28.8 C
Kollam
Wednesday 17th December, 2025 | 07:00:21 PM
Home Blog

ഭരണിക്കാവ്: കടയടപ്പ് സമരവും സത്യാഗ്രഹവും മാറ്റിവച്ചു; എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച

ഭരണിക്കാവ്: ഭരണിക്കാവിലെ ബസ് ബേകളിൽ ബസുകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതി നാളെ നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. ഇതോടെ നാളെ (നവംബർ 25, ചൊവ്വാഴ്ച) ഭരണിക്കാവിലെ എല്ലാ കടകളും സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.

എം.എൽ.എ. ശ്രീ. കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ,  ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമര പ്രഖ്യാപനം പിൻവലിക്കാൻ തീരുമാനമായത്. ബസ് ബേകളിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറിയതെന്ന് ഭരണിക്കാവ് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ഷാജഹാൻ അറിയിച്ചു

ദൃശ്യം മോഡൽ കൊല; കമിതാക്കൾ പിടിയിൽ

മുംബൈ :മുംബൈയ്ക്കടുത്ത് നല്ലസോപാരയിൽ ദൃശ്യം മോഡൽ കൊല നടത്തിയ യുവതിയിൽ യും കാമുകനും പിടിയിൽ. ഭർത്താവിനെ കൊന്ന് വീടിനകത്ത് തന്നെ കുഴിച്ച് മൂടിയ കേസിലാണ് പ്രതികൾ പിടിയിലായത്. പൂനെയിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.

28കാരിയായ ചമൻ ദേവിയും 22കാരനായ കാമുകൻ മോനുവുമാണ് ഒടുവിൽ പിടിയിലായത്. ജൂലൈയിലെ ആദ്യവാരമാണ് ചമൻ ദേവി കാമുകനൊപ്പം ചേർന്ന് വിജയ് ചൌഹാൻ എന്ന ഭർത്താവിനെ കൊലപ്പെടുത്തുന്നത്. പിന്നാലെ വീടിനകത്ത് തന്നെ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി. വീട്ടിലെ ടൈൽ ഇളകിമാറിയെന്നും ശരിയാക്കണമെന്നും പറഞ്ഞ് ഭർത്താവിൻറെ സഹോദരനെകൊണ്ട് തന്നെ പുതിയ ടൈൽ പാകിച്ചു. രണ്ടാഴ്ചയോളം ഇതേ വീട്ടിൽ കഴിഞ്ഞു. അയൽവാസിയായ മോനു ബിഎസ് സി ഐടി ബിരുദ പഠനം നടത്തുകയാണ്. രണ്ടാഴ്ചയോളം വിജയിയെക്കുറിച്ച് വിവരം ഇല്ലാതായതോടെ സഹോദരങ്ങൾ അന്വേഷിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. വിജയ് ജോലി ആവശ്യത്തിന് മറ്റൊരിടത്തേക്ക് പോയെന്നാണ് ചമൻദേവി പറഞ്ഞ് കൊണ്ടിരുന്ന്. തന്നെകൊണ്ട് ടൈൽ മാറ്റിച്ച സംഭവത്തിൽ സംശയം തോന്നിയ വിജയുടെ സഹോദരൻ ടൈൽ മാറ്റി പരിശോധിച്ചു. ഏറെ ആഴത്തിലല്ലാതെ മൃതദേഹം കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് പ്രതികൾക്കായി വ്യാപക അന്വേഷണം നടത്തിയത്. പൂനെയിൽ നിന്ന് പിടികൂടിയ പ്രതികളെ മുംബൈയിൽ എത്തിച്ചു,

കേക്കുകളില്‍ പ്രിസര്‍വേറ്റീവുകള്‍ കൂടുന്നു

കേക്കുകള്‍ കൂടുതല്‍കാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 32 സാമ്പിളുകള്‍ എടുത്തതില്‍ 10 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

