്നാൽ അവരുടെ ഒച്ച പൊന്തുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയം അടക്കം ഉയർത്തി സർക്കാരിനെതിരെ പ്രചാരണം കടുപ്പിക്കേണ്ട ഘട്ടത്തിലാണ് സ്വന്തം എംഎൽഎക്കെതിരെ
കെ പി സി സി നേതൃത്വത്തിന് തന്നെ പരാതി ലഭിക്കുന്നത്.യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഒഴികെയുള്ള നേതാക്കൾ എല്ലാം രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞെങ്കിലും അത് പോരെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം.
🗓️ ദിനവിശേഷം: 2025 ഡിസംബർ 3, ബുധൻ (കൊല്ലവർഷം 1201 വൃശ്ചികം 17)
🌍 പ്രധാന ദിനാചരണങ്ങൾ
- അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവബോധം നൽകുന്നതിനും വേണ്ടി ഐക്യരാഷ്ട്രസഭ ആചരിക്കുന്ന ദിനം. (2006-ൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള UN കൺവെൻഷൻ നിലവിൽ വന്നു)
- ഭോപ്പാൽ ദുരന്ത ദിനം: 1984-ൽ ഭോപ്പാലിൽ നടന്ന വ്യാവസായിക ദുരന്തത്തിന്റെ ഓർമ്മ.
- സംസ്ഥാന കിഴങ്ങ് വിള ദിനം.
📍 പ്രധാന അറിയിപ്പുകളും പ്രാദേശിക വിവരങ്ങളും (2025 ഡിസംബർ 3)
- നാവികസേന ദിനാഘോഷം തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും. (തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ).
- റിസർവ് ബാങ്കിന്റെ ധനനയ സമിതി യോഗം ഇന്ന് ചേരുന്നു.
- SSLC പരീക്ഷയുടെ രജിസ്ട്രേഷനുള്ള **അവസാന തീയതി** ഇന്ന്.
- തിരുവനന്തപുരം ഉൾപ്പെടെ 7 ജില്ലകളിൽ മഴ ജാഗ്രത മുന്നറിയിപ്പുണ്ട്.
- ശ്രേഷ്ഠ ദിവ്യാങ്ക് ബാലക് പുരസ്ക്കാര വിതരണം ന്യൂഡൽഹിയിൽ ; പ്രയാർ സ്വദേശി മുഹമ്മദ് യാസിൻ പുരസ്കാരം സ്വീകരിക്കും.
📜 ചരിത്രത്തിലൂടെ (ഇന്നത്തെ ദിവസം)
- 1971: ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം ആരംഭിച്ചു.
- 1967: ഡോ. ക്രിസ്റ്റ്യൻ ബർണാഡ് ലോകത്തിലെ ആദ്യത്തെ മനുഷ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയിൽ വിജയകരമായി പൂർത്തിയാക്കി.
- 1992: എഞ്ചിനീയറായ നീൽ പാപ്‌വർത്ത് ലോകത്തിലെ ആദ്യത്തെ SMS സന്ദേശം അയച്ചു.
- 1989: ശീതയുദ്ധം അവസാനിച്ചതായി സോവിയറ്റ് പ്രസിഡന്റ് ഗോർബച്ചേവും യുഎസ് പ്രസിഡന്റ് ജോർജ്ജ് ബുഷും പ്രഖ്യാപിച്ചു.
- ഗൂഗിളിന്റെ CEO ആയി സുന്ദർ പിച്ചൈ ചുമതലയേറ്റ ദിവസം.
🎂 പ്രശസ്തരുടെ ജന്മദിനം
- ഡോ. രാജേന്ദ്ര പ്രസാദ് (1884): ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയും ഭാരതരത്‌ന .
- മിതാലി രാജ് (1982): ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ.
- കൊങ്കണ സെൻ ശർമ്മ (1979): പ്രശസ്ത നടിയും രണ്ട് ദേശീയ പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയും.
- ഗിരീഷ് കാസറവള്ളി (1949): പ്രമുഖ കന്നഡ ചലച്ചിത്ര സംവിധായകൻ.
🥀 സ്മരണാ ദിനം
- മേജർ ധ്യാൻചന്ദ് (1979): ‘ഹോക്കി മാന്ത്രികൻ’ എന്നറിയപ്പെട്ടിരുന്ന പത്മഭൂഷൺ .
- ദേവ് ആനന്ദ് (2011): വിഖ്യാത ഹിന്ദി നടനും സംവിധായകനും (ദാദാസാഹിബ് ഫാൽക്കെ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ ലഭിച്ചു).
