Home Lifestyle Jobs ഫുഡ് അനലിസ്റ്റ് ആകാൻ അവസരം; FSSAI പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫുഡ് അനലിസ്റ്റ് ആകാൻ അവസരം; FSSAI പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

Advertisement

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ -ന്യൂഡൽഹി) ഫുഡ് അനലിസ്റ്റ് എക്സാമിനേഷൻ (എഫ്എഇ) 2025-ലേക്ക് അപേക്ഷ ക്ഷണിച്ചു,

ഫുഡ് അനലിസ്റ്റ് ആയി ജോലിചെയ്യാൻ ജയിച്ചിരിക്കേണ്ട യോഗ്യതാ പരീക്ഷയാണിത്.

വിദ്യാഭ്യാസ യോഗ്യത

കെമിസ്ട്രി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഡെയറി കെമിസ്ട്രി, അഗ്രിക്കൾച്ചർ സയൻസ്, ആനിമൽ സയൻസ്, ഫിഷറീസ് സയൻസ്, ബയോടെക്നോളജി, ഫുഡ് സേഫ്റ്റി, ഫുഡ് ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഡെയറി ടെക്നോളജി, ഓയിൽ ടെക്നോളജി, വെറ്ററിനറി സയൻസസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബാച്ച്‌ലർ/മാസ്റ്റേഴ്സ്/ഡോക്ടറേറ്റ് ബിരുദം വേണം. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കെമിസ്റ്റ്സ് (ഇന്ത്യ) നടത്തുന്ന പരീക്ഷയിൽ ഫുഡ് അനലിസ്റ്റ്‌സ് സെക്ഷനിൽ യോഗ്യതനേടി അസോസിയേറ്റ് ആയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

പ്രവൃത്തിപരിചയം

നിർദിഷ്ട അക്കാദമിക് യോഗ്യത നേടിയതിനുശേഷം ഏതെങ്കിലും സ്ഥാപനത്തിൽ/ഗവേഷണ സ്ഥാപനത്തിൽ/ഗവേഷണ ലബോറട്ടറിയിൽ ഭക്ഷ്യ വിശകലനത്തിൽ മൂന്നുവർഷത്തിൽക്കുറയാത്ത പ്രവൃത്തിപരിചയം വേണം. ബിരുദംനേടിയ തീയതിമുതൽ ഈ പരീക്ഷയ്ക്ക് അപേക്ഷ നൽകേണ്ട അവസാന തീയതിവരെയുള്ള കാലയളവ് ഇതിലേക്ക് കണക്കാക്കും. ഈ കാലയളവിനു മുൻപോ ശേഷമോ നേടിയ പരിചയം, അക്കാദമിക് പ്രോഗ്രാമുകളുടെ (പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽ പ്രോഗ്രാം) കാലയളവ് തുടങ്ങിയവ പരിഗണിക്കില്ല.

എഫ്എഇ ഘടന

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (സിബിടി) പ്രായോഗികപരീക്ഷയും ഉൾപ്പെടുന്നതാണ് ഫുഡ് അനലിസ്റ്റ് എക്സാമിനേഷൻ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് (i) കെമിക്കൽ (ii) ബയോളജിക്കൽ എന്നിങ്ങനെ രണ്ട് സ്ട്രീമുകളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (എംസിക്യു) ഉണ്ടാകും. സിബിടിക്കും പ്രാക്ടിക്കൽ പരീക്ഷയ്ക്കും അപേക്ഷിക്കുമ്പോൾ അപേക്ഷകർ ബാധകമായ വിഭാഗം (കെമിക്കൽ അല്ലെങ്കിൽ ബയോളജിക്കൽ) തിരഞ്ഞെടുക്കണം. ഇത് പരീക്ഷ പൂർത്തിയാകുന്നതുവരെ മാറ്റാൻ കഴിയില്ല. സ്ട്രീമിനനുസരിച്ച് വിഷയങ്ങളുടെ വെയ്റ്റേജിൽ മാറ്റങ്ങൾ ഉണ്ടാകാം.

പരീക്ഷയുടെ വിഷയങ്ങൾ, ഓരോ വിഷയത്തിൽ നിന്നുമുള്ള ചോദ്യങ്ങളുടെ എണ്ണം, വെയ്റ്റേജ് എന്നിവ fssai.gov.in -ൽ നൽകിയിട്ടുണ്ട് (കരിയേഴ്സ് ലിങ്ക്). ഓരോ ശരിയുത്തരത്തിനും നാല് മാർക്ക് കിട്ടും. ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്കുവീതം കുറയ്ക്കും. പരീക്ഷയ്ക്കുള്ള സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ എഫ്എസ്എസ്എഐ നൽകുന്നില്ല. എന്നിരുന്നാലും പരീക്ഷാരീതി മനസ്സിലാക്കാൻ, 2021 പരീക്ഷയുടെ ചോദ്യപ്പേപ്പർ എഫ്എസ്എസ്എഐ വെബ്സൈറ്റിൽ ലഭ്യമാണ്.

സിബിടി മാർച്ച് എട്ടിന് നടക്കും. അപേക്ഷിക്കുമ്പോൾ മുൻഗണനാക്രമത്തിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം.

സിബിടി യോഗ്യത നേടുന്നതിന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. യോഗ്യതനേടിയവർക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ട്. പരീക്ഷയുടെ തീയതി, സ്ഥലം, സിലബസ് എന്നിവ പ്രത്യേകം അറിയിക്കും.

പ്രീ-ക്വാളിഫൈഡ് ജൂനിയർ അനലിസ്റ്റുകൾക്ക് (ജൂനിയർ അനലിസ്റ്റ് എക്സാമിനേഷൻ ജയിച്ചവർക്ക്) മൂന്നുവർഷത്തിൽ കുറയാത്ത പരിചയമുള്ള പക്ഷം, നേരിട്ട് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകാം. ഈ ആനുകൂല്യം ഒരുതവണ മാത്രമേ ലഭിക്കുകയുള്ളൂ.

ഫുഡ് അനലിസ്റ്റ് പരിശീലനം

പ്രായോഗികപരീക്ഷയിൽ യോഗ്യത നേടുകയും എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്നവർക്ക് എഫ്എസ്എസ്എഐ നടത്തുന്ന രണ്ടാഴ്ചത്തെ ഫുഡ് അനലിസ്റ്റ് പരിശീലനത്തിന് അർഹതയുണ്ട്.

പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും എഫ്എസ്എസ്എഐ വഹിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫുഡ് അനലിസ്റ്റ് സർട്ടിഫിക്കറ്റുകൾ നൽകും.

അപേക്ഷ

fssai.gov.in/ വഴി ജനുവരി 22-നകം നൽകണം. പരീക്ഷാ ഫീസ്‌ 2500 രൂപ. പ്രായോഗിക പരീക്ഷയ്ക്ക് ഫീസ്‌ 5000 രൂപ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here