പൊട്ടാസ്യം സോര്‍ബേറ്റ്, സോഡിയം ബെന്‍സോവേറ്റ് എന്നിവ ചേര്‍ക്കുന്നതിന് നിശ്ചിതപരിധി ഭക്ഷ്യസുരക്ഷ നിയമപ്രകാരം അനുവദിച്ചിട്ടുണ്ട്. അളവില്‍ കൂടുതല്‍ ചേര്‍ത്താല്‍ പരിശോധനാഫലം പ്രതികൂലമായി രേഖപ്പെടുത്തി ഉല്‍പാദകര്‍ക്കെതിരെ പ്രോസികൂഷന്‍ നടപടികളാണ് സ്വീകരിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 67 കേക്കുകള്‍ ലാബ് പരിശോധന നടത്തിയതില്‍ 32 എണ്ണം സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

പൊട്ടാസ്യം സോര്‍ബേറ്റ്, സോഡിയം ബെന്‍സോവേറ്റ് എന്നിവ 10 കിലോ കേക്കില്‍ പരമാവധി 10 ഗ്രാം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട ഉല്‍പാദകര്‍ പ്രിസര്‍വേറ്റീവ്‌സിന്റെ ഉപയോഗരീതിയും നിയന്ത്രണവും സംബന്ധിച്ച സംശയനിവാരണത്തിന് ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരെ സമീപിക്കണം. സൗജന്യമായി നല്‍കുന്ന ഫോസ്റ്റാക് പോലുള്ള പരിശീലനങ്ങളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നും അറിയിച്ചു.
എല്ലാ ഉല്‍പാദകരും ഉല്‍പന്നങ്ങള്‍ ആറ് മാസത്തില്‍ ഒരിക്കല്‍ ലാബ് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ്‌വരുത്തണം. വീടുകളില്‍ കേക്കുകള്‍ ഉണ്ടാക്കി വില്‍പനനടത്തുന്നവര്‍ ഭക്ഷ്യസുരക്ഷ വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷനും എടുക്കണം. അഞ്ച് വര്‍ഷത്തെ രജിസ്‌ട്രേഷന് 500 രൂപയാണ് ഫീസ്. ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെയുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വ്യാപാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും അറിയിച്ചു.

ക്രിസ്മസ്-പുതുവത്സര ആഘോഷം: സംയോജിത പരിശോധനകള്‍ ശക്തമാക്കും- ജില്ലാ കലക്ടര്‍

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംയോജിതപരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല മേധാവികളുടെ സംയുക്ത യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി.

വ്യാജമദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനം-ഉപയോഗം തടയുന്നതിന് എക്‌സൈസ്-പൊലീസ് സംയുക്ത സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പറുകളായ 0474 2745648, 9447178054, 9496002862 എന്നിവയില്‍ പരാതികള്‍ അറിയിക്കാം. സ്‌ട്രൈക്കിങ് ഫോഴ്‌സും റേഞ്ച്- സബ് ഓഫീസുകളിലെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലീസ്, എക്‌സൈസ്, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത റെയ്ഡുകളും വാഹനപരിശോധനയും കൂടുതല്‍ ഊര്‍ജിതമാക്കും. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ബോര്‍ഡര്‍ പട്രോള്‍ സംഘം പരിശോധന നടത്തും. റെയില്‍വേ സ്‌റ്റേഷന്‍, പാഴ്‌സല്‍ ഓഫീസുകള്‍, ഹോംസ്‌റ്റേ, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാനും നിര്‍ദേശിച്ചു.

ഉത്സവകാലത്തെ വിലവര്‍ധനവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ സ്‌ക്വാഡുകളെയാണ് പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളിലെയും മറ്റ് കടകളിലെയും അളവ് -തൂക്ക് ഉപകരണങ്ങളിലെ വെട്ടിപ്പ്, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, കൃതൃമവിലക്കയറ്റം, മായംചേര്‍ക്കല്‍ തുടങ്ങിയവ പരിശോധിച്ച് ഇല്ലെന്ന് ഉറപ്പാക്കണം. പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, മാലിന്യനിര്‍മാര്‍ജനം വിഷയങ്ങളില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ നടപടി സ്വീകരിക്കണം.