- ഡോ. എം. കുഞ്ഞാമൻ (2023): പ്രമുഖ സാമ്പത്തിക ശാസ്ത്ര പണ്ഡിതനും ദലിത് ചിന്തകനും.
കടപ്പാട് :ഉദയ് ശബരീശം* 9446871972
📰 സമഗ്ര വാർത്താ ബുള്ളറ്റിൻ (ഡിസംബർ 3, 2025)
🔥 രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ: വിവാദങ്ങളും നടപടികളും
ലൈംഗിക പീഡന പരാതികളും കോൺഗ്രസ് നടപടിയും
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി ലൈംഗീക പീഡന പരാതിയുമായി രംഗത്തെത്തി. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റിനും പരാതി അയച്ചു. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരി നൽകിയ പരാതി നിയമപരമായി നേരിടാൻ താല്‍പര്യമില്ലാത്തതിനാലാണ് കോൺഗ്രസ് നേതൃത്വത്തിന് നൽകിയത്. എന്നാൽ, കെപിസിസി നേതൃത്വം ഈ പരാതി പോലീസ് മേധാവിക്ക് കൈമാറി.
നിലവിൽ സസ്പെൻഷനിലുള്ള രാഹുലിനെ പുറത്താക്കണം എന്ന ആവശ്യമാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായി ഉയരുന്നത്. ഇനിയുള്ള നടപടി പുറത്താക്കലാകാനാണ് സാധ്യത.
കോൺഗ്രസ് ക്യാമ്പയിൻ: ‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ എൽഡിഎഫ് വിവാദം നിലനിർത്താൻ ശ്രമിക്കുന്നതിനിടെ, ശബരിമല കൊള്ള ഉയർത്തി പ്രതിരോധിക്കാൻ കോൺഗ്രസ്. ‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ എന്ന സോഷ്യൽ മീഡിയ കാമ്പെയിനുമായി വി. ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തി. പുതിയ പരാതി വന്നതിന് പിന്നാലെയാണ് ഈ നീക്കം.
പ്രതികരണങ്ങൾ
വി ഡി സതീശൻ (പ്രതിപക്ഷ നേതാവ്): കെപിസിസി പ്രസിഡന്റ് പരാതി ഉടൻ ഡിജിപിക്ക് കൈമാറിയെന്നും ഇതിലും മാതൃകാപരമായി ഒരു പാർട്ടിക്ക് എങ്ങനെ ചെയ്യാനാകുമെന്നും പ്രതികരിച്ചു. പീഡന പരാതികൾ സിപിഎമ്മിനുള്ളിൽ ഒതുക്കിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
ഷാഫി പറമ്പിൽ (എംപി): വിഷയത്തിൽ കെപിസിസി നിലപാടെടുത്തിട്ടുണ്ട്. പരാതി കോൺഗ്രസ് അല്ല, പോലീസ് ആണ് അന്വേഷണം നടത്തേണ്ടത്. സിപിഎം കൈകാര്യം ചെയ്യുന്നതുപോലെയല്ല, നിയമപരമായാണ് കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നതെന്നും പറഞ്ഞു.
ഫെന്നി നൈനാൻ (സുഹൃത്ത്): പരാതി പച്ചക്കള്ളമാണെന്നും പിന്നിൽ ഗൂഢാലോചനയാണെന്നും ജാമ്യഹർജി തള്ളിക്കാൻ വേണ്ടിയുള്ള നീക്കമാണിതെന്നും സംശയം പ്രകടിപ്പിച്ചു.
ബിനോയ് വിശ്വം (സിപിഐ സംസ്ഥാന സെക്രട്ടറി): പ്രണയത്തിൽ മാന്യത വേണം, സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നത് തെറ്റാണ്. രാഹുൽ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒളിവിലെ വിവരങ്ങൾ: രാഹുൽ തമിഴ്‌നാട്- കർണാടക അതിർത്തിയായ ബാഗല്ലൂരിലെ റിസോർട്ടിലാണ് ഒളിച്ചുകഴിഞ്ഞതെന്നാണ് റിപ്പോർട്ട്. പോലീസ് എത്തുന്നതിന് മുമ്പ് ഇവിടെ നിന്ന് മുങ്ങി.
🏛️ രാഷ്ട്രീയവും ഭരണപരവുമായ വാർത്തകൾ
- രാഹുൽ ഈശ്വർ: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ നിരാഹാര സമരത്തെ തുടർന്ന് പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി.