ഗതാഗത നിയമങ്ങള്‍ പാലിക്കാതെ മദ്യപിച്ചും അമിതവേഗത്തില്‍ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവര്‍ക്കെതിരേയും ആര്‍.ടി.ഒ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വനമേഖല കേന്ദ്രീകരിച്ചുള്ള വ്യാജ മദ്യനിര്‍മാണം, വനാതിര്‍ത്തികള്‍ വഴിയുള്ള ലഹരികടത്തും തടയുന്നതിന് വനം വകുപ്പ് ക്രമീകരണങ്ങള്‍ നടത്തും. ആഘോഷദിനങ്ങളില്‍ ബീച്ചില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാനും സിവില്‍ ഡിഫന്‍സ് വൊളന്റിയേഴ്‌സിന്റെ സേവനം വിനിയോഗിക്കാനും തീരുമാനിച്ചു. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷ ഒരുക്കും. ക്രമസമാധാന-ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതെയുള്ള ഉത്സവകാലം ഒരുക്കാന്‍ എല്ലാ വകുപ്പുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം ജി നിര്‍മല്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ എസ് അനിൽകുമാറിനെ മാറ്റി

തിരുവനന്തപുരം. കേരള സർവകലാശാല രജിസ്ട്രാറെ മാറ്റി. ഗവർണ്ണർ സർക്കാർ പോരിലും സംഘപരിവാർ എസ് എഫ് ഐ സംഘർഷങ്ങളിലും ഇടത് പക്ഷത്ത് നിന്നതായി ആക്ഷേപമുയർന്ന കേരള യൂണിവേഴ്സിറ്റി റജിസ്ട്രാർ കെ.എസ് അനിൽകുമാറിനെയാണ്
തിരികെ കോളേജിലേക്ക് സ്ഥലംമാറ്റിയത്. ഇദ്ദേഹത്തെ ശാസ്താംകോട്ട DB കോളേജിലേക്ക് തിരികെ നിയമിച്ചു

അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റമെന്ന് സർക്കാർ പറയുന്നുവെങ്കിലും പുതിയ വിസി നിയമനങ്ങളിലടക്കം ഉണ്ടായ ഒത്തു തീർപ്പിലാണ് ഈ സ്ഥാനമാറ്റമെന്നത് സത്യമാണ്. ഭാരതാംബ വിവാദത്തിൽ ഇടയിൽപ്പെട്ട അനിൽ കുമാറിനെ ചാൻസലായ ഗവർണർ സസ്പെൻഡു ചെയ്തിരുന്നു ഇതിനെതിരെ അനിൽകുമാർ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നാടകീയമായി ഈ നിയമനം.

ട്രെയിന്‍ ടിക്കറ്റ് സ്റ്റാറ്റസ് ഇനി നേരത്തെ അറിയാം…..

ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതിനും അവസാന നിമിഷം സീറ്റുകള്‍ ലഭ്യമാണോ എന്ന് അറിയുന്നതിനും യാത്രക്കാരെ സഹായിക്കുന്നതിനാണ് ഈ പരിഷ്‌കാരം.
പുതിയ തീരുമാനപ്രകാരം ട്രെയിന്‍ പുറപ്പെടുന്നതിന് കൃത്യം നാല് മണിക്കൂര്‍ മുന്‍പ് തന്നെ ആദ്യ ചാര്‍ട്ട് പ്രസിദ്ധീകരിക്കും. മുന്‍പ് പല ട്രെയിനുകളിലും ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തില്‍ ഏകീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ എല്ലാ ട്രെയിനുകള്‍ക്കും നാല് മണിക്കൂര്‍ എന്ന നിശ്ചിത സമയം ബാധകമായിരിക്കും.
ആദ്യ ചാര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷവും സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈനായോ പിആര്‍എസ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. രണ്ടാമത്തെയും അവസാനത്തെയും ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പാണ് തയ്യാറാക്കുക.
ഈ സമയത്തിനുള്ളില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ വഴിയുണ്ടാകുന്ന ഒഴിവുകള്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ലഭിക്കും. റെയില്‍വേയുടെ ഈ നടപടി സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാര്‍ക്ക് കൃത്യമായ വിവരം നേരത്തെ ലഭിക്കാനും സഹായിക്കുമെന്ന് റെയില്‍വേ വക്താവ് അറിയിച്ചു.
മലിനീകരണവും മൂടല്‍മഞ്ഞും കാരണം ട്രെയിനുകള്‍ വൈകുന്ന സാഹചര്യത്തില്‍, ചാര്‍ട്ടിംഗ് സമയത്തിലെ ഈ കൃത്യത യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ട്രെയിനുകളുടെ സമയക്രമം മാറുന്നതിനനുസരിച്ച് ചാര്‍ട്ടിംഗിലും മാറ്റം വരാമെങ്കിലും നാല് മണിക്കൂര്‍ എന്ന നിബന്ധന പാലിക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍പ് ഏറെ വൈകിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് സ്റ്റാറ്റസ് അറിയാന്‍ സാധിച്ചിരുന്നത്. പുതിയ പരിഷ്‌കരണത്തോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും എന്നാണ് പ്രതീക്ഷ.

‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി സിപിഎം

‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി സിപിഎം. ഈ ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് പ്രസാദ് കുഴിക്കാല തന്നെയാണെന്നും പാരഡി ഗാനത്തിനെതിരെ പരാതി നല്‍കാന്‍ കൂടുതല്‍ ഹൈന്ദവ സംഘടനകള്‍ ബന്ധപ്പെടുന്നുണ്ടെന്നും രാജു എബ്രഹാം അറിയിച്ചു.
സ്വര്‍ണക്കൊള്ളക്കെതിരായ പാരഡി ഗാനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് വൈറലായത്. തെരഞ്ഞെടുപ്പ് വിധിയില്‍ സ്വര്‍ണക്കൊള്ളയും ഘടകമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പാട്ട് ഏറ്റുപാടി. ഇതിന് പിന്നാലെയാണ് പാരഡി ഗാനത്തിനെതിരെ പരാതി വരുന്നത്. ശരണം വിളിച്ചു കൊണ്ടുള്ള പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതും വ്രണപ്പെടുത്തുന്നതുമാണെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ പരാതി. പാട്ട് വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ പരിശോധിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സ്വര്‍ണ്ണക്കൊളള തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചോ എന്നതില്‍ എല്‍ഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കെയാണ് പാരഡി വിവാദവും പരാതിയും. കേസെടുത്താല്‍ പാരഡിയേറ്റ് പാടി സ്വര്‍ണ്ണക്കൊള്ള കൂടുതല്‍ കത്തിക്കാനാണ് യുഡിഎഫ് നീക്കം.

മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു…. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് മന്ത്രിയും സംഘവും രക്ഷപ്പെട്ടത്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഡി.കെ. മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് പോയി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍മ്മയോദ്ധാ സിനിമയുടെ തിരക്കഥ അപഹരിച്ചെന്ന കേസില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി

കോട്ടയം: മോഹന്‍ലാല്‍ നായകനായ കര്‍മ്മയോദ്ധാ സിനിമയുടെ തിരക്കഥ അപഹരിച്ചെന്ന കേസില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി. തിരക്കഥാകൃത്ത് റെജി മാത്യൂവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
കര്‍മയോദ്ധ സിനിമ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ വിധി. 2012-ലാണ് സിനിമ റിലീസായത്. റിലീസിന് ഒരുമാസം മുന്‍പാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്.

രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിന്റെ കുറിപ്പടികള്‍ വ്യക്തമായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നിന്റെ കുറിപ്പടികള്‍ വ്യക്തമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. അവ്യക്തമായ കൈയക്ഷരം കാരണം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടീല്‍. മെഡിക്കല്‍ കുറിപ്പടികള്‍ വ്യക്തമായും വായിക്കാവുന്ന രീതിയിലും എഴുതണമെന്നാണ് കര്‍ശന നിര്‍ദേശമുള്ളത്.
കുറിപ്പടികള്‍ വലിയ അക്ഷരങ്ങളില്‍ (കാപിറ്റല്‍ ലെറ്റേഴ്‌സ്) എഴുതുന്നതാണ് ഉചിതമെന്നും നിര്‍ദേശമുണ്ട്. മരുന്നുകളുടെ പേര് തെറ്റായി വായിക്കപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി.
പലപ്പോഴും ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നുകള്‍ മാറി നല്‍കാന്‍ ഡോക്ടര്‍മാരുടെ അവ്യക്തമായ കൈയക്ഷരം കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഡിജിറ്റല്‍ കുറിപ്പടികള്‍ പ്രോത്സാഹിപ്പിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാര്‍ മരുന്നിന്റെ പേരിനൊപ്പം അതിന്റെ ജനറിക് നാമവും ഡോസേജും വ്യക്തമായി രേഖപ്പെടുത്തണം.
രോഗിക്ക് മരുന്ന് എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുന്ന രീതിയിലായിരിക്കണം കുറിപ്പടി തയ്യാറാക്കേണ്ടത്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നേരത്തെ തന്നെ ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ ഇത് കര്‍ശനമാക്കുന്നത് ഇപ്പോഴാണ്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഈ നിര്‍ദ്ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്.

ശബരിമലയില്‍ ദേവസ്വം ഭണ്ഡാരം കാണാനായി ഐജി കയറിയതില്‍ ഹൈക്കോടതിയുടെ ഇടപെടീല്‍

കൊച്ചി: ശബരിമലയില്‍ ദേവസ്വം ഭണ്ഡാരം കാണാനായി ഐജി കയറിയതില്‍ ഹൈക്കോടതിയുടെ ഇടപെടീല്‍. ഭണ്ഡാരത്തിലേക്ക് പോലീസ് കയറരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഭണ്ഡാരം കാണാനായി ഐജി കയറിയതിനെതിരെ സ്പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇടപെടല്‍.
ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററായ ഐജി ശ്യാം സുന്ദറാണ് ഭണ്ഡാരത്തിലേക്ക് കയറിയത്. ഭണ്ഡാരത്തിലേക്ക് പൊലീസ് പ്രവേശിക്കരുതെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് കൊണ്ടാണ് ഐജി ഭണ്ഡാരത്തിലേക്ക് കയറിയത്. ഇതിനെതിരെ സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കര്‍ശന താക്കീത് നല്‍കിയത്.
ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുതെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ടും പൊലീസിനെ ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. നിലവില്‍ നിലയ്ക്കല്‍ ആണ് സ്പോട്ട് ബുക്കിങ് കൗണ്ടര്‍ ഉള്ളത്. ഇതില്‍ ഒരു കൗണ്ടര്‍ പൊലീസിന് വേണ്ടി മാറ്റിവെച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. യഥാര്‍ഥത്തില്‍ സ്പോട്ട് ബുക്കിങ് കൗണ്ടര്‍ തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ളതാണ്. നിലയ്ക്കലില്‍ ഒരു കൗണ്ടര്‍ പൊലീസിന് വേണ്ടി മാറ്റിവെച്ചത് നീതികരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ശബരിമലയിലേക്ക് കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് ബുക്കിങ് നിര്‍ബന്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല സ്വർണ്ണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഇന്ന് രാവിലെ ഈഞ്ചയ്ക്കൽ എസ് ഐ റ്റി ഓഫീസിൽ വിളിച്ച് വരുത്തി ചോദ്യം വിശദമായി ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.