- തെരുവുനായ ശല്യം: പരാതികൾ പരിഹരിക്കാൻ സംസ്ഥാന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ടോൾ ഫ്രീ നമ്പർ: 0471 2773100 (രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ).
- ശബരിമല തീർത്ഥാടനം: വെർച്വൽ ക്യൂ വഴി വരുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പോലീസ് ഓഫീസർ നിർദ്ദേശിച്ചു.
- ബിജെപി: സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും. ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും പ്രഖ്യാപനം.
- വോട്ടർ പട്ടിക പരിഷ്‌കരണം: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം സുപ്രീംകോടതി തടഞ്ഞില്ല. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടുന്നത് പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.
- തദ്ദേശ വോട്ടെടുപ്പ്: ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു.
- കോൺഗ്രസ്: കാരശേരി സർവീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാൻ സിപിഎമ്മുമായി ചേര്‍ന്ന് നീക്കം നടത്തിയ ബാങ്ക് ചെയർമാനും കെപിസിസി അംഗവുമായ എൻ.കെ.അബ്ദുറഹ്‌മാനെ പുറത്താക്കി.
- ഇന്ത്യ-മാലദ്വീപ്: ‘എക്സസൈസ് എക്യുവെറിൻ’ സൈനിക അഭ്യാസത്തിന്റെ പതിനാലാം പതിപ്പ് തിരുവനന്തപുരത്ത് തുടങ്ങി. ഈ മാസം 14 വരെയാണ് പരിപാടി.
- വിജയ് (ടിവികെ): ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റോഡ് ഷോയ്ക്ക് പുതുച്ചേരി പോലീസ് അനുമതി നിഷേധിച്ചു. പൊതുയോഗത്തിന് അനുമതിയുണ്ട്.
- ഒ. പനീർ സെൽവം: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ സെൽവം (ഒപിഎസ്) എൻഡിഎയിൽ തിരിച്ചെത്തിയേക്കും. ദില്ലിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തി.
- ‘സഞ്ചാർ സാഥി ആപ്പ്’: സ്മാർട്ട് ഫോണുകളിൽ ആപ്പ് ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി എന്നിവരടക്കമുള്ളവർ പ്രതിഷേധിച്ചു. ബിജെപി വക്താവ് നടപടിയെ ന്യായീകരിച്ചു.
- സിദ്ധരാമയ്യ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാന്റുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടി.
- ഝാർഖണ്ഡ്: മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപ്പന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്നും വലിയ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ.
- പുടിന്റെ ഇന്ത്യാ സന്ദർശനം: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ സന്ദർശനത്തിൽ കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും എസ്.യു-57 വിമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാന ചർച്ചാവിഷയമാകും.
🌐 അന്താരാഷ്ട്ര വാർത്തകൾ
പാകിസ്ഥാൻ: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട സഹോദരി ഡോ. ഉസ്മ ഖാൻ. ഏകാന്ത തടവിലുള്ള ഇമ്രാനെ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജയിൽ അധികൃതർ ശ്രമിക്കുന്നതായി ഉസ്മ പറഞ്ഞു.
🏏 കായിക വാർത്തകൾ
- വിരാട് കോലി: ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് വിരാട് കോലി ഈ മാസം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കായി കളിക്കാൻ തീരുമാനിച്ചു.
- ഇന്ത്യ-ദക്ഷിണാഫ്രിക്ക: മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.
💼 സാമ്പത്തിക വാർത്തകൾ
സ്വിഗ്ഗി ഓഹരി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഓഹരി വിൽപനയിലൂടെ 10,000 കോടി രൂപ കൂടി സമാഹരിക്കാൻ ഒരുങ്ങുന്നു.
🎬 സിനിമാ വാർത്തകൾ
- ‘ഖജുരാഹോ ഡ്രീംസ്’: അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ഡിസംബർ 5-ന് തിയറ്ററുകളിൽ എത്തും.
- ‘സർവ്വം മായ’: അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിലെ ഫാന്റസി ഹൊറർ കോമഡി ചിത്രം ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും.
🔬 മറ്റ് പ്രധാന വാർത്തകൾ
- ബസ് അപകടം: തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസ് കോട്ടയം നെല്ലാപ്പാറയിൽ അപകടത്തിൽപ്പെട്ടു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഗുരുതരമല്ല.
- ജയിൽ നിരാഹാര സമരം: മൊബൈൽ ഫോണും സിഗരറ്റും ജയിലിൽ ലഭിക്കണമെന്ന വിചിത്ര ആവശ്യവുമായി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവുകാർ നടത്തിയ മൂന്ന് ദിവസത്തെ നിരാഹാര സമരം ജയിൽ അധികൃതരുടെ കടുത്ത നടപടിയെത്തുടർന്ന് പിൻവലിച്ചു.
- റോയൽ എൻഫീൽഡ്: 2025 നവംബറിൽ കമ്പനി മൊത്തം 1,00,670 യൂണിറ്റുകൾ വിറ്റ് 22% ശക്തമായ വളർച്ച രേഖപ്പെടുത്തി.
- യൂറിക് ആസിഡ്: രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഹൃദയാഘാതത്തിനും വൃക്കരോഗങ്ങൾക്കും കാരണമാകാം. സന്ധികളിലെ കഠിനമായ വേദന, ചുവപ്പ്/നീര്, മുറുക്കം, ടോഫികളുടെ രൂപീകരണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
തദ്ദേശ തെരഞ്ഞെടുപ്പ്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള റീല്‍സുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള റീല്‍സുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്‍കുന്ന റീല്‍സുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചര്‍ച്ചകളും നിരീക്ഷിക്കാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയിസ് ക്ലിപ്പുകള്‍, വിഡിയോകള്‍, അനിമേഷനുകള്‍, ഇമേജ് കാര്‍ഡുകള്‍ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗണ്‍സ്‌മെന്റുകളില്‍ ജാതി, മതം, തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരാമര്‍ശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീര്‍ത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയില്‍ വരുന്ന എല്ലാ വ്യവസ്ഥകളും തെരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യുകയും ഉത്തരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പ്രചാരണത്തില്‍ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
ഇനി ജോർജുകുട്ടിയുടെ പുതിയ കരുനീക്കങ്ങൾ… ദൃശ്യം 3 ചിത്രീകരണം പൂർത്തിയായി
ഇനി ജോർജുകുട്ടിയുടെ പുതിയ കരുനീക്കങ്ങൾക്കായി നമുക്ക് കാത്തിരിക്കാം. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പാക്ക് അപ്പ് വീഡിയോയും പങ്കുവയ്ച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3.
ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ റൈറ്റുകൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. 350 കോടിയുടെ ബിസിനസ് നേട്ടം ഇതിനകം ചിത്രം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നതിനാൽ തന്നെ മൂന്നാം ഭാഗം വരുമ്പോൾ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. കൊവിഡ് കാലമായതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ ഒടിടിയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. അന്യഭാഷാ റീമേക്കുകൾക്ക് മുമ്പുതന്നെ ദൃശ്യം 3 തിയറ്ററിലെത്തുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.
ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളേക്കാൾ ഉയർന്ന ചിത്രമാണ് ദൃശ്യം 3 എന്ന് ചിന്തിക്കേണ്ടതില്ല. നാലര വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളാകും സിനിമയിലുണ്ടാകുകയെന്നും ജിത്തു പറഞ്ഞു. ദൃശ്യം, ദൃശ്യം 2 സിനിമകൾ സാമ്പത്തികമായും അല്ലാതെയും വലിയ വിജയമായിരുന്നു. വർഷങ്ങളോളം സംവിധായകനുമായി സംസാരിച്ചാണ് ദൃശ്യം 3ലേക്ക് എത്തിയതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചക്കുളത്തുകാവ് പൊങ്കാല നാളെ
ആലപ്പുഴ. പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നും കെഎസ്‍ആർടിസി പ്രത്യേകസർവ്വീസുകൾ നടത്തും.
ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാലയിൽ ലക്ഷക്കണക്കിനാളുകളെയാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങുകൾ നാളെ പുലർച്ചെ 4 ന് ആരംഭിക്കും. നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂ തിരി അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യനാണ് ഉദ്ഘാടനം നിർവ്വിഹിക്കുന്നത്.
വൈകിട്ട് 5നാണ് സാംസ്കാരിക സമ്മേളനം. പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ്, തമിഴ്‌നാട് മുൻ മുഖ്യ മന്ത്രി ശ്രീ. ഒ.പനീർ ശെൽവം, മന്ത്രി സജി ചെറിയാൻ, തുടങ്ങിയവർ പങ്കെടുക്കും. ഭക്തരെ സഹായിക്കാൻ 1500-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്‌സും പോലീസും ഉണ്ടാവും. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചാണ് പൊങ്കാല. തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ചക്കുളത്തേക്ക് നടത്തും.
ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കില്ല.







































